പുതുജീവൻ തേടുന്ന തോട്ടം മേഖല

SHARE

കേരളത്തിലെ റബർ, തേയില, കാപ്പി, ഏലം, കശുമാവ്, കൊക്കോ തോട്ടങ്ങൾ മൂന്നര ലക്ഷം തൊഴിലാളികളുടെ ഉപജീവന സ്രോതസ്സാണ്. എന്നാൽ, ഉയർന്ന കൃഷിച്ചെലവും വിലയിടിവും കാലാവസ്ഥാമാറ്റം മൂലമുള്ള ഉൽപാദനക്കുറവും പ്രകൃതിക്ഷോഭങ്ങളും മൂലം എല്ലാ തോട്ടങ്ങളും പ്രതിസന്ധിയിലാണിപ്പോൾ. ജീവവായു മാത്രമല്ല, കോവിഡ് അനന്തര സാഹചര്യത്തിൽ കണ്ടെത്തേണ്ട പുതുവഴി കൂടി നമ്മുടെ തോട്ടങ്ങൾ തേടുമ്പോൾ കാലഹരണപ്പെട്ട നിയന്ത്രണങ്ങൾ അതിനു തടസ്സമായിക്കൂടാ. 

കഴിഞ്ഞ വർഷം 4600 കോടി രൂപയായിരുന്നു തോട്ടം മേഖലയുടെ ആകെ നഷ്ടം. കർഷകരുടെയും തൊഴിലാളികളുടെയും ജീവിതം ദുരിതപൂർണവും ദുഷ്കരവുമായി. എത്രയോ തോട്ടങ്ങൾ അടച്ചുപൂട്ടി. കൂടുതൽ ആദായം, തൊഴിലവസരങ്ങൾ, വിപണനസാധ്യത തുടങ്ങിയ ശുഭപ്രതീക്ഷകൾ തോട്ടം മേഖലയ്ക്കു നൽകുന്ന കൃഷി വൈവിധ്യവൽക്കരണത്തിന്റെ പ്രസക്തി വർധിക്കുന്നത് ഈ സാഹചര്യത്തിലാണെങ്കിലും നിയമക്കുരുക്കുകൾ ആ വഴി മുടക്കുകയാണ്.

ഭൂപരിഷ്കരണ നിയമപ്രകാരം തോട്ടം ഭൂമിയിൽ മറ്റു വിളകൾ കൃഷി ചെയ്താൽ 15 ഏക്കറിൽ കൂടുതൽ കൈവശം വയ്ക്കാനുള്ള നിയമപരിരക്ഷ ഇല്ലാതാകും. ലാഭകരമായ മറ്റൊന്നിലേക്കു തിരിയാനുള്ള സ്വാതന്ത്ര്യം തോട്ടം ഉടമയ്ക്ക് ഇല്ലെന്ന നിലയാണുള്ളത്. തീരെ വില ലഭിക്കാത്ത നാണ്യവിളയാണെങ്കിൽപോലും നഷ്ടം സഹിച്ചു കൃഷി ചെയ്യേണ്ട ഗതികേടിലേക്കാണ് ഈ സാഹചര്യം കൊണ്ടുചെന്നെത്തിച്ചത്. 

ഈ സങ്കീർണ പ്രതിസന്ധിയിൽ വിസ്മയസാധ്യതകളുടെ പഴവർഗക്കൃഷി നമ്മെ ക്ഷണിക്കുന്നതു കാണാതിരുന്നുകൂടാ. ചെറിയ രാജ്യങ്ങൾപോലും ഇന്നു പഴവർഗങ്ങൾ ഉൽപാദിപ്പിച്ചും സംസ്കരിച്ചും കയറ്റിയയച്ചും വൻതോതിൽ വിദേശനാണ്യം സമ്പാദിക്കുന്നു; വിയറ്റ്നാമും തായ്‍ലൻഡും മെക്സിക്കോയുമെല്ലാം മികച്ച മാതൃകകളാണ്. ശ്രീലങ്ക പോലുള്ള രാജ്യങ്ങൾ പോലും ഈ പാതയിൽ മുന്നേറുന്നു. ഇവിടെയാണു കേരളവും കൃഷിരംഗത്തു തേടുന്ന കാലാനുസൃതവും ഗുണപരവുമായ മാറ്റത്തിന്റെ പ്രസക്തി. 

ചക്കപ്പഴം, മാങ്ങ എന്നിവയ്ക്കു പുറമെ റംബൂട്ടാൻ, ദുരിയാൻ, ലിച്ചി, അവക്കാഡോ, മങ്കോസ്റ്റിൻ, ഡ്രാഗൺ ഫ്രൂട്ട്, അച്ചാചെയ്റു, അബിയു തുടങ്ങിവയും കേരളത്തിന് അനുയോജ്യമായ പഴവർഗങ്ങൾതന്നെയാണ്. വൻ വിലകൊടുത്തു നമ്മുടെ നാട്ടിലും ജനം വാങ്ങുന്നവയാണ് ഈ പഴങ്ങളിലേറെയും. ലോകത്തുതന്നെ ഈ പഴങ്ങൾ ഏറ്റവും മികച്ച രീതിയിൽ കൃഷി ചെയ്യാൻ സാധിക്കുന്ന ഭൂപ്രദേശങ്ങളിലൊന്നാണു കേരളം. ആഭ്യന്തരവിപണിയിലെ വലിയ സാധ്യതയ്ക്കൊപ്പം, നേടാവുന്ന വിദേശനാണ്യത്തിന്റെ തോതും വളരെ വലുതാണ്. 

തോട്ടവിളകളുടെ ഗണത്തിലേക്കു ഫലവർഗക്കൃഷികൂടി ഉൾപ്പെടുത്തണമെന്ന ആവശ്യമാണു തോട്ടം ഉടമകളും കർഷകരും ഉന്നയിക്കുന്നത്. തോട്ടങ്ങളുടെ തരംമാറ്റത്തിനുള്ള അവകാശം തോട്ടം ഉടമകൾക്കു നൽകണമെന്നാണ് ആവശ്യം. ഇതിലൂടെ ഒരു തൊഴിൽപോലും നഷ്ടമാകുന്നില്ലെന്നു നിയമംവഴിതന്നെ ഉറപ്പാക്കാവുന്നതാണ്. പഴവർഗക്കൃഷിയിലേക്കു തിരിയുന്നതുവഴി നിലവിൽ തോട്ടം മേഖലയിലുള്ളതിന്റെ പല മടങ്ങ് ആദായവും തൊഴിലവസരങ്ങളും ഉണ്ടാകുമെന്നാണു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് ഇതിനകംതന്നെ ഫലവർഗക്കൃഷിക്കു തുടക്കമിട്ടവർക്കു പറയാനുള്ളതു മികച്ച ആദായത്തിന്റെ കണക്കുകളാണ്. കോവിഡ് അനന്തര കാലത്തു ഫലവർഗക്കൃഷിയും അനുബന്ധ സാധ്യതകളും പുതിയ ജീവിതങ്ങൾക്കു വഴിതുറക്കുമെന്നാണു പ്രതീക്ഷ. 

ഓരോ കാലത്തും നിയമങ്ങൾ രൂപീകൃതമാകുന്നത് അപ്പപ്പോഴത്തെ സാഹചര്യങ്ങൾക്ക് അനുസൃതമായാണ്. എന്നാൽ, കാലം ചെല്ലുംതോറും സാഹചര്യങ്ങൾ മാറും. അതിനനുസരിച്ചു നിയമങ്ങളിൽ മാറ്റമുണ്ടാകേണ്ടിവരും. പഴവർഗക്കൃഷിയുൾപ്പെടെയുള്ള വൈവിധ്യവൽക്കരണത്തിലൂടെ കരകയറാൻ ഭൂപരിഷ്കരണനിയമത്തിലെയും മറ്റും കുരുക്കുകൾ അഴിക്കണമെന്നുതന്നെയാണ് മലയാള മനോരമ പ്രസിദ്ധീകരിച്ച ‘ഭാവി ഫലം’ എന്ന പരമ്പരയിലൂടെ വ്യക്തമായത്. ഏതെങ്കിലും തരത്തിലുള്ള സബ്സിഡിക്കും മറ്റു സഹായങ്ങൾക്കുമപ്പുറത്ത് പഴവർഗക്കൃഷികൂടി നാണ്യവിളകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നതിനാണു തോട്ടം ഉടമകൾ ഊന്നൽ നൽകുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ പലപ്പോഴായി അനുകൂല നിലപാടു വ്യക്തമാക്കിയത് ഒട്ടേറെ കർഷകർക്കും തൊഴിലാളികൾക്കും പ്രതീക്ഷയേകുകയും ചെയ്യുന്നു. തോട്ടം മേഖലയെ ഇപ്പോഴത്തെ പ്രതിസന്ധിയിൽനിന്നു കരകയറ്റുന്ന നടപടികൾ അടിയന്തരമായി ഉണ്ടായേതീരൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA