ADVERTISEMENT

കോവിഡ് പോസിറ്റീവായ പെൺകുട്ടിയെ ആംബുലൻസിൽ പീഡിപ്പിച്ച നീച സംഭവത്തോളം ഞെട്ടിക്കുന്നതും നാടിനെ നാണംകെടുത്തുന്നതുമായൊരു വാർത്ത സമീപകാലത്തൊന്നും നാം കേട്ടിട്ടില്ല. മനുഷ്യത്വത്തിന്റെയും കരുതലിന്റെയും പാരസ്പര്യത്തിന്റെയും ഇഴയടുപ്പം ഏറ്റവുമധികം പ്രകടമായ ഈ രോഗകാലത്തു തന്നെയുണ്ടായ അത്യന്തം ഹീനമായ ഈ സംഭവം കേരളത്തെ പുറംലോകത്തിനുമുന്നിൽ വല്ലാതെ ചെറുതാക്കുന്നു. കോവിഡ് കാലത്തു സർക്കാർ കൊട്ടിഘോഷിക്കുന്ന ശ്രദ്ധയും കരുതലും പരിചരണവുമൊക്കെ ആ ആംബുലൻസിലുണ്ടായ കൊടുംക്രൂരതയിൽ മങ്ങിപ്പോവുകയും ചെയ്യുന്നു. 

രാജ്യത്ത് ആദ്യത്തെ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത കേരളം കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും ക്രൂരമായ കുറ്റകൃത്യത്തിന്റെകൂടി ഇടമായിരിക്കുകയാണ്. കോവിഡ് പോസിറ്റീവായൊരാൾക്ക്, പ്രത്യേകിച്ചൊരു വനിതയ്ക്കു സർക്കാർ വാഗ്ദാനം ചെയ്യുന്ന സംരക്ഷണവും കരുതലും ഇതാണോ എന്ന ചോദ്യം വ്യാപകമായി ഉയരുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള ആംബുലൻസിലാണ് ദലിത് പെൺകുട്ടിക്കു നേരെ ഈ ക്രൂരത ഉണ്ടായതെന്നതു പ്രശ്നത്തിനു കൂടുതൽ ഗൗരവമാനങ്ങൾ നൽകുന്നുമുണ്ട്. 

ഒരു യുവതിയുടെ ജീവിതത്തോടുള്ള ഏറ്റവും കടുത്ത ക്രൂരതയും അപമാനവുമാണ് അർധരാത്രി ആ ആംബുലൻസിലുണ്ടായത്. നീചനായ ഒരു ആംബുലൻസ് ഡ്രൈവർ കാരണം കൊറോണയ്ക്കെതിരെ കേരളത്തിൽ ആത്മാർഥമായി പടപൊരുതുന്ന  ആരോഗ്യസംവിധാനത്തിനും ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർക്കുമുണ്ടായ അപമാനവും നാണക്കേടുംകൂടി സർക്കാർ മനസ്സിലാക്കണം. അതുകൊണ്ടുതന്നെ, ഇക്കാര്യത്തിൽ അടിയന്തരവും മാതൃകാപരവുമായ നടപടികൾ ഉണ്ടാവേണ്ടതുണ്ട്. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തുകഴിഞ്ഞു. ആംബുലൻസ് ഡ്രൈവറെ ജോലിയിൽനിന്നു പിരിച്ചുവിട്ട്, അറസ്റ്റടക്കമുള്ള മറ്റു നടപടികളിലേക്കു കടന്നിട്ടുണ്ടെങ്കിലും ഈ സംഭവമുയർത്തുന്ന ചോദ്യങ്ങളുടെ ഗൗരവം ബാക്കിനിൽക്കുന്നു. 

വധശ്രമക്കേസിൽ ഉൾപ്പെടെ പ്രതിയായ വ്യക്തിയാണ് ഈ ക്രൂരത നടത്തിയതെന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ഇത്രയും പ്രാധാന്യവും ഉത്തരവാദിത്തവുമുള്ള ജോലിക്കായി ഇങ്ങനെയൊരാളെ കണ്ടെത്തിയതും നിയമിച്ചതുമെങ്ങനെ എന്നതിനു ബന്ധപ്പെട്ടവർ മറുപടി പറയുകതന്നെ വേണം. പത്തനംതിട്ട ജില്ലയിലെ ആറന്മുളയ്ക്കു സമീപമുള്ള വിജനപ്രദേശത്താണു സംഭവമുണ്ടായത്. ക്രിമിനൽ പശ്ചാത്തലമുള്ള ഇത്തരക്കാർ ഓടിക്കുന്ന ആംബുലൻസിലാണോ കോവിഡ് പോസിറ്റീവായ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ, ആരോഗ്യപ്രവർത്തകരാരും ഒപ്പമില്ലാതെ, ആശുപത്രികളിലെത്തിക്കുന്നത്? കഴിഞ്ഞമാസം കൊല്ലം ജില്ലയിലെ ഒരു കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ച ‘108’ ആംബുലൻസ് ഡ്രൈവർ പൊലീസ് പിടിയിലായതുകൂടി ഇതോടുചേർത്ത് ഓർമിക്കാം. 

അപകടങ്ങളിൽപ്പെടുന്നവരെയും മറ്റും അതിവേഗം ആശുപത്രിയിൽ എത്തിക്കുന്നതിനാണ് 108 ആംബുലൻസ് സർവീസ് സംസ്ഥാനത്തു പ്രവർത്തിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തിൽ ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്കാണ് ആംബുലൻസിന്റെ നടത്തിപ്പു ചുമതല. ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവറെ ഇത്രമാത്രം സാമൂഹിക ഉത്തരവാദിത്തമുള്ള ജോലിക്കു നിയോഗിച്ചവർ ഇക്കാര്യത്തിൽ മറുപടി പറഞ്ഞേതീരൂ. ആംബുലൻസ് ഡ്രൈവർമാരുടെ പശ്ചാത്തലം അന്വേഷിക്കുമെന്ന് ഇത്തരത്തിലൊരു ഹീനകൃത്യം ഉണ്ടായശേഷം മാത്രം സർക്കാർ പറഞ്ഞിട്ടെന്തു കാര്യമാണുള്ളത്? സംസ്ഥാനത്തോടുന്ന ആംബുലൻസുകളുടെ ഡ്രൈവർമാരുടെ മുഴുവൻ വിവരവും ശേഖരിച്ച് ഉചിതനടപടികളെടുക്കാൻ സർക്കാർ ഒരു ദിവസംപോലും വൈകിക്കൂടെന്ന് ഇപ്പോഴുണ്ടായ സംഭവം മുന്നറിയിപ്പുനൽകുന്നു. നമ്മുടെ നാട്ടിൽ സമർപ്പിതസേവനം നടത്തുന്ന എത്രയോ ആംബുലൻസ് ഡ്രൈവർമാരുടെമേൽ  ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ കളങ്കമാവാനും പാടില്ല. 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും ജാഗ്രതയെക്കുറിച്ചും സർക്കാർ വാചാലമാകുന്നതു മാസങ്ങളായി കേരളം കേട്ടുകൊണ്ടിരിക്കുമ്പോഴാണ് ഇങ്ങനെയൊരു അതിക്രൂരത സർക്കാരിന്റെകൂടി അശ്രദ്ധയും നിരുത്തരവാദിത്തവും  വിളിച്ചറിയിച്ച് ഇവിടെയുണ്ടാകുന്നത്. കോവിഡ് രോഗിയെ വീട്ടിൽനിന്ന് ആംബുലൻസിലേക്കു കയറ്റുന്ന നിമിഷം മുതൽ അവർ സർക്കാരിന്റെ സംരക്ഷണത്തിലാണെന്നത് ഇനിയെങ്കിലും മറക്കരുത്. ഒരു പശ്ചാത്തലവുമറിയാത്തൊരാളുടെ കൂടെ ഒരു പെൺകുട്ടിയെ ആംബുലൻസിൽ ഒറ്റയ്ക്ക് അയയ്ക്കേണ്ടിവരുന്ന ആശങ്കാജനകമായ സാഹചര്യം ഇവിടെ ഇനിയൊരിക്കലും ഉണ്ടായിക്കൂടാ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com