ശത്രുവിനോടുമാകാം, കാരുണ്യം

subhadianm
SHARE

ശത്രുരാജ്യങ്ങൾ തമ്മിൽ യുദ്ധം നടക്കുകയാണ്. തന്റെ സൈന്യത്തിന്റെ ആക്രമണത്തിൽ മുറിവേറ്റുവീണ എതിർചേരിയിലെ ബാലനെ കണ്ട പട്ടാളക്കാരനു ദയ തോന്നി. അവനെയുമെടുത്ത് ഒരു ഗുഹയിലെത്തി പ്രാഥമിക ശുശ്രൂഷ നൽകി. ഏതോ ശബ്ദംകേട്ടു തിരിഞ്ഞുനോക്കുമ്പോൾ തോക്കുധാരികളായ ശത്രുസൈനികർ പിറകിൽ നിൽക്കുന്നു. ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് അവർക്കും മനസ്സിലായത് തങ്ങളുടെ ബാലനെയാണ് അയാൾ ശുശ്രൂഷിക്കുന്നതെന്ന്. അവർ അയാളുടെ മുന്നിൽ തലകുനിച്ചു. അയാൾ അവനെയുമെടുത്ത് സൈനികാശുപത്രിയിലേക്കു നടന്നു.

ഒരു നന്മയും പാഴാകില്ല, ഒരു സത്കർമവും അവസാനിക്കില്ല. സ്വന്തം ജീവിതത്തിലേക്കു മടങ്ങിവരുന്ന നന്മകളും ഉണ്ടാകും, മറ്റുവഴികളിലൂടെ തുടർന്നുപോകുന്ന നന്മകളും ഉണ്ടാകും. പ്രതികാര പ്രവൃത്തികൾക്കുവേണ്ടി മനഃപൂർവം സൃഷ്ടിക്കപ്പെടുന്ന സാഹചര്യങ്ങൾ പ്രത്യുപകാരങ്ങളിൽ ഉണ്ടാവില്ലെന്നേയുള്ളൂ; സുകൃതങ്ങളുടെ വിത്തു വിതയ്ക്കപ്പെട്ടാൽ സ്വയം പടരാനുള്ള വഴികൾ അവ തന്നെ കണ്ടെത്തും. അപ്രതീക്ഷിത സാഹചര്യങ്ങളിൽ രൂപപ്പെടുന്ന അവിചാരിത നന്മകൾക്ക് അസാധാരണമായ വ്യാപനശേഷിയുണ്ട്. 

നന്മ ഒരു ശ്രേണിയാണ്. ചങ്ങലക്കണ്ണികളിൽ കൊളുത്തപ്പെട്ട് എപ്പോഴെങ്കിലുമൊക്കെ അതു മടങ്ങിയെത്തും. പ്രത്യുപകാരങ്ങൾക്കുവേണ്ടി വാശിപിടിക്കാതിരുന്നാൽ ഓരോ ഉപകാരവും തനതു വഴിയെ സഞ്ചരിച്ച് എല്ലാവർക്കും താങ്ങാകും. തിരിച്ചുകിട്ടണം എന്ന നിർബന്ധ ബുദ്ധിയിൽ ചെയ്യുന്ന സത്കർമങ്ങളാണു തുടർച്ച നഷ്ടപ്പെട്ടു പാതിവഴിയിൽ അവസാനിക്കുന്നത്.

എത്ര വലിയ പോരാട്ടങ്ങൾക്കിടയിലും അടിസ്ഥാനപരമായി നിലനിർത്തേണ്ട മനസ്സിന്റെ നന്മയുണ്ട്. എങ്കിൽ മാത്രമേ മുറിവേറ്റു വീഴുന്ന എതിരാളിയോടും ബഹുമാനവും സ്നേഹവും ഉണ്ടാകൂ. നന്മ അവശേഷിക്കുന്നുണ്ടെങ്കിൽ എത്ര വിരുദ്ധസാഹചര്യങ്ങളിലും അത് അനുകമ്പയായോ കരുണയായോ പ്രത്യക്ഷപ്പെടും. സ്വന്തം ചേരിയിലുള്ളവനെ സ്നേഹിക്കുന്നതും സംരക്ഷിക്കുന്നതും കടമയാണ്. എതിർപക്ഷത്തുള്ളവനെ കരുതുന്നതും മാനിക്കുന്നതും പുണ്യവും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA