ADVERTISEMENT

കോവിഡ് മഹാമാരി കാര്യമായി ബാധിച്ച മേഖലകളിലൊന്നാണ് ഇന്ത്യയുടെ കയറ്റുമതിരംഗം. വ്യാവസായിക ഉൽപന്ന കയറ്റുമതിയിൽ ഏപ്രിൽ – ജൂലൈയിൽ മുൻവർഷത്തെ അപേക്ഷിച്ച് 30% ഇടിവുണ്ടായി. എന്നാൽ, കാർഷികോൽപന്ന കയറ്റുമതിയിൽ – പ്രത്യേകിച്ച്, ഭക്ഷ്യധാന്യങ്ങളും എണ്ണയും – വലിയ വർധനയുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് ജൂലൈയിൽ ബസുമതി അരിയുടെ കയറ്റുമതി വളർച്ച 48 ശതമാനമാണ്. മറ്റു ഭക്ഷ്യധാന്യങ്ങളുടേത് 205%. എണ്ണക്കുരുക്കൾ 33%. ബസുമതി ഇതര അരി 56%. ഗോതമ്പ് 130%. പയർവർഗങ്ങൾ 28%.

ഭക്ഷ്യോൽപാദന രംഗത്തുണ്ടായ കുതിപ്പാണ് ഇതിനു പ്രധാന കാരണം. 3 സുപ്രധാന ഓർഡിനൻസുകളിലൂടെ കാർഷികോൽപന്ന വിപണിയെ സ്വതന്ത്രമാക്കിയതും സഹായിച്ചു. അവശ്യസാധന നിയമഭേദഗതി സർക്കാരിന്റെ കടുത്ത നിയന്ത്രണങ്ങളിൽനിന്നു വിപണിയെ സ്വതന്ത്രമാക്കി.

dhar
ഡോ. ബിശ്വജിത് ധർ

കാർഷികോൽപന്ന വിപണന പ്രോത്സാഹന ഓർഡിനൻസും വിലസ്ഥിരത, കാർഷിക സേവന സംരക്ഷണ ഓർഡിനൻസും കർഷകരെ ശാക്തീകരിക്കുന്നതിൽ കാര്യമായ പങ്കു വഹിച്ചു. മൊത്ത, ചെറുകിട, കയറ്റുമതി ഇടപാടുകാർക്കെതിരെ കൂടുതൽ വിലപേശൽശേഷി കർഷകർക്കുണ്ടായി. വൻകിടക്കാർക്കു കാർഷികോൽപന്ന വിപണനസമിതികളെ മറികടന്നു കർഷകരുമായി നേരിട്ട് ഇടപാടിനും വഴിയൊരുങ്ങി.

അവശ്യസാധന നിയമഭേദഗതി: ചതിക്കുഴികൾ

നേരിയ വിലക്കയറ്റം പോലും സമൂഹത്തെ കാര്യമായി ബാധിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഇക്കാലത്ത് ഭക്ഷ്യോൽപന്ന വിപണിയെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ട സാഹചര്യമാണുള്ളത്. ജൂലൈയിലെ ഉപഭോക്തൃ സൂചിക ഭക്ഷ്യവില മുകളിലേക്കാണെന്നു വ്യക്തമാക്കുന്നു.

അവശ്യസാധന നിയമഭേദഗതി അനുസരിച്ച് ചെറുകിട വിൽപനവിലയിൽ 50% വർധനയുണ്ടായാലേ സർക്കാർ ഇടപെടൂ എന്ന നിബന്ധന ഏറെ ദോഷം ചെയ്യുന്നതാണ്. കാർഷികോൽപന്ന വിപണനസമിതികളെ ഇടനിലക്കാർ നിയന്ത്രിച്ചിരുന്നത് കർഷകരുടെ താൽപര്യങ്ങൾ അവഗണിച്ചായിരുന്നു. വൻകിടക്കാർക്കു കർഷകരുമായി നേരിട്ട് ഇടപാടാകാം എന്ന സർക്കാർ നിലപാട് അതിലും ദോഷകരമാകുകയാണ്. കർഷകരുടെ വരുമാനം വർധിപ്പിക്കാൻ, കർഷക സംഘടനകൾക്കു നിർണായക സ്ഥാനമുള്ള കാര്യക്ഷമമായ വിപണന സംവിധാനം കൊണ്ടുവരണം എന്നായിരുന്നു സ്വാമിനാഥൻ കമ്മിഷന്റെ ശുപാർശ.

വ്യാപാരികളെ സഹായിക്കും വിധമാണ് ഈ ഓർഡിനൻസുകൾ കൊണ്ടുവന്നത്. ഉൽപാദനച്ചെലവിന്റെ ശരാശരിയിൽ 50% കൂട്ടിവേണം താങ്ങുവില നിശ്ചയിക്കാനെന്ന സ്വാമിനാഥൻ കമ്മിഷൻ ശുപാർശയും അവഗണിക്കപ്പെട്ടു.

കയറ്റുമതി താൽപര്യങ്ങൾ കർഷകർക്കു ഗുണകരമല്ല

കയറ്റുമതിക്ക് അമിത പ്രാധാന്യം നൽകുന്ന ഓർഡിനൻസുകൾ കൃഷിമേഖലയ്ക്കു ഗുണകരമല്ല. ഭക്ഷ്യസുരക്ഷയും ഗ്രാമീണജീവിത സംരക്ഷണവും ലക്ഷ്യമിട്ട് 5 പതിറ്റാണ്ടായി നാം പിന്തുടരുന്ന കാർഷികനയങ്ങളിൽ നിന്നുള്ള വ്യതിയാനമാണിത്. സാമ്പത്തിക ഉദാരവൽക്കരണവും ലോകവ്യാപാര സംഘടനയിലെ ഇന്ത്യയുടെ അംഗത്വവുമാണ് ഈ മാറ്റത്തിനു കാരണമായത്.

യുഎസും യൂറോപ്യൻ യൂണിയനും പ്രോത്സാഹിപ്പിക്കുന്ന ആഗോള കാർഷിക വിപണികളുടെ ഉദാരവൽക്കരണം ലോകവ്യാപാര സംഘടനയിൽ വലിയ തർക്കവിഷയമാണ്. ‘രാജ്യത്തിന്റെ ജീവനാഡിയായ കൃഷിമേഖലയുടെ താൽപര്യങ്ങൾ സംരക്ഷിച്ചും ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തിയും’ മാത്രമേ, ഇന്ത്യൻ സർക്കാർ പ്രവർത്തിക്കുകയുള്ളൂ എന്ന് 1994ൽ അന്നത്തെ വാണിജ്യമന്ത്രി പ്രണബ് മുഖർജി ലോകവ്യാപാര സംഘടനയിൽ അസന്ദിഗ്ധമായി വ്യക്തമാക്കിയതുമാണ്.

യുഎസ്, യൂറോപ്യൻ യൂണിയൻ ഇറക്കുമതി ഉൽപന്നങ്ങളെ കടുത്ത തീരുവകളിലൂടെ പ്രതിരോധിക്കാനും ഇന്ത്യയുടെ കൃഷിമേഖലയെ സംരക്ഷിക്കാനും നമുക്കു കഴിഞ്ഞിരുന്നു. മറ്റു രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറുകളിലെല്ലാം നാം ഈ നയം പിന്തുടർന്നുപോന്നു. തായ്‍ലൻഡ്, മലേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളുമായി കരാറുണ്ടാക്കിയപ്പോഴും ആഭ്യന്തരവിപണിയെ ഇറക്കുമതി ആഘാതത്തിൽനിന്നു സംരക്ഷിക്കാൻ ഇതു സഹായിച്ചു.

കാർഷിക നയങ്ങളിലെ നിലപാടുമാറ്റം ഏറെ പ്രയാസമുണ്ടാക്കുന്നതാവും. ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറുകളിലും ലോക വ്യാപാരസംഘടനയിലെ നിലപാടുകളിലും ഇന്ത്യയുടെ കയറ്റുമതി അനുകൂല നയം സ്വീകാര്യമാകാനിടയില്ല. ഇന്ത്യൻ വിപണിയെ ഇറക്കുമതിക്കായി തുറന്നുകൊടുക്കാൻ തിടുക്കപ്പെടും മുൻപ് സർക്കാർ ആഭ്യന്തര വിപണിയെ സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ നിലനിർത്തുന്നതിനും കൃഷിയെ നേരിട്ടും അല്ലാതെയും ആശ്രയിക്കുന്ന രാജ്യത്തെ 60% ജനങ്ങളുടെ ജീവിതമാർഗം സംരക്ഷിക്കുന്നതിനും പദ്ധതി ഉറപ്പുവരുത്തണമായിരുന്നു.

(ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാല സെന്റർ ഫോർ  ഇക്കണോമിക് സ്റ്റഡീസ് ആൻഡ്  പ്ലാനിങ്ങിൽ പ്രഫസറാണു ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com