ഓലപ്പന്തിന്റെ ആഗോള കളി

tharangamj
SHARE

അപ്പുക്കുട്ടന്റെ മനസ്സിൽ കേളിയാടിയിരുന്ന കളിപ്പാട്ടങ്ങളിൽ പ്രധാനമന്ത്രിയുടെ മൻകി ബാത് തൊട്ടനുഗ്രഹിച്ചപ്പോൾ അവയിൽ ദേശീയ മുദ്ര വീണു.

നാടൻ കളിപ്പാട്ടങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും നാം മനസ്സുവച്ചാൽ നാടൻ കളിപ്പാട്ടങ്ങൾക്ക് ആഗോള കുതിപ്പുണ്ടാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. 

പറഞ്ഞുതീർന്നതും, അപ്പുക്കുട്ടന്റെ വീട്ടുമുറ്റത്തെ തെങ്ങിന്റെ ഓലകൾ കാറ്റിലിളകി, ദേശീയഗാനം പാടിത്തിടുങ്ങി.

എന്തുകൊണ്ടെന്നാൽ, നമ്മുടെ തെങ്ങ് നാടൻ കളിപ്പാട്ടങ്ങളുടെ കല്പവൃക്ഷമാകുന്നു. 

സ്വകാര്യ വരുമാനം മുതൽ ദേശീയ വരുമാനം വരെയുള്ള മേഖലകളിൽ ചിരട്ടയെടുക്കുന്നതിനെപ്പറ്റി സാമ്പത്തിക ശാസ്ത്രത്തിലുണ്ടാകാമെങ്കിലും, ചിരട്ടയിൽ ഒരുപാടു കളിപ്പാട്ടങ്ങൾ ഒളിച്ചിരിക്കുന്നതു നാം കാണാതിരുന്നുകൂടാ.

ചിരട്ടയ്ക്കു സ്വന്തമായി കണ്ണുകളുള്ളതിനാൽ അതുകൊണ്ടു പാവയുണ്ടാക്കാൻ എളുപ്പമാണ്; പാവങ്ങളും അല്ലാത്തവരുമായ കഥാപാത്രങ്ങളെയുണ്ടാക്കാനും എളുപ്പം. 

അന്നദാനത്തിന്റെ മഹാസന്ദേശം ഏറ്റവും നന്നായി കോരിയെടുക്കാൻ ചിരട്ടത്തവിയോളം പറ്റിയ മറ്റൊരു ഉപകരണമില്ല; കളിയായിട്ടും കാര്യമായിട്ടും. 

ഈർക്കിൽകൊണ്ട് കാറ്റാടിയന്ത്രങ്ങൾ മുതൽ അർജുനന്റെ വില്ലുവരെയുണ്ടാക്കാം. 

ഓലകൊണ്ട് പന്തുണ്ടാക്കി കളിക്കാത്തവരെ പണ്ട് മലയാളികളായി പരിഗണിച്ചിരുന്നില്ല. ഓലപ്പന്തിൽ കരവിരുതും കൈപ്പുണ്യവുമുണ്ട്. കളിപ്പന്തു നിർമാണത്തിൽ സ്പോർട്സ് മന്ത്രാലയത്തിനുപോലും കയറിക്കളിക്കാനുള്ള വകയുണ്ട്. 

തെങ്ങിന്റെ മടലിൽ വള്ളി കെട്ടിയാൽ, ഒരാളെ കയറ്റിയിരുത്തി വലിച്ചുകൊണ്ടുപോകുന്ന വാഹനമാക്കാം. ഒരുമയുണ്ടെങ്കിൽ ഒരൊറ്റ വാഹനത്തിൽ ഒന്നിലധികം പേർക്കു സഞ്ചരിക്കാം. 

കൊതുമ്പിൽ ആകൃതിയൊത്ത കളിവള്ളമുണ്ട്. ആദിമ മലയാളിക്ക് വള്ളത്തിന്റെ രൂപകല്പന വീണുകിട്ടിയത് തെങ്ങിൽനിന്നു വീണ കൊതുമ്പിൽനിന്നു തന്നെയാവണം. 

തെങ്ങിൻ കളിപ്പാട്ടങ്ങളിൽ ഏറ്റവും സംഗീതസാന്ദ്രം പക്ഷേ, ഓലപ്പീപ്പിയാണ്. ചുണ്ടത്തിരുന്ന് ഓലപ്പീപ്പി പാടിയിട്ടില്ലാത്ത കുഞ്ഞുങ്ങൾക്കു നഷ്ടം കേരസംസ്കാരം മാത്രമല്ല, കേരള സംസ്കാരം കൂടിയാണ്. ‌‌

ഇപ്പറഞ്ഞ കളിപ്പാട്ടങ്ങളൊക്കെയും ആഗോള കേളികൾക്ക് അനുയോജ്യമാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. 

മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ ഒരു കവിതാ സമാഹാരത്തിന്റെ ശീർഷകം തന്നെ ‘ഓലപ്പീപ്പി’ എന്നാണ്. അതിൽനിന്നൊരു കുട്ടിക്കവിത നമ്മുടെ തനതു കളിപ്പാട്ട വ്യവസ്ഥയുടെ സംസ്ഥാന ഗാനമാക്കുകയും ചെയ്യാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA