ADVERTISEMENT

ഞാൻ ഗുരുവായൂരപ്പനിൽ സമർപ്പിച്ചു ജീവിക്കുന്ന ഒരാളാണ്. ശബ്ദവും ദേഹവുമെല്ലാം ഭഗവാന്റെ കയ്യിലാണ്. പാടാൻ പോകുമ്പോൾ എന്റെ ശബ്ദം ലോക്കറിൽനിന്നു ഭഗവാൻ എടുത്തു തരും. അതു കഴിഞ്ഞാൽ തിരിച്ചുവയ്ക്കും. പാടുമ്പോഴുള്ള ശബ്ദം എന്റെ സ്വന്തമല്ല. അതു ഭഗവാൻ കടം തരുന്നതാണ്. ആ ശബ്ദം എന്റേതാണെന്നു കരുതി അഹങ്കരിക്കാറുമില്ല. ഭഗവാൻ തരുന്നു, തിരിച്ചു വാങ്ങിവയ്ക്കുന്നു.

പാടുമ്പോഴൊരു സന്തോഷം കിട്ടും. അടുത്ത കാലത്തായി അതു കൂടാൻ കാരണം അത് ആരു തരുന്ന സന്തോഷമാണെന്നാണു മനസ്സിലാക്കിയതാണ്. സുഖമില്ലാതെ കുറച്ചുകാലം ചികിത്സയിലായിരുന്നു. അപ്പോഴാണു ഗുരുവായൂരപ്പനുമായി അടുത്തത്. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അതു വല്ലാത്ത അടുപ്പമായി. നേരെ ചെന്നാൽ നമ്മെ അടുത്തുപിടിച്ചു നിർത്തുമെന്നു കരുതരുത്.

എനിക്കു തോന്നിയിട്ടുള്ളത് ഭഗവാൻ നമുക്കു സങ്കടവും കഷ്ടപ്പാടും തന്നു നോക്കും. എന്നിട്ടും പിടിച്ചുനിന്നാൽ കുറച്ചുകൂടി അടുപ്പിച്ചു നോക്കും. അപ്പോൾ അതിലേറെ പ്രശ്നമാകും. അപ്പോഴും ഉറച്ചുനിന്നാൽ പിന്നെ കൂടെനിർത്തും. എന്നെ കൂടെനിർത്തിയതു നന്നായി കഷ്ടപ്പെടുത്തിയ ശേഷമാണ്. സത്യത്തിൽ ഭഗവാൻ ഭയങ്കര ആളാണ്. പതുക്കെ പതുക്കെയാണു നമ്മെ അടുപ്പിക്കുക. കുറച്ചു കഴിഞ്ഞാൽ വേണ്ട സമയത്തു വേണ്ടതു തരും. ചോദിക്കേണ്ട ആവശ്യമില്ല. സമ്പൂർണ സമർപ്പണത്തിലൂടെയാണ് ഭഗവാനുമായി അടുക്കേണ്ടത്. ഭഗവാൻ ശ്രീകൃഷ്ണൻ മനസ്സിൽ കളിക്കുന്ന അവസ്ഥയുണ്ടായെന്നു പൂന്താനം പറയുന്നതു നമുക്കും അനുഭവിക്കാനാകണം. 

എല്ലാ മാസവും പോയി കാണുക, കുറെ വഴിപാടു കൊടുക്കുക എന്നതുകൊണ്ടൊന്നും ഗുരുവായൂരപ്പനുമായി അടുക്കാമെന്നു കരുതരുത്. ഭഗവാൻ വിളിക്കുമ്പോൾ പോയി കാണണം. വിളിക്കണേ എന്നു പറയേണ്ടതില്ല. വിളിക്കാൻ അദ്ദേഹത്തിനറിയാം. നമ്മുടെ ജോലി വൃത്തിയായി ചെയ്താൽ വിളിക്കുകതന്നെ ചെയ്യും. വീട്ടിലിരുന്നു ഞാൻ വെറുതെ ഭഗവാനെ ഓർത്തു പാടാറുണ്ട്. അതെന്റെ ജോലിയാണ്. പാടുമ്പോൾ നല്ല സന്തോഷം തോന്നിയാൽ അതിനർഥം ഭഗവാൻ കൂടെയുണ്ടെന്നാണ്. ഏതു ജോലിയുടെ കാര്യത്തിലും ഇതാണു സത്യം. പൂർണ സമർപ്പണത്തിലൂടെ എന്റെ ശബ്ദത്തിനു കൂടുതൽ ഭംഗി വന്നുവെന്നു ഞാൻ വിശ്വസിക്കുന്നു. അത് എന്റെ വിശ്വാസമാകാം. അത് ആരെയും ബോധ്യപ്പെടുത്തണമെന്നുമില്ല.

ചിലർ പറയും നല്ല പ്രണയം തോന്നുന്ന വരികൾ പാടണമെന്ന്. പണ്ടെല്ലാം അതു തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ പ്രണയവും ഭക്തിയും രണ്ടാണെന്നു തോന്നുന്നില്ല. ഭക്തിതന്നെയാണു പ്രണയം. ഭക്തിയില്ലാതെ പ്രണയം വരികയുമില്ല. മനസ്സിനൊരു നൈർമല്യത കൈവരുകയാണു ഭക്തിയിലൂടെ ഉണ്ടാകുന്നത്. എനിക്കങ്ങനെ വന്നുവോ എന്നു ചോദിക്കരുത്. അതു തികച്ചും വ്യക്തിപരമായ കാര്യമാണ്. ഭഗവാനോടുള്ള അടുപ്പം കൂടിയാൽ പണത്തിലൊന്നും വലിയ കാര്യമില്ലെന്നു മനസ്സിലാകും. ആർക്കും കൊടുക്കാതെ സ്വയം അനുഭവിക്കുകയും ചെയ്യാതെ എല്ലാം കൂട്ടിവച്ച ഒരാളുടെ ജീവിതം വിളക്കൂതുന്നതുപോലെ ഒരു നിമിഷംകൊണ്ട് ഇല്ലാതാകുന്നതു കണ്ടിട്ടില്ലേ. അത്രയെ ഉള്ളൂ എന്നോർമ വേണം.

ഹന്ത ഭാഗ്യം ജനാനാം എന്നു മേൽപ്പത്തൂർ നാരായണ ഭട്ടതിരി എഴുതിയതു നമ്മുടെയെല്ലാം ഭാഗ്യത്തെക്കുറിച്ചാണ്. ഗുരുവായൂരപ്പനെ നേരിൽകണ്ടു തൊഴാൻ പറ്റുന്ന എത്ര പേരുണ്ടാകും. വളരെ കുറച്ചു പേരേ ഉണ്ടാകൂ. പോയി കാണാനാകുന്നു എന്നതാണു നമ്മുടെ ഭാഗ്യമായി കരുതേണ്ടത്. അല്ലാതെ കുറച്ചു കൂടുതൽ പണം വരുന്നതല്ല ഭാഗ്യം. ശ്രീകൃഷ്ണ ജയന്തി എന്നു പറയുമ്പോൾ ഭഗവാന്റെ പിറന്നാളാണ്. അതിലും വലിയ 

സന്തോഷമുണ്ടോ. ഞാൻ സ്ഥിരമായി ഗുരുവായൂരപ്പനെക്കുറിച്ച് എന്തെങ്കിലും ആലോചിക്കാറുണ്ട്. അതൊരു ശീലമായി. എന്നെ അതു കൊണ്ടുപോകുന്നതു സന്തോഷത്തിലേക്കാണ്. മനസ്സിനെ ഒരു ചെറിയ മൂളിപ്പാട്ടുപോലെ സന്തോഷത്തോടെ നിർത്താൻ കഴിയണേ എന്നു മാത്രമാണു പ്രാർഥന. അത്തരം ചെറിയ കാര്യങ്ങൾ ആഗ്രഹിക്കുമ്പോൾ ഭഗവാൻ കൂടുതൽ കൂടുതൽ അടുത്തേക്കു വരുമെന്നു ഞാൻ കരുതുന്നു. മേൽപ്പത്തൂർ പറഞ്ഞതുതന്നെയാണ് എന്റെ മനസ്സിൽ ഇപ്പോഴുമുള്ളത് – ‘ഹന്ത ഭാഗ്യം ജനാനാം. ’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com