ADVERTISEMENT

സ്കൂളുകൾ അടഞ്ഞു കിടക്കുമ്പോൾ പകരം ഓരോ വീട്ടിലും ഓരോ ക്ലാസ് മുറി പിറന്നു. ടിവിയിലൂടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും അധ്യാപകർ നമ്മുടെ വീടുകളിലെത്തി. സിലബസ് മാത്രമല്ല, അതിജീവനം എന്ന വലിയ പാഠം കൂടിയാണ് ഈ കോവിഡ്കാലത്ത് അധ്യാപകർ കുട്ടികളെ പഠിപ്പിക്കുന്നത്. അവയിൽ ചില മാതൃകാ പാഠങ്ങളിതാ.

ടി.ടി.പൗലോസ്, ഗവ.യുപി സ്കൂൾ പുറ്റുമാനൂർ, എറണാകുളം.

തിരക്കിലാണ് ടി.ടി.പൗലോസ്. കോലഞ്ചേരി ടൗണിൽ കുടുംബവീതം കിട്ടിയ സ്ഥലത്തു നിർമിച്ച അധ്യാപക പഠനഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യുന്നതിനു മുന്നോടിയായുള്ള തിരക്ക്. 2010ൽ തുടങ്ങിയ ‘കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്’ എന്ന കൂട്ടായ്മയുടെ ബാനറിലുള്ള കേന്ദ്രം ഇതുവരെ പൗലോസിന്റെ വീട്ടിലാണു പ്രവർത്തിച്ചിരുന്നത്. 

കൂടുതൽ ഫലപ്രദമായ പ്രവ‍ർത്തനത്തിനായി 3 ലക്ഷം രൂപ വായ്പയെടുത്തു പുതിയ മുറി പണിതു. വീട്ടിലെ ആയിരത്തോളം പുസ്തകങ്ങൾ ഗവേഷണകേന്ദ്രത്തിലേക്കു മാറ്റി. ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ പഴയതും പുതിയതുമായ പാഠപുസ്തകങ്ങൾ, അധ്യാപക സഹായികൾ, റഫറൻസ് സാമഗ്രികൾ എന്നിവ ശേഖരിച്ചു സജ്ജീകരിച്ചു. ഓൺലൈൻ ക്ലാസിനുള്ള സാമൂഹിക പഠനകേന്ദ്രമായും ഇതു പ്രവർത്തിക്കും. ഓൺലൈൻ ക്ലാസിന്റെ തുടർച്ചയായി പഠനത്തിനും പരിശീലനത്തിനുമുള്ള മെറ്റീരിയലുകൾ ഇപ്പോൾത്തന്നെ ധാരാളമായി തയാറാക്കി നൽകുന്നുണ്ട്.

tt-paulose
ടി.ടി. പൗലോസ്

പത്താം ക്ലാസിലെത്തിയ കുട്ടികൾക്കുപോലും മലയാളം നന്നായി വായിക്കാനും എഴുതാനും അറിയില്ലെന്നു നാം വിമർശിക്കാറുണ്ട്. അങ്ങനെ പിന്നാക്കം നിൽക്കുന്നവർക്കു സഹായകരമായ പഠനപ്രവ‍ർത്തനങ്ങളുമായി ടീച്ചേഴ്സ് ക്ലബ് തുടങ്ങിയ ‘മലയാളം കൈത്താങ്ങ്’ എന്ന പരിപാടിയാണു സർക്കാർതന്നെ ഏറ്റെടുത്ത് ഇപ്പോൾ ‘മലയാളത്തിളക്കം’ എന്ന പേരിൽ എല്ലാ സ്കൂളുകളിലും നടപ്പാക്കുന്നത്. മുന്നൂറിലേറെ സ്കൂളുകളിൽ നേരിട്ടുപോയി ട്രൈ ഔട്ട് ക്ലാസ് എടുത്താണ് പൗലോസ് മൊഡ്യൂളിന് അന്തിമരൂപം നൽകിയത്.

ടി.ജതീഷ്, ഗവ.എൽപി സ്കൂൾ തോന്നയ്ക്കൽ, തിരുവനന്തപുരം

ടി.ജതീഷ് 2016ൽ ആരംഭിച്ച ‘മെന്റേഴ്സ് കേരള’ ഇന്നു കേരളത്തിലെ അധ്യാപകരുടെ ഏറ്റവും വലിയ സമൂഹമാധ്യമ കൂട്ടായ്മകളിലൊന്നാണ്. ബ്ലോഗിനു പുറമേ വാട്സാപ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുന്നു. 

t-jatheesh
ടി. ജതീഷ്

ഈ ഓൺലൈൻ പഠനകാലത്ത് ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ പാഠഭാഗങ്ങളുടെ ഡിജിറ്റൽ പഠനസാമഗ്രികൾ പതിനായിരക്കണക്കിന് അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ദിവസവും ഉപയോഗിക്കുന്നു.

ഓരോ പാഠവുമായി ബന്ധപ്പെട്ട കുറിപ്പുകൾ, വിഡിയോ, ഓഡിയോ ഇവയെല്ലാം ലഭ്യമാക്കുന്നു. ഓൺലൈൻ ക്ലാസിന്റെ തുടർച്ചയായി വർക്ക് ഷീറ്റുകൾ, മറ്റ് പഠനസാമഗ്രികൾ തുടങ്ങിയവ അധ്യാപകർക്ക് ഉടൻ ലഭ്യം. ഓൺലൈൻ ക്ലാസിന് ആവശ്യമായ മെറ്റീരിയലുകൾ നിർമിക്കാനുള്ള ഐടി പരിശീലനങ്ങളിൽ ഇപ്പോൾ മൂവായിരത്തോളം അധ്യാപകർ പങ്കെടുക്കുന്നു. ഓൺലൈനിൽ ക്ലാസ് പിടിഎ നടത്താൻവരെ അധ്യാപകർക്കു സഹായം നൽകുന്നുണ്ട്.

എൽഎസ്എസ്, യുഎസ്എസ് പരീക്ഷയിൽ സംസ്ഥാനവ്യാപകമായി സൗജന്യ പരിശീലനം നൽകുന്നു. ഓരോ വർഷവും വിജയികളുടെ എണ്ണത്തിൽ വൻ കുതിപ്പുണ്ടാക്കാൻ പരിശീലനത്തിനു കഴി‍ഞ്ഞിട്ടുണ്ട്.

മനോജ് കോട്ടയ്ക്കൽ ജിഎച്ച്എസ്എസ് പുതുപ്പറമ്പ്, മലപ്പുറം

അധ്യാപകരെ ശരിക്കും ‘ടെക്കി’കളാക്കി മാറ്റുകയാണ് മനോജ് കോട്ടയ്ക്കലും ‘ലേണിങ് ടീച്ചേഴ്സ്’ എന്ന അധ്യാപക കൂട്ടായ്മയും. പ്രീപ്രൈമറി മുതൽ പ്ലസ്ടു വരെ എല്ലാ വിഭാഗം അധ്യാപകർക്കുമുള്ള ഐടി പരിശീലന മൊഡ്യൂളാണ് ‘ലേണിങ് ടീച്ചേഴ്സ്’ തയാറാക്കിയിരിക്കുന്നത്. ക്ലാസുകൾക്കായി വിഡിയോ നിർമാണം, വർക്ക് ഷീറ്റും പ്രസന്റേഷനും തയാറാക്കൽ, ഓൺലൈൻ പരീക്ഷയും സ്കോർ രേഖപ്പെടുത്തലും സർട്ടിഫിക്കറ്റ് നൽകലും, ഓൺലൈൻ ക്വിസ്, ഏതു ചിത്രവും ചെടിയും പ്രാണിയും എന്തെന്നു തിരിച്ചറിയാനും ഏതു ഭാഷയും പരിഭാഷപ്പെടുത്താനും ഗൂഗിൾ ലെൻസ് ആപ്പിന്റെ ഉപയോഗം തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ പരിശീലനം.

manoj-kottakkal
മനോജ് കോട്ടയ്ക്കൽ

ദിവസവും രാത്രി 9 മുതലാണ് അധ്യാപകർക്കുള്ള ഈ ഓൺലൈൻ ക്ലാസ്. ഓരോ വിഷയത്തിലും ഒരാൾ പരിശീലനം നയിക്കുമ്പോൾ നാലോ അഞ്ചോ പേരെ സംശയനിവാരണത്തിനു തത്സമയം ലഭ്യമാക്കും. 12 പേരുടെ ടീമാണു പരിശീലനം നൽകുന്നത്. 2014ൽ രൂപംകൊണ്ട കേരളത്തിലെ ആദ്യ ശാസ്ത്ര അധ്യാപക കൂട്ടായ്മയിലൊന്നാണ് ലേണിങ് ടീച്ചേഴ്സ്.

രതീഷ് സംഗമം വിഎൽപിഎസ് കടമ്പനാട്, പത്തനംതിട്ട

പരസ്പരം പങ്കുവച്ച് സ്വയം വളരുകയും മറ്റുള്ളവർക്കു വളരാൻ അവസരം ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രതീഷ് സംഗമത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച അധ്യാപകരുടെ കൂട്ടായ്മയാണ് ‘അധ്യാപകക്കൂട്ടം’. ഇരുനൂറോളം വാട്സാപ് ഗ്രൂപ്പുകൾ, യുട്യൂബ് ചാനൽ, ബ്ലോഗ്, ഫെയ്സ്ബുക് പേജ് എന്നിവയിലായി പതിനയ്യായിരത്തിലേറെ അധ്യാപകർ അറിവും ആശയവും പങ്കിട്ട് അക്കാദമിക് രംഗത്തു വ്യത്യസ്ത മാതൃകകൾ സൃഷ്ടിക്കുന്നു. ടാലന്റ് ലാബ്, സപ്പോർട്ട് ഗ്രൂപ്പ് എന്നിവയാണ് ഇപ്പോഴത്തെ ഓൺലൈൻ ക്ലാസുകൾ സമഗ്രമാക്കാനും സജീവമാക്കാനും അധ്യാപകക്കൂട്ടം മുന്നോട്ടുവച്ചത്.

ratheesh-sangamam
രതീഷ് സംഗമം

സംസ്ഥാനതലത്തിൽ എൽപി, യുപി കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ്മയാണ് ടാലന്റ് ലാബ് ഓൺലൈൻ. കുട്ടികളുടെ വ്യത്യസ്ത കഴിവുകളും അഭിരുചികളും കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യം. ഓൺലൈൻ ക്ലാസുകൾക്കു തടസ്സമാകാത്ത വിധം ശനിയാഴ്ച ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ ഒന്നര മണിക്കൂർ വ്യത്യസ്ത വിഷയങ്ങളിൽ ക്ലാസ് നടത്തും. തുടർ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കുട്ടികൾക്ക് ഒരാഴ്ച സമയം നൽകും. തുടർന്ന് ക്ലാസിന്റെ പ്രസക്ത ഭാഗങ്ങളും കുട്ടികളുടെ പ്രതികരണങ്ങളും ഡിജിറ്റൽ ഡോക്യുമെന്റേഷൻ ചെയ്ത് ബ്ലോഗിൽ പങ്കിടുന്നു. ഇതു മറ്റുള്ളവർക്കും ഉപയോഗപ്രദമാകുന്നു. ഓൺലൈൻ ക്ലാസുകളുടെ പൂരക പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനും രൂപീകരിക്കുന്നതിനും അധ്യാപകരെ സഹായിക്കാനായി ഒന്നു മുതൽ പത്തുവരെ ക്ലാസുകളുടെ ഓൺലൈൻ സപ്പോർട്ട് ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്.

എം.എ.ലിജിയ, സ്പെഷൽ എജ്യുക്കേറ്റർ,ബിആർസി വൈപ്പിൻ, എറണാകുളം

പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കായി വിക്ടേഴ്സ് ചാനലിൽ ഫസ്റ്റ്ബെൽ ക്ലാസുകൾ നടക്കുമ്പോൾ, ഭിന്നശേഷിക്കാർക്കു യുട്യൂബിൽ ക്ലാസുകൾ നടക്കുന്നുണ്ട്– ‘വൈറ്റ് ബോർഡ്’ എന്ന പേരിൽ. പൂർണ സമർപ്പണത്തോടെ, ഉത്തരവാദിത്തത്തോടെ ഇത്തരം ക്ലാസുകൾ തയാറാക്കുന്ന സംഘത്തിൽ അംഗമാണ് എം.എ. ലിജിയ.

lijiya
എം.എ. ലിജിയ

‘പൂർണമായി മനസ്സുകൊടുത്ത്, ഏറ്റവും ആത്മാർഥതയോടെ ക്ലാസുകൾ തയാറാക്കാൻ എനിക്കു കഴിയും. കാരണം ഇത്തരത്തിൽ ഭിന്നശേഷിക്കാരിയായ ഒരു മിടുക്കിയുടെ അമ്മയാണു ഞാനും. നാലാം ക്ലാസിലെ പരിസരപഠനം, അ‍ഞ്ചാം ക്ലാസിലെ ഗണിതം ക്ലാസുകളാണു ഞാൻ തയാറാക്കുന്നത്. കാഴ്ചപരിമിതിയുള്ളവർക്കു വേണ്ടി പ്രത്യേകമായി ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്താണു ക്ലാസുകൾ തയാറാക്കുന്നത്. അതു യുട്യൂബിൽ അപ്‌ലോഡ് ചെയ്യും. ഇന്റലക്ച്വൽ ഡിസെബിലിറ്റി, ഓട്ടിസം, കാഴ്ച– കേൾവി പരിമിതികൾ ഉള്ള കുട്ടികൾക്കെല്ലാം ആവശ്യമായ മെറ്റീരിയലുകൾ തയാറാക്കുന്നുണ്ട്.’

ഇതുപോലെയോ ഇതിലേറെയോ മികച്ച പ്രവർത്തനങ്ങളുമായി ഇനിയുമെത്രയോ അധ്യാപകർ നമുക്കു ചുറ്റുമുണ്ട്. ഈ അധ്യാപകദിനം അവർക്കു വേണ്ടിക്കൂടിയുള്ള സമർപ്പണമാകട്ടെ.

തയാറാക്കിയത്: അബ്ദുൽ ജലീൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com