കടഭാരത്തിന്റെ അഴിയാക്കുരുക്ക്

SHARE

കോവിഡ്കാലം രാജ്യത്തെ സാധാരണക്കാരിലേൽപിച്ച സാമ്പത്തികഭാരം ഇപ്പോഴും കടുത്ത രീതിയിൽ തുടരുമ്പോഴാണ് മൊറട്ടോറിയം വേളയിലെ കൂട്ടുപലിശയിലൂടെയുള്ള അധികാഘാതം. കോവിഡ് കാരണം സാമ്പത്തികത്തകർച്ച നേരിട്ടവർക്കു പിടിച്ചുനിൽക്കാൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ച ആറു മാസത്തെ വായ്പ മൊറട്ടോറിയം സാങ്കേതികമായി കഴിഞ്ഞ 31നാണ് അവസാനിച്ചത്. ഗുരുതര സാമ്പത്തികപ്രതിസന്ധി നേരിടുന്ന വ്യാപാരികളും കർഷകരുമടക്കമുള്ള ജനത തിരിച്ചടവു പുനരാരംഭിക്കാൻ വഴിയില്ലാതെയും പലിശഭാരത്താലും  ആശങ്കപ്പെടുന്നതു രാജ്യം കാണുന്നുണ്ട്. കോവിഡ് പ്രതിസന്ധി തുടരുന്ന സ്ഥിതിയിൽ, ബാങ്ക് വായ്പകളുടെ തിരിച്ചടവിനുള്ള മൊറട്ടോറിയം നീട്ടണമെന്നും മൊറട്ടോറിയം വേളയിലെ പലിശയും കൂട്ടുപലിശയും ഒഴിവാക്കണമെന്നുമുള്ള ആവശ്യങ്ങൾക്കു ലക്ഷക്കണക്കിനു ജീവിതങ്ങളുടെ വിലയുണ്ടെന്നതു കേന്ദ്ര സർക്കാരും റിസർവ് ബാങ്കും മറന്നുകൂടാ. 

കിടപ്പാടവും കൃഷിഭൂമിയും ജപ്തി ചെയ്യുന്നതുൾപ്പെടെയുള്ള ബാങ്ക് നടപടികൾ മുന്നിലുള്ളതു കർഷകരടക്കമുള്ള ഒട്ടേറെപ്പേരുടെ ഉറക്കം കെടുത്തിത്തുടങ്ങി. പ്രളയവും കൃഷിനാശവും മൂലം അല്ലെങ്കിൽത്തന്നെ കഷ്ടത്തിലായ കർഷകർ കോവിഡ് ഭീഷണി കൂടിയായതോടെ താങ്ങാനാവാത്ത പ്രതിസന്ധിയാണു നേരിടുന്നത്. വ്യാപാരികൾ മുതൽ അസംഘടിത മേഖലയിലെ തൊഴിലാളികൾ വരെ കഠിനകാലത്തെ അഭിമുഖീകരിക്കുന്നു. 

വായ്പ മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ ആനുകൂല്യം സ്വീകരിച്ചവർക്ക് അധികമായി 6 ഗഡുക്കളും അതിന്റെ പലിശയും അടയ്ക്കേണ്ടി വരുമെന്നതാണ് അവസ്ഥ. ഫലത്തിൽ വായ്പഭാരമേറും. മൊറട്ടോറിയം കാലയളവിൽ വായ്പകൾക്കു പലിശയും കൂട്ടുപലിശയും ഈടാക്കുന്നതിനെതിരെയുള്ള ഹർജികൾ സുപ്രീം കോടതി ഈ മാസം 28നു വീണ്ടും പരിഗണിക്കാനിരിക്കെ, അനുകൂലവിധിക്കായി കാത്തിരിക്കുകയാണ് കടഭാരംമൂലം ജീവിതം ചോദ്യചിഹ്നമായിത്തീർന്നവരൊക്കെയും. 

കഴിഞ്ഞ മാസം 31വരെ കിട്ടാക്കടമാകാത്ത ബാങ്ക് വായ്പകൾ ഇനി ഉത്തരവുണ്ടാകുംവരെ ആ ഗണത്തിൽ പെടുത്തരുതെന്ന് കഴിഞ്ഞ മൂന്നിനു കോടതി നിർദേശിച്ചിരുന്നു. ഈ നിർദേശം തൽക്കാലം പ്രാബല്യത്തിൽ തുടരും.  മൊറട്ടോറിയം കാലത്തും കൂട്ടുപലിശ എന്നത് അംഗീകരിക്കാനാവില്ലെന്നും റിസർവ് ബാങ്ക് നിലപാടു വ്യക്തമാക്കണമെന്നും കോടതി ആവർത്തിക്കുന്നത് അതീവഗൗരവത്തോടെ അധികൃതർ ഉൾക്കൊള്ളേണ്ടതുണ്ട്. വ്യക്തിഗത വായ്പകൾക്ക് ഉൾപ്പെടെ മൊറട്ടോറിയം രണ്ടു വർഷം വരെ നീട്ടാമെന്ന് റിസർവ് ബാങ്ക് കഴിഞ്ഞ മാസം ആറിനു വ്യക്തമാക്കിയിട്ടുണ്ടെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അതേസമയം, പലിശയിളവു സാധ്യമല്ലെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചു. 

പ്രതിസന്ധിയിൽനിന്നു കരകയറാൻ താൽക്കാലികമായി അനുവദിച്ചതാണു മൊറട്ടോറിയമെന്നാണ് റിസർവ് ബാങ്ക് വാദം. പലരും അനാവശ്യമായി ഈ സൗകര്യം പ്രയോജനപ്പെടുത്തിയെന്നും അവർ പറയുന്നു. മൊറട്ടോറിയം ഇനിയും നീട്ടിയാൽ തിരിച്ചടവു രീതി തന്നെ താളം തെറ്റിയേക്കാമെന്നും കോവിഡ്കാല സാമ്പത്തികപ്രശ്നങ്ങൾ പരിഹരിക്കാനുള്ള അടിസ്ഥാന നടപടികളാണു വേണ്ടതെന്നുമുള്ള വാദം പ്രശ്നത്തിന്റെ മറ്റൊരു വശമാണു ചൂണ്ടിക്കാണിക്കുന്നത്. തിരിച്ചടവുശേഷി നോക്കി മൊറട്ടോറിയം അനുവദിക്കേണ്ടവരുടെ പട്ടിക തയാറാക്കുകയെന്നതാണ് സർക്കാരിനു മുന്നിലുള്ള മറ്റൊരു നിർദേശം.

സാധാരണക്കാരന്റെ സങ്കടങ്ങൾ കൃത്യമായി മനസ്സിലാക്കേണ്ടതും അതു പരിഹരിക്കേണ്ടതും സർക്കാർതന്നെയാണ്. പക്ഷേ, കോവിഡ് പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പല പദ്ധതികളും ലക്ഷ്യത്തിലെത്തിയില്ലെന്നാണു വിമർശനം. ബജറ്റ് പ്രഖ്യാപനങ്ങൾ മിനുക്കിയെടുത്ത് വമ്പൻ പദ്ധതികളായി അവതരിപ്പിച്ചെങ്കിലും വേണ്ടത്ര പ്രയോജനം ജനങ്ങൾക്കു കിട്ടിയില്ല. വായ്പ തിരിച്ചടവുശേഷിയെ സഹായിക്കുന്ന മാറ്റങ്ങളാണു വേണ്ടതെങ്കിലും അതുമുണ്ടായിട്ടില്ല. ലോക്ഡൗൺ നീങ്ങിയെങ്കിലും കോവിഡ് ഞെരുക്കത്തിൽനിന്നു മിക്ക മേഖലകളും കരകയറിയിട്ടുമില്ല.

പലിശയിളവ് ബാങ്കുകളുടെ നിലനിൽപിനെ ബാധിക്കുമെന്നു കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ ന്യായീകരിച്ചപ്പോൾ കഴിഞ്ഞ മാസം സുപ്രീം കോടതി പറഞ്ഞത് ഒരിക്കൽക്കൂടി ഓർമിക്കാം: ‘പ്രശ്നങ്ങൾക്കു കാരണം സർക്കാർ രാജ്യമാകെ ഏർപ്പെടുത്തിയ ലോക്ഡൗണാണ്. ബിസിനസ് താൽപര്യങ്ങൾ മാത്രം നോക്കിയാൽ പോരാ, ജനങ്ങളുടെ ദുരിതവും കണക്കിലെടുക്കണം.’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA