അനാഥക്കുഞ്ഞുങ്ങൾക്കു വേണ്ടി കൈ നീട്ടി കരുണയുടെ അമ്മ

1200%20Mother%20Teresa
SHARE

വർഷമോ തീയതിയോ ഒന്നും എനിക്ക്‌ ഓർമയില്ല; പക്ഷേ, ആ ദിനം ഞാനിന്നും വളരെ വ്യക്തമായി ഓർമിക്കുന്നു. 1990 കളുടെ തുടക്കത്തിലെപ്പൊഴോ ആണ്. ഡൽഹിയിൽ ഞാൻ രാജ്യാന്തര തൊഴിൽ സംഘടന (ഐഎൽഒ) യുടെ പ്രവർത്തനവുമായി കഴിയുന്ന കാലം. ബാലവേല നിർമാർജനത്തിനുള്ള രാജ്യാന്തര പരിപാടിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയായിരുന്നു ഞാൻ. അന്നത് ജർമൻ ധനസഹായത്താലായിരുന്നു നടന്നിരുന്നത്.

ജർമൻ തൊഴിൽ മന്ത്രിയായിരുന്ന നോർബെട്ട് ബ്ലൂം ഇന്ത്യയിലെത്തി. ജർമനിയിലെ നികുതിദായകരുടെ പണം ഐഎൽഒ എങ്ങനെയാണ് ഇന്ത്യയിൽ ചെലവഴിക്കുന്നതെന്ന് നേരിട്ടറിയുകയായിരുന്നു ലക്ഷ്യം. ആറു സീറ്റുള്ള ലിയർ ജെറ്റ് വിമാനത്തിൽ ഡൽഹിയിൽ വന്നിറങ്ങിയ അദ്ദേഹത്തിന്റെ യാത്രാപരിപാടിയിൽ കൊൽക്കത്തയിലെ ഐഎൽഒയുടെ ബാലവേലസംബന്ധമായ പദ്ധതികൾ സന്ദർശിക്കലും ഉൾപ്പെട്ടിരുന്നു. രണ്ടിടത്തും ഐഎൽഒ പ്രവർത്തനങ്ങൾ അദ്ദേഹത്തെ കൊണ്ടുനടന്നു കാണിക്കാൻ എനിക്കായിരുന്നു ചുമതല. ജർമൻകാർക്ക് തനതായുള്ള പൂർണതാബോധവും കാർക്കശ്യവും അദ്ദേഹത്തെ ചൂഴ്ന്നുനിൽക്കുന്നതായി കാണപ്പെട്ടു. അതിനാൽത്തന്നെ എനിക്കൽപം ആശങ്കയും പരിഭ്രമവുമൊക്കെ ഉണ്ടായിരുന്നു.

കൊൽക്കത്തയിലെ പരമദരിദ്രർ താമസിക്കുന്ന ചേരികളിലെ ഞങ്ങളുടെ ബാലവേല നിർമാർജനപദ്ധതി പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചു. ബാലവേലയിൽനിന്ന് രക്ഷപ്പെടുത്തിയ കുട്ടികൾക്കായി ചേരികളിൽ സ്ഥാപിച്ച അനൗപചാരിക വിദ്യാലയങ്ങളായിരുന്നു പദ്ധതിയിൽ പ്രധാനമായും ഉണ്ടായിരുന്നത്. അവിടെ സൗജന്യവിദ്യാഭ്യാസത്തിനു പുറമേ ഉച്ചഭക്ഷണം, യൂണിഫോം, ബോധവൽക്കരണം എന്നിവയും നൽകിപ്പോന്നു. ആ കുട്ടികളെ പിന്നീട് സാധാരണവിദ്യാലയങ്ങളിൽ ചേർക്കുകയും തുടർ പഠനം ഉറപ്പാക്കുകയും ചെയ്യും. അഴുക്കു കുമിഞ്ഞ, കൊടുംദാരിദ്ര്യം പ്രകടമായ ചേരികൾക്കു നടുവിലായിരുന്നു ആ കേന്ദ്രങ്ങൾ.

