കൂച്ചുവിലങ്ങുകളുടെ പിൻവാതിൽ വരവ്

Pinarayi-Vijayan-1200
SHARE

വിശ്വാസ്യതയാണു മാധ്യമങ്ങളുടെ ഏറ്റവും വിലപിടിപ്പുള്ള കൈമുതൽ എന്നതുപോലെ പ്രധാനമാണ് കൂച്ചുവിലങ്ങുകളില്ലാത്ത മാധ്യമസ്വാതന്ത്ര്യവും. അതുകൊണ്ടുതന്നെ, പൗരസ്വാതന്ത്ര്യത്തിനും അതിൽ ഉൾച്ചേർന്നിരിക്കുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും എതിരെയുള്ള അധികാരശക്തികളുടെ ഇടപെടൽ അപകടകരമാണ്.

വ്യാജവാർത്തകൾ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയുന്നതിനും അതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തുന്നതിനുമായി സംസ്ഥാനതല പൊലീസ് സംഘം രൂപീകരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തിയതാണ് ഏറ്റവുമൊടുവിലായി പൊതുസമൂഹത്തിന്റെയും മാധ്യമസമൂഹത്തിന്റെയും പ്രതിഷേധത്തിനും ആശങ്കയ്ക്കും കാരണമായിരിക്കുന്നത്.

കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യംകൊണ്ടുവേണം, സർക്കാരിന്റെ ഈ തീരുമാനത്തെ അളക്കാൻ. ഈ സർക്കാർ അധികാരമേറ്റ ശേഷം, ഭരണയന്ത്രവുമായി ബന്ധപ്പെട്ട അഴിമതികളുടെ മലീമസവാർത്തകൾ ഏറ്റവുമധികം വന്നുകൊണ്ടിരിക്കുന്ന നാളുകളാണിത്. അപ്രിയസത്യങ്ങൾ തുടർച്ചയായി മാധ്യമങ്ങൾ പുറത്തുകൊണ്ടുവരുന്നതിൽ സ്വാഭാവികമായും സർക്കാരും ഭരണമുന്നണിയും അസ്വസ്ഥരും പ്രകോപിതരുമാണ്. അതുകൊണ്ടുതന്നെ, വ്യാജവാർത്തകളുടെ നിർമിതിക്കെതിരെ എന്ന പേരിൽ തങ്ങൾക്ക് അപ്രിയമായ വാർത്തകൾക്കു കൂച്ചുവിലങ്ങിടാനാണു സർക്കാരിന്റെ നീക്കമെന്നു ന്യായമായും സംശയിച്ചേതീരൂ.

വ്യാജവാർത്തകൾ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയുന്നതിനും അതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിനുമെന്ന പേരിൽ സർക്കാർ നിയോഗിച്ചത് ആ‍ജ്ഞാനുവർത്തികളായ പൊലീസ് സംഘത്തെയാണെന്നത് ഈ സംശയം ബലപ്പെടുത്തുകയും ചെയ്യുന്നു. വാർത്തകൾ തീർത്തും വസ്തുനിഷ്ഠമാകണമെന്ന് ആഗ്രഹിക്കുകയും അതിനായി കഠിനമായി പരിശ്രമിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യുന്ന നമ്മുടെ മാധ്യമങ്ങൾ ജനങ്ങൾക്കായി നൽകുന്ന വാർത്ത വിലയിരുത്താനും തള്ളാനും കൊള്ളാനുമൊക്കെ നമ്മുടെ പൊലീസിനെന്ത് അവകാശവും അർഹതയുമാണുള്ളത്? ‘വ്യാജവാർത്ത’യ്ക്കു സർക്കാർ നൽകുന്ന നിർവചനം തന്നെ അവ്യക്തത നിറഞ്ഞതാണെന്നതും മറ്റൊരു കാര്യം.

വാർത്തകളിലെ പിശകുകൾ ചൂണ്ടിക്കാട്ടാനായി ഒരുക്കിയ ‘ഫാക്ട് ചെക്’ എന്ന ഔദ്യോഗിക സംവിധാനത്തിന്റെ ദുരുപയോഗമാണ് വിമർശനത്തോടു സംസ്ഥാന സർക്കാരിനുള്ള അസഹിഷ്ണുതയുടെ മറ്റൊരു സമീപകാല ഉദാഹരണം. സർക്കാരിനെ വിമർശിക്കുന്ന വാർത്ത ആ ഒറ്റക്കാരണം കൊണ്ട് വ്യാജവാർത്തയായി ചാപ്പകുത്താമോ എന്ന ചോദ്യം സജീവമായി ഉയരുകയും ചെയ്തു.

‘വ്യാജവാർത്ത’കളുടെ പേരിൽ മാധ്യമപ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഈ വർഷമാദ്യം ഇറക്കിയ ഉത്തരവും വിവാദമായിരുന്നു. വാർത്തകൾ തങ്ങൾക്ക് അനുകൂലമാകുമ്പോൾ മാധ്യമങ്ങളെ വാഴ്ത്തുകയും വിമർശനപരമായാൽ അവയുടെ വായടപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവണത ഭരിക്കുന്നവരിൽ ഏറിവരികയാണ്. ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം തടയാൻ സർക്കാർ രാജ്യദ്രോഹനിയമം ഉപയോഗപ്പെടുത്തുകയാണെന്നു സുപ്രീം കോടതി മുൻ ജഡ്ജി മദൻ ബി.ലോക്കുർ കുറ്റപ്പെടുത്തിയതു കഴിഞ്ഞ ദിവസമാണ്. ഈ വർഷം മാത്രം ഇത്തരത്തിലുള്ള 70 കേസുകളുണ്ടായി. വെന്റിലേറ്റർ ക്ഷാമം ഉൾപ്പെടെ കോവിഡ് സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരെ വ്യാജവാർത്തയെന്ന പേരിൽ കേസെടുത്തതും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഒരു അടിസ്ഥാനവുമില്ലാത്ത വ്യാജവാർത്തകൾ സമൂഹമാധ്യമങ്ങളിൽ വരാറുണ്ടെന്നതു യാഥാർഥ്യമാണ്. അജ്ഞാതർ മുതൽ പൊതുസമൂഹത്തിൽ ആധികാരിക സ്വരമെന്നു കരുതിപ്പോരുന്നവർവരെ ഇത്തരം കാര്യങ്ങൾ എഴുതിപ്പിടിപ്പിക്കുന്നു. ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലെഴുതിയ ഒരു പോസ്റ്റിൽ മാധ്യമപ്രവർത്തകരോടായി ഇങ്ങനെയുമുണ്ട്: ‘നിങ്ങളുടെ മാനേജ്മെന്റുകൾ സ്വയം വിറ്റു കഴിഞ്ഞിരിക്കുകയാണ്. ചിലർക്കു കോടിക്കണക്കിനു കിട്ടിയിട്ടുമുണ്ട്’. ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരുന്ന് എന്തടിസ്ഥാനത്തിലാണ് ധനമന്ത്രി ഇങ്ങനെയൊക്കെ എഴുതിപ്പിടിപ്പിക്കുന്നത്? അതു തെളിയിക്കേണ്ട ബാധ്യതകൂടി അദ്ദേഹത്തിനില്ലേ?

അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങൾക്കു സെൻസർഷിപ് ഏർപ്പെടുത്തുകയും വാർത്തകൾ സെൻസർ ചെയ്യാനായി ചീഫ് പ്രസ് അഡ്വൈസറെ നിയമിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ഏഴായിരത്തോളം മാധ്യമപ്രവർത്തകരെയാണ് അക്കാലത്ത് അറസ്റ്റ് ചെയ്തു ജയിലിലടച്ചത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജനാധിപത്യവിരുദ്ധ നടപടികളെ ശക്തമായി എതിർത്ത ഇടതുപക്ഷത്തിന്റെ സർക്കാരാണ് ഇപ്പോൾ പൊലീസിന്റെ കയ്യിലേക്കു മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങിടാനുള്ള അധികാരം വച്ചുകൊടുക്കുന്നത് എന്നതാണു നിർലജ്ജമായ ഇരട്ടത്താപ്പ്. കൃത്യമായ വാർത്തകൾ നൽകുമ്പോൾ അത് അപവാദപ്രചാരണമാക്കുന്നതും അതിന്റെ പിന്നിൽ നിക്ഷിപ്ത അജൻഡ കാണുന്നതുമൊക്കെ ഇവരുടെ അസഹിഷ്ണുത വെളിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.

മാധ്യമസ്‌ഥാപനങ്ങളും മാധ്യമപ്രവർത്തകരും സർക്കാരിന്റെയോ രാഷ്ട്രീയപ്പാർട്ടികളുടെയോ ഭീഷണിയുടെ നിഴലിൽ കഴിഞ്ഞുകൂടേണ്ട സ്ഥിതി സ്വേച്ഛാധിപത്യ രാജ്യങ്ങളിലുണ്ട്. നമ്മുടെ നാടും ആ അവസ്ഥയിലേക്കു പതിക്കാൻ നാം അനുവദിച്ചുകൂടാ. മാധ്യമങ്ങളാണു ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്നെന്ന യാഥാർഥ്യം മറന്ന്, മാധ്യമസ്വാതന്ത്ര്യത്തെയും വാർത്തകൾ അറിയാനുള്ള ജനങ്ങളുടെ അവകാശത്തെയും ചോദ്യം ചെയ്യുന്ന ഇപ്പോഴത്തെ ഏകാധിപത്യ തീരുമാനം പിൻവലിച്ച്, സർക്കാർ ജനകീയപ്രതിബദ്ധത തെളിയിക്കുകതന്നെ വേണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA