ADVERTISEMENT

സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടുവെന്നതു കേരളത്തെ അതീവജാഗരൂകമാക്കുന്നതിനോടെ‍ാപ്പംതന്നെ, ഇവരിൽ മുക്കാൽ പങ്കും കോവിഡ് മുക്തരായെന്നത് അത്യധികം ആശ്വാസം തരികയും ചെയ്യുന്നു. സങ്കീർണമായ എല്ലാ രോഗങ്ങളുടെയും പരിശോധനയ്ക്കും ചികിത്സയ്ക്കും ഗവേഷണത്തിനുമുള്ള പരിപൂർണവും സുസജ്ജവുമായ സംവിധാനം കേരളത്തിൽ അടിയന്തരമായി ഉണ്ടാകണമെന്നുകൂടി ഇപ്പോഴത്തെ സാഹചര്യം ഓർമിപ്പിക്കുന്നുണ്ട്. സാധാരണക്കാർക്കു കുറഞ്ഞ ചെലവിൽ മികച്ച ചികിത്സാസൗകര്യം ഉറപ്പാക്കി, ഇന്നു കോന്നിയിൽ പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ സർക്കാർ മെഡിക്കൽ കോളജ് ഒപി ഉദ്ഘാടനം ചെയ്യുമ്പോൾ അതുകൊണ്ടുതന്നെ, പ്രതീക്ഷയുടെ മറ്റൊരു വാതിലാണു തുറക്കുന്നത്.

കോവിഡ്കാലത്തു രാജ്യത്തു കമ്മിഷൻ ചെയ്യപ്പെടുന്ന ആദ്യ മെഡിക്കൽ കോളജാണു കോന്നിയിലേത്. അഞ്ചു വർഷത്തിനുള്ളിൽ സൂപ്പർ സ്പെഷ്യൽറ്റി നിലവാരത്തിലേക്ക് ഉയരാൻ ആവശ്യമായ കെട്ടിടങ്ങളോടുകൂടി ഒരു മെഡിക്കൽ കോളജ് സംസ്ഥാനത്തിന്റെ സമീപകാല ചരിത്രത്തിൽത്തന്നെ ആദ്യമാണ്. മികച്ച ചികിത്സ സാധാരണക്കാർക്കും പ്രാപ്യമാകുന്നു എന്നതുതന്നെയാണ് എടുത്തുപറയേണ്ട കാര്യം. കോന്നിയുടെ പ്രാന്തപ്രദേശങ്ങളിൽനിന്നു വിദഗ്ധചികിത്സയ്ക്കായി ഇപ്പോൾ ആശ്രയിക്കുന്നത് 100 കിലോമീറ്റർ അകലെയുള്ള തിരുവനന്തപുരം, 77 കിലോമീറ്റർ ദൂരമുള്ള കോട്ടയം എന്നിവിടങ്ങളിലെ മെഡിക്കൽ കോളജുകളെയാണ്. 300 കിടക്കകളാണ് ആദ്യ ഘട്ടത്തിൽ വിഭാവനം ചെയ്യുന്നത്. ഒപി തുറന്നശേഷമുള്ള പുരോഗതി പഠിച്ചശേഷം 5 മാസത്തിനുള്ളിൽ കിടത്തിച്ചികിത്സയും ആരംഭിക്കും.

ശബരിമല തീർഥാടകർക്കായി ഹെലിപാഡ് അടക്കം എയർ ആംബുലൻസ് സംവിധാനങ്ങളോടെയാണ് ഈ മെഡിക്കൽ കോളജ് ഉയരുന്നത്. ഈ തീർഥാടന കാലത്തുതന്നെ അതിനുള്ള നടപടികളിലേക്കു കടക്കുമെന്ന് അധികൃതർ സൂചിപ്പിച്ചു കഴിഞ്ഞു. ഈ വർഷം തന്നെ 50 കുട്ടികൾക്ക് എംബിബിഎസ് പ്രവേശനം നൽകാനായാൽ അതും നേട്ടമാകും. കോന്നി മെഡിക്കൽ കോളജ് ഗവേഷണ പ്രവർത്തനങ്ങൾക്കു നൽകുന്ന പ്രാധാന്യം പുതിയ കാലത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞുതന്നെയാണ്. മൂഴിയാർ – അച്ചൻകോവിൽ മേഖലയിലെ ആദിവാസി സമൂഹങ്ങളും നാലു ജില്ലകളിലെ മലയോര കർഷകജനതയും നേരിടുന്ന എലിപ്പനി, ഡെങ്കി രോഗങ്ങൾക്കെതിരായ ഗവേഷണ കേന്ദ്രമായി കോന്നിയെ ഭാവിയിൽ വികസിപ്പിക്കാനാവുമെന്നാണു വിദഗ്ധർ പറയുന്നത്.

രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണവും പരിശോധനയും പരമാവധി വർധിപ്പിക്കണമെന്നുതന്നെയാണ് ഈ കോവിഡ് കാലം ഓർമിപ്പിക്കുന്നത്. കോവിഡ് പരിശോധനയുടെ കാര്യത്തിൽ ഇപ്പോഴത്തെ മെല്ലെപ്പോക്ക് അവസാനിക്കുകതന്നെ വേണം. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എത്രയുംവേഗം പൂർണതോതിൽ പ്രവർത്തന സജ്ജമാകേണ്ടതുണ്ട്. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സൗകര്യങ്ങൾ പൂർണമായി വിനിയോഗിക്കേണ്ടതും അത്യാവശ്യമാണ്. കഴിഞ്ഞ ജനുവരിയിൽ തുടങ്ങുമെന്നു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ഇപ്പോഴും ചുവപ്പുനാടക്കുരുക്കിലാണ്. ഈ സ്ഥാപനം പ്രവർത്തനം തുടങ്ങിയിരുന്നെങ്കിൽ കോവിഡ്കാലത്ത് വലിയ സഹായങ്ങൾ ലഭിക്കുമായിരുന്നു.

കാസർകോട് ചട്ടഞ്ചാലിൽ ടാറ്റാ പ്രോജക്ട്സ് നിർമിച്ച് സർക്കാരിനു കൈമാറിയ, കേരളത്തിലെ ആദ്യ സമ്പൂർണ കോവിഡ് ആശുപത്രി പ്രതീക്ഷ തരുന്നുണ്ട്. ഇനിയും ഒരുക്കങ്ങൾ ബാക്കിയുണ്ടെന്നിരിക്കെ, പ്രവർത്തനം തുടങ്ങുന്ന കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല. പ്രമുഖ വ്യവസായി എം.എ.യൂസഫലിയുടെ ഉടമസ്ഥതയിൽ തൃശൂർ നാട്ടികയിലുള്ള സമുച്ചയത്തിൽ 2 കോടി രൂപ ചെലവിട്ടു സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററും ഒട്ടേറെപ്പേർക്ക് ആശ്വാസം പകരും. ഇവിടെ 1400 കിടക്കകളുണ്ട്.

കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തിൽ, സർവസജ്ജമായിവേണം നമ്മുടെ ആരോഗ്യമേഖല ജാഗ്രത പുലർത്താൻ. ചികിത്സാസൗകര്യങ്ങൾ ലഭ്യമാകാത്ത അവസ്ഥ സംസ്ഥാനത്ത് ഉണ്ടായിക്കൂടാ. ഇനി വെന്റിലേറ്ററുകൾക്കും ക്ഷാമം വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇപ്പോൾത്തന്നെ വെന്റിലേറ്ററുകൾ വേണ്ടത്ര കിട്ടാനില്ലാത്ത അവസ്ഥയാണ്. കോവിഡ് വ്യാപനത്തിന്റെ തീവ്രത തിരിച്ചറിഞ്ഞ് ആശുപത്രിസൗകര്യങ്ങൾ ഇനിയുമേറെ വർധിപ്പിക്കാൻ സർക്കാർ മുഖ്യശ്രദ്ധ നൽകിയേതീരൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com