കൊൽക്കത്തയിലെ ചേരികൾ ഒട്ടും ആനന്ദദായകമായ കാഴ്ചയായിരുന്നില്ല അക്കാലത്ത്. ഒന്നിനോടൊന്നു ചേർന്നു നിൽക്കുന്ന പരമദയനീയമായ കൂരകൾ, വെളിയിലിരുന്ന് വിസർജനം നടത്തുന്ന മുതിർന്നവരും കുട്ടികളും, മാലിന്യം പരന്നുകിടക്കുന്ന പരിസരങ്ങൾ, മൂക്കുമൊലിപ്പിച്ച് പിറന്നപടി അവരുടെ ഏകകളിപ്പാട്ടമായ ചെളിയിൽ കുത്തിമറിയുന്ന കുഞ്ഞുങ്ങൾ. സ്വന്തം അധികാരപരിധിക്കുവേണ്ടി അവർ ചിലപ്പോൾ പന്നികളും പട്ടികളുമായി പോരടിക്കുന്നു!

ബ്യൂറോക്രാറ്റിക് ശീലങ്ങൾ പിന്തുടർന്നുകൊണ്ട് മന്ത്രിക്കുവേണ്ടി ആ പ്രദേശങ്ങളിൽ ഒരു ‘മുഖം മിനുക്കൽ’ നടത്താൻ ഞാനൊന്നു ശ്രമിച്ചുനോക്കി. എന്നാൽ, ഞങ്ങളുടെ പദ്ധതി നടപ്പാക്കിയിരുന്ന എൻജിഒകളുടെ പ്രവർത്തകർക്കും അവരെ ഏകാപിപ്പിച്ചിരുന്ന തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്കും ചെയ്യാൻ കഴിയുമായിരുന്ന പണിയായിരുന്നില്ല അത്.

അഴുക്കുകളും വിസർജ്യവും പൊടിപടലവും എല്ലാം കണ്ടപ്പോൾ ഒരുതരം നിസ്സഹായത എന്നെ ഗ്രസിക്കുന്നതുപോലെ തോന്നി. ആ കാഴ്ചകളിൽ മന്ത്രി ഒട്ടും സന്തോഷവാനായിരുന്നില്ല എന്നെനിക്ക് മനസ്സിലായി. എങ്കിലും, ആ കുഞ്ഞുങ്ങളുടെ മുഖത്ത് ദൃശ്യമായ സ്വർഗീയാനന്ദം എന്നെ പ്രത്യാശയുള്ളവനാക്കി. പരിവാരങ്ങളോടൊപ്പം തങ്ങൾക്കിടയിലേക്കെത്തിയ വലിയൊരു വെള്ളക്കാരനെക്കണ്ട് അവരുടെ കുഞ്ഞുമിഴികൾ അദ്ഭുതത്താൽ വിടർന്നിരുന്നു

തികഞ്ഞ ഉത്തരവാദിത്തബോധത്തോടെ ആ പൈതങ്ങൾ, തങ്ങളെ ചൊല്ലിപ്പഠിപ്പിച്ചിരുന്ന ഇംഗ്ലിഷ് അക്ഷരമാലയും നഴ്സറിപ്പാട്ടുകളും അദ്ദേഹത്തിനുവേണ്ടി ചൊല്ലിക്കേൾപ്പിച്ചു. പക്ഷേ, തങ്ങളെന്താണു ചൊല്ലുന്നതെന്ന് മിക്കവർക്കും അറിയാമായിരുന്നില്ല. സന്ദർഭത്തിന്റെ പ്രാധാന്യവും അധ്യാപകരുടെ കൈയിലെ ചൂരൽവടിയും മാത്രമായിരുന്നു അവരുടെ ‘പ്രചോദനം’. പിന്നെ, തികഞ്ഞ വിസ്മയാദരവുകളോടെ അവർ മന്ത്രിയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു. എന്നാൽ, അദ്ദേഹത്തിന്റെ ജർമൻമുഖം തെളിഞ്ഞതായി തോന്നിയില്ല.

മദർ തെരേസയെ സന്ദർശിക്കലായിരുന്നു മന്ത്രി ബ്ലൂമിന്റെ അടുത്ത പരിപാടി. കൊൽക്കത്തയിലെ ‘ശിശുഭവനി’ലാണ് അത് ഏർപ്പാടു ചെയ്തിരുന്നത്. മന്ത്രിയെ അങ്ങോട്ട് ഞാൻ അനുഗമിച്ചു. അതായിരുന്നു മദറുമായുള്ള എന്റെയും ആദ്യകൂടിക്കാഴ്ച. നീലക്കരയുള്ള വിഖ്യാതമായ തന്റെ സാരി, ലോകം മുഴുവൻ ഉപവിയുടെ സോദരിമാർ ധരിക്കുന്ന അതേ സാരിയാണ് ‘പാവങ്ങളുടെ അമ്മ’ ധരിച്ചിരുന്നത്. ഇന്ത്യൻ വീട്ടമ്മമാരുടെ സാരിക്കുത്തിൽ സാധാരണ കാണാറുള്ള താക്കോൽക്കൂട്ടത്തിന്റെ സ്ഥാനത്ത് തന്റെ സന്തതസഹചാരിയായ നീണ്ട ജപമാല. സ്വർഗവാതിൽ തുറക്കാനുള്ള മദറിന്റെ താക്കോലായിരുന്നു അത്!

എന്റെ സങ്കൽപങ്ങൾക്കെല്ലാം പാടേ പുറത്തായിരുന്നു മദർ. ശരിക്കുമൊരു ‘കുള്ളത്തി’, വലിയ പൊക്കമൊന്നുമില്ലാത്ത എന്റെ നെഞ്ചോളം കഷ്ടി എത്തും. പൊക്കക്കുറവും ചെറിയ കൂനും കാരണം മദറിന്റെ നീണ്ട ജപമാല നിലത്തു മുട്ടുമെന്നു തോന്നി. പക്ഷേ, ശരീരപ്രകൃതി പോലെയായിരുന്നില്ല ആ പുണ്യവതിയുടെ മുഖം. ദൈവത്തിന്റെ ഒരു വേലക്കാരിയുടെ മുഖത്തുമാത്രം ദർശിക്കാൻ കഴിയുന്ന കരുത്തും നിശ്ചയദാർഢ്യവും വിളിച്ചോതുന്ന ചുളിവിന്റെ രേഖകൾ അവിടെ കൊത്തിവച്ചിരിക്കുന്നതുപോലെ തോന്നി. അമ്മയുടെ കണ്ണുകൾ! അവയിലെ തിളക്കവും തേജസ്സും ജ്യോതിയും എന്നോട് മൗനത്തിന്റെ ഭാഷയിൽ ഒരായിരം വാക്കുകൾ മന്ത്രിച്ചുകൊണ്ടിരുന്നു.

തന്റെ പൈതങ്ങളെ കിടത്തിയിരുന്ന നീളമുള്ള മുറിയിലേക്കാണ് മദർ ഞങ്ങളെ നേരേ കൊണ്ടുപോയത്. കൊൽക്കത്ത ചേരികളിലെ കുഞ്ഞുങ്ങൾ കളിച്ചുനടക്കുന്ന ചെളിയും അഴുക്കും കണ്ട് ഞാൻ ഞെട്ടിവിറച്ചെങ്കിൽ, ഈ മാലാഖക്കുഞ്ഞുങ്ങൾ നിരന്നുകിടന്ന് ഉറങ്ങുകയും കളിക്കുകയും ചെയ്യുന്ന ഈ നീണ്ട ഹാൾ എന്നിലേതോ സ്വർഗീയാനുഭൂതി നിറച്ചു. ഇവിടെ സൗന്ദര്യവും ഒപ്പം ആകുലതയുമുണ്ട്. കഷ്ടി ഒരു മാസം മാത്രം പ്രായം തോന്നിക്കുന്ന, ശോഷിച്ച് ആരോഗ്യവിഹീനരായ പിഞ്ചു പൈതങ്ങളെ സന്നദ്ധപ്രവർത്തകർ കുപ്പിപ്പാലൂട്ടുന്നു. ആസന്നമായ മരണത്തെയോ അതിൽനിന്ന് തലനാരിഴയ്ക്കുള്ള രക്ഷപ്പെടലിനെയോ കുറിച്ച് അറിയാതെ ശയിക്കുന്ന നിഷ്കളങ്ക ശൈശവങ്ങൾ.

ഉറക്കത്തിലായിരുന്ന ഒരു കുഞ്ഞ് ഏതോ ദുഃസ്വപ്നം കണ്ടിട്ടാകണം പെട്ടെന്ന് കരയാൻ തുടങ്ങി. ഒരു വയസ്സൊക്കെ പ്രായമുള്ള മറ്റുചിലർ എവിടേക്കോ നോക്കി നിഷ്കളങ്കമായി പുഞ്ചിരിക്കുന്നു. ഞങ്ങളുടെ കാലൊച്ച കേട്ട് ഉണർന്ന ചിലർ മൂരി നിവർത്താനും ചിണുങ്ങാനും തുടങ്ങി. അവരെ വീണ്ടും മൂളിപ്പാട്ടു പാടിയുറക്കാൻ അതിവേഗം ആളെത്തുന്നുണ്ട്. മേലാസകലം വ്രണങ്ങളുമായി അപ്പോൾ കൊണ്ടുവന്ന ഒരു കുഞ്ഞ് ആശ്വസിപ്പിക്കാനാകാതെ നിറുത്താതെയുള്ള കരച്ചിലിലായിരുന്നു. മദർ അടുത്തുവന്ന് കുനിഞ്ഞ് നെറ്റിയിൽ തലോടി ഉമ്മ വച്ചപ്പോഴേ അവൾ ശാന്തയായുള്ളൂ. കരച്ചിൽ നിർത്തിയ അവൾ വലിയ കണ്ണുകൾ വിടർത്തി ‘അമ്മയുടെ’ മുഖത്തേക്കു നോക്കി.

