ADVERTISEMENT

സിനിമയെ ചുറ്റിപ്പറ്റിയാണു മാസങ്ങളായി മഹാരാഷ്ട്ര രാഷ്ട്രീയം. സുശാന്ത് കേസിൽ റിയ ചക്രവർത്തിയുമായി ബന്ധപ്പെട്ട കോലാഹലങ്ങൾ തുടരുന്നതിനിടെ, ഇതാ പുതിയ വിവാദ നായിക - കങ്കണ റനൗട്ട്. രണ്ടു സംഭവങ്ങളിലും യഥാർഥ വിഷയങ്ങളെ രാഷ്ട്രീയം വിഴുങ്ങിയിരിക്കുന്നു. സുശാന്തിനും കങ്കണയ്ക്കും ‘നീതി തേടി രംഗത്തുള്ള’ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളിൽ ശിവസേന വീണോ? 

പല കഥാപാത്രങ്ങളെയും ഇറക്കിവിട്ട് മഹാരാഷ്ട്ര സർക്കാരിനെ അപകീർത്തിപ്പെടുത്തുകയാണു ബിജെപിയെന്നും ഇത്തരം ഗൂഢനീക്കങ്ങൾ എത്രനാൾ നോക്കിനിൽക്കുമെന്നുമാണ് ശിവസേനയുടെ ചോദ്യം. തിരഞ്ഞെടുപ്പു ജയത്തിനു പിന്നാലെ ശിവസേന ഇടഞ്ഞപ്പോൾ കോൺഗ്രസും എൻസിപിയുമായി ചേർന്ന് അവർ സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി കരുതിയിരുന്നില്ലെന്നതാണു വാസ്തവം.

അപ്രതീക്ഷിത കൂട്ടുകെട്ടിലൂടെ മഹാവികാസ് അഘാ‍ഡി സർക്കാർ പിറന്നു എന്നതു മാത്രമല്ല, ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി ആകുക കൂടി ചെയ്തതോടെ ബിജെപിക്കു കടുത്ത ക്ഷീണമായി. സർക്കാരിനെ വട്ടംചുറ്റിക്കാനുള്ള ആയുധങ്ങളൊന്നും കിട്ടാതിരിക്കെയാണ് സുശാന്ത് കേസിന്റെ വരവ്. സംഭവത്തിൽ മുംബൈ പൊലീസ് അന്വേഷണം പരാതികളില്ലാതെ പുരോഗമിക്കുന്നതിനിടെ, ഒരുമാസം കഴിഞ്ഞപ്പോഴാണു ബിഹാറിൽ നടന്റെ പിതാവ് പരാതി നൽകിയത്. പിന്നീട് കേന്ദ്രത്തിന്റെ ദ്രുതഗതിയിലുള്ള ഇടപെടലിൽ അന്വേഷണം സിബിഐക്കു കൈമാറി. ഇപ്പോഴിതാ കങ്കണ റനൗട്ട് വിവാദവും. 

തന്റെ ഭാഗം വിശദീകരിക്കാൻ ആവശ്യത്തിനു സമയം നൽകാതെ കങ്കണയുടെ കെട്ടിടത്തിന്റെ ഒരുഭാഗം ഇടിച്ചുനിരത്തിയ നടപടി േദശീയതലത്തിൽ ശിവസേനയുടെ പ്രതിഛായയ്ക്കു മങ്ങലേൽപിക്കുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. പാക്ക് അധിനിവേശ കശ്മീരിനോട് കങ്കണ മുംബൈയെ ഉപമിച്ചപ്പോഴാണു ശിവസേനയുടെ നിയന്ത്രണം വിട്ടത്. മുംബൈയിൽ താമസിച്ചു ജീവിതം നെയ്ത ശേഷം മഹാരാഷ്ട്രയെയും മുംബൈയെയും അവഹേളിക്കുന്നവർക്ക് അർഹിച്ച മറുപടിയാണു ശിവസേന നൽകിയിരിക്കുന്നതെന്നാണ് സേനാ അണികളുടെ പ്രതികരണവും. 

കങ്കണയുടെ അധിക്ഷേപം ശക്തമായതിനു തൊട്ടുപിന്നാലെയാണ് ശിവസേന ഭരിക്കുന്ന മുംബൈ കോർപറേഷൻ (ബിഎംസി) നടിയുടെ ബംഗ്ലാവിന്റെ ഒരുഭാഗം ഇടിച്ചുനിരത്തിയത്. രക്തം തിളയ്ക്കുക സ്വാഭാവികമെങ്കിലും വീണ്ടുവിചാരമില്ലാതെ നടപടിയെടുത്തതിന്റെ ദോഷം ശിവസേന അനുഭവിക്കുമെന്ന അടക്കംപറച്ചിലുമുണ്ട്. അനധികൃത നിർമാണമെന്നു പറയുന്നുണ്ടെങ്കിലും ഇടിച്ചുനിരത്തലിനെ കോടതിയിൽ ന്യായീകരിക്കാൻ ബിഎംസി വിയർക്കും. 

‘നോട്ടിസ് പതിക്കുക. 24 മണിക്കൂറിനകം മറുപടിയില്ലെങ്കിൽ നടപടിയെന്നു പറയുക. വീട്ടുടമ സ്ഥലത്തില്ലാതിരിക്കെ അവരുടെ ഭാഗം കേൾക്കാൻ പോലും കാക്കാതെ ഇടിച്ചുനിരത്തുക. അനധികൃത നിർമിതി ഒറ്റ രാത്രികൊണ്ട് ഉണ്ടായതല്ലെന്നോർക്കണം. എന്തിനായിരുന്നു ഇത്ര തിടുക്കം?’- ഇതാണു കോടതിയുടെ ചോദ്യം.

ഇതിനിടെ, മുംബൈ കോർപറേഷനു കീഴിലുള്ള എല്ലാ വാർഡുകളിലെയും അനധികൃത നിർമാണങ്ങൾ കണ്ടെത്തി പുറത്തുവിടാനാണു ബിജെപിയുടെ നീക്കം. കേന്ദ്രമന്ത്രിയും മഹാരാഷ്ട്രയിൽ നിന്നുള്ള ദലിത് നേതാവുമായ രാംദാസ് അഠാവ്‍ലെയെ ഇറക്കി ശിവസേനയ്ക്കെതിരെ പരോക്ഷ ആക്രമണത്തിനുള്ള ശ്രമവും ബിജെപി ക്യാംപിൽ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മുഖ്യ ഉപദേഷ്ടാവ് അജോയ് മേത്തയെ വിളിപ്പിച്ച മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിയും ഇടിച്ചുനിരത്തലിൽ അതൃപ്തി അറിയിച്ചു. 

സർക്കാരിനെ നയിക്കുന്ന മഹാവികാസ് അഘാഡിയിൽ എൻസിപിക്കും കോൺഗ്രസിനും ബിഎംസി നടപടിയോടു വിയോജിപ്പുണ്ട്. സഖ്യത്തിന്റെ ശിൽപിയായ ശരദ് പവാർ, ഇക്കാര്യം അറിയിച്ചെങ്കിലും ബിഎംസി നടപടിയെ തള്ളിപ്പറയാൻ ഉദ്ധവ് തയാറായിട്ടില്ല. കോൺഗ്രസാകട്ടെ, ഇടിച്ചുനിരത്തൽ അറിഞ്ഞ മട്ടിൽപോലുമല്ല. പാർട്ടിയുടെ പ്രധാന നേതാക്കളൊന്നും വിഷയത്തിൽ മിണ്ടിയിട്ടില്ല. കങ്കണയുടെ പരാമർശത്തിന് അനാവശ്യ പ്രാധാന്യം നൽകിയ ബിഎംസി, അവർക്കു കൂടുതൽ പബ്ലിസിറ്റി നൽകിയെന്നായിരുന്നു പവാറിന്റെ പ്രതികരണം. 

ഇങ്ങനെ പല കോണുകളിൽ നിന്നുള്ള കുറ്റപ്പെടുത്തലുകളെ ശിവസേന എങ്ങനെ പ്രതിരോധിക്കുമെന്നത് കാത്തിരുന്നു കാണണം. മുംബൈയെ ദുർബലപ്പെടുത്താനും പ്രാധാന്യം നഷ്ടപ്പെടുത്താനുമുള്ള നീക്കങ്ങളുടെ തുടക്കമാണിതെന്നാണു സേന പറയുന്നത്. അത് അനുവദിക്കില്ലെന്നും മഹാരാഷ്ട്രയുടെ അഭിമാനം സംരക്ഷിക്കാൻ ഒത്തുകൂടാനും അണികളോട് ആഹ്വാനവും ചെയ്യുന്നു. കഥ തുടരുമെന്നു ചുരുക്കം.

English Summary: Kangana Ranaut-Shivsena Row Grows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com