ADVERTISEMENT

ഈയിടെ ‘ന്യൂയോർക്ക് ടൈംസി’ൽ വന്ന ഒരു വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു: “ഒരു അഭിഭാഷകന്റെ ട്വീറ്റുകളാൽ ഇന്ത്യയിലെ സുപ്രീംകോടതി വിചാരണ ചെയ്യപ്പെടുന്നു.” കോടതിയെ അപകീർത്തിപ്പെടുത്തി എന്നു പറഞ്ഞ് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരായി സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച നടപടികളെക്കുറിച്ചായിരുന്നു വാർത്ത.

കോടതിയെ അപകീർത്തിപ്പെടുത്തുക എന്നുവച്ചാൽ, ജഡ്ജിമാരെ വിമർശിക്കുകയോ മോശമായി ചിത്രീകരിക്കുകയോ ചെയ്യുക. ഇതു ക്രിമിനൽ കുറ്റമാണെന്ന നിയമം കൊളോണിയൽ കാലഘട്ടം മുതൽ നമ്മുടെ നിയമപുസ്തകങ്ങളിൽ നിലനിൽക്കുന്നു. എന്നാൽ യുഎസ്, കാനഡ തുടങ്ങിയ പരിഷ്കൃത ജനാധിപത്യ രാജ്യങ്ങൾ, ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന് ഇത്തരമൊരു വകുപ്പ് വിഘാതമാണെന്നു കണ്ട്, ഒഴിവാക്കിയിട്ടു കാലം കുറച്ചായി.

ഇന്ത്യയ്ക്ക് ഈ നിയമം സമ്മാനിച്ച യുകെയിൽ അടുത്തകാലം വരെ ഈ വകുപ്പു നിലവിലുണ്ടായിരുന്നു. കോടതിയെ അപകീർത്തിപ്പെടുത്തുക (സ്കാൻഡലൈസിങ് ദ് കോർട്ട്) എന്ന പ്രയോഗം നമുക്കു കിട്ടിയതു തന്നെ അവിടന്നാണ്. യുകെയിൽ ഈ നിയമത്തിന്റെ സാധുത പരിശോധിക്കാൻ നിയമിച്ച ലോ കമ്മിഷന്റെ റിപ്പോർട്ടിൽ ഇതിനെതിരെ പറയുന്ന ആദ്യത്തേതും പ്രധാനപ്പെട്ടതുമായ വാദം ഇത് അഭിപ്രായസ്വാതന്ത്ര്യത്തിനു തടസ്സമായി നിൽക്കും എന്നതാണ്. ഈ വകുപ്പു വളരെക്കാലമായി ഉണ്ടെങ്കിലും അത്യപൂർവമായി മാത്രമേ ഉപയോഗിക്കാറുള്ളൂ എന്ന വസ്തുതയും അവർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. നമ്മുടെ കോടതികളിൽ ഫയൽ ചെയ്യപ്പെടുന്ന കോടതിയലക്ഷ്യ കേസുകളിൽ ബഹുഭൂരിപക്ഷവും കോടതിവിധി അനുസരിക്കാത്തതിന് എതിരായിട്ടുള്ളതാണ്.

ഈ വകുപ്പുകൊണ്ട് ഡിജിറ്റൽ യുഗത്തിൽ വലിയ കാര്യമൊന്നുമില്ല എന്ന വസ്തുതയും യുകെയിലെ ലോ കമ്മിഷൻ ചൂണ്ടിക്കാണിക്കുന്നു. ജഡ്ജിമാർക്കെതിരായ ഓൺലൈൻ ‘ചീത്തപറച്ചിലിനെ’ അതുകൊണ്ടു നിർത്തലാക്കാൻ പറ്റില്ലല്ലോ! ജഡ്ജിമാർക്കെതിരായ ‘കുറ്റങ്ങൾ’ ഈ നിയമപ്രകാരം വിചാരണ ചെയ്യുന്നതും ശിക്ഷ വിധിക്കുന്നതും

ഇതേ ജഡ്ജിമാരാണല്ലോ. ഇതു സമൂഹത്തിൽ കോടതികളെക്കുറിച്ചു നല്ല പ്രതീതിയല്ല സൃഷ്ടിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ലോ കമ്മിഷൻ റിപ്പോർട്ടിനെത്തുടർന്ന് 2013ൽ ഈ വകുപ്പ് യുകെയിലെ നിയമപുസ്തകങ്ങളിൽനിന്ന് എടുത്തുകളഞ്ഞു.

യുകെയിലെ നിയമഭേദഗതിക്കു ശേഷം ഇന്ത്യയിലെ ലോ കമ്മിഷൻ ഈ വിഷയത്തെക്കുറിച്ചു പുനരാലോചിച്ചെങ്കിലും, 2018ലെ റിപ്പോർട്ട് അനുസരിച്ച് വകുപ്പു നിലനിർത്താനായിരുന്നു ശുപാർശ. കോടതികളോടുള്ള ബഹുമാനം കുറയും എന്നതാണ് കാരണമായി പറഞ്ഞത്. ജസ്റ്റിസുമാരായ അരുൺ മിശ്ര, ബി.ആർ.ഗവായ്, കൃഷ്ണ മുരാരി എന്നിവരുടെ ബെഞ്ച്, രണ്ടു ട്വീറ്റുകളുടെ പേരിൽ പ്രശാന്ത് ഭൂഷണെ ശിക്ഷിച്ചപ്പോൾ, രാജ്യത്തിനകത്തും പുറത്തും ഉണ്ടായ പ്രതിഷേധങ്ങൾ വീണ്ടും ഈ നിയമത്തിന്റെ പ്രസക്തിയെക്കുറിച്ചു ചോദ്യങ്ങളുയർത്തുന്നു.

കോടതിയലക്ഷ്യത്തിനെതിരായി ഒരു വാദമേ ഉള്ളൂ - പറഞ്ഞ കാര്യം സത്യമാണെന്നു തെളിയിക്കണം. പ്രശാന്ത് ഭൂഷന്റെ വിശദമായ സത്യവാങ്മൂലത്തിൽ, അദ്ദേഹത്തിന്റെ ട്വീറ്റിൽ പറഞ്ഞ കാര്യം (കഴിഞ്ഞ നാലു ചീഫ് ജസ്റ്റിസുമാരുടെ കാലത്ത് ഇന്ത്യയുടെ ജനാധിപത്യത്തിനു സംഭവിച്ച വിനാശം) അദ്ദേഹം സ്ഥാപിക്കാൻ ശ്രമിച്ചത് ഇപ്പോൾ സജീവമായി ചർച്ച ചെയ്യപ്പെടുന്നു. അദ്ദേഹത്തെ ശിക്ഷിച്ചതിനെത്തുടർന്ന് അഭിഭാഷകരുടെയും നിയമജ്ഞരുടെയും ഇടയിലുണ്ടായ വമ്പിച്ച പ്രതിഷേധം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇന്ത്യയിൽ ഭിന്നാഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത വിദേശ മാധ്യമങ്ങൾ വീണ്ടും ചർച്ചയാക്കി.

ചുരുക്കത്തിൽ, അധികമാരും ശ്രദ്ധിക്കാതെപോയ പ്രശാന്ത് ഭൂഷന്റെ 2020 ജൂൺ മാസത്തിലെ പഴയ ട്വീറ്റുകളാണോ, അദ്ദേഹത്തിനെതിരായ കേസും ശിക്ഷയുമാണോ സുപ്രീം കോടതിയുടെ യശസ്സിനെ കൂടുതൽ കളങ്കപ്പെടുത്തിയതെന്ന് വസ്തുനിഷ്ഠമായി ആലോചിക്കേണ്ടിയിരിക്കുന്നു. ആധുനിക കാലത്ത് ഈ നിയമം കോടതികൾക്കു താങ്ങാകുന്നില്ലെന്നും മറിച്ച് ദോഷം ചെയ്യാമെന്നും ഈ കേസ് ഒരിക്കൽകൂടി തെളിയിക്കുന്നു. കോടതിയുടെ നടപടിക്രമങ്ങൾ ഭംഗപ്പെടുത്തുന്ന കാര്യങ്ങളിൽ മാത്രമേ, കോടതിയലക്ഷ്യ കേസ് എടുക്കാവൂ എന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കമ്മിറ്റി നിർദേശം. ഇന്ത്യ ഇതു പിന്തുടരാൻ ബാധ്യസ്ഥമാണ്.

അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ജീവവായുവാണെന്ന അടിസ്ഥാനതത്വം അനുസരിച്ച് ഈ നിയമം റദ്ദാക്കേണ്ടത് ഏറ്റവും വലിയ ജനാധിപത്യസ്ഥാപനമായ പാർലമെന്റാണ്. പുസ്തകങ്ങളിൽ ഈ നിയമം തുടരുന്ന കാലത്തോളം കോടതികൾ അത് ഉപയോഗിച്ചെന്നിരിക്കും.

കലയുടെ അതിജീവനശേഷി 

വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരത്തു നടന്ന ഐഎഫ്എഫ്‌കെ ചലച്ചിത്രോത്സവത്തിൽ ഇറാനിയൻ സംവിധായിക സമീറ മക്മൽബഫ് പറയുകയുണ്ടായി – ഭാവിയിലെ സിനിമ, ക്യാമറ പേനപോലെ ഉപയോഗിച്ചുകൊണ്ട്, തികച്ചും വ്യക്തിപരമായിരിക്കണം എന്നാണു താൻ ആഗ്രഹിക്കുന്നതെന്ന്. സമീറ അതു പറഞ്ഞത്, സിനിമാ നിർമാണത്തിനു വേണ്ടിയുള്ള ഭീമമായ ചെലവ്, താരരാജാക്കന്മാർ, തിയറ്റർ ശൃംഖലകൾ അങ്ങനെ പലതും ആത്മാവിഷ്കാരം നടത്താൻ ശ്രമിക്കുന്ന സംവിധായകനു തടസ്സങ്ങളാകുന്നതു കൊണ്ടാണ്. പിതാവും പ്രസിദ്ധ സംവിധായകനുമായ മൊഹ്സീൻ മക്മൽബഫിന്റെ കൂടെയാണു സമീറ വന്നത്. അവർ പറഞ്ഞ കാര്യങ്ങൾ നവയൗവനത്തിലെ മോഹങ്ങളായേ പലരും കരുതിയുള്ളൂ.

എന്നാൽ, വർഷങ്ങൾക്കു ശേഷം കോവിഡ്കാലത്ത് സിനിമാനിർമാണം പൂർണമായി നിലച്ചതിനു ശേഷം, അൺലോക്കിലൂടെ പതുക്കെ തുറക്കുന്ന സമയത്ത്, മലയാളത്തിൽ ഒരു സിനിമയുണ്ടായി. ക്യാമറ പേനപോലെ ഉപയോഗിച്ച്... കാരണം, ആ സിനിമയുടെ ക്യാമറ മിക്കവാറും കൈപ്പത്തിയിൽ ഒതുങ്ങുന്ന ഐഫോൺ ആയിരുന്നു. പറയുന്നത് കുറച്ചുദിവസം മുൻപ് ആമസോൺ പ്രൈമിലൂടെ റിലീസായ ‘സീ യു സൂൺ’ എന്ന സിനിമയെക്കുറിച്ചാണ്. കോവിഡ്കാലത്ത് സിനിമാനിർമാണവും പ്രദർശനവുമെല്ലാം നിലച്ചുപോയ സമയത്ത്, കലയുടെ അതിജീവനശേഷി ഒരിക്കൽകൂടി അറിയിച്ചു കൊണ്ടാണ് ഈ ചലച്ചിത്രം 18 ദിവസം കൊണ്ടു നിർമാണം പൂർത്തിയാക്കിയത്. അതും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട്. 

അതായത്, ചിത്രീകരണം പലയിടങ്ങളിൽ നടക്കുന്നു, അതെല്ലാം മറ്റൊരിടത്തിരിക്കുന്ന സംവിധായകനു മുൻപിലെത്തുന്നു. അവിടെ വച്ച് സിനിമ സംയോജിക്കപ്പെടുകയാണ്. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിവൈസുകൾ ഉപയോഗിച്ച് സിനിമ നിർമിക്കുന്ന പുതിയ കലാരൂപം പതുക്കെ രൂപപ്പെട്ടു വരുന്നുണ്ട്. 2018ൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഹോളിവുഡ് ചിത്രം ‘സെർച്ചിങ്’, ഐഫോണിനു പുറമേ ഡ്രോൺ തുടങ്ങിയ ഉപകരണങ്ങളും ഉപയോഗിച്ചിരുന്നു. ഇത്തരം സാധ്യതകൾ ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രം മലയാളത്തിൽ വന്നുവെന്നതു സന്തോഷകരം തന്നെ.

ഈ സിനിമ സംഭവിക്കുന്നതു മൊബൈലിന്റെയോ കംപ്യൂട്ടറിന്റെയോ സ്ക്രീനുകളിലാണ്. ആ ഒരേയൊരു പ്രതലത്തിൽ പതിയുന്ന ഒട്ടേറെ ഇമേജുകളിലൂടെ അതിവിദഗ്ധമായി സംവിധായകൻ മഹേഷ് നാരായണൻ ഒരു കഥ മെനഞ്ഞെടുക്കുന്നു. കഥയുടെ ചരട്, ഫഹദ് ഫാസിലിന്റെ കയ്യിലാണ്. പതിവുപോലെ ഫഹദ് കഥാപാത്രമായി ജീവിക്കുന്നു. പലയിടങ്ങളിൽനിന്ന് റോഷൻ മാത്യുവും ദർശന രാജേന്ദ്രനും കഥയിൽ അതീവ പാടവത്തോടെ പങ്കുചേരുന്നു. ഈ സൈബർ ത്രില്ലറിൽ പലപ്പോഴും പലയിടങ്ങളിൽ നിന്നായി ഒന്നിലധികം വിൻഡോകൾ സ്ക്രീനിൽ തുറക്കുന്നു. അതുകൊണ്ടു ശ്രദ്ധയോടെ, കണ്ണെടുക്കാതെ കാണേണ്ട സിനിമ.

സ്കോർപ്പിയൺ കിക്ക്: സമൂഹമാധ്യമങ്ങളിൽ സിപിഎം അനുകൂല പോസ്റ്റിടാനുള്ള  എം.വി.ജയരാജന്റെ രഹസ്യനിർദേശം ചോർന്നു; വൈറലായി.

ഇതൊക്കെ എങ്ങനെയാണ് ശരിക്കും ആസൂത്രണം ചെയ്യേണ്ടതെന്നതിന് ബിജെപിക്കു കൺസൽറ്റൻസി  കൊടുക്കാമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com