ലഹരി മാഫിയ: നടിമാർ മാത്രമോ? പുരുഷ താരങ്ങളില്ലേ?

ragini-ravishankar
രാഗിണി, രവിശങ്കർ
SHARE

ഹിന്ദി, കന്നഡ സിനിമാലോകത്തെ ലഹരിമാഫിയ ചർച്ചയാകുമ്പോൾ ഒരു വലിയ ചോദ്യമുയരുന്നു, ഈ റാക്കറ്റിൽ പുരുഷതാരങ്ങളോ സംവിധായകരോ നിർമാതാക്കളോ ഒന്നുമില്ലേ? ലഹരി പാർട്ടികളിൽ പങ്കെടുക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും നടിമാർ മാത്രമാണോ? കാരണം, ഇതുവരെ അറസ്റ്റിലായത് കന്നഡ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി, ഹിന്ദി നടി റിയ ചക്രവർത്തി എന്നിവരാണെന്നതു തന്നെ. 

കന്നഡ സിനിമാമേഖലയിൽ ലഹരിബന്ധമുള്ള 10–15 പ്രമുഖരുടെ പേരുകളാണു കന്നഡ സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് പൊലീസിനു കൈമാറിയതെന്നു പറയുന്നു. എന്നാൽ, അവരെ ആരെയും കുറിച്ചു വിവരങ്ങളൊന്നും പുറത്തുവരുന്നില്ല. രാഷ്ട്രീയമുൾപ്പെടെ സ്വാധീനശക്തി ഏറെയുള്ള വമ്പൻസ്രാവുകൾ മറഞ്ഞിരിക്കുകയും അങ്ങനെയല്ലാത്ത നടിമാർ ഉൾപ്പെടെയുള്ളവർ പിടിയിലാകുകയും ചെയ്യുന്ന പതിവു നാടകം തുടരുകയാണെന്ന ആക്ഷേപം ശക്തം. 

ഓഗസ്റ്റ് 21ന് ലഹരിമരുന്നുമായി കന്നഡ സീരിയൽ നടി അനിഖയും മലയാളികളായ അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) പിടിയിലായതിനു ശേഷമാണ്, കന്നഡ സിനിമാ ലോകത്തെ ലഹരി ഇടപാടുകൾ മറനീക്കി പുറത്തുവരുന്നത്. എന്നാൽ, ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഉന്മാദവിരുന്നുകളും സിനിമാപ്രവർത്തകരുടെ ലഹരി പാർട്ടികളും എത്രയോ കാലമായി തുടരുന്നതാണെന്നു പൊലീസിന് ഉൾപ്പെടെ അറിയാവുന്ന രഹസ്യം. എൻസിബി ഇടപെടലോടെ, കർശന നടപടികളെടുക്കുകയാണു പൊലീസും. അനിഖയുടെയും സംഘത്തിന്റെയും അറസ്റ്റിനു 2 മാസം മുൻപുതന്നെ ലഹരി പാർട്ടികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നു കോടതിക്കു മുന്നിൽ തെളിയിക്കാനുള്ള ശ്രമത്തിലാണിപ്പോൾ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പൊലീസ്. 

മണത്തറിഞ്ഞ് മാഫിയ

പൊലീസ് നീക്കങ്ങളെക്കുറിച്ച് ചുരുങ്ങിയതു 2 മാസം മുൻപ് ലഹരിസംഘങ്ങൾ അറിഞ്ഞിരുന്നതായാണ് നടി രാഗിണിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. രാഗിണിയുടെ സുഹൃത്ത് രവിശങ്കർ, കേസിൽ ഉൾപ്പെട്ട റിയൽ എസ്റ്റേറ്റ് വ്യാപാരി പ്രശാന്ത് രങ്കയ്ക്ക് അയച്ച വാട്സാപ് സന്ദേശങ്ങളാണു തെളിവായി ചൂണ്ടിക്കാട്ടുന്നത്. പൊലീസിലും ഇടപാടുകാർക്കു ചാരന്മാരുണ്ടെന്നു കൂടിയാണ് ഇതു വെളിപ്പെടുത്തുന്നത്. 

ആരാണ് രാഗിണിയുടെ സുഹൃത്ത് രവിശങ്കർ?

ബെംഗളൂരു പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ നടി രാഗിണിയുടെ കൂട്ടുകാരൻ രവിശങ്കറിനെക്കുറിച്ചു പറയുന്നുണ്ടെങ്കിലും ഇയാൾക്കെതിരെ കേസെടുത്തിട്ടില്ല. നഗരത്തിലെ ലഹരി ഇടപാടിലെ വമ്പനാണ് ഇയാളെന്നാണു നിഗമനം. ആർടി ഓഫിസ് ക്ലാർക്കായ ഇയാൾ, രാഗിണിക്കൊപ്പമായിരുന്നു താമസം. അറസ്റ്റിലായ ആഫ്രിക്കക്കാരനിൽ നിന്ന് ഇരുവരും കൊക്കെയ്ൻ വാങ്ങിയതിനു തെളിവുണ്ടെങ്കിലും രവിക്കെതിരെ നടപടിയൊന്നുമില്ലാത്തത് അയാളുടെ സ്വാധീനത്തിന്റെ തെളിവാണെന്ന് ആരോപണമുയരുന്നു. ഇടപാടുകാരെക്കാൾ, ലഹരി ഉപയോഗിച്ചവരെ കേന്ദ്രീകരിച്ചാണോ അന്വേഷണം പുരോഗമിക്കുന്നത് എന്ന ചോദ്യം സ്വാഭാവികം. 

Content Highlight: Ragini Dwivedi, Sandalwood drug racket

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA