ഇതു സത്യം സത്യം സത്യം!

notes visual
SHARE

സത്യം ജയിക്കും, സത്യം മാത്രമേ ജയിക്കൂ. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്നും സംഭവിക്കില്ല എന്നു പറഞ്ഞത് ആരാണെന്നു ചോദിച്ചാൽ ചരിത്രവിദ്യാർഥികൾ അശോകനാണെന്നെല്ലാം പറയും. തത്വശാസ്ത്ര വിദ്യാർഥികൾ സോക്രട്ടീസ്, അരിസ്റ്റോട്ടിൽ എന്നൊക്കെയായിരിക്കും ഉത്തരം പറയുക. വേദപണ്ഡിതരോടു ചോദിച്ചാൽ മറുപടി ഉപനിഷദ്സൂക്തമാണെന്നായിരിക്കും. എന്നാൽ, ഇതൊന്നുമല്ല, നമ്മുടെ സ്വന്തം ജലീൽ സായ്‌വാണ് ഏറ്റവുമൊടുവിൽ ഫെയ്സ്ബുക്കിലൂടെ ഈ വിശ്വവിഖ്യാതമായ പ്രസ്താവന നടത്തിയത്. അതോടെ അദ്ദേഹത്തിനെതിരെ എതിരാളികൾ ഉന്നയിക്കുന്ന നട്ടാൽ കുരുക്കാത്ത നുണകൾ സത്യത്തിന്റെ തിളയ്ക്കുന്ന വെയിലേറ്റു വാടിപ്പോയി.

കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യാൻ സമൻസ് നൽകിയ കാര്യം തിരക്കിയ മാധ്യമങ്ങളോട് അത്തരമൊരു സംഭവം പത്രങ്ങളിൽ കണ്ട വിവരമേയുള്ളൂ എന്നാണു ജലീൽ സായ്‌വ് പറഞ്ഞത്. പിറ്റേ ദിവസം നാലാളറിയാതെ അദ്ദേഹം കൊച്ചിയിലെ ഇഡി ഓഫിസിൽ എത്തിയെന്നതു സത്യം. എന്നുവച്ചു നേരത്തേ പറഞ്ഞത് അസത്യമാകുന്നില്ല. ആപേക്ഷിക സത്യവും കേവല സത്യവും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണ് ഇതെച്ചൊല്ലി കോലാഹലം കൂട്ടുന്നത്.

സത്യത്തിൽ ഇഡിക്കാർ വിളിച്ചതു ചോദ്യം ചെയ്യാനാണോ, കുശലം ചോദിക്കാനാണോ, വിവരം തിരക്കാനാണോ എന്ന് ആർക്കുമറിയില്ല. അതറിയാതെ മന്ത്രിയെ തൂക്കിലേറ്റണം, മന്ത്രിക്ക് ഊരുവിലക്കു കൽപിക്കണം എന്നെല്ലാം പറഞ്ഞു ചാടിപ്പുറപ്പെടുന്നവരെ കാണുമ്പോൾ ആരും മൂക്കത്തു വിരൽവച്ചു പോകും.

ജലീൽ സായ്‌വ് ഒരേസമയം ചരിത്രത്തിലും പൗരധർമത്തിലും ഭൂമിശാസ്ത്രത്തിലും അഗാധമായ വ്യുൽപത്തിയുള്ള പണ്ഡിതനാണ്. അദ്ദേഹത്തിന്റെ വാക്കുകൾക്കു പലപല അർഥതലങ്ങളുണ്ട്. എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ പത്ത്, കൊള്ളുമ്പോൾ ആയിരം എന്ന അർജുനന്റെ അസ്ത്രപ്രയോഗം പോലെയാണു സായ്‌വിന്റെ വാക്കുകൾ. അതുകൊണ്ടാണ് സത്യം ജയിക്കുമെന്നും സത്യം മാത്രമേ ജയിക്കൂ എന്നും പറഞ്ഞപ്പോൾ അതു പൂർണമായ അർഥത്തിൽ പലർക്കും മനസ്സിലാകാതെ പോയത്. ഇതു പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തെ തൂക്കിക്കൊല്ലാൻ ആരെങ്കിലും വിധിച്ചാൽ അദ്ദേഹം ആ വധശിക്ഷ സസന്തോഷം സ്വീകരിക്കും.

വിശുദ്ധഗ്രന്ഥം വിതരണം ചെയ്തതിന്റെ പേരിൽ തന്നെ ആരെങ്കിലും തൂക്കിക്കൊല്ലുകയാണെങ്കിൽ തനിക്ക് എതിർപ്പില്ലെന്നു സായ്‌വ് പണ്ടേ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ കോടിയേരി സഖാവു പറയുന്നതും മറിച്ചല്ല. മകൻ ബിനീഷ് കോടിയേരി എന്തു തെറ്റു ചെയ്തിട്ടുണ്ടെങ്കിലും തൂക്കിക്കൊല്ലുന്നതിൽ എതിർപ്പില്ലെന്ന് സഖാവ് നേരത്തേ പറഞ്ഞിട്ടുണ്ട്. ഇവരെല്ലാം ഓർക്കേണ്ട ഒരു കാര്യമുണ്ട്. കയ്യൂർ സമരത്തിൽ പങ്കെടുത്തു രക്തസാക്ഷികളായവർ ഇൻക്വിലാബ് സിന്ദാബാദ് വിളിച്ചു തൂക്കുമരത്തിൽ കയറിയ പോലെയാവില്ല, കള്ളപ്പണത്തിന്റെയും സ്വർണക്കടത്തിന്റെയും പേരിൽ തൂക്കിലേറുന്നത്. വധശിക്ഷ സ്വയം വരിക്കാൻ തിരക്കുകൂട്ടുന്ന ഇവരെല്ലാം പാർട്ടിയുടെ നിലപാടു വധശിക്ഷയ്ക്കെതിരാണെന്ന കാര്യം മറന്നുപോയെന്നാണു തോന്നുന്നത്.

ബിടെക്കും നായപിടിത്തവും

ഡൽഹി ഐഐടി ക്യാംപസിൽ അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടിക്കാനും സ്നേഹപൂർവം പരിപാലിക്കാനുമുള്ള തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ യോഗ്യതയായി ബിടെക് നിശ്ചയിച്ചതിൽ ചിലർ തീർത്തും ഖിന്നരാണ്. അതു ബിടെക്കുകാരെ അപമാനിക്കുന്നതിനു തുല്യമാണെന്നാണ് അവരുടെ പരാതി. എന്നാൽ, അപേക്ഷ ക്ഷണിച്ചുള്ള പരസ്യത്തിൽ ബിടെക് കൂടാതെ ബിഎ, ബിഎസ്‌സി ബിരുദങ്ങളും തത്തുല്യ യോഗ്യതകളായി പറഞ്ഞിരുന്നു.

ഐഐടിയെന്നാൽ ബിടെക്, എംടെക് ബിരുദങ്ങൾ മാത്രം നൽകുന്ന സ്ഥാപനമെന്നാണു പൊതുജനങ്ങളുടെ ധാരണ. എന്നാൽ, അവിടെ എംഎ ഇംഗ്ലിഷും ഫിലോസഫിയും എംഎസ്‌സിയുമെല്ലാം നൽകാൻ തുടങ്ങിയിട്ടു കാലങ്ങളായി.

ഐഐടി ക്യാംപസിൽ അഞ്ചാറു വർഷം പഠിച്ച ചിലർ ബിടെക്, എംടെക് ബിരുദങ്ങൾ നേടിയിരിക്കുമെന്നു തീർച്ചയാണ്.

ചില നായപിടിത്തക്കാർ എംഎ, എംഎസ്‌സി ബിരുദങ്ങളായിരിക്കും നേടുക. അതെല്ലാം അവരുടെ അഭിരുചി അനുസരിച്ചാകും. ഇവർക്കൊന്നും ബിരുദദാനച്ചടങ്ങു നടത്തി സർട്ടിഫിക്കറ്റുകൾ നൽകാത്തതു കാലാകാലങ്ങളായി മനുഷ്യൻ മൃഗങ്ങളോടു കാണിക്കുന്ന അവഗണനയുടെ ഭാഗമാണ്. ഇതൊന്നും മേനക ഗാന്ധിയെപ്പോലുള്ള മൃഗസ്നേഹികളുടെ ശ്രദ്ധയിൽപെടാത്തത് ഐഐടി ബോർഡ് ഓഫ് ഗവേണേഴ്സിന്റെ ഭാഗ്യമെന്നു കരുതിയാൽ മതി.

സത്യത്തിൽ ഐഐടികളിൽ അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടിക്കാനും പരിപാലിക്കാനും ഏറ്റവും ചുരുങ്ങിയത് എംടെക് യോഗ്യതയെങ്കിലും ഏർപ്പെടുത്തണം. ആദ്യ പരിഗണന എംടെക്കുകാർക്കു നൽകിയാൽ അടുത്തത് എംഎ, എംഎസ്‌സി ബിരുദക്കാർക്കാവണം. ഇതൊന്നും ഐഐടിയിലെ മിടുക്കന്മാരായ വിദ്യാർഥികളെ അപമാനിക്കാനാണെന്നു തെറ്റിദ്ധരിക്കരുത്.

പിന്നെ ഈ നാട്ടിൽ ആരാച്ചാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചാലും എംടെക്കുകാരും ഡബിൾ എംഎക്കാരും അപേക്ഷിക്കും. ഡൽഹി ഐഐടിക്കു പ്രതിമാസം 45,000 രൂപ കൊടുത്ത് നായപരിപാലകരെ നിയമിക്കാമെങ്കിൽ ജയിലുകളിൽ അതിൽ കുറയാത്ത ശമ്പളം നൽകി ആരാച്ചാർമാരെയും നിയമിക്കാവുന്നതാണ്. പിഎച്ച്ഡിക്കാർക്കു മുൻഗണന നൽകണമെന്നു മാത്രം.

ഇതു തീർത്തും സ്വാഭാവികം!

‌ഒരാളൊരു ബിസിനസ് തുടങ്ങുന്നു, അതു പൊളിയുന്നു. അതോടെ സംരംഭത്തിൽ നിക്ഷേപിച്ചവരുടെ പണം സ്വാഹയാകുന്നു. ഇതിലെന്താണു ചതിയും വഞ്ചനയും? കുഞ്ഞാലിക്കുട്ടി സായ്‌വ് ചോദിച്ച ഈ ചോദ്യം തികച്ചും യുക്തിസഹമാണ്. ഇക്കാലത്തു കേരളത്തിൽ സംരംഭങ്ങൾ തുടങ്ങാനും നിക്ഷേപം നടത്താനും അസാമാന്യ ചങ്കൂറ്റം വേണം. അതാണു മഞ്ചേശ്വരം എംഎൽഎ എം.സി.കമറുദ്ദീൻ കാണിച്ചത്.

അദ്ദേഹവും ലീഗിലെ ചില അടുത്ത സഹപ്രവർത്തകരും ചേർന്നു തുടങ്ങിയതു ജ്വല്ലറി ബിസിനസായതു സ്വാഭാവികം. അതിനു വേണ്ടി കുറെപ്പേരിൽ നിന്നു നിക്ഷേപം സ്വീകരിച്ചത് അതിലും സ്വാഭാവികം. ജ്വല്ലറി പൊളിഞ്ഞപ്പോൾ നിക്ഷേപകർ ഗോപി വരയ്ക്കേണ്ടി വന്നതു സുസ്വാഭാവികം. കള്ളവും ചതിയും വഞ്ചനയും നടത്തിയിട്ടുണ്ടെന്നു സംശയലേശമെന്യേ തെളിയുന്നതു വരെ കമറുദ്ദീനെതിരെ മുസ്‌ലിം ലീഗ് ഒരു നടപടിയുമെടുക്കരുത്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്നല്ലേ നീതിന്യായ വ്യവസ്ഥയുടെ ആപ്തവാക്യം? 

ഗൃഹാതുരത്വം നിറയുമ്പോൾ

പി.കെ.കുഞ്ഞാലിക്കുട്ടിക്കു പിന്നാലെ, കേരള രാഷ്ട്രീയത്തിലേക്കു തിരിച്ചുവരാൻ കോൺഗ്രസ് എംപിമാർ ക്യൂ നിൽക്കുകയാണെന്നു വാർത്തകൾ കേൾക്കുന്നുണ്ട്. സംഗതി സത്യമാണെങ്കിൽ അവരെ കുറ്റപ്പെടുത്തേണ്ടതില്ല. കേന്ദ്രത്തിൽ യുപിഎ സർക്കാർ അധികാരത്തിൽ വരികയും കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾക്കു തിരഞ്ഞെടുപ്പിൽ എന്തെങ്കിലും തട്ടുകേടു സംഭവിക്കുകയും ചെയ്താൽ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞു കിടക്കരുതെന്നു വിചാരിച്ചാണ് പലരും ലോക്സഭയിലേക്കു മത്സരിച്ചതു തന്നെ. അതുമല്ലെങ്കിൽ കാബിനറ്റ് മന്ത്രിസ്ഥാനമെങ്കിലും ആളില്ലാതെ കിടക്കരുത്.

പാർട്ടിക്കു വേണ്ടി ചെയ്യുന്ന ത്യാഗമെന്നു മാത്രമേ ഇതിനെ വിശേഷിപ്പിക്കാൻ കഴിയൂ. അല്ലാതെ കേരളത്തോടു സ്നേഹമില്ലാഞ്ഞിട്ടോ അധികാരത്തോട് ആർത്തി മൂത്തിട്ടോ അല്ല. കോൺഗ്രസിന്റെയും യുപിഎയുടെയും ഭാഗ്യവശാൽ ഈ പ്രതീക്ഷിച്ചതൊന്നും സംഭവിച്ചില്ല. അന്നു തുടങ്ങിയതാണു ഡൽഹിയിലെ ചില കോൺഗ്രസ് എംപിമാർക്കു കേരളത്തോടുള്ള ഗൃഹാതുരത്വം. നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് എന്നു പാട്ടും പാടിയാണു മിക്കവരുടെയും നടപ്പ്. അധികാരമില്ലാതെ ഡൽഹിയിലെ കൊടുംചൂടിലും ചോര കട്ടയാക്കുന്ന തണുപ്പിലും പിടിച്ചുനിൽക്കാനുള്ള പ്രയാസം അനുഭവിച്ചവർക്കു മാത്രമേ മനസ്സിലാകൂ.

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരികയും കുഞ്ഞുരമേശിനും കുഞ്ഞൂഞ്ഞിനും കുഞ്ഞാപ്പയ്ക്കുമെല്ലാം അധികാരത്തോടു വിരക്തി തോന്നുകയും ചെയ്താൽ കേരളം അനാഥമാകാൻ പാടില്ലല്ലോ! ഈയൊരു സദുദ്ദേശ്യം മാത്രമാണ് ഈ ഗൃഹാതുരത്വത്തിന്റെ ആക്കം കൂട്ടുന്നത്.

സ്റ്റോപ് പ്രസ്: തിരുവോണ ദിവസം മുഖ്യമന്ത്രിയുടെ വീട്ടിൽനിന്നു തനിക്കു പായസം കൊടുത്തയച്ചെന്നു മന്ത്രി കെ.ടി.ജലീലിന്റെ ഫെയ്സ്ബുക് പോസ്റ്റ്.

പായസം കഴിച്ചുകഴിഞ്ഞയുടൻ ചോദ്യം ചെയ്യലിനുള്ള നോട്ടിസ് കിട്ടി!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA