‘പ്രതിരോധ’ മന്ത്രാലയം; ജിഎസ്ടി കുടിശികയിൽ ഇടഞ്ഞ് സംസ്ഥാനങ്ങൾ

nirmala
SHARE

വിവിധ മണ്ഡലങ്ങളിൽ പ്രതിസന്ധികളുമായി മല്ലിടുന്ന നരേന്ദ്ര മോദി സർക്കാരിനു മുന്നിലെ പുതിയ തലവേദനയാണു ചരക്ക്, സേവന നികുതി (ജിഎസ്ടി) പ്രശ്നത്തിൽ വിവിധ സംസ്ഥാനങ്ങളുടെ അതൃപ്തി. സംസ്ഥാനങ്ങൾക്കു നൽകാനുള്ള 2.5 ലക്ഷം കോടി രൂപയുടെ നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ടു കോൺഗ്രസ് ഇതര സംസ്ഥാന സർക്കാരുകളും ധനമന്ത്രി നിർമല സീതാരാമനു മുന്നിൽ ശബ്ദമുയർത്തി.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ഈ ധനനഷ്ടത്തിൽ ഖിന്നരാണ്. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, കർണാടക, ഗുജറാത്ത് തുടങ്ങിയ എൻഡിഎ ഭരിക്കുന്ന വലിയ സംസ്ഥാനങ്ങൾ, ഈ പ്രതിസന്ധി പരിഹരിക്കാൻ ഒരു വഴി കണ്ടെത്തണമെന്നു നരേന്ദ്ര മോദിയോടും നിർമല സീതാരാമനോടും സ്വകാര്യമായി ആവശ്യപ്പെടുകയുണ്ടായി. കഴിഞ്ഞവർഷത്തെ സാമ്പത്തിക മാന്ദ്യത്തിനൊപ്പം കോവിഡ് ലോക്ഡൗണും വന്നതോടെയാണു സംസ്ഥാനങ്ങൾക്കുള്ള ജിഎസ്‌ടി തുക മുടങ്ങിയത്.

ഇതു മാത്രമല്ല മറ്റു പല കാരണങ്ങളാലും കേന്ദ്രവും സംസ്ഥാനങ്ങളുമായുള്ള ബന്ധം ഇപ്പോൾ സുഖകരമല്ല. കേന്ദ്ര സർക്കാർ ഫെഡറൽ സംവിധാനത്തിനു മേൽ കൂടുതൽ പിടിമുറുക്കുന്നുവെന്നാണു കോൺഗ്രസും പ്രാദേശിക കക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പരാതി.

പൊതു കാർഷിക വിപണി സൃഷ്ടിക്കുന്നതും സ്കൂളുകളുടെ ഭാഷാപഠനം സംബന്ധിച്ച പുതിയ വിദ്യാഭ്യാസ നയത്തിലെ നിർവചനങ്ങൾ അടിച്ചേൽപ്പിക്കുന്നതും സർവകലാശാലാ രൂപീകരണത്തിൽ, സംസ്ഥാനങ്ങൾക്കുമേൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനുള്ള മേധാവിത്വവും അടക്കമുള്ള വിഷയങ്ങളിൽ ഭിന്നതകളുണ്ട്. കേന്ദ്ര സർക്കാരിന്റെ കൈകടത്തലിനു കൂടുതൽ അവസരമൊരുക്കുന്ന പുതിയ ഖനന, പരിസ്ഥിതി നയങ്ങളാണു മറ്റൊരു പ്രശ്നം. ‘വല്യേട്ടൻ’ ദിവസം ചെല്ലുന്തോറും കൂടുതൽ ഭീമനായിക്കൊണ്ടിരിക്കുന്നു.

ജിഎസ്‌ടി കുടിശികയുടെ പേരിൽ വാദപ്രതിവാദങ്ങൾ മുറുകവേ, സംസ്ഥാനങ്ങളുമായി അനുനയ സംഭാഷണങ്ങൾക്കു മുന്നിട്ടിറങ്ങാനും കേന്ദ്രത്തിൽ ഒരാളില്ലാത്ത സ്ഥിതിയാണ്. സാധാരണ നിലയിൽ ഒട്ടേറെ വിഷയങ്ങളിൽ സംസ്ഥാനങ്ങളുമായി ഏറ്റവുമധികം ഇടപഴകലുകൾ നടത്തുന്നത് ആഭ്യന്തരമന്ത്രിയും ധനമന്ത്രിയുമാണ്. പ്രധാനമന്ത്രിക്കു പുറമേ, എല്ലാ സുപ്രധാന മന്ത്രിസഭാ സമിതികളിലും അംഗങ്ങളായ ഈ രണ്ടു മുതിർന്ന മന്ത്രിമാർ സംസ്ഥാന സർക്കാരുകളുമായി ദിവസവും ആശയവിനിമയം നടത്താറുണ്ട്.

ആദ്യ നരേന്ദ്ര മോദി സർക്കാരിൽ  ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുമാണ് കേന്ദ്ര–സംസ്ഥാന ബന്ധങ്ങൾ കൈകാര്യം ചെയ്തിരുന്നത്. കഴിഞ്ഞ വർഷം മുതൽ ഈ മന്ത്രാലയങ്ങളുടെ ചുമതല അമിത് ഷായ്ക്കും നിർമല സീതാരാമനുമാണ്. കശ്മീർ പ്രശ്നം, ആഭ്യന്തര സുരക്ഷ, കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഏകോപനം തുടങ്ങിയ വിഷയങ്ങളിൽ മുഴുകിയ അമിത് ഷായ്ക്കു പോയവർഷം നല്ല തിരക്കായിരുന്നു. ഇപ്പോൾ കോവിഡ് പ്രതിരോധ ഏകോപനവും അദ്ദേഹമാണു നിർവഹിക്കുന്നത്.

പാർട്ടി അധ്യക്ഷ കാലാവധി പൂർത്തിയാക്കാനുള്ള ആറുമാസം പാർട്ടികാര്യങ്ങളിലും സജീവമായിരുന്നു. മന്ത്രിസഭയിലെ ഏറ്റവും പ്രധാനപ്പെട്ട അംഗം എന്ന നിലയിൽ, എയർ ഇന്ത്യ സ്വകാര്യവൽക്കരണം അടക്കം ആഭ്യന്തര മന്ത്രാലയത്തിന്റെ പരിധിയിൽ വരാത്ത മറ്റ് ഒട്ടേറെ വിഷയങ്ങളും അദ്ദേഹം നേരിട്ടാണു കൈകാര്യം ചെയ്യുന്നത്. 

ആഗോള വ്യാപാര പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യവും മൂലം യുദ്ധസമാന അന്തരീഷത്തിലാണു പ്രതിരോധ മന്ത്രാലയത്തിൽനിന്ന് ധനമന്ത്രാലയത്തിലേക്കു നിർമല സീതാരാമൻ എത്തിയത്. സാമ്പത്തിക രംഗത്തു തുടരുന്ന ബഹുമുഖ പ്രശ്നങ്ങളെ അടിയന്തരമായി നേരിടേണ്ട സാഹചര്യത്തിൽ തന്റെ മുൻഗാമി അരുൺ ജയ്റ്റ്ലിയുമായുള്ള താരതമ്യവും പുതിയ ധനമന്ത്രിക്ക് അഭിമുഖീകരിക്കേണ്ടിവരുന്നു.  

വാർഷിക വരുമാനത്തിൽ 14% വർധനയുടെ ഉറപ്പു സംസ്ഥാനങ്ങൾക്കു വാഗ്ദാനം ചെയ്തുകൊണ്ട്  ജിഎസ്ടി ഒത്തുതീർപ്പു ചർച്ചകൾ വിജയകരമായി നടത്തിയത് അരുൺ ജയ്റ്റ്ലിയായിരുന്നുവെന്നു പല സംസ്ഥാന ധനമന്ത്രിമാരും പറയുന്നു. ജിഎസ്‌ടി പ്രത്യേക സെസിലൂടെ വരുമാനലക്ഷ്യം നേടുന്നില്ല എങ്കിൽ കേന്ദ്രം സംസ്ഥാനങ്ങൾക്കു നഷ്ടപരിഹാരം നൽകുമെന്നും ജയ്റ്റ്ലി വ്യക്തിപരമായി തന്നെ ഉറപ്പുകൊടുത്തിരുന്നു. എന്നാൽ ഇപ്പോൾ 2.3 ലക്ഷം കോടിയുടെ കുറവ് പരിഹരിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് സംസ്ഥാനങ്ങൾക്കു കടം വാങ്ങാമല്ലോ എന്നാണു നിർമല സീതാരാമൻ നിർദേശിക്കുന്നത്. ഇതാകട്ടെ ജയ്റ്റ്ലി മുന്നോട്ടു വച്ച ജിഎസ്ടി ധാരണകൾക്കെതിരാണ്.

2014 ൽ ആസൂത്രണ കമ്മിഷൻ പിരിച്ചുവിട്ടു പകരം നിതി ആയോഗ് സ്ഥാപിച്ചതോടെ കേന്ദ്ര–സംസ്ഥാന ബന്ധങ്ങളിൽ കേന്ദ്ര ധനമന്ത്രിയുടെ സ്ഥാനം കൂടുതൽ സുപ്രധാനമായി. പഞ്ചവത്സര പദ്ധതിയും വാർഷിക പദ്ധതികളും ഇല്ലാതാക്കിയതോടെ ആസൂത്രണ കമ്മിഷൻ ചെയ്തുകൊണ്ടിരുന്ന പല ജോലികളും ധനമന്ത്രാലയത്തിനു കൈമാറുകയാണുണ്ടായത്. 

ആസൂത്രണ കമ്മിഷൻ ഉപധ്യാക്ഷൻ കേന്ദ്രമന്ത്രിസഭയിലെ സ്ഥിരം ക്ഷണിതാവായിരുന്നു. മൻമോഹൻ സിങ്, പ്രണബ് മുഖർജി, രാമകൃഷ്ണ ഹെഗ്ഡെ, മധു ദന്തവതെ, കെ.സി. പന്ത് തുടങ്ങിയവരൊക്കെ ആ പദവി വഹിച്ച പ്രബലരുമാണ്.  ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷനായിരുന്നു സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതി സംബന്ധിച്ചു പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും ആവശ്യമായ വിവരങ്ങൾ കൈമാറിയിരുന്നത്. മൻമോഹൻ സിങ് സർക്കാരിൽ 10 വർഷത്തോളം ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷനായിരുന്ന മൊണ്ടേക് സിങ് അലുവാലിയ പോലെ മുതിർന്ന ഉദ്യോഗസ്ഥനു വരെ അദ്ദേഹത്തിന്റെ ഭരണപരിചയവും പ്രധാനമന്ത്രിയുമായുള്ള അടുപ്പവും മൂലം കേന്ദ്രസർക്കാരിൽ വലിയ പരിവേഷം ഉണ്ടായിരുന്നു. 

അതേ സമയം  നിതി ആയോഗ് വൈസ് ചെയർമാനു സംസ്ഥാനങ്ങളുമായി കൃത്യമായ ഇടപഴകലുകളില്ലെന്നു മാത്രമല്ല, ഇപ്പോൾ ആ സ്ഥാനത്തുള്ള സാമ്പത്തിക വിദഗ്ധൻ രാജീവ് കുമാറിനു കേന്ദ്രമന്ത്രിസഭയിലെ ഉന്നതവൃത്തങ്ങൾക്കിടയിൽ കസേരയുമില്ല.  

ആസൂത്രണ കമ്മിഷൻ പിരിച്ചുവിട്ടതോടെ പ്രധാനമന്ത്രി, മുതിർന്ന മന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ എന്നിവർ അംഗങ്ങളായ ദേശീയ വികസന കൗൺസിലും കാലഹരണപ്പെട്ടു.  

കോവിഡ് പ്രതിരോധവും ലോക്ഡൗണിനുശേഷം സാമ്പത്തിക മേഖല തുറന്നുകൊടുക്കുന്നതും സംബന്ധിച്ചു പ്രധാനമന്ത്രി വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായി സംസാരിച്ചുവെന്നതു ശരിയാണ്. എന്നാൽ ജിഎസ്‌ടി വിഷയത്തിൽ എല്ലാം ധനമന്ത്രിക്കു വിട്ടുകൊടുക്കാതെ, സംസ്ഥാനങ്ങളുടെ ആശങ്കകൾക്കു ചെവികൊടുക്കാൻ പ്രധാനമന്ത്രിക്കു സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുകൂട്ടാനാകും.

അതിനിടെ, സാമ്പത്തിക രംഗത്തു മറ്റൊരു പൊട്ടിത്തെറിക്കു കൂടി അവസരമൊരുങ്ങുന്നുണ്ട്. ആദായനികുതിയും കേന്ദ്ര കസ്റ്റംസും അടക്കം ജിഎസ്‌ടി ഇതര നികുതികളുടെ വിഭജനം സംബന്ധിച്ച ശുപാർശകൾക്കു ധനകാര്യ കമ്മിഷൻ അന്തിമ രൂപം നൽകിവരികയാണ്. പ്രതിരോധം, ആഭ്യന്തര സുരക്ഷ അടക്കം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിർണായക മേഖലകളിലെ ചെലവുകൾക്കുള്ള കേന്ദ്ര വിഹിതം ഉയർത്താനാകുമോ എന്നു ജയ്റ്റ്ലി ധനമന്ത്രിയായിരിക്കെ ധനകാര്യ കമ്മിഷനോട് ആരായുകയുണ്ടായി. അതിർത്തി സംഘർഷവും ഉയർന്ന ആഭ്യന്തര ജാഗ്രതയുമുള്ള ഇപ്പോഴത്തെ അവസ്ഥയിൽ കേന്ദ്ര ആവശ്യം കമ്മിഷൻ അംഗീകരിക്കാനാണു സാധ്യത. എന്നാൽ, ഈ വിഹിതം അനുവദിക്കുക സംസ്ഥാനങ്ങളുടെ പങ്കിൽ നിന്നാവും. ഇക്കാര്യത്തിലും ദേശീയ തലത്തിൽ അഭിപ്രായ ഐക്യം രൂപപ്പെടേണ്ടതുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA