ADVERTISEMENT

വെള്ളപ്പൊക്കത്തിൽ നദിക്കരയിലെ ആ ഗ്രാമമാകെ മുങ്ങുമെന്ന അവസ്ഥയായി. അവിടെയുള്ളവർ ഒരുമിച്ചു നദി നീന്തി രക്ഷപ്പെടാൻ ശ്രമിച്ചു. ഒരാൾ മാത്രം പിറകിലായി. അയാൾക്കു നീന്താനാകുന്നില്ല. കൂടെയുള്ളവർ ചോദിച്ചു: എന്തുപറ്റി; നീ നീന്തൽ ചാംപ്യനാണല്ലോ? അയാൾ പറഞ്ഞു: ‘ഞാൻ അരയിൽ കുറെ വെള്ളിനാണയങ്ങൾ കെട്ടിവച്ചിട്ടുണ്ട്’. അത് അഴിച്ചുകളയാൻ എല്ലാവരും പറഞ്ഞെങ്കിലും അയാൾ അനുസരിച്ചില്ല. കൈകാലുകൾ കുഴഞ്ഞ് മുങ്ങിപ്പോകുമെന്ന സ്ഥിതിയായപ്പോൾ അയാൾ കെട്ടഴിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിമിഷങ്ങൾക്കകം ജലം അയാളെ വിഴുങ്ങി. 

അഭിനിവേശങ്ങൾ ആസക്തികൾക്കു വഴിമാറിയാൽ പിന്നെ ബുദ്ധികൂർമതയോ സാമാന്യബോധമോ പ്രവർത്തനക്ഷമമാകില്ല. കഴിവും സാമർഥ്യവും അവിവേകത്തിനു മുന്നിൽ അടിയറവു പറയും. പ്രലോഭനമോ പ്രചോദനമോ ആണ് എല്ലാവരുടെയും സഞ്ചാരദിശ തീരുമാനിക്കുന്നത്. പ്രചോദനങ്ങൾ നിയതമായ ലക്ഷ്യം സമ്മാനിക്കുമ്പോൾ പ്രലോഭനങ്ങൾ വഴിമാറ്റിക്കൊണ്ടിരിക്കും. അനാവശ്യവും അപ്രധാനവുമായവയിലേക്ക് അവ വഴിനടത്തും. പ്രതിസന്ധിഘട്ടത്തിൽപോലും പ്രധാനമായതും അപ്രധാനമായതും തിരിച്ചറിയാൻ കഴിയാത്തവിധം അഭിലാഷങ്ങൾക്ക് അടിപ്പെട്ടാൽ, വന്നുചേരുന്ന വിന അംഗീകരിക്കുകയല്ലാതെ നിവൃത്തിയില്ല. 

നേടിയ പതക്കങ്ങൾ അവശ്യനേരത്ത് ഉപകരിക്കുന്നില്ലെങ്കിൽ അവയൊക്കെ സമ്പാദിച്ചതുകൊണ്ട് എന്തു പ്രയോജനം? എന്തു സമ്പാദിച്ചു എന്നതിനെക്കാൾ, എന്തിനുവേണ്ടി സമ്പാദിച്ചു എന്ന ചോദ്യത്തിന് ഉത്തരമുണ്ടാകണം. സമ്പാദിക്കുന്നതിനെക്കാൾ മികവു വേണം, സമ്പാദിച്ചവ എങ്ങനെ വിനിയോഗിക്കണമെന്നു പഠിക്കാൻ. സൂക്ഷിക്കാനും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാനും അറിയാതെപോയ വിഭവങ്ങളാണ് മനഃസമാധാനം കെടുത്തുന്നത്. 

നഷ്ടപ്പെടുന്ന സ്വത്തിനെക്കാൾ അപകടകരമാണ് അനാവശ്യമായി കൊണ്ടുനടക്കുന്ന സമ്പത്ത്. നഷ്ടപ്പെടുന്നതിലുള്ള ഭീതിയും ഉത്കണ്ഠയും മൂലം ആയുസ്സു മുഴുവൻ അവയും ചുമന്നു നടക്കും. അവസാനം ജീവശ്വാസം ലഭിക്കാതെ വന്നാലും അവയിൽ ആശ്വാസം കണ്ടെത്തി സ്വയം അവസാനിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com