പിരിയുമ്പോൾ തുറക്കുന്ന വഴികൾ

PJ-Joseph-and-Jose-K-Mani
SHARE

യുഡിഎഫ്–കേരള കോൺഗ്രസ് (എം) വഴിപിരിയൽ അതീവ പ്രാധാന്യമുള്ള സമീപകാല സംഭവവികാസമായാണു സിപിഎം വിലയിരുത്തുന്നത്. യുഡിഎഫിനെ താങ്ങുന്ന മൂന്നു തൂണുകളിൽ ഒന്നായി അവർ കേരള കോൺഗ്രസിനെ കരുതുന്നു. അതിലൊന്നു തകരാനായി ഏറെക്കാലമായി അവർ കാത്തിരിക്കുന്നതാണ്. 

എൽഡിഎഫിനു വൻഭൂരിപക്ഷം കിട്ടിയ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം, എറണാകുളം ജില്ലകളിൽ യുഡിഎഫ് ആധിപത്യം നിലനിർത്തിയതു കോൺഗ്രസ്–കേരള കോൺഗ്രസ് സഖ്യത്തിന്റെ ബലത്തിലാണ് എന്നാണു സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്. ആ കൂട്ടുകെട്ടിലാണു വിള്ളൽ വീണത്. രാഷ്ട്രീയം എങ്ങനെ മാറിമറിയുമെന്നു പറയാനാകില്ലെങ്കിലും മധ്യകേരളത്തിൽ ലോട്ടറിയടിച്ചതായി സിപിഎം വിലയിരുത്തുന്നു. വച്ചുനീട്ടാതെ ധീരമായ തീരുമാനമെടുത്തു കേരള കോൺഗ്രസിന്റെ വിലപേശൽ വഴിയടച്ചുവെന്നു കോൺഗ്രസും കരുതുന്നു. ചൊവ്വാഴ്ചത്തെ യുഡിഎഫ് യോഗത്തോടെ രണ്ടു മുന്നണികളോടും വിലപേശാവുന്ന സുഖപ്രദമായ അവസ്ഥ ജോസ് കെ.മാണിക്കില്ലാതായി.

തങ്ങളെ ചൂണ്ടിക്കാട്ടി അപ്പുറത്തു കച്ചവടം വേണ്ടെന്നാണ് ആ യോഗം നിശ്ചയിച്ചത്. ഇതോടെ ജോസിനു മുന്നിലെ വഴി എൽഡിഎഫ് മാത്രമായി. എൻഡിഎയുടെ കേന്ദ്രമന്ത്രിപദം കയ്ക്കുമോ എന്നു ചിലർ ചോദിച്ചേക്കാം. രാജ്യസഭാംഗമായ അദ്ദേഹത്തിനു മനസ്സുവച്ചാൽ ആ പദവി അകലെയല്ല. എന്നാൽ അപ്പുറത്തും ഇപ്പുറത്തുമായി നിൽക്കുന്ന എംഎൽഎമാരായ എൻ.ജയരാജും റോഷി അഗസ്റ്റിനുമടക്കം അതോടെ യുഡിഎഫിലേക്കു മടങ്ങാനുള്ള സാധ്യത കൂടി കണക്കിലെടുക്കേണ്ടിവരും. 

 കോട്ടയത്തിന്റെ ബാക്കി 

യഥാർഥത്തിൽ ബാർ കോഴയും കേസും ഉയർന്നതോടെ കോൺഗ്രസും കേരള കോൺഗ്രസും തമ്മിലെ വിശ്വാസവും ചരിത്രപരമായ സ്നേഹബന്ധവും തകർന്നതാണ്. കോട്ടയം ജില്ലാ പഞ്ചായത്തിൽ സിപിഎം പിന്തുണയോടെ കേരള കോൺഗ്രസ് നടത്തിയ അട്ടിമറിയോടെ ഇരുകൂട്ടരും ഉള്ളാലെ പൂർണമായി അവിശ്വസിക്കുന്നവരായി മാറി.

ജോസ് കെ.മാണിയും സിപിഎമ്മിന്റെ കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ വാസവനും തമ്മിലെ സൗഹൃദം വളർന്നപ്പോൾ നേതൃത്വത്തിന്റെ മനോഭാവത്തിലും മാറ്റങ്ങൾ വളർന്നു. കോട്ടയം ഡിസിസിയുടെ കേരള കോൺഗ്രസ് വിരുദ്ധത കെപിസിസിയിലേക്കു പകർന്നു. സിപിഎമ്മിന്റെ കോട്ടയം ഡിസിയുടെ കേരള കോൺഗ്രസ് സാഹോദര്യം എകെജി സെന്ററിലേക്കും വളർന്നു. അതേ കോട്ടയം ജില്ലാ പഞ്ചായത്തിലെ ഒരു അധികാരക്കൈമാറ്റത്തർക്കം സംസ്ഥാന രാഷ്ട്രീയത്തിലെ തന്നെ നിർണായകമായ ഒരു മുന്നണി മാറ്റത്തിലേക്കു നയിച്ചതിന്റെ വഴി അങ്ങനെയാണ്.

 പാഠമായി ഐഎൻഎൽ 

ഇനി മുന്നിലുള്ളത് എൽഡിഎഫിലേക്കുള്ള അവരുടെ ഔദ്യോഗികമായ കടന്നുവരവാണ്. സിപിഎം അക്കാര്യത്തിൽ ഉറച്ചുതന്നെ. എൽഡിഎഫ് ഘടകകക്ഷിയായിത്തന്നെ പരിഗണിച്ചേക്കാം. ഒരു നഷ്ടബോധത്തിന്റെ കണക്ക് ഈ തീരുമാനത്തെ സാധൂകരിക്കാനായി അവർ കൂട്ടിച്ചേർക്കുന്നു. മുസ്‌ലിം ലീഗിനെതിരെ കലാപം ഉയർത്തി ഇബ്രാഹിം സുലൈമാൻ സേട്ട് ഐഎൻഎൽ രൂപീകരിച്ചപ്പോൾ ഘടകകക്ഷി എന്ന  അംഗീകാരം നൽകിയിരുന്നുവെങ്കിൽ ലീഗ് പാടെ ദുർബലമാകുമായിരുന്നുവെന്നാണു സിപിഎം വിശകലനം. മലബാർ രാഷ്ട്രീയത്തിലെ ആ പൊട്ടിത്തെറിയുടെ രാഷ്ട്രീയനേട്ടം  ഇടതുപക്ഷത്തിന് അന്നുണ്ടാകാതെ പോയി. കാൽനൂറ്റാണ്ടിനുശേഷം 2019 ൽ ഐഎൻഎല്ലിനെ സഖ്യകക്ഷിയായി എകെജി സെന്ററിലേക്കു സിപിഎം ആനയിച്ചപ്പോൾ പക്ഷെ, ലീഗ് സംഘടനാപരവും രാഷ്ട്രീയവുമായി കൂടുതൽ സുശക്തരുമായി.

അതുകൊണ്ട് കെ.എം.മാണിയുടെ പൈതൃകം പേറുന്ന ജോസ് കെ.മാണിയുടെ പാർട്ടി വന്നാൽ പഴയ തെറ്റ് ആവർത്തിക്കാനിടയില്ല. സിപിഐയുടെ എതിർപ്പ് അവർ അവഗണിക്കുന്നില്ല. എന്നാൽ യുഡിഎഫിന്റെ ഭാഗമായി അവർ നിൽക്കുമ്പോഴുള്ളതിൽനിന്നു വ്യത്യസ്തമായ സമീപനം ഇപ്പോൾ സിപിഐക്കു സ്വീകരിക്കേണ്ടിവരുമെന്നാണു കണക്കുകൂട്ടൽ. സിപിഎമ്മും ബാക്കി എട്ട്  കക്ഷികളും ജോസിനു വേണ്ടി പൊരുതിയാൽ ഏറ്റുമുട്ടലിനു സിപിഐ തുനിയുമെന്നു സിപിഎം വിചാരിക്കുന്നില്ല.  

വഴിയടയ്ക്കാൻ യുഡിഎഫ് 

വിലപേശലിന്റെ വഴിയടച്ചുവെന്നു കരുതുന്ന യുഡിഎഫ് കേരള കോൺഗ്രസിനു മുന്നിൽ രാഷ്ട്രീയ നേട്ടങ്ങളുടെ വഴികളും അടയ്ക്കുമെന്ന തീരുമാനത്തിലാണ്. കേരള കോൺഗ്രസിനു ശക്തിയുള്ള കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ഡിസിസി, യുഡിഎഫ് യോഗങ്ങൾ ഉടൻ വിളിച്ചുചേർക്കും. ഓരോ ജില്ലകളിലും യുഡിഎഫിനൊപ്പം നിൽക്കാൻ തയാറുള്ളവർക്കു കോൺഗ്രസും ജോസഫ് വിഭാഗവും സംരക്ഷണം നൽകും. എൽഡിഎഫ് എന്ന രാഷ്ട്രീയ പ്രഖ്യാപനത്തിനു ജോസ് മുതിരുമ്പോൾ കയ്യൊഴിയാൻ ചിലരെങ്കിലും നിർബന്ധിതമാകുന്നാണു പ്രതീക്ഷ. ജോസഫോ ജോസോ എന്ന തീരുമാനത്തിലേക്കു യുഡിഎഫിനെ നയിച്ച ഒരു വിശകലനം കൂടിയുണ്ട്–: ‘പൊതുവിൽ കേരള കോൺഗ്രസ് വോട്ട് എൽഡിഎഫിനേക്കാൾ യുഡിഎഫിനു ലഭിക്കുന്നതാണു കണ്ടുവരുന്നത്. അതിൽ തന്നെ കോൺഗ്രസുമായി ഏറെ അകന്നു പോയവരേക്കാൾ കിട്ടാനിടയുള്ളതും കിട്ടിവരുന്നതും ജോസഫ് വിഭാഗത്തിന്റേതുമാണ്’. ഓരോ വാർഡിന്റെയും രാഷ്ട്രീയ ചിത്രം അനാവരണം ചെയ്യുന്ന തദ്ദേശതിരഞ്ഞെടുപ്പ് ഫലം ഈ വിശകലനങ്ങളുടെയെല്ലാം പൊരുൾ വൈകാതെ വ്യക്തമാക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA