ADVERTISEMENT

കേരളത്തിൽ കോവിഡ് കേസുകൾ ഒരു ലക്ഷത്തോട് അടുക്കുന്നു. ഇതിൽ കാൽ ലക്ഷത്തിലേറെപ്പേർ രോഗമുക്തി നേടാത്തവരാണ്. ഔദ്യോഗിക കണക്കനുസരിച്ച് മരണം 396.അനൗദ്യോഗിക കണക്കനുസരിച്ച് ഇത് എഴുനൂറിനോടടുക്കുന്നു.  പ്രതിദിനം കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സംഖ്യ കുറച്ചു ദിവസങ്ങളായി 3000 കവിയുന്നു. ഇത് 5000 കടക്കാമെന്നാണു വിദഗ്ധർ പറയുന്നത്.

കോവിഡിന്റെ സവിശേഷ പ്രകൃതി കാരണം, അതു ഭാവിയിൽ എങ്ങനെയാണു പെരുമാറുക എന്ന് കണക്കുകൾ വച്ചു പറയുക ദുഷ്കരമാണ്. എന്നാൽ, ഇതുവരെയുള്ള കണക്കുകൾ വച്ചു നോക്കിയാൽ, പരിശോധന എപ്പോഴെല്ലാം കൂടുന്നോ അപ്പോഴെല്ലാം രോഗികളുടെ എണ്ണം കേരളത്തിൽ വർധിക്കുന്നു. അതായത്, രോഗലക്ഷണം കാണിക്കാത്ത രോഗികൾ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട് എന്നർഥം. ചുരുക്കത്തിൽ, ഇപ്പോൾ കേരളത്തിൽ കാര്യങ്ങൾ കൈവിട്ടു പോകാവുന്ന ഘട്ടത്തിലാണ്.

കോവിഡിന്റെ കാര്യത്തിൽ കേരളം നേരിടുന്നത് മുഖ്യമായും രണ്ടു തരത്തിലുള്ള പ്രശ്നങ്ങളാണ്. ആദ്യത്തേത് സാമഗ്രികളുടെയും അടിസ്ഥാന സൗകര്യങ്ങളുടേതുമാണ്. ഉദാഹരണത്തിന്, കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അതിതീവ്ര പരിചരണം വേണ്ടവരുടെ സംഖ്യ വർധിക്കുന്നുണ്ട്. ബുധനാഴ്ച 36 പേരെയാണ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. കേരളത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ഏതാണ്ട് 5000ൽ പരം ഐസിയു കിടക്കകളുണ്ട്. ഇതിലൊരു ഭാഗം മാത്രമേ, കോവിഡ് രോഗികൾക്കായി മാറ്റിവയ്ക്കാനാകൂ. ആ സംഖ്യ ആയിരത്തിൽപരമാണെന്നാണ് അറിയുന്നത്. അങ്ങനെയാണെങ്കിൽ, ഇപ്പോൾത്തന്നെ 25 ശതമാനത്തിൽ കൂടുതൽ കിടക്കകൾ ഉപയോഗത്തിലാണ്.

corona-virus-covid

രോഗികളുടെ എണ്ണം വർധിക്കുകയാണെങ്കിൽ ഒരു മാസത്തിനകം ഐസിയു കിടക്കകൾ പോരാതെ വരും. ഇതു തന്നെ വെന്റിലേറ്ററുകളുടെ കാര്യത്തിലും ബാധകമാണ്. വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ട രോഗികളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു. ബുധനാഴ്ച മാത്രം 23 പേർക്കു വെന്റിലേറ്റർ ഘടിപ്പിക്കേണ്ടതായി വന്നു. ഐസിയു കിടക്കകളും വെന്റിലേറ്ററുകളും അപര്യാപ്തമാകുമ്പോൾ കോവിഡ് മൂലമുള്ള മരണനിരക്കു വർധിക്കും. നിർഭാഗ്യവശാൽ, അതേ കാരണം കൊണ്ട് മറ്റുള്ള രോഗികൾക്കും മരണം സംഭവിച്ചേക്കാം.

