ADVERTISEMENT

വെന്ത ചേമ്പു ചൂടോടെ വിഴുങ്ങിയ സ്ഥിതിയിലാണു കോൺഗ്രസ്, യുഡിഎഫ് നേതൃത്വങ്ങളെന്നു പറഞ്ഞാൽ തെല്ലും അതിശയോക്തിയാവില്ല. ഇപ്പോൾ തൊണ്ടക്കുഴി വരെയേ പൊള്ളിയിട്ടുള്ളൂ. താഴോട്ടിറക്കിയാൽ അന്നനാളം മുഴുവനും പൊള്ളും. രാജ്യസഭാ തിരഞ്ഞെടുപ്പിലും വോട്ടു ചെയ്യാതിരുന്ന കേരള കോൺഗ്രസ്(എം) ജോസ് കെ. മാണി വിഭാഗത്തെ ഇപ്പോൾ ശരിപ്പെടുത്തിക്കളയുമെന്നാണ് യുഡിഎഫ് കൺവീനർ മുതൽ കോൺഗ്രസ് മുത്തോലി മണ്ഡലം പ്രസിഡന്റ് വരെയുള്ളവർ പറഞ്ഞിരുന്നത്.

‘പട വന്നിങ്ങു പടിക്കൽ കയറി / വടിയിങ്ങോട്ടെടു കുഞ്ഞിപ്പെണ്ണേ’ എന്ന മട്ടിലാണു ജോസ് വിഭാഗത്തെ ശരിപ്പെടുത്താൻ യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ ചാടിപ്പുറപ്പെട്ടത്. ജോസ് വിഭാഗത്തിനെ ശരിപ്പെടുത്താൻ അദ്ദേഹം സ്കഡ്, പേട്രിയറ്റ് മിസൈലുകൾ ആവശ്യപ്പെട്ടില്ല. പാറ്റൻ ടാങ്കും സാബർ ജെറ്റും ചോദിച്ചില്ല. വെറുമൊരു വടി. ജോസ് വിഭാഗത്തെ ഒതുക്കാൻ അതുതന്നെ അദ്ദേഹത്തിനു ധാരാളമാണ്. 

പക്ഷേ വടിയുമെടുത്തു പടയ്ക്കിറങ്ങും മുൻപ് തിരഞ്ഞെടുപ്പു കമ്മിഷൻ ഒരു കന്നംതിരിവു കാണിച്ചു– രണ്ടില ചിഹ്നം ജോസ് വിഭാഗത്തിനു പതിച്ചു നൽകി. ഏറ്റവും ചുരുങ്ങിയതു രണ്ടില പങ്കുവച്ച് ഒന്നു ജോസഫിനും മറ്റേതു ജോമോനും കൊടുക്കാമായിരുന്നു. യുഡിഎഫ് കൺവീനർ അകപ്പെടാൻ പോകുന്ന പ്രതിസന്ധിയൊന്നും തിരഞ്ഞെടുപ്പു കമ്മിഷൻ അറിഞ്ഞിട്ടുണ്ടാവില്ല. 

ഇപ്പോൾ കൺവീനർ പറയുന്നതു ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്നു പുറത്താക്കിയിട്ടില്ലെന്നാണ്. വെറുതെ ഒരു രസത്തിനു മാറ്റിനിർത്തിയിട്ടേയുള്ളൂവത്രെ. ക്ലാസിൽ നിന്നു ടീച്ചർ കുട്ടിയെ പുറത്തിറക്കി നിർത്തിയാൽ അതിനർഥം സ്കൂളിൽ നിന്നു ടിസി കൊടുത്തുവെന്നല്ലല്ലോ? ‘നെടുതായൊരു നായർ പതുക്കെപ്പടയിലൊളിച്ചോടിച്ചെന്നഥ / കടുവായിൻ വായിൽ പെട്ടതു കണ്ടൊരു കുന്തക്കാരൻ / നെടുതാകിന കോപം പൂണ്ടഥ മീശ ഞെറുമ്പിച്ചുടനേ / വിടുഭോഷൻ പാഞ്ഞുതിരിച്ചിതു തന്നുടെ ഭവനം നോക്കി’ എന്നു കുഞ്ചൻ നമ്പ്യാർ നൂറ്റാണ്ടുകൾക്കു മുമ്പേ എഴുതിവച്ചതു യുഡിഎഫ് കൺവീനറുടെ അവസ്ഥ മുമ്പേ കണ്ടിട്ടാണെന്നു വരാം. കവികളല്ലേ, അവർ ക്രാന്തദർശികളായിരിക്കും. 

ഇനിയിപ്പോൾ ജോസഫ് വിഭാഗത്തിനു പഴയ ആനയിലേക്കു തിരിച്ചുപോകുന്നതായിരിക്കും നല്ലത്. കാട്ടിലാണെങ്കിൽ ആനകൾ പെരുകി അവ നാഴികയ്ക്കു നാൽപതു വട്ടം നാട്ടിൽ ഇറങ്ങുന്നുമുണ്ട്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ മലയോര മേഖലകളിൽ ജീവനുള്ള ചിഹ്നം പഞ്ഞമില്ലാതെ ലഭിക്കുമെന്ന ഗുണവുമുണ്ട്. ഏതായാലും ജോസ് വിഭാഗത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ യുഡിഎഫ്, കോൺഗ്രസ് നേതൃത്വം ഒരു കാര്യം ഓർമിക്കണം– ഒരു കുറ്റത്തിന് ഒരാളെയും രണ്ടു തവണ തൂക്കിക്കൊല്ലാൻ പറ്റില്ലെന്ന കാര്യം. 

ജോസ് വിഭാഗം നല്ല കുട്ടികളായി വന്നാൽ യുഡിഎഫിൽ എടുക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് ഔസേപ്പച്ചൻ പറയുന്നത്. അങ്ങനെയെങ്കിൽ ഒരു ദുർഗുണ പരിഹാര പാഠശാല തന്നെ യുഡിഎഫ് ആരംഭിക്കുന്നതാണു നല്ലത്. ഭാവിയിലും ഇതു പ്രയോജനപ്പെടും. 

സെക്രട്ടേറിയറ്റിലെ ചീഫ് ശാന്തി

നിയമസഭ ജനാധിപത്യത്തിന്റെ ശ്രീകോവിലാണെന്നതു കാലങ്ങളായി പാടിക്കേൾക്കുന്ന വായ്ത്താരിയാണ്. അവിടത്തെ തന്ത്രിയും മേൽശാന്തിയുമെല്ലാം സ്പീക്കർ തന്നെയാണ്. കീഴ്ശാന്തിയായി ഡെപ്യൂട്ടി സ്പീക്കറുണ്ട്. അറ്റകൈക്കു മുട്ടുശാന്തിമാരായി പാനൽ ഓഫ് ചെയർമെൻ ആയി 3 പേരെ തയാറാക്കി നിർത്താറുമുണ്ട്. മേൽശാന്തി രാവിലെ 9നു നട തുറക്കും. പിന്നെ അത്താഴപ്പൂജ കഴിഞ്ഞേ നടയടയ്ക്കൂ. ജനാധിപത്യമൂർത്തിയെ പാടിയുറക്കാൻ ഹരിവരാസനത്തിനു പകരം ‘സഭ ഇപ്പോൾ പിരിയുന്നതും നാളെ രാവിലെ 9നു വീണ്ടും ചേരുന്നതുമാണ്’  എന്നാണു മേൽശാന്തി ഈണത്തിൽ പാടുക. ഇതിനിടയിൽ അവിടെ നടക്കുന്നതെല്ലാം ക്ഷേത്രസങ്കൽപത്തിനു ചേരുന്നതാണോ തുടങ്ങിയ വെടക്കു സംശയങ്ങളൊന്നും ആരും ചോദിക്കരുത്. 

ഇതുകൂടാതെ മറ്റൊരു മഹാക്ഷേത്രം കൂടി തിരുവനന്തപുരത്തുണ്ടെന്ന് ഇപ്പോഴാണു മനസ്സിലായത്. ശ്രീപത്മനാഭ ക്ഷേത്രമാണെന്നു ജനം തെറ്റിദ്ധരിക്കരുത്. നമ്മുടെ സെക്രട്ടേറിയറ്റ് ആണ് ഈ മഹാക്ഷേത്രം. ഇക്കാര്യം വെളിപ്പെടുത്തിയത് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ്. അദ്ദേഹം പറയുന്നതു കേട്ടാൽ അവിടത്തെ തന്ത്രിയും മേൽശാന്തിയുമെല്ലാം അദ്ദേഹം തന്നെയാണെന്നതിൽ തരിമ്പും സംശയമുണ്ടാവില്ല. അദ്ദേഹം പറയുന്നതു വിശ്വാസികൾക്കു വിശ്വസിക്കാം. രമേശ് ചെന്നിത്തലയെപ്പോലുള്ള അവിശ്വാസികൾക്ക് അവിശ്വസിക്കാം. 

സെക്രട്ടേറിയറ്റ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ആരാണെന്നു ചീഫ് സെക്രട്ടറി വെളിപ്പെടുത്തിയിട്ടില്ല. ചിലപ്പോൾ മുഖ്യമന്ത്രിയാകാം. അല്ലെങ്കിൽ ചീഫ് സെക്രട്ടറി തന്നെയാകാം. ഫയൽ മൂർത്തി, സെക്രട്ടറി ഗുളികൻ, സ്പെഷൽ സെക്രട്ടറി കുട്ടിച്ചാത്തൻ, സെക്‌ഷൻ ഓഫിസർ ചാമുണ്ടി തുടങ്ങി ഉപദേവതകൾ ഒട്ടേറെയുണ്ട്. 

സെക്രട്ടറിയറ്റിൽ രാഷ്ട്രീയക്കാർ വരാൻ പാടില്ലെന്നാണു ചീഫ് സെക്രട്ടറി പറയുന്നത്. വെറുതെ പറയുന്നതല്ല, ദേവപ്രശ്നത്തിൽ തെളിഞ്ഞതാണ്. രാഷ്ട്രീയക്കാർ വന്നാൽ സകലതും തീണ്ടിപ്പൊട്ടിക്കും. സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായെന്നു കേട്ടപ്പോൾ കൂട്ടത്തോടെ കുതിച്ചെത്തിയ രാഷ്ട്രീയക്കാരെയും മാധ്യമപ്രവർത്തകരെയും തക്കസമയത്ത് അവിടെ പ്രത്യക്ഷപ്പെട്ട മേൽശാന്തി ഇടപെട്ടു പുറത്താക്കിയിരുന്നില്ലെങ്കിൽ പുണ്യാഹവും ശുദ്ധികലശവും കഴിഞ്ഞേ സെക്രട്ടേറിയറ്റ് മേജർ ക്ഷേത്രം തുറക്കാൻ കഴിയുമായിരുന്നുള്ളൂ. അവിടെ പുഷ്പാഞ്ജലിയും പായസ നിവേദ്യവും കഴിപ്പിക്കാൻ വരുന്ന ആയിരക്കണക്കിനു ഭക്തജനങ്ങൾ നിരാശപ്പെടേണ്ടി വരുമായിരുന്നു. 

സെക്രട്ടേറിയറ്റ് ക്ഷേത്ര തന്ത്രിയും മേൽശാന്തിയുമായ ചീഫ് സെക്രട്ടറി അടിയന്തരമായി ചെയ്യേണ്ട ഒരു കാര്യമുണ്ട്. ക്ഷേത്രത്തിന്റെ അലങ്കാര ഗോപുരത്തിനു മുന്നിൽ വലിയ അക്ഷരങ്ങളിൽ ഒരു ബോർഡ് എഴുതി വയ്ക്കണം: രാഷ്ട്രീയക്കാർക്കും മാധ്യമപ്രവർത്തകർക്കും പ്രവേശനമില്ല.

സ്വാതന്ത്ര്യത്തിനു മുൻപ് ചില ബ്രിട്ടിഷ് ക്ലബുകൾക്കു മുന്നിൽ ‘നായ്ക്കൾക്കും ഇന്ത്യക്കാർക്കും പ്രവേശനമില്ല’ എന്ന ബോർഡ് വച്ചിരുന്നതു പോലെയാണെന്നു കരുതിയാൽ മതി. അല്ലെങ്കിലും സിവിൽ സർവീസ് ബ്രിട്ടിഷ് പാരമ്പര്യത്തിന്റെ ബാക്കിപത്രമാണല്ലോ?

സംരംഭക സൗഹൃദ സേവനം

പാവം ബിനീഷ് കോടിയേരി. ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും എന്തു വിവാദം ഉണ്ടായാലും അതിൽ അദ്ദേഹത്തിന്റെ പേർ ഇല്ലാതെ വരില്ല എന്ന സ്ഥിതിയാണ്. ചൈന ഇന്ത്യൻ അതിർത്തിയിലേക്കു തള്ളിക്കയറിയാൽ, കശ്മീരിൽ ഹിസ്ബുൽ മുജാഹിദീൻ സ്ഫോടനം നടത്തിയാൽ, ആലപ്പുഴയിലെ കായൽനിലങ്ങളിൽ മടവീഴ്ചയുണ്ടായാൽ, തെങ്ങിന്റെ മണ്ട ചീഞ്ഞാൽ, വാഴക്കൃഷിയെ തണ്ടുതുരപ്പൻ പുഴു ആക്രമിച്ചാൽ... എന്തിലും കാണും ബിനീഷിന്റെ ഒരു കൈ. 

വന്നുവന്ന് ഇതൊക്കെ കേൾക്കുമ്പോൾ ജനം ചോദിക്കുന്നതു ‘തീയില്ലാതെ പുകയുണ്ടാകുമോ’ എന്നാണ്. പോരാത്തതിനു കാലങ്ങളായി സൃഷ്ടിച്ച ഇമേജ് കൂടിയാകുമ്പോൾ എല്ലാം ഒത്തുവരും. 

സുഹൃത്തായ ഒരു സംരഭകന്റെ ബിസിനസ് പൊളിഞ്ഞു പോയപ്പോൾ പുതിയൊരു സംരംഭം തുടങ്ങാൻ 6 ലക്ഷം രൂപ കടം കൊടുത്തതാണത്രെ ബിനീഷ് ചെയ്ത മഹാപരാധം. കടം വാങ്ങിയ ആൾ അതുകൊണ്ട് ലഹരിമരുന്നു കടത്തലാണോ ചെയ്തതെന്ന് അന്വേഷിക്കേണ്ടതു ബിനീഷിന്റെ  ചുമതലയല്ല. പിന്നെ 3 മാസത്തിനിടയിൽ സംരംഭക സുഹൃത്തുമായി 76 തവണ മൊബൈൽ ഫോണിൽ സംസാരിച്ചുവെന്നതാണു ബിനീഷ് ചെയ്ത മറ്റൊരു കുറ്റം. സുഹൃത്തുക്കളായാൽ ശരാശരി ഒരു ദിവസം രണ്ടും മൂന്നും തവണ വിളിച്ചെന്നിരിക്കും. ബിനീഷിന്റെ കാര്യത്തിലാണെങ്കിൽ ഇതു ശരാശരി ഒരു ദിവസം ഒരു കോൾ പോലുമില്ല. പോരാത്തതിനു കടം കൊടുത്ത സ്ഥിതിക്കു സുഹൃത്തിന്റെ സംരംഭം എങ്ങനെ മുന്നേറുന്നുവെന്ന് അറിയാനുള്ള ജിജ്ഞാസ ബിനീഷ് കോടിയേരിക്കുണ്ടാകുന്നതു സ്വാഭാവികം. 

ബിനീഷ് കോടിയേരിയോടുള്ള നന്ദിസൂചകമായി ബികെ–47 എന്ന പേരിൽ സംരംഭക സുഹൃത്ത് ഷർട് വിപണയിലിറക്കി എന്നാണു മറ്റൊരു കഥ. ഇതിന് എകെ–47 കടത്തുമായി ബന്ധമുണ്ടെന്ന ആരോപണം വന്നാലും അത്ഭുതപ്പെടാനില്ല. 

മകന്റെ ജാതകദോഷം പരിഹരിക്കാൻ കാടാമ്പുഴയിലെ പൂമൂടലോ ശത്രുസംഹാര പൂജയോ മതിയാകുമെന്നു തോന്നുന്നില്ല; അടിയന്തരമായി ഏതെങ്കിലും ജ്യോത്സ്യനെ കണ്ടു ചാർത്തുവാങ്ങി പരിഹാരക്രിയകൾ ചെയ്യാൻ കോടിയേരി സഖാവ് മടിക്കേണ്ടതില്ല. 

സ്റ്റോപ് പ്രസ്: പിണറായിയിൽ കോഴി ‘പ്രസവിച്ചു’ എന്നു വാർത്ത. ഇടതുപക്ഷ സർക്കാരിന്റെ നേട്ടങ്ങളിൽ  ഒന്നാണെന്നു കരുതിയാൽ മതി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com