ADVERTISEMENT

കേരളത്തിലെന്നപോലെ തമിഴ്നാട്ടിലും അടുത്ത വർഷമാണു നിയമസഭാ തിരഞ്ഞെടുപ്പ്. ഇനി ഒരു വർഷം തികച്ചില്ല. കലാശക്കൊട്ടിനു മുൻപുള്ള ചെറു വെടിക്കെട്ടുകൾ മുഴങ്ങേണ്ട സമയമായി. രജനീകാന്തിന്റെ പാർട്ടി പ്രഖ്യാപനം മുതൽ ശശികലയുടെ ജയിൽ മോചനം വരെയായി ചെറു പൂരത്തിനുള്ള ചേരുവകളൊക്കെയുണ്ട്. അപ്പോഴാണു രസംകൊല്ലിയായി കോവിഡ് എത്തിയത്. എന്നുവച്ച്, തമിഴക രാഷ്ട്രീയം വിവാദങ്ങളോട് അകലം പാലിച്ചു ക്വാറന്റീനിലിരിപ്പൊന്നുമല്ല.

ഡിഎംകെയിൽ തലമുറ മാറ്റത്തിനെതിരായ കലാപമുണ്ട്; അണ്ണാഡിഎംകെയിൽ മുഖ്യമന്ത്രിസ്ഥാനത്തിനായി ഒപിഎസ് - ഇപിഎസ് മൂപ്പിളമത്തർക്കമുണ്ട്; സഖ്യത്തിന്റെ താങ്ങുവടിയില്ലാതെ ഒറ്റയ്ക്കു നിന്നാലോ എന്ന ബിജെപിയുടെ ആലോചന ഉയർത്തുന്ന പൊട്ടിത്തെറികളുണ്ട്. നേരത്തേ, തിരഞ്ഞെടുപ്പിനു തൊട്ടുമുൻപത്തെ തമിഴക രാഷ്ട്രീയം സൂപ്പർസ്റ്റാർ പടങ്ങൾ റിലീസാകുന്ന തിയറ്റർ പരിസരം പോലെ ബഹളമയമായിരുന്നു. കോവിഡ്കാലത്ത് അത് ഒടിടി റിലീസ് പോലെയാണ്. ഒച്ചപ്പാടൊന്നുമില്ലെങ്കിലും കാര്യങ്ങൾ നടക്കുന്നുണ്ട്.

Udhayanidhi and Stalin
ഉദയനിധിയും എം.കെ.സ്റ്റാലിനും

‘തല’ മാറുന്നു, ഡിഎംകെയിൽ മുറവിളികൾ

അരനൂറ്റാണ്ടു കാലം ഡിഎംകെ അധ്യക്ഷനായിരുന്ന എം.കരുണാനിധിയുടെ മരണശേഷം ഡിഎംകെയിൽ പലരും കാറ്റും കോളും പ്രവചിച്ചിരുന്നു. മുൻ കേന്ദ്രമന്ത്രി കൂടിയായ എം.കെ.അഴഗിരി, സഹോദരൻ സ്റ്റാലിനുമായി ഇടഞ്ഞു നിൽക്കുന്ന സാഹചര്യം അതിനു സാധുത നൽകി. എന്നാൽ, ഒരില പോലും അനങ്ങാതെയാണ് എം. കെ.സ്റ്റാലിൻ അധ്യക്ഷസ്ഥാനമേറ്റത്. സ്റ്റാലിന്റെ മകൻ ഉദയനിധി പാർട്ടി യുവജനവിഭാഗം ജനറൽ സെക്രട്ടറിയായതോടെ കഥ മാറി. സ്ഥാനാരോഹണമല്ല, അതിനു ശേഷം യുവജനവിഭാഗം നേതാക്കൾക്കു ലഭിക്കുന്ന അമിത പരിഗണനയാണു പാർട്ടിയിലെ മുതിർന്നവരെ ചൊടിപ്പിച്ചത്.

പാർട്ടി ഡപ്യൂട്ടി ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയുമായ വി.പി.ദുരൈസാമി ബിജെപിയിൽ ചേർന്നപ്പോൾ ഡിഎംകെ അത് ഒറ്റപ്പെട്ട സംഭവമായി എഴുതിത്തള്ളി. രാജ്യസഭാ സീറ്റിനുള്ള അവകാശവാദം ഉദയനിധിയുടെ എതിർപ്പിൽ തട്ടി മുടങ്ങിയതായിരുന്നു ദുരൈസാമിയുടെ പ്രകോപനം. എന്നാൽ, സിറ്റിങ് എംഎൽഎയും കരുണാനിധി കുടുംബത്തിന്റെ വിശ്വസ്തനുമായ കു.ക.സെൽവം ഡൽഹിയിൽ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയെ കണ്ടു ചർച്ച നടത്തിയതോടെ നാണക്കേടായി. അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയും പിന്നീടു പുറത്താക്കുകയും ചെയ്തെങ്കിലും ആ നാണക്കേടു മറക്കാനായില്ല. ഡിഎംകെ ചെന്നൈ വെസ്റ്റ് ജില്ലാ സെക്രട്ടറിയായിരുന്ന ജെ.അൻപഴകൻ എംഎൽഎ കോവിഡ് ബാധിച്ചു മരിച്ചപ്പോൾ, മുതിർന്ന നേതാവായ കു.ക. സെൽവം ആ പദവി മോഹിച്ചതു സ്വാഭാവികം. പക്ഷേ, ഉദയനിധിയുടെ അടുപ്പക്കാരനായ ചിത്തരശുവിനാണു നറുക്കുവീണത്.

കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് മണ്ഡലമായ തൗസൻഡ് ലൈറ്റ്സ‌ിലും യുവരക്തം വരുമെന്നു മുൻകൂട്ടിക്കണ്ടാണു സെൽവത്തിന്റെ ചാട്ടം. മുഖ്യധാരയിൽനിന്നു പൂർണമായും പിൻവലിഞ്ഞ അഴഗിരി സ്റ്റാലിനു വെല്ലുവിളിയല്ല. എന്നാൽ, തലമുറമാറ്റത്തിനെതിരെ പാർട്ടിക്കുള്ളിൽ പുതിയ വെല്ലുവിളികളുയർന്നാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ഡിഎംകെയുടെ ഉദയസൂര്യന്റെ ശോഭ മങ്ങും.

ഇപ്പോഴില്ലെങ്കിൽ ഇനിയില്ലെന്ന ബോധ്യത്തിൽ ഡിഎംകെ തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ഉപദേശത്തിനനുസരിച്ചാണു ഡിഎംകെയുടെ ചുവടുവയ്പുകൾ. സ്റ്റാലിൻ ഈയിടെ ഹെയർ സ്റ്റൈലൊന്നു മാറ്റിയതിനു പിന്നിൽപോലും പ്രശാന്തിന്റെ ഉപദേശമുണ്ടെന്നാണ് അണിയറ സംസാരം. ഹിന്ദി ഭാഷയെയല്ല, അത് അടിച്ചേൽപിക്കുന്നതിനെയാണ് എതിർക്കുന്നതെന്ന സ്റ്റാലിന്റെ പുതിയ നിലപാടു മാറ്റത്തിലും പ്രശാന്ത് ടച്ച് കാണുന്നവരുണ്ട്. ഭാഷാവിരോധം പഴയതുപോലെ വോട്ട് നൽകില്ലെന്ന തിരിച്ചറിവിനൊപ്പം, ബിജെപി അഴിച്ചുവിടുന്ന ശക്തമായ പ്രചാരണവും മയപ്പെടുത്തിയ ഹിന്ദി നിലപാടിൽ പ്രതിഫലിക്കുന്നുണ്ട്. ചെന്നൈ, തിരുപ്പൂർ, കോയമ്പത്തൂർ തുടങ്ങിയ വ്യവസായ മേഖലകളിലെ ഉത്തരേന്ത്യൻ കുടിയേറ്റക്കാരിലേക്കുള്ള കടന്നുകയറ്റം കൂടി ഡിഎംകെ ലക്ഷ്യമിടുന്നുണ്ട്. നിലവിൽ ഇതു ബിജെപിയുടെ ഉറച്ച വോട്ട് ബാങ്കാണ്.

PTI5_25_2018_000155B
പനീർസെൽവവും എടപ്പാടി പളനിസാമിയും

തലയാര് ? കലഹിച്ച് അണ്ണാഡിഎംകെ

ഡിഎംകെയിൽ തലമുറമാറ്റമാണു പ്രശ്നമെങ്കിൽ അണ്ണാഡിഎംകെയിൽ ‘തല’യെച്ചൊല്ലിയാണു തർക്കം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ, നിലവിലെ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീർസെൽവവും കരുക്കൾ നീക്കിത്തുടങ്ങി. ‘ആക്സിഡന്റൽ മുഖ്യമന്ത്രി’യായാണ് അധികാരമേറ്റതെങ്കിലും, പാർട്ടിയിലും സർക്കാരിലും ഇതിനകം നന്നായി പിടിമുറുക്കിയിട്ടുണ്ട് എടപ്പാടി. കാമരാജിനു ശേഷം മണ്ണിന്റെ മണമുള്ള മുഖ്യമന്ത്രിയെന്ന പ്രതിഛായ സ്ഥാപിച്ചെടുക്കാൻ എടപ്പാടിയും അടുപ്പമുള്ളവരും നന്നായി ശ്രമിക്കുന്നുണ്ട്. ശശികലയ്ക്കെതിരെ കലാപമുയർത്തിയപ്പോൾ ഒ.പനീർസെൽവത്തിനൊപ്പം നിന്നവരിൽ നല്ലൊരു ഭാഗം എടപ്പാടി പക്ഷത്തേക്കു കൂറുമാറിക്കഴിഞ്ഞു. എങ്കിലും, ജാതിസമവാക്യത്തിൽ അളവെടുക്കുമ്പോൾ ഒപിഎസിനെ തള്ളാനാകില്ല. കൊങ്കുനാട്ടിലെ ഗൗണ്ടർ വോട്ടും തെക്കൻ തമിഴ്നാട്ടിലെ തേവർ വോട്ടുമാണു കഴിഞ്ഞതവണ അണ്ണാഡിഎംകെക്കു തുടർഭരണമൊരുക്കിയത്. നിലവിൽ, മുഖ്യമന്ത്രി എടപ്പാടി ഉൾപ്പെടെ സർക്കാരിലെ പ്രമുഖരെല്ലാം ഗൗണ്ടർമാർ. എംജിആർ അണ്ണാഡിഎംകെ രൂപീകരിച്ച കാലംതൊട്ട് പാർട്ടിയുടെ ശക്തിസ്രോതസ്സാണു തേവർ സമുദായം. തേനിയിൽ നിന്നുള്ള ഒ.പനീർസെൽവം തന്നെയാണ് ഇപ്പോഴും പാർട്ടിയിലെ തലയെടുപ്പുള്ള തേവർ നേതാവ്. ദുർബലനെങ്കിലും ഒപിഎസിന്റെ തുറുപ്പുചീട്ടും അതാണ്.

1200-sasikala-rajani

അതേസമയം, ജയിലിൽ കിടക്കുന്ന ശശികല പുറത്തിറങ്ങിയാൽ പാർട്ടിയുംകൊണ്ടു പോകുമോ എന്ന ആശങ്ക ഒപിഎസിനും ഇപിഎസിനും തുല്യമായുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് പാർട്ടിക്കു തലവേദന ഉയർത്തിയിരുന്ന ടി.ടി.വി.ദിനകരൻ നിശ്ശബ്ദനാണ്. ശശികലയും ദിനകരനും അത്ര രസത്തിലല്ലെന്ന റിപ്പോർട്ടും പുറത്തുവരുന്നു. അനധികൃത സ്വത്തുസമ്പാദനക്കേസിലെ ശിക്ഷ കഴിഞ്ഞു ജനുവരിയിൽ ശശികല പുറത്തിറങ്ങും. ശിക്ഷയിളവു ലഭിച്ച് അതിനു മുൻപേ തന്നെ മോചനമുണ്ടായേക്കാം. പുറത്തിറങ്ങിയാൽ, തന്നോട് ആഭിമുഖ്യം പുലർത്തുന്ന മന്ത്രിമാരുൾപ്പെടെയുള്ളവരെയും കൂട്ടി അങ്കപ്പുറപ്പാടിനു ശശികല തയാറാകുമോ? അണ്ണാഡിഎംകെ രാഷ്ട്രീയത്തിലെ ബില്യൻ ഡോളർ ചോദ്യം അതാണ്.

തലയുയർത്തുമോ, നടുവൊടിയുമോ?

തമിഴകത്തൊന്നു തലയുയർത്തി നിൽക്കാനാകാത്തതിന്റെ നിരാശ മാറ്റാൻ പതിനെട്ടടവും പയറ്റുകയാണു ബിജെപി. പതിറ്റാണ്ടുകൾക്കു ശേഷം പാർട്ടി സംസ്ഥാന പ്രസിഡന്റ് പദവിയിൽ ദലിത് വിഭാഗത്തിൽ നിന്നൊരാളെ നിയമിച്ചാണു പുതിയ തന്ത്രം മെനയുന്നത്. അണ്ണാഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചും കടുത്ത ഹിന്ദുത്വ നിലപാടുകൾ സ്വീകരിച്ചും അടുത്ത തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു നിൽക്കുമെന്ന സൂചന പാർട്ടി നൽകിക്കഴിഞ്ഞു.

കർണാടക പൊലീസിലെ ‘സിങ്ക’മായിരുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അണ്ണാമലൈ ഉൾപ്പെടെ ഒട്ടേറെ പ്രമുഖരെ സ്വന്തം അണിയിലെത്തിക്കാൻ പുതിയ പ്രസിഡന്റിനായി. തീവ്ര ദ്രാവിഡ പ്രസ്ഥാനമായ കറുപ്പർ കൂട്ടം സ്കന്ദഷഷ്ഠി കവചത്തെ അപമാനിച്ചുവെന്നാരോപിച്ചു നടത്തിയ തുടർ പ്രതിഷേധവും കോവിഡ് മുൻകരുതലിന്റെ പേരിൽ ഗണേശചതുർഥി ആഘോഷത്തിനേർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ നടത്തിയ അതിരൂക്ഷ വിമർശനവും ബിജെപിയുടെ മാറുന്ന മുഖം വ്യക്തമാക്കി. തീവ്രഹിന്ദുത്വ നിലപാടിലൂടെ മറ്റു പാർട്ടികളെ സമ്മർദത്തിലാക്കുന്നതിലും ബിജെപി വിജയിച്ചു. 

ഉദയനിധി സ്റ്റാലിൻ ഗണേശചതുർഥിക്ക് ആശംസകൾ നേർന്നത്, ദ്രാവിഡമണ്ണിന്റെ രാഷ്ട്രീയമാറ്റത്തിന്റെ സൂചനയായി ബിജെപി എടുത്തുകാട്ടുന്നു. എന്നാൽ, ഹിന്ദി വിരുദ്ധതയുൾപ്പെടെ കേന്ദ്ര സർക്കാരിനെതിരെ നിലനിൽക്കുന്ന വികാരം പാർട്ടിക്കു തലവേദനയാണ്. ആറു നേതാക്കൾക്കു നൂറു ഗ്രൂപ്പെന്ന തോതിലുള്ള വിഭാഗീയതയാണു ബിജെപി മോഹങ്ങളുടെ ചിറകരിയുന്ന മറ്റൊരു ഘടകം.

rajani-45

ബോക്സ് ഓഫിസിലെ സസ്പെൻസ്

ചെന്നൈയിലെ മഴ പോലെയാണു രജനീകാന്തിന്റെ പാർട്ടി പ്രഖ്യാപനമെന്നു രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞു തുടങ്ങിയിരിക്കുന്നു. സെപ്റ്റംബറിലുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്ന പ്രഖ്യാപനം, കോവിഡ് വന്നതോടെ വീണ്ടും നീണ്ടു. പ്രസ്താവനയും നാടകീയ പ്രതികരണങ്ങളുമായി രംഗത്തുണ്ടെങ്കിലും കമൽഹാസന്റെ മക്കൾ നീതി മയ്യവും ബൂത്തുതലത്തിൽ അത്ര സജീവമല്ല. അതിനിടെ, എംജിആറുമായി താരതമ്യപ്പെടുത്തി നടൻ വിജയ്‌യുടെ പോസ്റ്ററുകൾ തമിഴകത്തെങ്ങും പ്രത്യക്ഷപ്പെട്ടതു ചർച്ചയായി.

കരുണാനിധിയുടെയും ജയലളിതയുടെയും മരണത്തിനു ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിനാണു തമിഴകത്തു കളമൊരുങ്ങുന്നത്. വൻമരങ്ങൾ വീഴുമ്പോൾ രാഷ്ട്രീയത്തിൽ പ്രകമ്പനങ്ങൾ പതിവാണ്. വൻമരങ്ങൾ അരങ്ങൊഴിയുമ്പോൾ എന്താണു സംഭവിക്കുക? പുതിയ താരോദയമോ, നികത്തിയിട്ടും ബാക്കിയാകുന്ന വിടവുകളോ? പാർക്കലാം!

മാറുമോ, മുന്നണി സമവാക്യങ്ങൾ?

ഡിഎംകെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നണി ചർച്ചകൾ അനൗദ്യോഗികമായി തുടങ്ങിക്കഴിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഒരു സീറ്റിന് 3 നിയമസഭാ സീറ്റെന്ന സമവാക്യമാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. അങ്ങനെയെങ്കിൽ, 2016-ൽ 42 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ഇത്തവണ 27ൽ ഒതുങ്ങും. കഴിഞ്ഞതവണ ജയിച്ചത് 8 സീറ്റാണെന്ന കണക്കു നോക്കുമ്പോൾ നഷ്ടമില്ല. 

സിപിഎം, സിപിഐ, വിസികെ തുടങ്ങിയ കക്ഷികൾ വിലപേശുമെങ്കിലും ഡിഎംകെയ്ക്കൊപ്പം തന്നെ നിന്നേക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റിനെച്ചൊല്ലി തെറ്റിപ്പിരിഞ്ഞ ഡിഎംഡികെ, ഇടതുപാർട്ടികൾ, വിസികെ, തമിഴ് മാനില കോൺഗ്രസ് എന്നിവ ചേർന്നു ജനക്ഷേമ മുന്നണി രൂപീകരിച്ചിരുന്നു. അവർ പിടിച്ച വോട്ടുകൾ ഡിഎംകെയെ അധികാരത്തിനു പുറത്തുനിർത്തുന്നതിൽ നിർണായകമായി. അതിനാൽ, ഇക്കുറി ഡിഎംകെ വിട്ടുവീഴ്ചകൾക്കു തയാറായേക്കും. 

അണ്ണാഡിഎംകെ മുന്നണിയിൽ പാർട്ടികൾ കയ്യാലപ്പുറത്തെ തേങ്ങപോലെ നിൽക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടും വീഴാം. പിഎംകെ മുന്നണിയിലുണ്ടോ എന്ന് അവർക്കു തന്നെ അറിയില്ല.

English Summary: Tamilnadu politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com