ഈ കണക്കുകളെല്ലാം സർക്കാരിന്റെ അറിവിലുള്ളതാണ്. പതുക്കെ, ഏഴു മാസത്തോളം സമയമെടുത്താണു രോഗം ഇത്തരമൊരു അവസ്ഥയിലെത്തുന്നത്. അതായത്, ഒരുക്കങ്ങൾ പൂർത്തിയാക്കാൻ വേണ്ടുവോളം സമയം അധികൃതർക്കു ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ആരോഗ്യവകുപ്പു മുൻകൂട്ടി കാര്യങ്ങൾ ചെയ്തുകാണും എന്നു വിശ്വസിക്കുന്നു. നിലവിലെ സാഹചര്യം നേരിടാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ ആരോഗ്യവകുപ്പ് ഉടനെ പൊതുജന സമക്ഷം അവതരിപ്പിക്കണം; കാര്യങ്ങൾ കൈവിട്ടുപോകില്ലെന്ന് ആശ്വസിപ്പിക്കണം.

കോവിഡ് പ്രതിരോധത്തിൽ ആദ്യത്തെ പ്രശ്നം അടിസ്ഥാന സൗകര്യങ്ങളുടേതാണെങ്കിൽ, രണ്ടാമത്തെ പ്രശ്നം വ്യവസ്ഥകളുടെ അഭാവമാണ്. കുറെയധികം വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പ്രതിബദ്ധതയും കേരളത്തിൽ പൊതുവേ കാണാവുന്ന സാമൂഹികബോധവുമാണ് നിപ്പയെ പ്രതിരോധിക്കുന്നതിനും കോവിഡിനെ ആദ്യകാലങ്ങളിൽ നിയന്ത്രിക്കുന്നതിനും കേരളത്തെ സഹായിച്ചത്. എന്നാൽ, എന്നു തീരുമെന്ന് ഒരു എത്തുംപിടിയും തരാത്ത കോവിഡിനെതിരായി അത്തരത്തിലൊരു സമീപനം എല്ലാ കാലത്തും വിജയകരമാകില്ല. ഒരു ദീർഘകാല പരിപാടിയിൽ വ്യവസ്ഥകൾ ആവശ്യമാണ്. അത്തരം സിസ്റ്റംസ് ഇല്ലാത്തതാണു കേരളത്തിൽ അടുത്തകാലത്തു നടന്ന രണ്ടു ലജ്ജാകരമായ സംഭവങ്ങൾക്കു കാരണമായത്.

പത്തനംതിട്ട ജില്ലയിൽ കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ, വ്യവസ്ഥകൾ ഉണ്ടായിട്ടുപോലും അവ നടപ്പിലാക്കിയില്ല. ആരോഗ്യവകുപ്പിൽ ആംബുലൻസ് ഡ്രൈവറാകുന്നതിനു മുൻപ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങിയില്ല. അയാളൊരു വധശ്രമക്കേസിലെ പ്രതിയാണ്. 

വണ്ടിയിൽ ജിപിഎസ് പിടിപ്പിച്ചിരുന്നു. തത്സമയം വണ്ടികൾ നിരീക്ഷിക്കുന്ന ഒരു വ്യവസ്ഥ ഉണ്ടായിരുന്നെങ്കിൽ ഈ കുറ്റം നടക്കില്ലായിരുന്നു.

തൊട്ടു പിന്നാലെ തന്നെ മറ്റൊരു ഞെട്ടിക്കുന്ന സംഭവം തിരുവനന്തപുരത്തു നടന്നു: ക്വാറന്റീനിലായിരുന്ന സ്ത്രീയെ ഹെൽത്ത് ഇൻസ്പെക്ടർ പീഡിപ്പിച്ചു. അവർ ഹെൽത്ത് ഇൻസ്പെക്ടറെ സമീപിച്ചത് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാനായിരുന്നു. ഇന്നത്തെ കാലത്ത്, ഈ ഇന്റർനെറ്റ് യുഗത്തിൽ, 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞ ഒരാൾക്കു സർട്ടിഫിക്കറ്റ് വാങ്ങാൻ നടക്കേണ്ടി വരുന്നു എന്നതു കഷ്ടമാണ്! വിവരസാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ വ്യവസ്ഥകൾ ഉണ്ടായിരുന്നെങ്കിൽ ഈ സംഭവവും ഒഴിവാക്കാമായിരുന്നു. ഐടി ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ടത് സാമൂഹിക അകലം പാലിക്കേണ്ട ഈ സമയത്താണെന്ന് അധികൃതർ മറക്കുന്നു.

രോഗപ്രതിരോധത്തിന്റെ വിവിധതലങ്ങളിൽ  ചുവപ്പുനാട  പരന്നിരിക്കുന്നു. പുറത്തുനിന്നു വരുന്ന ഒരാൾ വിമാനത്താവളത്തിൽ നൽകുന്ന വിവരം, വീണ്ടും വീണ്ടും ആറു സ്ഥലത്തായി ആവർത്തിക്കേണ്ടിവരുന്നു എന്നാണ് അനുഭവസ്ഥർ പറയുന്നത്. സ്രവപരിശോധന നടത്തുന്ന സ്ഥലങ്ങളിലെ തിരക്ക്, ഫലം വരുന്നതിനുള്ള കാലതാമസം, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനായുള്ള പരക്കംപാച്ചിൽ തുടങ്ങിയവയെല്ലാം ഐടി ഉപയോഗിച്ച് ഒഴിവാക്കാവുന്നതേയുള്ളൂ. നിർഭാഗ്യവശാൽ വ്യവസ്ഥകളുടെ അഭാവത്തിൽ ദ്രോഹം ഏറ്റുവാങ്ങുന്നതു മുഴുവനും സ്ത്രീകളാണ് എന്നതാണ് അനുഭവം പഠിപ്പിക്കുന്നത്.

സുശാന്തിന്റെ മരണവും വേട്ടയാടലുകളും 

സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യ, സിനിമക്കാരുടെ ഭാഷയിൽ, ഒട്ടേറെ ട്വിസ്റ്റുകളുള്ള ഒരു കഥയായി പരിണമിച്ചിരിക്കുന്നു. അടുത്തുതന്നെ തിരഞ്ഞെടുപ്പു നടക്കേണ്ട ബിഹാറിൽ, ഭരണമികവ് അവകാശപ്പെടാൻ പറ്റാത്ത നിതീഷ് കുമാറും സഖ്യകക്ഷിയായ ബിജെപിയും ബിഹാറിയായ സുശാന്തിന്റെ പേരിൽ പ്രാദേശിക വികാരം ആളിക്കത്തിക്കാൻ ശ്രമിക്കുന്നു. കേന്ദ്രസർക്കാർ അവരുടെ കൂടെയാണ്. എതിർപക്ഷത്ത് ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരുണ്ട്. ബോളിവുഡിനകത്ത് ബിജെപിയുടെ ജിഹ്വയായി നടി കങ്കണ റനൗട്ട് രംഗത്തിറങ്ങിയിട്ടുണ്ട്. ഇതെല്ലാമായിട്ടും കഥയ്ക്ക് എരിവും പുളിയും കുറവായിരുന്നു; ഒരു വില്ലൻ കഥാപാത്രത്തിന്റെ അഭാവം. സുശാന്തിന്റെ പിതാവ്, സുശാന്തിന്റെ പൂർവ കാമുകി റിയ ചക്രവർത്തിക്കെതിരായി പ്രേരണക്കുറ്റം, ധനാപഹരണം എന്നിവ ആരോപിച്ചു രംഗത്തെത്തിയപ്പോൾ ഒരു വില്ലത്തിയെയും കിട്ടി.

sushanth-new-latest
സുശാന്ത്

പിന്നെയുണ്ടായത് ഇന്ത്യ കണ്ടതിൽവച്ച് ഏറ്റവും ഹീനമായ വേട്ടയാടലാണ്. ചില ചാനലുകൾ റിയ ചക്രവർത്തിക്കെതിരായി യുദ്ധം തന്നെ പ്രഖ്യാപിച്ചു. ഒടുവിൽ റിയ അറസ്റ്റിലായി. സുശാന്തിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതിനോ അദ്ദേഹത്തിന്റെ പണം തട്ടിയെടുത്തതിനോ അല്ല – നർകോട്ടിക്സ് ആക്ട് പ്രകാരം 1000 രൂപ പിഴയോ ആറുമാസം തടവോ ലഭിക്കാവുന്ന ലഹരിമരുന്നു സംബന്ധിച്ചുള്ള കുറ്റത്തിന്. കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല; പക്ഷേ, മാധ്യമവിചാരണ തുടരുന്നു.

ഈ കേസിൽ ചില മാധ്യമങ്ങളുടെ ദുഷ്ടലാക്ക് പകൽപോലെ സ്പഷ്ടമായതിനാൽ അതെക്കുറിച്ച് എന്തു പറയാൻ? ഈ കേസിലും, ഇന്ത്യയിലെ ഉദ്യോഗസ്ഥവൃന്ദത്തിൽ പടർന്നിട്ടുള്ള ഒരു ദുഷ്പ്രവണത വല്ലാതെ തലപൊക്കിയിട്ടുണ്ട്. പൊലീസും അന്വേഷണ ഏജൻസികളും കേസിന്റെ ഓരോ തലത്തിലും മാധ്യമങ്ങൾക്കു വാർത്തകൾ ചോർത്തിക്കൊടുത്തു. അങ്ങനെ കൊടുത്തതിന്റെ കൂട്ടത്തിൽ സുശാന്തിന്റെ സ്വകാര്യ ഡയറിയുടെ താളുകൾ വരെ ഉണ്ടായിരുന്നു.

ഐഎസ്ആർഒ ചാരക്കേസിന്റെ നാളുകളിൽ അതു റിപ്പോർട്ട് ചെയ്തിരുന്ന ഒരു മുതിർന്ന പത്രപ്രവർത്തകൻ എന്നോടു പറഞ്ഞ കാര്യം ഓർക്കുന്നു, ‘ദിവസവും വൈകുന്നേരം അവർ (ഒരു ഡിഎസ്പിയും സർക്കിൾ ഇൻസ്പെക്ടറും) എന്തെങ്കിലും വിളിച്ചു പറഞ്ഞുതരും. പലപ്പോഴും നുണയായിരിക്കും. പക്ഷേ, കൊടുത്തില്ലെങ്കിൽ വേറെ പത്രങ്ങൾ പ്രസിദ്ധീകരിക്കും. ഭാവിയിൽ എക്സ്ക്ലൂസീവ്സ് കിട്ടുകയുമില്ല.’ ഇതാണ് ഒരു മാധ്യമപ്രവർത്തകന്റെ ധർമസങ്കടം. അവർക്ക് ഈ ഉദ്യോഗസ്ഥന്മാർ വിലപ്പെട്ട സ്രോതസ്സുകളാണ്; ജീവവായുവാണ്. എന്നാൽ, ഈ ഉദ്യോഗസ്ഥന്മാർ ചെയ്യുന്നതു നിയമവിരുദ്ധമാണ്. പോരാഞ്ഞിട്ട് പൗരന്മാരുടെ സ്വകാര്യതയ്ക്കു മേലുള്ള കടന്നുകയറ്റവും.

ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ‘ചോർത്തിക്കൊടുക്കൽ’ നടന്നത്, യുഎസിലെ വാട്ടർഗേറ്റ് ഹോട്ടലിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ ആസ്ഥാനത്തേക്കുള്ള നുഴഞ്ഞുകയറ്റത്തെ തുടർന്നുണ്ടായ സംഭവങ്ങളിലാണ്. അന്നത്തെ യുഎസ് പ്രസിഡന്റ് റിച്ചഡ് നിക്സന് അതിലുള്ള പങ്കിനെക്കുറിച്ച്, വാഷിങ്ടൻ പോസ്റ്റിലെ റിപ്പോർട്ടർമാരായ ബോബ് വുഡ്‌വേഡിനും കാൾ ബെർസ്റ്റൈനിനും വിവരം നൽകിയത് ‘ഡീപ് ത്രോട്ട്’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. നിക്സനു പ്രസിഡന്റ് പദവി നഷ്ടപ്പെട്ടു. 

2005ൽ, 91ാം വയസ്സിൽ മാർക് ഫെൽറ്റ് എന്നൊരു മുൻ എഫ്ബിഐ ഉദ്യോഗസ്ഥൻ താനാണു ഡീപ് ത്രോട്ട് എന്ന് ഏറ്റുപറഞ്ഞു. എന്തുകൊണ്ട് അങ്ങനെ ചെയ്തു എന്നതിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. രാജ്യസ്നേഹം കൊണ്ടായിരുന്നുവെന്ന് ഒരുകൂട്ടർ വിശ്വസിക്കുന്നു. എന്നാൽ, നിക്സൻ, അദ്ദേഹത്തിനു പകരം മറ്റൊരാൾക്ക് ഉദ്യോഗക്കയറ്റം നൽകിയതിന്റെ പ്രതികാരമായിരുന്നുവെന്ന് മറ്റു ചിലർ പറയുന്നു. ചോർത്തിക്കൊടുക്കുന്നവരുടെ മനശ്ശാസ്ത്രത്തെക്കുറിച്ച് അവസാനവാക്ക് പറയാനിരിക്കുന്നതേ ഉള്ളൂ.

സ്കോർപ്പിയൺ കിക്ക്: സ്ത്രീവിരുദ്ധ പരാമർശം ഒരിക്കലും ഉണ്ടാകാൻ പാടില്ല. മനസ്സിൽ ഉദ്ദേശിക്കാത്ത പരാമർശമാണ് ഉണ്ടായതെന്ന് വീണ്ടും കേട്ടപ്പോൾ മനസ്സിലായി. നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു - രമേശ് ചെന്നിത്തല.

ഉപബോധ മനസ്സിന്റെ ഓരോ കളി!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com