ഡീപ്ഫെയ്ക്, അടിമുടി മാറ്റിക്കളയും

pm-modi
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ ചിത്രങ്ങൾ
SHARE

അമേരിക്കയിൽ തിരഞ്ഞെടുപ്പു കാലമാണ്; വ്യാജവാർത്തകളുടെ ചാകരക്കാലവും. 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലത്ത് വ്യാജവിവരങ്ങളുടെ മഹാവിസ്ഫോടനം തന്നെയുണ്ടായി എന്നായിരുന്നു വിലയിരുത്തൽ. ഇത്തവണയും മോശമാകില്ലെന്നാണു നിരീക്ഷകർ പറയുന്നത്.

ഇന്ത്യയിലേതു പോലെ ഫോട്ടോഷോപ്പിലുണ്ടാക്കിയ വ്യാജചിത്രങ്ങൾ, തെറ്റായ ഉദ്ധരണികൾ, പഴയ വിഡിയോകൾ എന്നിവയൊക്കെ പ്രചരിപ്പിക്കുന്ന ചെറിയ കളിയല്ല യുഎസിൽ. ഡീപ്ഫെയ്ക് (Deepfake) പോലുള്ള സങ്കേതങ്ങൾ ഉപയോഗിച്ചാണ് അവിടെ വ്യാജനുണ്ടാക്കുന്നത്.

മോർഫിങ് പോലെ തലവെട്ടിമാറ്റി വയ്ക്കുകയോ വിഡിയോയിലെ ശബ്ദം മാറ്റുകയോ ചെയ്യുന്ന സിംപിൾ ടെക്നിക്കല്ല ഡീപ്ഫെയ്ക്. നിർമിതബുദ്ധി ഉപയോഗിച്ച്, ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലുകളും മുഖത്തെ പേശീചലനങ്ങളും കണ്ണിമ ചിമ്മുന്നതുമൊക്കെ വിശകലനം ചെയ്താണ് ഡീപ്ഫെയ്ക് വിഡിയോകൾ തയാറാക്കുക.

ഉദാഹരണത്തിന്, നിങ്ങൾ I love you എന്നു പറയുന്ന ഒരു വിഡിയോ ദൃശ്യത്തിൽനിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത്, ഡീപ്ഫെയ്ക്കിലൂടെ നിങ്ങൾ I hate you എന്നു പറയുന്ന കൃത്രിമ വിഡിയോ തയാറാക്കാൻ പറ്റും. ശബ്ദവും മുഖഭാവവും ചുണ്ടിന്റെയും കണ്ണിന്റെയും ചലനവുമൊക്കെ കൃത്യമായിരിക്കും. അത്ര സൂക്ഷ്മതയോടെ തയറാക്കിയതിനാൽ കണ്ടുപിടിക്കുക അങ്ങേയറ്റം ബുദ്ധിമുട്ടായിരിക്കുകയും ചെയ്യും. ഒരു തിരഞ്ഞെടുപ്പുകാലത്ത് ഇത്തരം വിഡിയോകളുടെ അപകടസാധ്യത ഒന്നാലോചിച്ചു നോക്കൂ!

യുഎസ് പ്രസിഡന്റായിരുന്ന ബറാക് ഒബാമ, ഇപ്പോഴത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ജർമൻ ചാൻസലർ അംഗല മെർക്കൽ, ഫെയ്സ്ബുക്കിന്റെ മാർക് സക്കർബർഗ്, ഒട്ടേറെ ഹോളിവുഡ് താരങ്ങൾ എന്നിവരുടെയൊക്കെ ഡീപ്ഫെയ്ക് വിഡിയോകൾ മുൻപ് പുറത്തുവന്നിട്ടുണ്ട്.

വ്യാജവിവരങ്ങൾക്കെതിരെ പോരാടുന്ന ഗവേഷകർ ഡീപ്ഫെയ്ക് തിരിച്ചറിയാനുള്ള സങ്കേതങ്ങൾ വികസിപ്പിച്ചു വരികയാണ്. യുഎസിൽനിന്ന് പ്രതീക്ഷ നൽകുന്ന ഒരു വാർത്ത കഴി‍ഞ്ഞദിവസം വന്നത്, ഡീപ്ഫെയ്ക് കണ്ടെത്താൻ സഹായിക്കുന്ന സോഫ്റ്റ്‌വെയർ മൈക്രോസോഫ്റ്റ് രൂപപ്പെടുത്തിയെന്നതാണ്. 

നമ്മുടെ കണ്ണുകൾ കൊണ്ടു കണ്ടെത്താൻ കഴിയാത്ത കൃത്രിമം, ദൃശ്യങ്ങൾ വിശകലനം ചെയ്തു കണ്ടെത്തുന്ന Video Authenticator software ആണ് ഇവർ വികസിപ്പിച്ചത്. ബിബിസി, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളുമായി ചേർന്ന് പുതിയ സംവിധാനം പരീക്ഷിക്കുമെന്നാണ് മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുള്ളത്.

ശരിയാണ് പക്ഷേ, പഴയതാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിൽ അദ്ദേഹം മയിലുകൾക്കു ഭക്ഷണം കൊടുക്കുന്നതിന്റെയും മറ്റും ചിത്രങ്ങളും വിഡിയോയും ഈയിടെ എല്ലാ മാധ്യമങ്ങളിലും വന്നിരുന്നല്ലോ. സമൂഹമാധ്യമങ്ങളിലും ഇവ വൈറലായി. ഇതിനു പിന്നാലെ, അദ്ദേഹം ഒരു മരച്ചുവട്ടിലിരുന്നു പത്രം വായിക്കുന്ന ചിത്രവും പ്രചരിക്കാൻ തുടങ്ങി. 

modi-onam-wish
2013 മുതൽ പ്രചരിക്കുന്ന മോദിയുടെ ഓണാശംസ വിഡിയോയിൽനിന്ന്

ആ ഫ്രെയിമിൽ ഏതാനും താറാവുകൾ, പുസ്തകങ്ങൾ,ലാപ്ടോപ് ഇവയൊക്കെ കാണാം. പുതിയ ചിത്രമെന്ന രീതിയിലാണ് ഇതും പ്രചരിച്ചത്. എന്നാൽ, ഈ ചിത്രം മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തേതാണ്. 2011–12 സമയത്ത് അദ്ദേഹത്തിന്റെ വെബ്സൈറ്റിലും ചില പ്രസിദ്ധീകരണങ്ങളിലുമൊക്കെ ഇത് അച്ചടിച്ചു വന്നതാണ്.

ഇതുപോലെ തന്നെ, മോദി മലയാളത്തിൽ ഓണാശംസകൾ നേരുന്നതിന്റെ വിഡിയോ ഓണത്തിനു തൊട്ടുമുൻപു നമ്മുടെയെല്ലാം വാട്സാപ്പിൽ ഷെയർ ചെയ്തെത്തി. ഈ വിഡിയോയും പുതിയതല്ല; അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തേതു തന്നെയാണ്. 2013 മുതൽ എല്ലാ ഓണക്കാലത്തും ഈ വിഡിയോ കറങ്ങിത്തിരിഞ്ഞു വരാറുണ്ട്!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA