ADVERTISEMENT

ഇലക്ട്രോണിക് ഹാർഡ്‌വെയർ മാനുഫാക്ചറിങ് ഹബ്ബായി കേരളത്തെ മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത് 2018ലാണ്. അതിനും ഒരു പതിറ്റാണ്ടോളം മുൻപേ എറണാകുളം ജില്ലയിലെ ആമ്പല്ലൂരിൽ ഇലക്ട്രോണിക് ഹാർഡ്‌വെയർ പാർക്ക് വിഭാവനം ചെയ്യപ്പെട്ടിരുന്നു. ഇലക്ട്രോണിക് വ്യവസായങ്ങൾക്ക് ആവശ്യമായ ഘടകങ്ങൾ നിർമിക്കുന്ന യൂണിറ്റുകൾക്കായി പാർക്ക് നിർമിക്കാനായിരുന്നു പദ്ധതി. മുതൽമുടക്ക് ഏകദേശം 600 കോടി രൂപ. ആ നിക്ഷേപം വീണ്ടും വളരുമെന്നും 10,000 തൊഴിലവസരങ്ങളെങ്കിലും കേരളത്തിനു നൽകാൻ ശേഷിയുണ്ടാകുമെന്നും വിലയിരുത്തപ്പെട്ട പദ്ധതിക്കായി പക്ഷേ, ഇതുവരെ ഒരു കല്ലിടാൻ പോലും സർക്കാരിനു കഴിഞ്ഞിട്ടില്ല. 

കോവിഡ് അനന്തര ആഗോള സാഹചര്യങ്ങളും അതിർത്തിയിൽ ചൈന സൃഷ്ടിച്ച പ്രകോപനങ്ങളും പരിഗണിച്ച് ഇലക്ട്രോണിക് ഹാർഡ്‌വെയർ രംഗത്തു കാലുറപ്പിക്കാനുള്ള ശ്രമം ഇന്ത്യ തുടങ്ങിക്കഴിഞ്ഞു. ആവശ്യമുള്ളതിന്റെ പകുതി ഇലക്ട്രോണിക് ഹാർഡ്‌വെയർ ഘടകങ്ങൾ പോലും ഇന്ത്യയിൽ നിർമിക്കുന്നില്ലെന്ന തിരിച്ചറിവിൽ തദ്ദേശീയമായി അവ നിർമിക്കുന്നതിനായി ഇലക്ട്രോണിക് വ്യവസായ മേഖലയ്ക്ക് 50,000 കോടി രൂപയുടെ പദ്ധതിയാണു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. പക്ഷേ, ആ അവസരവും കേരളം കൈവിടുകയാണ്. ആമ്പല്ലൂർ ഇലക്ട്രോണിക് പാർക്ക് തുടങ്ങിവയ്ക്കാനെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ സ്ഥിതി വ്യത്യസ്തമാകുമായിരുന്നു.

ഒന്നും നടന്നില്ലെന്നു പറയാനാകില്ല. 500 ഏക്കറിൽ ആലോചിച്ചു തുടങ്ങിയ പദ്ധതി 334 ഏക്കറിലേക്കും പിന്നീടു 100 ഏക്കറിലേക്കും ചുരുങ്ങി. 2010ലാണു പദ്ധതിക്കു സർക്കാർ അനുമതി ലഭിച്ചത്. 2011 നവംബറിൽ അതിവേഗ സംവിധാനത്തിൽ പദ്ധതിക്കായി 334 ഏക്കർ ഏറ്റെടുക്കാൻ ഉത്തരവിറങ്ങി. എന്നാൽ, പദ്ധതി പ്രദേശം പരിസ്ഥിതിലോല മേഖലയാണെന്ന ആക്ഷേപമുയർന്നു. നടപടികൾ മന്ദഗതിയിലായി. തണ്ണീർത്തടങ്ങൾ ഒഴിവാക്കി പദ്ധതി 100 ഏക്കറിലേക്കു ചുരുക്കി. ഒടുവിൽ, കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് 2016ലാണ് 100 ഏക്കർ ഏറ്റെടുക്കാൻ ധാരണയായത്. ആമ്പല്ലൂർ, മുളന്തുരുത്തി, മണകുന്നം വില്ലേജുകളിലെ ഉടമകളുടേതാണ് ഈ 100 ഏക്കർ. 