മന്ത്രി ഹാളിലാകെ ചുറ്റിനടന്നു, ചില കുട്ടികളുടെ പുറത്തു തട്ടി, മറ്റു ചിലർക്ക് പുഞ്ചിരി സമ്മാനിച്ചു. പക്ഷേ, അതൊന്നും അവരിൽ കാര്യമായ പ്രതികരണം ഉളവാക്കിയില്ല. ഹാളിലും ചുറ്റുപാടുമായി ഞങ്ങൾ ഏകദേശം ഒരു മണിക്കൂർ ചെലവഴിച്ചു. പിന്നെ ക്ഷീണിച്ച്, മനസ്സു തളർന്ന്, വൈകാരികപിരിമുറുക്കത്തോടെ വിട പറയാൻ തുടങ്ങി.

താൻ കൊണ്ടുവന്ന ഒരു സ്മരണികയും കുറച്ചു സമ്മാനങ്ങളും അദ്ദേഹം മദറിനു സമ്മാനിച്ചു - ചോക്കലേറ്റ്, കേക്ക്, ബിസ്ക്കറ്റ്, പഴങ്ങൾ... മദറിന്റെ കുഞ്ഞുങ്ങൾക്കാകണം അവയെല്ലാം. പിന്നെ അദ്ദേഹം മദറിനോടു വെറുതെ ചോദിച്ചു: ‘ഇനിയെന്തെങ്കിലും വേണോ?’

സംശയത്തിന്റെ ഒരു തരിപോലും ഇല്ലാതെയായിരുന്നു മദറിന്റെ മറുപടി: ‘അതെ, എനിക്ക് മറ്റു ചിലതു കൂടി വേണം.’ മന്ത്രിയടക്കം ഞങ്ങളെല്ലാവരും തെല്ലൊന്ന് അമ്പരന്നു. ഇനിയും എന്താണു വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.

മദർ അതിന് ഉടനടി ഉത്തരമൊന്നും പറഞ്ഞില്ല. പകരം, മദർ തന്റെ അൽപം വളഞ്ഞ മുതുകു നിവർത്തി, പെരുവിരലുകളിൽ തെല്ലൊന്ന് ഉയർന്നിട്ട് മന്ത്രിയുടെ ഷർട്ടിന്റെ പോക്കറ്റിൽ കൈയിട്ടു! അദ്ഭുതപരതന്ത്രനായിപ്പോയ അദ്ദേഹത്തിന് ഒരു നിമിഷം ഒന്നും പ്രതികരിക്കാനായില്ല. അപ്പോൾ മദർ സംസാരിച്ചു: ‘എനിക്ക് അങ്ങയുടെ പണം ആവശ്യമുണ്ട്!’

കേട്ടതു ശരിയാണോ എന്നറിയാതെ ഞങ്ങൾ പരസ്പരം നോക്കി. അപ്പോൾ, ഞങ്ങളുടെ സംശയം ദൂരീകരിക്കാനെന്നവണ്ണം മദർ തന്റെ വാക്കുകൾ ആവർത്തിച്ചു, മന്ത്രിയുടെ കീശയിൽനിന്ന് കൈയെടുക്കാതെ: ‘എനിക്ക് അങ്ങയുടെ പണം ആവശ്യമുണ്ട്.’

മന്ത്രിയുടെ മുഖം ചുവന്നു തുടുക്കുന്നത് ഞാൻ കണ്ടു. മദറാകട്ടെ, അദ്ദേഹത്തിന്റെ മുഖത്തുതന്നെ നോക്കിക്കൊണ്ട് നിൽക്കുകയാണ്.

‘ഞാനങ്ങയോട് യാചിക്കുകയാണ് സർ. എനിക്ക് അങ്ങയുടെ പണം ആവശ്യമുണ്ട്.’ പിന്നെ, തെല്ലിട മൗനത്തിനു ശേഷം മദർ തുടർന്നു: ‘ഈ പിഞ്ചുപൈതങ്ങൾക്കും കുട്ടികൾക്കുംവേണ്ടി എനിക്ക് പണം വേണം; ഇവർക്കുവേണ്ടി. ഞാൻ വീണ്ടും യാചിക്കുന്നു, അങ്ങേക്കും അങ്ങയുടെ സർക്കാരിനും കഴിയാവുന്നത്ര ഞങ്ങൾക്ക് തരൂ.’

മദർ പിന്നെ അദ്ദേഹത്തിന്റെ കീശയിൽനിന്ന് കൈയെടുത്തു. പിന്നെ, തന്റെ ഇരുകൈകളും ചേർത്ത് സ്വന്തം നെറ്റിയിൽ തൊട്ട ശേഷം അവ ഒരു കുമ്പിൾപോലെയാക്കി അദ്ദേഹത്തിനു മുന്നിൽ നീട്ടിപ്പിടിച്ചു, കൊൽക്കത്തയുടെ തെരുവുകളിലെ യാചകർ ചെയ്യുന്നതുപോലെ! 

പരോപകാരികളായ മനുഷ്യരെ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. വിഷമാവസ്ഥയിലായവരെ സഹായിക്കാൻ വരുന്നവരെയും കണ്ടിട്ടുണ്ട്. സൽക്കാര്യങ്ങൾക്ക് സംഭാവന നൽകുന്നവരെയും കണ്ടിട്ടുണ്ട്. മറ്റുള്ളവർക്ക് നല്ല സാക്ഷ്യപത്രം നൽകുന്നവരെ, മറ്റുള്ളവർക്കായി പ്രാർഥിക്കുന്നവരെ ഒക്കെ കണ്ടിട്ടുണ്ട്.എന്നാൽ, മറ്റുള്ളവർക്കായി ഒരാൾ യാചിക്കുന്നത് ആദ്യമായാണ് ഞാൻ കണ്ടത്; അവസാനമായും.

യാചിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. വഴിയരികിൽനിന്ന് സ്വന്തം കൈ യാചനാപൂർവം നീട്ടുന്നകാര്യം ഒന്നു സങ്കൽപിച്ചുനോക്കൂ. ഒരാൾക്ക് എത്തിപ്പെടാവുന്ന ഏറ്റവും അപമാനകരമായ, താഴ്ന്ന, ശോചനീയമായ അവസ്ഥയാണത്. 

ഇവിടെ, ഒരു യൂറോപ്യൻ രാജ്യത്ത് ജനിച്ചുവളർന്ന, നല്ല ആസ്തിയുള്ള സഭയിൽ അംഗമായിരുന്ന ഈ വനിത - മദർ തെരേസ - യാചിച്ചത് തനിക്കുവേണ്ടിയായിരുന്നില്ല; സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട പിഞ്ചുപൈതങ്ങൾക്കു വേണ്ടിയായിരുന്നു; അവരുടെ ജീവിതങ്ങളിൽ അൽപം പുരോഗതിയുണ്ടാകാൻ!

ഞാൻ പരിചയപ്പെട്ടതിനുശേഷം ആദ്യമായി ബ്ലൂമിന്റെ ഹൃദയം ആർദ്രമാകുന്നത് ഞാൻ അപ്പോൾ കണ്ടു. അദ്ദേഹം മദറിനെ ആലിംഗനം ചെയ്തു. ഒരു പക്ഷിക്കുഞ്ഞിന്റേതുപോലുള്ള ലോലമായ ആ ശരീരത്തെ നെഞ്ചോടു ചേർത്തു. അദ്ദേഹത്തിന്റെ മുഖം അനുകമ്പാർദ്രമായി. എവിടെനിന്നോ ഒരു മന്ദഹാസം ആ മുഖത്ത് പ്രത്യക്ഷമായി. അത് ആ മുറിയെ മുഴുവൻ പ്രശോഭിപ്പിച്ചു. ‘മദർ, എന്തു വേണമെങ്കിലും; ഈ കുഞ്ഞുങ്ങൾക്കുവേണ്ടി എന്തു വേണമെങ്കിലും....’ ആ മനുഷ്യൻ മന്ത്രിക്കുന്നത് ഞാൻ കേട്ടു.ആ കണ്ണുകളിൽനിന്നും ഏതാനും കണ്ണുനീർത്തുള്ളികൾ അടർന്നുവീണു; എന്റെ കണ്ണുകളിൽനിന്നും.

ഞാനും കരയുകയായിരുന്നു.

(ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള രാജ്യാന്തര തൊഴിൽ സംഘടനയിലെ മുൻ ഉദ്യോഗസ്ഥനാണ് ലേഖകൻ.)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA