ADVERTISEMENT

മലയാള മനോരമയുടെ കാർഷിക മാസികയായ ‘കർഷകശ്രീ’ കർഷകസേവനത്തിന്റെ 25 ധന്യവർഷങ്ങൾ പിന്നിടുകയാണ്. 1995 സെപ്റ്റംബറിൽ പ്രസിദ്ധീകരണം ആരംഭിച്ച കർഷകശ്രീയുടെ രജതജൂബിലി പതിപ്പാണ് ഈ മാസം വായനക്കാരുടെ െകെകളിലെത്തുന്നത്. ഈ അവസരത്തിൽ ഏറെ അഭിമാനത്തോടെയും ആത്മസംതൃപ്തിയോടെയും കേരളത്തിലെ കർഷകസമൂഹത്തിനു നന്ദി പ്രകാശിപ്പിക്കട്ടെ.

മലയാള മനോരമ ആരംഭകാലം മുതൽതന്നെ കൃഷിക്കു പ്രാധാന്യം നൽകിയിരുന്നു. ശാസ്ത്രീയ കൃഷിയിലേക്കു കർഷകർ ചുവടുമാറേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ച മനോരമയാണ് മലയാള ദിനപത്രങ്ങളിൽ ആദ്യമായി കൃഷിക്കായി പ്രത്യേക പംക്തി തുടങ്ങിയത്. റബർ അടക്കമുള്ള വാണിജ്യവിളകൾ കേരളത്തിനു പരിചയപ്പെടുത്തിയതും മനോരമ തന്നെ. കർഷകൻ നേരിടുന്ന പ്രശ്നങ്ങൾ അധികാരികൾക്കു മുന്നിൽ അവതരിപ്പിക്കാനും അവയ്ക്കു പരിഹാരം തേടാനും മലയാള മനോരമ എന്നും ശ്രദ്ധവയ്ക്കുന്നു.

മലയാള മനോരമയുടെ യശഃശരീരനായ മുഖ്യ പത്രാധിപർ  കെ.എം.മാത്യുവാണ് നാടിനെ അന്നമൂട്ടുന്ന കർഷകന്റെ അന്തസ്സ് ഉയർത്താനും കർഷകസമൂഹത്തെ ആദരിക്കാനുമായി കേരളത്തിലെ ഏറ്റവും മികച്ച കർഷകപ്രതിഭയ്ക്കുള്ള കർഷകശ്രീ അവാർഡിന് 1992ൽ തുടക്കമിട്ടത്. ഈ പുരസ്കാരത്തിലൂടെ ഇതുവരെ ആദരിച്ച 15 പേരിൽ മൂന്നു വനിതകളുമുണ്ടെന്നത് എടുത്തുപറയട്ടെ. ഒരുതവണ കർഷകശ്രീ പുരസ്കാരം ദമ്പതികൾ പങ്കിടുകയായിരുന്നു.

മനോരമ പത്രത്തിലെ കാർഷിക പേജിന്റെയും കർഷകശ്രീ അവാർഡിന്റെയും തുടർച്ചയായി 1995ൽ കർഷകശ്രീ മാസികയും ആരംഭിച്ചു. കർഷകശ്രീയുടെ ലക്ഷ്യം ആദ്യ ലക്കത്തിലെ മുഖപ്രസംഗത്തിൽതന്നെ വ്യക്തമാക്കിയിട്ടുണ്ട്: ‘‘കർഷകർക്കു വേണ്ടതെല്ലാം അവർ ആഗ്രഹിക്കുന്ന അളവിലും രൂപത്തിലും അവതരിപ്പിക്കുക, അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ യുവാക്കളെ കാർഷികമേഖലയുടെ അനന്തസാധ്യതകളിലേക്ക് ആകർഷിക്കുക, ഇടക്കാലത്തു കാർഷികവൃത്തിക്കു കൈമോശം വന്ന പ്രതാപവും അന്തസ്സും വീണ്ടെടുക്കുക – ഇതൊക്കെ കർഷകശ്രീയുടെ സ്വപ്നങ്ങൾ’’. ഇതോടൊപ്പം, പുതിയ അറിവുകൾ നൽകി കർഷകരുടെ വരുമാനം ഉയർത്താൻ വഴിയൊരുക്കുകയെന്ന ലക്ഷ്യവും ഒരു പരിധിവരെ സാക്ഷാത്കരിക്കാൻ സാധിച്ചുവെന്നതിൽ ഏറെ ചാരിതാർഥ്യമുണ്ട്.

കൃഷിയിലും അനുബന്ധമേഖലകളായ മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യം വളർത്തൽ എന്നിവയിലും ഒട്ടേറെ പുതിയ അറിവുകളും സാധ്യതകളും പരിചയപ്പെടുത്താൻ 25 കൊല്ലം കൊണ്ട് കർഷകശ്രീക്കു കഴിഞ്ഞിട്ടുണ്ടെന്നു വിനയത്തോടെ അനുസ്മരിക്കട്ടെ. മികച്ച സ്ഥിരവരുമാനം ഉറപ്പാക്കാൻ സുസ്ഥിരക്കൃഷി എന്ന ആശയമാണ് കർഷകശ്രീ ആദ്യം മുന്നോട്ടുവച്ചത്. തുടർന്ന്, വിപണനരംഗത്തെ അനിശ്ചിതത്വവും ഇടനിലക്കാരുടെ ചൂഷണവും ഒഴിവാക്കുന്നതിനുള്ള മാർഗങ്ങളിൽ ശ്രദ്ധയൂന്നുകയും ചെയ്തു.

കൃഷിയെ പ്രഫഷനലായി സമീപിക്കാനും കർഷകനെ മികച്ച സംരംഭകൻ എന്ന നിലയിലേക്ക് ഉയർത്താനും കർഷകശ്രീ മുന്നോട്ടുവച്ച ആശയങ്ങൾക്കു കേരളത്തിന്റെ മണ്ണിൽ നല്ല വേരോട്ടമുണ്ടായെന്നാണു കർഷകരുടെ കാഴ്ചപ്പാടിലുണ്ടായ സമീപകാല മാറ്റങ്ങൾ വ്യക്തമാക്കുന്നത്. കൃഷിയിൽനിന്ന് അകന്നുപൊയ്ക്കൊണ്ടിരുന്ന യുവതലമുറയെ, വിശേഷിച്ച് അഭ്യസ്തവിദ്യരായ യുവാക്കളെ കാർഷിക, അനുബന്ധ സംരംഭങ്ങളിലേക്ക് ആകർഷിക്കാൻ ഇത്തരം നാടുണർത്തലുകൾക്കു കഴിഞ്ഞിട്ടുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം. ഇങ്ങനെയുള്ള ആശയപ്രചാരണങ്ങൾ സംസ്ഥാന സർക്കാരിന്റെ പല ഗുണപരമായ തീരുമാനങ്ങൾക്കും നയരൂപീകരണങ്ങൾക്കും പ്രേരകമായിട്ടുണ്ടെന്നും ഓർമിക്കട്ടെ.

കേരളത്തിലെ ഓരോ കുടുംബത്തെയും ഒരു പരിധിവരെയെങ്കിലും ഭക്ഷ്യസ്വയംപര്യാപ്തമാക്കുക പ്രധാനദൗത്യമായി കർഷകശ്രീ കരുതുന്നു. അതുകൊണ്ടുതന്നെ നഗരങ്ങളിലും ഗ്രാമങ്ങളിലും വീട്ടുവളപ്പിൽ പച്ചക്കറികളടക്കമുള്ള ഭക്ഷ്യവിളകൾ കൃഷി ചെയ്യുന്നതു സംബന്ധിച്ച േബാധവൽക്കരണത്തിനു വലിയ പ്രാധാന്യമാണു നൽകുന്നത്. ഈ മേഖലയിലേക്കു വനിതകൾക്കു വഴിയൊരുക്കുന്നതിലും ശ്രദ്ധ നൽകാനായി.

കോവിഡ് അനന്തര കേരളത്തിന്റെ ഭാവി കൃഷിയിലാണെന്നു സർക്കാരും സമൂഹവും തിരിച്ചറിഞ്ഞു കഴിഞ്ഞു. അവർക്കു വഴികാട്ടുന്നതാണ് കൃഷി, അനുബന്ധമേഖലകളിലെ 25 സംരംഭസാധ്യതകൾ അവതരിപ്പിക്കുന്ന രജത ജൂബിലി പതിപ്പ്. കാൽനൂറ്റാണ്ടു കാലം കർഷകശ്രീയെ സ്നേഹിച്ച വായനക്കാർക്കും സഹായ, സഹകരണങ്ങൾ നൽകിയ അഭ്യുദയകാംക്ഷികൾക്കും കൃതജ്ഞത അർപ്പിക്കുന്നു. കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കുമൊപ്പം തുണയും വഴികാട്ടിയുമായി ‘കർഷകശ്രീ’ എക്കാലവും ഉണ്ടാകും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com