ആർദ്രതയുടെ സ്പന്ദനം

subhadhinam
SHARE

രാജകുമാരിയും പരിവാരങ്ങളും കാടു കാണാൻ ഇറങ്ങിയതാണ്. ഒരു തവള മുന്നിൽ കിടന്നു കരയുന്നു. ശ്രദ്ധിക്കാതെ നടന്നെങ്കിലും അത് അസഹനീയമായ ശബ്ദത്തിൽ ബഹളം വയ്ക്കാൻ തുടങ്ങി. മറ്റുള്ളവരെല്ലാം എതിർത്തെങ്കിലും കുമാരി തിരിച്ചുനടന്ന് തവളയുടെ അടുത്തെത്തി. കുറച്ചുനേരം ആ തവളയെത്തന്നെ നോക്കിയിരുന്നു. കരച്ചിലിന്റെ ശബ്ദം കുറഞ്ഞെങ്കിലും അത് എന്തോ പറയാൻ ശ്രമിക്കുകയാണെന്നു കുമാരിക്കു തോന്നി. അവളതിനെ കയ്യിലെടുത്തു. അദ്ഭുതം; തവള സുന്ദരനായ രാജകുമാരനായി മാറി! 

അനർഹരുടെ ജീവിതത്തിലെ അസാധാരണ ഇടപെടലുകൾ അദ്ഭുതങ്ങൾ സൃഷ്ടിക്കും. കൈനീട്ടുന്ന ഒരാളും അർഹമായതിന്റെ അവകാശം ചോദിക്കുന്നതല്ല; അലിവിന്റെ സുകൃതം ചോദിക്കുന്നതാണ്. അസാധാരണമായി ഒരാൾ കൈകൂപ്പുകയോ കരഞ്ഞപേക്ഷിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അത്രമേൽ ദയനീയമായിരിക്കും അയാളുടെ അവസ്ഥ. ആത്മാഭിമാനത്തിന്റെ അവസാന കണികയും എടുത്തുകളഞ്ഞിട്ടായിരിക്കും അവൻ നിലവിളിക്കുന്നത്. ആരുമില്ലാത്തവരുടെ എല്ലാമാകാൻ ആർക്കും കഴിഞ്ഞെന്നു വരില്ല. പക്ഷേ, സാധാരണമെന്നു കരുതുന്ന ചെറിയ കരസ്പർശം പോലും അവിചാരിതമായ വഴിത്തിരിവുകൾ സൃഷ്ടിച്ചേക്കാം.

കരയുന്നവരുടെ കണ്ണിലേക്കു നോക്കാൻ തയാറായാൽ കരച്ചിലിന്റെ കടുപ്പം കുറയും. നിലവിളിക്കുന്നവരോടു പല രീതിയിലാണ് ആളുകൾ പ്രതികരിക്കുന്നത്. ഭൂരിഭാഗം പേരും അവഗണിക്കും; ചിലർ പരിഹസിക്കും; കുറച്ചുപേർ പേരെടുക്കാനുള്ള സാധ്യത പരിശോധിക്കും; ചിലർ സഹതപിച്ചു പിരിയും; വളരെക്കുറച്ചുപേർ ആശ്രയമാകും. അവർ അടുത്തിരുന്ന് ആശ്വസിപ്പിച്ച് ആവശ്യമായതു ചെയ്തുകൊടുക്കും. 

കരച്ചിലിന്റെ സത്യസന്ധത അളക്കുന്ന യന്ത്രവുമായി നടക്കുന്നവരുടെ ഹൃദയമിടിപ്പിൽ ആർദ്രതയുടെ സ്പന്ദനമുണ്ടാകില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA