ADVERTISEMENT

നടിമാരായ റിയ ചക്രവർത്തിയും കങ്കണ റനൗട്ടും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണല്ലോ. ഇരുവരും സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്നവരാണ്. 

റിയ ചക്രവർത്തിയുടെ അച്ഛൻ?  

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെത്തുടർന്നുണ്ടായ ലഹരിക്കേസിൽ റിയ അറസ്റ്റിലായതോടെ അവർക്കു വേണ്ടി പിതാവ് ഇന്ദ്രജിത് ചക്രവർത്തി ട്വിറ്ററിലൂടെ പോരാട്ടം ആരംഭിച്ചിരിക്കുകയാണെന്നു പല ദേശീയ മാധ്യമങ്ങളും ഇക്കഴിഞ്ഞ ദിവസം വാർത്ത കൊടുത്തു. ‘ഒരച്ഛനും ഇത് അർഹിക്കുന്നില്ല’ എന്ന അദ്ദേഹത്തിന്റെ ട്വീറ്റ് വളരെ പെട്ടെന്നു വൈറലായി. പക്ഷേ, ആ ട്വിറ്റർ അക്കൗണ്ട് യഥാർഥത്തിൽ റിയ ചക്രവർത്തിയുടെ അച്ഛന്റേതായിരുന്നില്ല! 

മറ്റാരോ ഇന്ദ്രജിത് ചക്രവർത്തിയുടെ പേരിൽ തുടങ്ങിയ പാരഡി അക്കൗണ്ടിലെ ട്വീറ്റുകളാണ് പല മാധ്യമങ്ങളും ഇതുവരെ വാർത്തയാക്കിക്കൊണ്ടിരുന്നത്. ആ ട്വിറ്റർ ഹാൻഡിൽ ഇപ്പോഴും അവിടെയുണ്ട്.

     ഇവിടെ തീരുന്നില്ല. 

കങ്കണ റനൗട്ടിന്റെ അമ്മ? 

റിയയ്ക്കു വേണ്ടി അച്ഛനാണു വന്നതെ​ങ്കിൽ കങ്കണയ്ക്കു വേണ്ടി രംഗത്തുവന്നത് അമ്മയാണ്. കങ്കണയുടെ അമ്മ ആശ റനൗട്ടിന്റെ പേരിൽ ഒട്ടേറെ ‘വ്യാജ’ അക്കൗണ്ടുകളാണു ട്വിറ്ററിലുള്ളത്. അവയിൽ പലതും മഹാരാഷ്ട്ര സർക്കാരിനും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കുമെതിരെ ട്വീറ്റുകൾ ചെയ്യുന്നുണ്ട്. ചിലതൊക്കെ കാര്യമറിയാതെ ചില മാധ്യമങ്ങൾ വാർത്തയുമാക്കുന്നുണ്ട്.   

fake3
കങ്കണയുടെ അമ്മ ആശ റനൗട്ടിന്റെ പേരിലുള്ള വ്യാജ ട്വിറ്റർ അക്കൗണ്ടുകളിൽ ചിലത്.

അമ്മയുടെ മാത്രമല്ല, കങ്കണയുടെ പേരിലും വ്യാജ ഹാൻഡിലുകളുണ്ട്.  സൽമാൻ ഖാൻ പങ്കെടുത്ത ടിവി ചാനൽ പരിപാടി ബഹിഷ്‌കരിക്കണമെന്നു ‘വ്യാജ’ കങ്കണയുടെ ട്വീറ്റ് മുൻപ് തരംഗമായിരുന്നു.

     പക്ഷേ, അവിടെയും കഥ തീരുന്നില്ല!

ഉദ്ധവ് താക്കറെയുടെ കസിൻ?  

മഹാരാഷ്ട്രയിലെ ശിവസേന സർക്കാരിനെതിരെയാണല്ലോ കങ്കണയുടെ പോരാട്ടം. മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെയുടെ പിതൃസഹോദര പുത്രനും മഹാരാഷ്ട്ര നവനിർമാൺ സേന എന്ന പാർട്ടിയുടെ നേതാവുമായ രാജ് താക്കറെ കങ്കണയ്ക്കു പിന്തുണയുമായി ഇതിനിടെ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു. ഇതും പലയിടത്തും വാർത്തയായി. ഉദ്ധവും രാജും തമ്മിൽ അത്ര നല്ല ബന്ധമല്ലെന്നതു ശരിയാണെങ്കിലും രാജ് താക്കറെയുടെ പേരിലുള്ള ആ ട്വിറ്റർ അക്കൗണ്ടും വ്യാജമായിരുന്നു! ഒറിജിനൽ രാജ് വേറെയുണ്ട്, ട്വിറ്ററിൽ. 

fake2

     ഈ കഥ ഇവിടെ തുടങ്ങിയതോ അവസാനിക്കുന്നതോ അല്ല. സമീപകാലത്തെ ചില ഉദാഹരണങ്ങൾ പറഞ്ഞുവെന്നു മാത്രം. 

എന്തുകൊണ്ട് ? 

ട്വിറ്റർ പോലുള്ള സമൂഹമാധ്യമങ്ങളിൽ പ്രശസ്തരുടെ പേരിൽ ഇങ്ങനെ പല വ്യാജ അക്കൗണ്ടുകളും ഉണ്ടാകും. ചിലത്, ആക്ഷേപ ഹാസ്യമാകും (parody), ചിലത് ആരാധകർ തുടങ്ങുന്നതാകും (fan accounts), ചിലത് എതിരാളികളോ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നവരോ ചെയ്യുന്നതാകാം (fake/impersonate). 

ഇവയുടെ അപകടം, ഇത്തരം അക്കൗണ്ടുകളെ ഒറിജിനൽ ആളുകളായി മറ്റുള്ളവർ തെറ്റിദ്ധരിക്കുമ്പോഴാണ്. ഡോ. മൻമോഹൻ സിങ്ങിന്റെയും എ.കെ.ആന്റണിയുടെയും പേരിൽ ആരാധക ട്വിറ്റർ ഹാൻഡിലുകൾ (അക്കൗണ്ട്)  ഈയടുത്തു പ്രത്യക്ഷപ്പെ‌‌‌‌‌‌‌‌‌‌‌ട്ടിരുന്നു. ഐഎസ്ആർഒ ചെയർമാൻ ഡോ. കെ.ശിവൻ, മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ, സാമ്പത്തികശാസ്ത്ര നൊബേൽ നേടിയ അഭിജിത് ബാനർജി അങ്ങനെ ഒരുപാടു പ്രമുഖരുടെ പേരിൽ ഇത്തരത്തിൽ യഥാർഥമല്ലാത്ത അക്കൗണ്ടുകൾ വന്നു. 

എങ്ങനെ തിരിച്ചറിയാം? 

ട്വിറ്റർ, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവയിൽ മിക്ക പ്രമുഖരുടെയും പേരിനൊപ്പം നീല ടിക് ഉണ്ടാകും. അതുണ്ടെങ്കിൽ യഥാർഥ ആളു തന്നെയെന്ന് ഉറപ്പിക്കാം. 

ബ്ലൂ ടിക് ഇല്ലാത്തവരാണെങ്കിൽ അവരുടെ പേരും വിവരങ്ങളും പ്രൊഫൈൽ ചിത്രവും ശ്രദ്ധിക്കുക. അവർ ചെയ്തിട്ടുള്ള പോസ്റ്റുകൾ/ ട്വീറ്റുകൾ എന്നിവയും ശ്രദ്ധിക്കുക. വ്യാജനോ പാരഡിയോ ആണെങ്കിൽ അവയുടെ സ്വഭാവം കൊണ്ടു പൊതുവേ തിരിച്ചറിയാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com