ADVERTISEMENT

ഏതു നായയ്ക്കും ഒരു ദിനം വരും എന്ന ചൊല്ല് ഇംഗ്ലിഷിലായതിനാൽ ഭാരതീയ നായ്ക്കൾ ഇതുവരെ അതു വിശ്വസിച്ചിരുന്നില്ല. എന്നാലിപ്പോൾ ആ ദിനം വരികയായി. 

ഇന്ത്യൻ വംശജരായ നായ്ക്കളെ വളർത്തുന്നതു പ്രോത്സാഹിപ്പിക്കണമെന്ന് ഈയിടെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതോടെ നമ്മുടെ സ്വന്തം നായ്ക്കൾ ആഹ്ലാദംകൊണ്ടു കുരച്ചു ചാടുകയാണ്. രാത്രികാലങ്ങളിൽ ഈയിടെയായി കേൾക്കുന്ന നീീീണ്ട ഓരിയിടൽ ആ ആഘോഷത്തിന്റെ ഭാഗമാവണം. 

ഭാരതീയ നായ്ക്കൾക്കു മുൻഗണന നൽകിത്തുടങ്ങുമ്പോൾ അവയ്ക്ക് ഇന്നാട്ടിൽ പിറന്ന പേരുകൾകൂടി നൽകണമെന്നാണ് അപ്പുക്കുട്ടന്റെയും കഷ്ടകാൽജിയുടെയും ഏകകണ്ഠമായ അഭിപ്രായം.

നമ്മുടെ സ്വന്തം അനാക്രമണ സിദ്ധാന്തങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന നായ്ക്കളെ ഹിറ്റ്ലർ എന്നും മറ്റും വിളിക്കുന്നതിൽ തീരെ ഭാരതീയതയില്ല. ഇന്ത്യയിൽ പ്രവർത്തിക്കുന്ന നായ്ക്കളിൽ പേരുകൊണ്ടു ഭൂരിപക്ഷം ഒരുപക്ഷേ, ഹിറ്റ്ലർക്കായിരിക്കും. 

ഹിറ്റ്ലർക്കു സമകാലികനായിരുന്ന മുസോളിനിക്കു പക്ഷേ, അത്രകണ്ടു 

നായ്ഭാഗ്യം ഉണ്ടായില്ല. മുസോ എന്നോ മുസു എന്നോ ഓമനിച്ചു വിളിക്കാൻ പറ്റിയ പേരായിരുന്നു അത്. 

ഇന്തൊനീഷ്യയിലെ സുക്കാർണോയുടെ പേരുള്ള ഒരു നായയെയെങ്കിലും അപ്പുക്കുട്ടനു പരിചയമുണ്ട്. വീട്ടുകാർ പക്ഷേ, സുക്കു എന്നാണു വിളിക്കുന്നതെന്നു മാത്രം. 

രാജ്യഭാരം ചേർക്കാതെ ബ്ലാക്കി, ഹീറോ, സീറോ എന്നൊക്കെ നമ്മുടെ നായ്ക്കളെ വിളിക്കാറുണ്ടെങ്കിലും ആ പേരുകൾക്കും ഭാരതീയത അവകാശപ്പെടാനില്ല. 

ക്രൂരൂ എന്ന് ഓമനിച്ചു വിളിച്ചാൽ എത്ര ക്രൂരനായ നായയും ഒന്നടങ്ങും. രൗദ്രനെ നമുക്കു രൗദ്രു എന്നു വിളിക്കാം. രൗ വിൽനിന്നു ബൗ വിലേക്ക് അത്ര വലിയ ദൂരമില്ലല്ലോ. 

ഏതു മണ്ടനെയും മണ്ടൂ എന്നു വിളിക്കുമ്പോൾ അതിൽ ഓമനത്തത്തിന്റെ ഉകാരമാണു ചേരുന്നതെന്നു നമുക്കറിയാം. 

വിളിക്കുന്നവർക്ക് ഈ പേരുകൾ വായിലൊതുങ്ങാതെ വന്നാൽ അതു മനസ്സിലാക്കി നായ് ചിലപ്പോൾ കുരച്ചേക്കാം. ഭാഷാവരമുള്ള നായ്ക്കളെ ഭയപ്പെടേണ്ടതില്ല. 

ഓമനത്തിങ്കൾ പക്ഷിയിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് കഷ്ടകാൽജി സ്വന്തം ഭാരതീയ നായയ്ക്ക് ഓമനത്തിങ്കൾ പട്ടി എന്നു പേരിട്ടു. 

ക്രമേണ പേര് തിങ്കൾ എന്നു ചുരുങ്ങി. 

ഹാ, കഷ്ടം, കുട്ടികൾ അവനെ ട്വിങ്കിൾ എന്നു വിളിക്കുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com