ADVERTISEMENT

പുതുതലമുറയെ പ്രതീക്ഷയുടെ ഭാവിയിലേക്കു കരുതലോടെ കൈപിടിച്ചു നടത്തുന്ന അധ്യാപകരെ ഓർമിക്കേണ്ട, ആദരിക്കേണ്ട ദിവസമാണിന്ന്. ഒരു ജന്മംകൊണ്ടു പോലും കൊടുത്തുതീർക്കാനാവാത്ത ഗുരുദക്ഷിണയുടെ വില നമ്മുടെ കുട്ടികളെ രക്ഷിതാക്കളും പൊതുസമൂഹവും ബോധ്യപ്പെടുത്തേണ്ട ദിവസവുമാണിന്ന്. വിദ്യകൊണ്ടു പ്രബുദ്ധരാകാൻ ആഹ്വാനം ചെയ്ത ശ്രീനാരായണ ഗുരുവിന്റെ പേരിൽ സംസ്ഥാന ഓപ്പൺ സർവകലാശാല നിലവിൽ വരുമെന്ന വാർത്ത ഈ അധ്യാപക ദിനത്തെ കൂടുതൽ ധന്യമാക്കുകയും ചെയ്യുന്നു.

ഗുരുവിനുള്ള ഉചിതസ്മാരകമായി ഗാന്ധിജയന്തി ദിനത്തിൽ ഓപ്പൺ സർവകലാശാല കൊല്ലം ആസ്ഥാനമായി വരുന്നതോടെ ഉന്നതവിദ്യാഭ്യാസരംഗത്തു കൂടുതൽ അവസരങ്ങളിലേക്കു വാതിൽ തുറക്കുമെന്നാണു പ്രതീക്ഷ. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠനവിഭാഗങ്ങൾ യോജിപ്പിച്ചാണ് ഓപ്പൺ സർവകലാശാല ആരംഭിക്കുന്നത്. പരമ്പരാഗത കോഴ്സുകൾക്കു പുറമേ, നൈപുണ്യ വികസന കോഴ്സുകളും നടത്തുമെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുള്ളത്. ഇടയ്ക്കു പഠനം നിർത്തുന്നവർക്ക് അതുവരെയുള്ള പഠനമനുസരിച്ചു ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകും. ദേശീയ, രാജ്യാന്തര പ്രശസ്തരുടെ ഓൺലൈൻ ക്ലാസുകൾ ഓപ്പൺ സർവകലാശാലയിൽ ലഭ്യമാക്കുമെന്നതും ശുഭപ്രതീക്ഷ നൽകുന്നു.

വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിടേണ്ടിവന്ന ഈ കോവിഡ്കാലമാണ് ലോകത്തെയാകെ ഓൺലൈൻ ക്ലാസുകളുടെ അനന്തസാധ്യതകൾ അറിയിച്ചത്. രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമാണു കേരളമെന്നിരിക്കെ, സാങ്കേതികവിദ്യയുടെ കാര്യത്തിൽ നമുക്കു കൈവന്ന ആത്മവിശ്വാസത്തിന്റെ വിളംബരമാണ് നാം വിജയകരമായി പ്രാവർത്തികമാക്കിവരുന്ന ഓൺലൈൻ അധ്യയന പരിപാടി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളിലേക്ക് ഓൺലൈൻ പഠനസങ്കേതങ്ങൾ എത്തിക്കുക എളുപ്പമല്ലെന്ന് യുനിസെഫ് ഉൾപ്പെടെയുള്ള രാജ്യാന്തര ഏജൻസികൾ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, ആ വെല്ലുവിളി ഒരു സാമൂഹികദൗത്യമായി ഏറ്റെടുത്ത് ഓൺലൈൻ സൗകര്യങ്ങൾ പരമാവധി കുട്ടികളിലേക്ക് എത്തിക്കാൻ നമ്മുടെ അധ്യാപകർക്കും പൊതുസമൂഹത്തിനും കഴിഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ അധ്യയനത്തിൽ, ചെറിയ ക്ലാസുകളിലെ കുട്ടികൾക്കുവേണ്ടി അധ്യാപകർക്കു സ്വന്തം ശൈലിയിൽ അവതരണ സ്വാതന്ത്ര്യം നൽകിയതു ഫലപ്രദമായി വിനിയോഗിക്കുന്നവരെ കേരളം കാണുകയും ചെയ്തു.

കോവിഡ് എത്രനാൾ ഇതുപോലെ സങ്കീർണമായി മുന്നോട്ടുപോകുമെന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ നമുക്കറിയില്ല. സംസ്ഥാനത്തെ സ്കൂളുകൾ ജനുവരിയിൽ തുറക്കാനാകുമെന്നാണു സർക്കാർ കരുതുന്നത്. അതെന്തായാലും, സ്കൂൾ – കോളജ് തലങ്ങളിൽ ഓൺലൈൻ പഠനം ഇനിയും മാസങ്ങൾ നീളുമെന്നതിൽ സംശയമില്ല. പക്ഷേ, ഈ പ്രതികൂല സാഹചര്യത്തിലും അധ്യാപനത്തിന്റെ നിറവ് ഓൺലൈനിലൂടെയും അറിയിക്കുന്ന ഒട്ടേറെ സ്കൂൾ – കോളജ് അധ്യാപകരെ കേരളം ഇതിനകം കണ്ടുകഴിഞ്ഞു. ഗുരുവിനൊപ്പം താമസിച്ച്, അടുത്തിരുന്നു വിദ്യ നേടിയ കാലമല്ലിത്. കേട്ടതൊക്കെ മനഃപാഠമാക്കേണ്ട രീതിയുമല്ല ഇപ്പോൾ. പുതിയ കാലത്തിന് അനുയോജ്യമായി ഉള്ളറിഞ്ഞു പഠിപ്പിക്കുന്നവർ നമ്മുടെ സൗഭാഗ്യമാകുന്നു.

ക്ലാസ്മുറിയിലാണെങ്കിലും അല്ലെങ്കിലും, ശിഷ്യരെ അനന്തമായ അറിവുകളിലേക്ക് ആനയിക്കാൻ കഴിയുന്നവരാണു മികച്ച അധ്യാപകർ. അക്ഷരവെളിച്ചത്തിനൊപ്പം കുട്ടികൾക്കു ജീവിതമൂല്യങ്ങൾ കൂടി പകരാനാകുമ്പോഴാണു നല്ല അധ്യാപകരുണ്ടാകുന്നത്. പഠിക്കേണ്ട പ്രഥമപാഠം ‘സ്നേഹം’ ആണെന്നു കുട്ടികളെ ബോധ്യപ്പെടുത്തുന്നതു തന്നെയാണ് അധ്യാപനകർമത്തിന്റെ ആദ്യ ഫലശ്രുതി. പരീക്ഷയുടെ കടമ്പകൾ കടത്തുന്നതിനപ്പുറത്ത്, വിദ്യാർഥികളെ മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും സഹജാവബോധത്തിന്റെയും പാഠങ്ങൾകൂടി പഠിപ്പിക്കുന്ന അധ്യാപകരേറെയുണ്ടു കേരളത്തിലെന്നതിൽ നമുക്ക് അഭിമാനിക്കാം.

ലോകത്തിലെ ഏറ്റവും മൂല്യമുള്ള സൽപ്രവൃത്തികളിലൊന്നായ അധ്യാപനത്തിന്റെ മഹനീയത അറിയിക്കുന്ന പ്രിയപ്പെട്ട അധ്യാപക സമൂഹത്തിനു മുന്നിൽ ഈ ശുഭദിനത്തിൽ ശിരസ്സു കുനിച്ചു പ്രണാമമർപ്പിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com