ADVERTISEMENT

ഐപിഎൽ ഒരു ആഗോള ടൂർണമെന്റാണ്, പക്ഷേ, എല്ലായ്പ്പോഴും അതിൽ ജയിക്കുന്നത് ഒരു രാജ്യമാണ് - ഓസ്ട്രേലിയൻ ക്രിക്കറ്റ് എഴുത്തുകാരനായ ഗിഡിയൻ ഹെയ് ആണ് ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിനെക്കുറിച്ച് ഇങ്ങനെയൊരു കൗതുക നിരീക്ഷണം നടത്തിയത്. ഐപിഎൽ എന്നത് ഇന്ത്യൻ ക്രിക്കറ്റിനെന്നല്ല, ഇന്ത്യയ്ക്കുതന്നെ എത്ര പ്രധാനപ്പെട്ടതാണ് എന്നതാണ് അദ്ദേഹത്തിന്റെ വാക്കുകളുടെ കാതൽ. കോവിഡ്കാലത്ത് ഒട്ടേറെ നിയന്ത്രണങ്ങളോടെയാണെങ്കിലും ഐപിഎലിന്റെ പതിമൂന്നാം പതിപ്പിന് ഇന്ന് യുഎഇയിൽ തുടക്കമാകുമ്പോൾ അതിന്റെ പൊരുൾ നാം തിരിച്ചറിയുകയാണ്. ക്രിക്കറ്റിനെ ജീവശ്വാസം പോലെ കരുതുന്ന ആരാധകരുടെ ആഹ്ലാദത്തിനൊപ്പം, ഈ പ്രതിസന്ധികാലത്തും ഐപിഎൽ യാഥാർഥ്യമായതിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനുള്ള ആശ്വാസം അബുദാബിയിൽ ഇന്ന് ആദ്യ പന്തെറിയുമ്പോൾ ഇന്ത്യയിലും അനുഭവിക്കാനാവും.

ഈ വർഷം മാർച്ചിൽ തുടങ്ങേണ്ട ടൂർണമെന്റാണ് കോവിഡ് മഹാമാരി മൂലം പലതവണ മാറ്റിവച്ച് അവസാനം യുഎഇയിൽ നടത്താൻ തീരുമാനമായത്. ഈ വർഷം നടന്നേക്കില്ല എന്ന അനിശ്ചിതാവസ്ഥയിൽ നിന്ന് ഇപ്പോൾ ടൂർണമെന്റിനെ യാഥാർഥ്യമാക്കിയതിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ബിസിസിഐക്കു തീർച്ചയായും അഭിമാനിക്കാം. ഇന്ത്യയിൽത്തന്നെ ടൂർണമെന്റ് നടത്തണം എന്ന ശാഠ്യമൊന്നുമില്ലാതെ ബിസിസിഐ മുന്നോട്ടു നീങ്ങിയതാണു കാര്യങ്ങൾ എളുപ്പമാക്കിയത്. രണ്ട് ഐപിഎൽ മുൻ പതിപ്പുകൾ ദക്ഷിണാഫ്രിക്കയിലും യുഎഇയിലും നടത്തി വിജയിച്ചതിന്റെ അനുഭവവും ബിസിസിഐയുടെ തീരുമാനം വേഗത്തിലാക്കി. ഏതാണ്ട് ഇതേ സമയത്ത് ഓസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ട്വന്റി20 ലോകകപ്പ് മാറ്റിവയ്ക്കാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തീരുമാനിച്ചതോടെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരുടെ പങ്കാളിത്തത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വവും അവസാനിച്ചു.

അതിർത്തിയിലെ ഇന്ത്യ - ചൈന സംഘർഷത്തെത്തുടർന്ന് ടൂർണമെന്റിന്റെ ടൈറ്റിൽ സ്പോൺസർ സ്ഥാനത്തുനിന്നു ചൈനീസ് മൊബൈൽ കമ്പനി വിവോ പിന്മാറിയതായിരുന്നു മറ്റൊരു പ്രതിസന്ധി. എന്നാൽ, അതെച്ചൊല്ലിയുള്ള വിവാദങ്ങൾക്കൊന്നും സമയം കൊടുക്കാതെ പെട്ടെന്നുതന്നെ പുതിയ കമ്പനികളെ ക്ഷണിച്ച ബിസിസിഐക്ക് ഇന്ത്യയിൽനിന്നു തന്നെ ടൈറ്റിൽ സ്പോൺസറെ കിട്ടി - മുംബൈ ആസ്ഥാനമായുള്ള ഗെയിമിങ് കമ്പനി ഡ്രീം 11.

കോവിഡ്കാലത്തെ ഈ ഐപിഎലിന്റെ ഏറ്റവും വലിയ സവിശേഷത മത്സരങ്ങൾ കാണികൾക്കു പ്രവേശനം നൽകാതെ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്തുന്നു എന്നതാണ്. മുൻകാലങ്ങളിലെല്ലാം ഐപിഎലിന് ആവേശം പകർന്നിരുന്നത് മൈതാനത്തെ ക്രിക്കറ്റിനു പുറമേ, ഗാലറിയിലെ വർണാഭമായ അന്തരീക്ഷവും അകമ്പടിയായുള്ള പാട്ടും നൃത്തവും ബോളിവുഡ് താരങ്ങളുടെ സാന്നിധ്യവുമൊക്കെ ആയിരുന്നു. വെറുമൊരു ക്രിക്കറ്റ് ടൂർണമെന്റ് എന്നതിൽനിന്ന് ഒരു ക്രിക്കറ്റ് ഉത്സവം എന്ന നിലയിലേക്ക് ഐപിഎലിനു പകിട്ടേറ്റിയിരുന്ന കാര്യങ്ങളാണിവ. എന്നാൽ, ഈ മഹാമാരിക്കാലത്ത് ഇതെല്ലാം അസാധ്യമാണെന്നതു കൊണ്ടുതന്നെ ഐപിഎൽ വീണ്ടും ക്രിക്കറ്റ് മാത്രമായി മാറുകയാണ്. ഒരുപക്ഷേ, ശുദ്ധമായ ക്രിക്കറ്റിന്റെ വസന്തമായിരിക്കാം ഈ ഐപിഎൽ സമ്മാനിക്കുക.

സ്റ്റേഡിയങ്ങളിലേക്കു പ്രവേശനമില്ലെങ്കിലും മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം ക്രിക്കറ്റ് കളി തിരിച്ചെത്തുന്നതിന്റെ ആഹ്ലാദം എല്ലാവർക്കുമുണ്ട്. ഇംഗ്ലണ്ടിലും വെസ്റ്റിൻഡീസിലുമെല്ലാം ഇതിനു മുൻപേ ക്രിക്കറ്റ് പുനരാരംഭിച്ചെങ്കിലും ഇന്ത്യൻ കളിക്കാരെ വീണ്ടും മൈതാനത്തു കാണുന്നതിന്റെ ആനന്ദവും ടിവിയിൽനിന്ന് ആരാധകരിലേക്കു പടരും. കോവിഡ്കാലത്തിന്റെ ആശങ്കകളിലും വീട്ടിലിരിപ്പിന്റെ മടുപ്പിലുമൊക്കെ ഈ ക്രിക്കറ്റ് കാർണിവൽ ആരാധകർക്കു കൺവിരുന്നാകുമെന്നു പ്രതീക്ഷിക്കാം.

രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചതിനു ശേഷം ഇതാദ്യമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സിന്റെ ജഴ്സിയിൽ‌ ഇറങ്ങുന്നു എന്ന സവിശേഷതയും ഇത്തവണയുണ്ട്. ധോണിയും വിരാട് കോലിയും രോഹിത് ശർമയും ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ ഒരിക്കൽകൂടി മൈതാനത്തേക്കിറങ്ങുമ്പോൾ ഐപിഎലിന്റെ ആവേശതാരങ്ങളായ വിദേശ കളിക്കാരും കൂട്ടുണ്ടാകും. ഒപ്പം, കോവിഡ്കാലത്തോടു പൊരുത്തപ്പെട്ടും അതിജീവിച്ചും കളിക്കളത്തിന്റെ ആനന്ദം തേടുന്ന കോടിക്കണക്കിനു ക്രിക്കറ്റ് ആരാധകരുടെ മനസ്സും.

English Summary: IPL 2020 - Editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com