മുപ്പതു വർഷത്തിലേറെയായി കൃഷി ചെയ്യാൻ പറ്റാത്ത സ്ഥലം വിട്ടൊഴിയാൻ ബഹുഭൂരിപക്ഷം ഉടമകൾക്കും സമ്മതമായിരുന്നു. വലിയൊരു പദ്ധതി യാഥാർഥ്യമാകുന്നതു നാടിന്റെ വികസനത്തിനു കുതിപ്പു നൽകുമെന്ന് അവരെല്ലാം മോഹിച്ചു. 54.47 കോടി രൂപ ചെലവിട്ടു 11.87 ഏക്കർ സ്ഥലം ഏറ്റെടുക്കുകയും ചെയ്തു. പിന്നീടു പുതിയ സർക്കാർ വന്നു. ഒരു നടപടിയുമില്ലാതെ നാലര വർഷം പിന്നിട്ടു. അതിനിടെ, പദ്ധതിക്കായി കണ്ടെത്തിയ പ്രദേശം അത്ര പോരെന്ന മട്ടിൽ വ്യവസായമന്ത്രി ഇ.പി.ജയരാജൻ അഭിപ്രായപ്രകടനം നടത്തിയിരുന്നു. എന്നാൽ, സാങ്കേതികവിദ്യയുടെ സ്ഫോടനകാലത്ത് ഏതു പ്രദേശത്തും പരിസ്ഥിതിസൗഹൃദ നിർമാണം നടത്താൻ കഴിയുമെന്ന് സ്ഥലം എംഎൽഎ അനൂപ് ജേക്കബ് ചൂണ്ടിക്കാട്ടുമ്പോൾ സർക്കാർ കേട്ടില്ലെന്ന മട്ടിലിരിക്കുകയാണ്.

ഇലക്ട്രോണിക് ഹാർഡ്‌വെയർ പാർക്ക് വലിയൊരു സാധ്യതയാണു കേരളത്തിന്. ഇന്ത്യയ്ക്ക് ഏറെ ആവശ്യമുള്ള ഉൽപന്നങ്ങൾ കുറഞ്ഞ ചെലവിൽ നിർമിച്ചെടുക്കാൻ കഴിയും. വിദ്യാസമ്പന്നരായ മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിനാളുകൾക്കു തൊഴിലും ലഭ്യമാകും. ഒട്ടേറെ ചെറുകിട സംരംഭങ്ങൾക്കും സാധ്യതയുണ്ട്. സാമ്പത്തികവും തൊഴിൽപരവുമായി വലിയ നേട്ടമുണ്ടാകുമെന്ന ആലോചനയുടെ ഫലമായിരുന്നു പദ്ധതി. രാജ്യാന്തര വിമാനത്താവളത്തിന്റെയും കൊച്ചി തുറമുഖത്തിന്റെയും സാമീപ്യവും സാങ്കേതിക ബിരുദധാരികളുടെ ലഭ്യതയും കണക്കിലെടുക്കുമ്പോൾ മികച്ച കമ്പനികൾ താവളമുറപ്പിക്കാൻ സാധ്യതയുണ്ടായിരുന്ന പദ്ധതിയാണു ഫ്രീസറിലായത്.

ഇലക്ട്രോണിക് വ്യവസായങ്ങൾക്ക് ആവശ്യമായ ഘടക ഉപകരണങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾക്ക് ഒരു കുടക്കീഴിൽ സൗകര്യമൊരുക്കുന്ന പദ്ധതിയാണു കടലാസിലുറങ്ങുന്നത്. ഇലക്ട്രോണിക് ഹാർഡ്‌വെയർ നിർമാണ യൂണിറ്റുകൾ, അസംബ്ലിങ് യൂണിറ്റുകൾ, റിസർച് ആൻഡ് ഡവലപ്മെന്റ് സെന്ററുകൾ, ചിപ് ഡിസൈൻ ട്രെയിനിങ് സെന്റർ, സെമി കണ്ടക്ടർ മാനുഫാക്ചറിങ് യൂണിറ്റുകൾ, മറ്റ് അനുബന്ധ വ്യവസായ യൂണിറ്റുകൾ എന്നിവയെല്ലാം പാർക്കിൽ വിഭാവനം ചെയ്തിരുന്നു. ഇതൊക്കെ ഇനി എന്നെങ്കിലും യാഥാർഥ്യമാകുമോ? ഒരുറപ്പുമില്ല. ഉപേക്ഷിച്ചെന്നോ ഇല്ലെന്നോ പോലും പറയാതെ, പദ്ധതി അവഗണിക്കുന്ന സർക്കാർനയം മൂലം തകരുന്നത് ഒരു നാടിന്റെ വികസനമോഹങ്ങളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com