ADVERTISEMENT

കേരളത്തിന്റെ സംഘടനാ ചുമതലയിൽ താരിഖ് അൻവറിനെ നിയമിക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം വന്നപ്പോൾ, ജിമ്മി ജോർജ് ഉണ്ടായിരുന്നുവെങ്കിൽ സന്തോഷം കൊണ്ടു തുള്ളിച്ചാടിയേനെ. ശരദ് പവാറും പി.എ. സാങ്മയും താരിഖ് അൻവറും ചേർന്നു രൂപംകൊടുത്ത എൻസിപിയുടെ ദേശീയ സെക്രട്ടറിയായിരുന്ന ജിമ്മി ജോർജ് 2017ൽ 52–ാം വയസ്സിലാണു മരിച്ചത്. 

റഫാൽ ഇടപാടിൽ നരേന്ദ്ര മോദിയുടെ കൈകൾ ശുദ്ധമാണെന്ന ശരദ് പവാറിന്റെ പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് 2018ലാണ് അൻവർ കോൺഗ്രസിൽ തിരിച്ചെത്തിയത്. റഫാൽ ഇടപാടിനെതിരെ രാഹുൽ ഗാന്ധിയുടെ വിമർശനത്തെ ശക്തമായി പിന്തുണയ്ക്കുകയാണ് അൻവർ ചെയ്തത്. മഹാരാഷ്ട്രയിൽനിന്ന് എൻസിപി പ്രതിനിധിയായി തന്നെ രണ്ടുവട്ടം രാജ്യസഭയിലേക്ക് അയച്ചതിൽ ശരദ് പവാറിനോടു നന്ദി പ്രകടിപ്പിച്ച് വിദ്വേഷമില്ലാതെയാണ് അൻവർ എൻസിപി വിട്ടത്. 

സോണിയയുടെ വിദേശവേരുകൾ ചൂണ്ടിക്കാട്ടിയാണ് അവർക്കു കോൺഗ്രസിനെ നയിക്കാനുള്ള യോഗ്യതയില്ലെന്നാരോപിച്ചുള്ള കത്ത് എഐസിസി സെക്രട്ടറിയായിരിക്കെ അൻവർ, പവാറിനും സാങ്മയ്ക്കുമൊപ്പം ഒപ്പുവച്ചത്. 

ജിമ്മി ജോർജ് അൻവറിന്റെ ആരാധകനായിരുന്നു. അൻവറാകട്ടെ, ജോർജിനെ കുടുംബാംഗത്തെപ്പോലെ കരുതി. അൻവറിന്റെ പാത പിന്തുടർന്നു കോൺഗ്രസിൽ‌ എത്തുമായിരുന്നോ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ജിമ്മി ജോർജ് ഇപ്പോൾ നമ്മോടൊപ്പമില്ല.

സോണിയ ഗാന്ധിയുടെ കാലത്ത് കോൺഗ്രസിൽനിന്നു പുറത്താക്കപ്പെട്ട അൻവറിനെ 21 വർഷത്തിനുശേഷം ജനറൽ സെക്രട്ടറിയായി പുനർനിയമിച്ചത് സോണിയ തന്നെയാണെന്നത് വൈരുധ്യമായി തോന്നാം. കോൺഗ്രസിന്റെ അടുത്ത അധ്യക്ഷനായി രാഹുൽ തന്നെ എത്തുന്നുവെന്നതിന്റെ പല സൂചനകളിലൊന്നാണ് അൻവറിന്റെ നിയമനം. 2017ൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള കമ്മിഷൻ നിശ്ചയിച്ച സമയക്രമം ഇപ്പോഴത്തെ സംഘടനാ തിരഞ്ഞെടുപ്പു കമ്മിഷൻ മധുസൂദൻ മിസ്ട്രി പിന്തുടരുകയാണെങ്കിൽ, കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാൻ ഇനി 7 മാസം മാത്രം.

പാർലമെന്റ് സമ്മേളനത്തിനു തൊട്ടുമുൻപേ അഴിച്ചുപണി പ്രഖ്യാപിച്ചശേഷം പതിവു വൈദ്യപരിശോധനയ്ക്കായി സോണിയ രാഹുലിനൊപ്പം യുഎസിലേക്കു പോയത് എഐസിസിയിലെ നയപരമായ മരവിപ്പ് അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഗുലാം നബി ആസാദ്, കപിൽ സിബൽ, ശശി തരൂർ എന്നിവരടക്കം 23 നേതാക്കൾ നൽകിയ കത്തിന്റെ പ്രത്യാഘാതമാണിത്.

കത്തെഴുത്തുകാരിൽ ചിലർക്കു പുനഃസംഘടനയിൽ നേട്ടങ്ങളും മറ്റു ചിലർക്കു നഷ്ടങ്ങളും സംഭവിച്ചതിൽ പലതരം വ്യാഖ്യാനങ്ങളാണുള്ളത്. ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ദീർഘകാലമായി കൊണ്ടുനടന്നിരുന്ന കേരളത്തിന്റെയും തമിഴ്നാടിന്റെയും ചുമതല അദ്ദേഹത്തിനു നഷ്ടമായി. പകരം, നിർണായക ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്ന മധ്യപ്രദേശിന്റെ ചുമതല നൽകി. എഐസിസി സമ്മേളനം വരെ സോണിയയെ സഹായിക്കാനുള്ള, എ.കെ.ആന്റണി നേതൃത്വം നൽകുന്ന പ്രത്യേക സമിതിയിലും അദ്ദേഹത്തെ ഉൾപ്പെടുത്തി. ഏറ്റവുമധികം കാലം ജനറൽ സെക്രട്ടറി പദവിയിൽ തുടർന്ന ഗുലാം നബി ആസാദിന് ആ സ്ഥാനം നഷ്ടമായി. പക്ഷേ, പ്രവർത്തകസമിതിയിൽ തുടരും. ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശമായി മാറിയതിനാൽ ഗുലാം നബിയുടെ രാജ്യസഭാ നാമനിർദേശം അനിശ്ചിതത്വത്തിലാണ്. കശ്മീരിൽ നിയമസഭ നിലവിൽ വന്നിട്ടുമില്ല.

അടുത്ത വർഷമാദ്യം തിരഞ്ഞെടുപ്പു നടക്കാൻ പോകുന്ന 5 സംസ്ഥാനങ്ങളിൽ പുനഃസംഘടനയുണ്ടായിട്ടുണ്ട്. കേരളത്തിൽ അൻവർ എന്ന പോലെ, തിരഞ്ഞെടുപ്പു നടക്കാൻ പോകുന്ന തമിഴ്നാടിന്റെയും പുതുച്ചേരിയുടെയും ചുമതല ദിനേശ് ഗുണ്ടുറാവുവിനാണ്. ഈ 3 സംസ്ഥാനങ്ങളിലും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും സഖ്യകക്ഷികളും മികച്ച പ്രകടനം കാഴ്ചവച്ചതാണ്. തമിഴ്നാട്ടിൽനിന്നുള്ള എംപി ഡോ.ചെല്ലകുമാറിന് ഒഡീഷയുടെ ചുമതലയാണു ലഭിച്ചത്. ഉമ്മൻ ചാണ്ടി ആന്ധ്രയുടെ ചുമതലയിൽ തുടരുന്നു. ഈ രണ്ടു സംസ്ഥാനങ്ങളിലും 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണു നിയമസഭാ തിരഞ്ഞെടുപ്പും എന്നതിനാൽ, പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള ജോലികളാണുള്ളത്.

കർണാടകയിലെ സ്ഥിതി സംബന്ധിച്ച സന്ദേശം കൂടുതൽ സങ്കീർണമാണ്. ഗോവയിലും പിന്നീടു കർണാടകയിലും കെ.സി.വേണുഗോപാലിന്റെ സേവനം രാഹുലിന്റെ പ്രശംസ നേടിയതാണ്. വേണുഗോപാൽ നിലവിൽ സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ തിരക്കിലുമാണ്. ഇതോടെ രാഹുലിന്റെ മറ്റൊരു വിശ്വസ്തനായ രൺദീപ് സിങ് സുർജേവാലയ്ക്കു കർണാടകയുടെ ചുമതല ലഭിച്ചു. സംഘടനാകാര്യങ്ങളിൽ ഒട്ടേറെ വർഷങ്ങളുടെ പ്രവർത്തനപരിചയമുള്ള മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭാകക്ഷി നേതാവ് എന്ന നിലയിൽ പ്രവർത്തക സമിതിയിൽ പ്രത്യേക ക്ഷണിതാവാണെങ്കിലും എഐസിസിയിൽ അദ്ദേഹത്തിന്റെ വിശ്വസ്തർ ആരുമില്ല. മാത്രമല്ല, മഹാരാഷ്ട്രയുടെ ചുമതല ലഭിച്ച എച്ച്.കെ.പാട്ടീൽ, സിദ്ധരാമയ്യയുടെ കടുത്ത വിമർശകനുമാണ്. നേരത്തേ മുൻ എഐസിസി സെക്രട്ടറി ബി.കെ.ഹരിപ്രസാദിനെ ലെജിസ്ലേറ്റീവ് കൗൺസിൽ പാർട്ടി അംഗമാക്കി ഹൈക്കമാൻഡ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയിരുന്നു. കർണാടകയിലെ ജനതാദൾ–കോൺഗ്രസ് സർക്കാരിനെ നിലനിർത്താൻ സിദ്ധരാമയ്യ പരാജയപ്പെട്ടത് ഹൈക്കമാൻഡിൽ അപ്രീതി ജനിപ്പിച്ചിട്ടുണ്ടെന്നു ചുരുക്കം.

പുതിയതായി ചുമതലയേറ്റ ഭാരവാഹികളിലാവും ഇനി ശ്രദ്ധ. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനായിരുന്ന അൻവറിന് കേരളത്തിലെ എല്ലാ ജില്ലകളിലും വിപുലമായ ബന്ധങ്ങളുണ്ട്. 1999ൽ അൻവർ എഐസിസി ജനറൽ സെക്രട്ടറിയായിരിക്കെ, രമേശ് ചെന്നിത്തലയും അതേ പദവിയിലുണ്ടായിരുന്നു. കോൺഗ്രസിലെ പുതുതലമുറ നേതാക്കളുമായി ഇടപഴകുകയും തിരഞ്ഞെടുപ്പിനു മുൻപേ യുഡിഎഫ് ഘടകകക്ഷികളുമായി നല്ല ബന്ധം വളർത്തിയെടുക്കുകയുമാണ് അൻവറിനു മുന്നിലുള്ള അടിയന്തര ദൗത്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com