ADVERTISEMENT

ചുറ്റുമുള്ളവർ ചവിട്ടിത്താഴ്ത്താൻ ശ്രമിച്ചാൽ അതിനെ അതിജീവിച്ചു വളരുന്നവർ ചുരുക്കമായിരിക്കും. പകരം, അരികിലുള്ളവരെല്ലാം ആവേശം പകരുന്നവരാണെങ്കിൽ സ്വയമറിയാതെ തന്നെ ആരും വളർന്നുതുടങ്ങും. ആശ്രയിക്കുന്നവരെയും അനുഗമിക്കുന്നവരെയും അംഗീകരിക്കുകയും അവരിൽ പ്രതീക്ഷയർപ്പിക്കുകയും ചെയ്യുക എന്നതാണ് വളർത്തുന്നവരുടെ പ്രാഥമിക കടമ. 

പ്രതീക്ഷയോടെയുള്ള സമീപനങ്ങളിൽ പ്രോത്സാഹന വാക്കുകളും പ്രചോദക പ്രവൃത്തികളും ഉത്തേജകമാകും. നിരാശയോടെയും നിർവികാരതയോടെയും സമീപിക്കുമ്പോൾ നിരുത്സാഹവും ഭയവും ജനിപ്പിക്കുന്ന വാക്കുകളും ചെയ്തികളുമാകും ഉടലെടുക്കുക. 

പരിശീലിപ്പിക്കുന്നവർ തന്നെ പരിമിതികളുടെ അതിർവരമ്പുകൾ സൃഷ്ടിച്ചാൽ അതിലും താഴേക്കായിരിക്കും പരിശീലനം നേടുന്നവരുടെ വളർച്ച. ആരും എല്ലാവരെയും ഒരുപോലെയല്ല വളർത്തുന്നത്. സ്വന്തം മനസ്സിൽ രൂപപ്പെടുത്തിയ പദ്ധതികൾക്കും കാഴ്ചപ്പാടുകൾക്കും അനുസരിച്ചായിരിക്കും ഓരോരുത്തർക്കും അളന്നു നൽകുന്നത്. മറ്റൊരാളെ വിലകുറച്ചു കാണാൻ ഒരാൾക്ക് എന്തവകാശം? ഓരോരുത്തരുടെയും ഉള്ളിലെ വിലമതിക്കാനാകാത്ത നിധി എന്തെന്നു കണ്ടെത്താൻ കഴിയാതെപോകുന്ന ശിക്ഷകരും നേതാക്കന്മാരുമാണ് വിളർച്ച ബാധിച്ച പുതുതലമുറയെ സൃഷ്ടിക്കുന്നത്. 

ഉയരും, വളരും, നന്നാകും, നിനക്കതിനു കഴിയും തുടങ്ങിയ വാക്കുകൾ കേട്ടു വളരുന്നവർക്ക് അദ്ഭുതകരമായ വളർച്ചയുണ്ടാകും. ഇത്രയും മതി, കൂടുതലായാൽ അപകടമാകും, ഇതിന്റെ ആവശ്യമേയുള്ളൂ തുടങ്ങിയ പ്രതീക്ഷാരഹിതമായ വാക്കുകളിലൂടെ സഞ്ചരിക്കുന്നവർക്ക് ആവേശപ്രകടനത്തിനൊന്നും താൽപര്യമുണ്ടാകില്ല. എല്ലാറ്റിന്റെയും മിനിമത്തിൽ അവർ യാത്ര അവസാനിപ്പിക്കും. 

വളർത്തുന്നവർക്ക് അമിതപ്രതീക്ഷകൾ ഉണ്ടാകരുത് എന്നതുപോലെ തന്നെ പ്രധാനമാണ് അവിശ്വാസം ഉണ്ടാകരുത് എന്നതും. ആശങ്കകളോടെ വളർത്തുന്നവർ അടിമകളെ സൃഷ്ടിക്കും; ആദരവോടെ വളർത്തുന്നവർ മഹാന്മാരെയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com