ADVERTISEMENT

ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി കാർഷിക വിപണിയുടെ പരിഷ്കാരത്തിനു മൂന്ന് ഓർഡിനൻസുകൾ ജൂണിൽ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ‘ഒരു രാജ്യം ഒരു കാർഷിക വിപണി’ എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെവിടെയും ഉൽപന്നങ്ങൾ വിറ്റഴിച്ച് കർഷകർക്കു പരമാവധി വരുമാനം നേടിക്കൊടുക്കുകയാണ് ഈ പരിഷ്കാരങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം. കൃഷിമേഖലയിലേക്കു കൂടുതൽ സ്വകാര്യ മൂലധനനിക്ഷേപവും അടിസ്ഥാന സൗകര്യ വികസനവും കേന്ദ്രം ലക്ഷ്യമിടുന്നു. എന്നാൽ, ഇതു കർഷകർക്കുള്ള ‘നിയമ’ക്കുരുക്കായി മാറുന്നതെങ്ങനെ എന്നു പലർക്കും പിടികിട്ടിയിട്ടില്ല.

ജൂണിൽ ഓർഡിനൻസുകൾ ഇറങ്ങിയപ്പോൾ പ്രതിഷേധമുയർന്നതു പഞ്ചാബ് സർക്കാരിന്റെ ഭാഗത്തുനിന്നു മാത്രമാണ്. മൂന്നു മാസത്തിനു ശേഷം ഓർഡിനൻസുകൾ ബില്ലുകളായി പാർലമെന്റിനു മുന്നിലെത്തുമ്പോൾ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. ഓർഡിനൻസുകൾ ഇറങ്ങിയപ്പോൾ മൗനം പാലിച്ച പ്രതിപക്ഷ കക്ഷികൾക്ക് കർഷകർ തെരുവിലിറങ്ങിയപ്പോൾ മാത്രമാണു ഗൗരവം പിടികിട്ടിയത്. 

Dr-Jose-Joseph
ഡോ. ജോസ് ജോസഫ്

1955ലെ അവശ്യവസ്തു നിയമത്തിന്റെ ഭേദഗതി, പ്രാദേശിക ഭരണകൂടങ്ങൾക്കു മേൽനോട്ടമുള്ള അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റികളുടെ (എപിഎംസി) നേതൃത്വത്തിലുള്ള വിപണികൾക്കു പുറത്ത് വിപണനം നടത്താൻ അനുമതി നൽകുന്ന നിയമഭേദഗതി, രാജ്യവ്യാപകമായി പ്രാബല്യമുള്ള കരാർക്കൃഷി നിയമം എന്നിവയാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്ന കാർഷിക വിപണി പരിഷ്കാര ബില്ലുകൾ.

പ്രതിഷേധം പഞ്ചാബിലും ഹരിയാനയിലും മാത്രമായി ഒതുങ്ങേണ്ടതല്ല. കാരണം കർഷകനെക്കാൾ, കോർപറേറ്റ് താൽപര്യങ്ങൾക്കു മുൻതൂക്കം നൽകുന്നവയാണ് ഈ നിയമപരിഷ്കാരങ്ങൾ. ഭരണഘടനയനുസരിച്ച് കൃഷി സംസ്ഥാന വിഷയമാണ്. എന്നാൽ, സംസ്ഥാനങ്ങളുടെ അഭിപ്രായം ചോദിക്കാതെ എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ ബാധകമായ കാർഷിക വിപണി പരിഷ്കാരങ്ങൾ ഏകപക്ഷീയമായി കേന്ദ്രം നടപ്പാക്കുന്നതു ജനാധിപത്യപരമല്ല.

അവശ്യവസ്തു നിയമം ഭേദഗതി ചെയ്യുമ്പോൾ

ഭക്ഷ്യസംസ്കരണത്തിനും കയറ്റുമതിക്കുമായി കാർഷികോൽപന്നങ്ങൾ പരിധികളില്ലാതെ സംഭരിച്ചു സൂക്ഷിച്ചുവയ്ക്കുന്നതിനു വേണ്ടിയാണ് അവശ്യവസ്തു നിയമം ഭേദഗതി ചെയ്യുന്നത്. കോർപറേറ്റുകൾക്കും വൻകിട അഗ്രി ബിസിനസ് സ്ഥാപനങ്ങൾക്കും വേണ്ടിയാണ് ഈ നിയമഭേദഗതി എന്നു വ്യക്തം. യുദ്ധം, ക്ഷാമം, പ്രകൃതിദുരന്തങ്ങൾ, അസാധാരണ വിലക്കയറ്റം തുടങ്ങിയ സാഹചര്യങ്ങളിൽ മാത്രമേ, സർക്കാരിനു വിപണിയിൽ നിയന്ത്രണമുണ്ടാവുകയുള്ളൂ.

ധാന്യങ്ങൾ, ഭക്ഷ്യ എണ്ണകൾ, എണ്ണക്കുരു, പയർവർഗങ്ങൾ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നീ 6 ഉൽപന്നങ്ങളെ നിയമത്തിന്റെ പരിധിയിൽനിന്ന് എടുത്തുമാറ്റുമെന്നതു ശരി. പക്ഷേ, സംഭരണത്തിനു പരിധിയില്ലാതാവുന്നതോടെ സർക്കാരിന്റെ നിയന്ത്രണവും മേൽനോട്ട അധികാരവും പൂർണമായി ഇല്ലാതാകും. കൂടുതൽ സംഭരണശേഷിയുള്ള കോർപറേറ്റുകൾ വിതരണശൃംഖലയും വിപണിയും നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടാകും. 

ഭക്ഷ്യസുരക്ഷ മുൻനിർത്തിയുള്ള സർക്കാർ സംഭരണം സ്വകാര്യ മേഖലയിലേക്കു പോകും. ‌ആഫ്രിക്കയിലും മറ്റും സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്ന കോർപറേറ്റുകൾക്കു പുതിയ അവസരം തുറന്നുകിട്ടും. പ്രാദേശികമായി കർഷകരുടെ സംഭരണശേഷി വികസിപ്പിക്കുന്നതിനു പകരം ഈ മേഖലയിൽനിന്നു സർക്കാർ പിന്മാറുകയാണ്. 

കർഷകനെ സർക്കാർ കൈവിടുന്നുവോ?

എപിഎംസി വിപണികൾക്കു പുറത്ത് ഉൽപന്നങ്ങൾ വിൽക്കാൻ കർഷകർക്ക് അനുമതി നൽകുന്ന കർഷക ഉൽപന്ന വ്യാപാര - വാണിജ്യ നിയമത്തോടാണ് കർഷകരുടെ ഏറ്റവും ശക്തമായ എതിർപ്പ്. എപിഎംസി നിയമം നിലവിലില്ലാത്ത സംസ്ഥാനമാണു കേരളം. എന്നാൽ, കേന്ദ്രത്തിന്റെ പുതിയ പരിഷ്കാരം കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്. കാർഷിക വിപണനം സംസ്ഥാന വിഷയമാണ്. എന്നാൽ, ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലുള്ള യൂണിയൻ ലിസ്റ്റിലെ എൻട്രി - 42 പ്രകാരം അന്തർസംസ്ഥാന വിപണനത്തിൽ കേന്ദ്രത്തിനു നിയമ നിർമാണം നടത്താമെന്ന ന്യായത്തിലാണ് എപിഎംസി ഭേദഗതി.

ഇന്ത്യയിലെവിടെയും ഏറ്റവും നല്ല വില കിട്ടുന്ന വിപണിയിൽ കർഷകന് ഉൽപന്നം വിറ്റഴിക്കാമെന്നാണു കേന്ദ്രസർക്കാർ വാഗ്ദാനം. എപിഎംസി വിപണിക്കു പുറത്ത് കർഷകനു നേരിട്ട് സംരംഭകർ, സംസ്കരണ വ്യവസായികൾ, കയറ്റുമതിക്കാർ എന്നിവർക്കൊക്കെ ഉൽപന്നങ്ങൾ വിൽക്കാം. സ്വകാര്യ കാർഷിക ചന്തകൾ, അന്തർസംസ്ഥാന ഇലക്ട്രോണിക് ട്രേഡിങ് ഫ്ലാറ്റ്ഫോമുകൾ തുടങ്ങിയവയും നിലവിൽ വരും. 

കേൾക്കുമ്പോൾ നല്ലതെന്നു തോന്നുമെങ്കിലും പൂർണമായി അങ്ങനെയല്ല കാര്യങ്ങൾ. എപിഎംസിക്കു പുറത്ത് വിപണനം വ്യാപകമാകുന്നതോടെ സർക്കാരിന്റെയും പ്രാദേശിക ഭരണകൂടങ്ങളുടെയും നിയന്ത്രണമില്ലാതാകും. ആ ‘തുറന്ന വിപണിയിൽ’ കർഷകരുടെ സംഘടിതമായ വിലപേശൽ ശക്തി കുറയും. സർക്കാർ നിയന്ത്രിത വിപണിക്കു പുറത്ത് പ്രാദേശികമായി കുത്തകകൾ രൂപപ്പെടും. ഇങ്ങനെ സംഘടിതമായ കൃഷിവിപണി ദുർബലപ്പെട്ടാൽ, വിപണിയിൽ ഇടപെട്ട് മിനിമം  താങ്ങുവില കർഷകർക്ക് ഉറപ്പാക്കാനുള്ള സർക്കാർ ശ്രമങ്ങളും പരാജയപ്പെടും.

 സർക്കാരിന്റെ പിന്തുണയോടെ ഹരിതവിപ്ലവം വിജയത്തിലെത്തിച്ചവരാണ് പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ. കൃഷിമേഖല കോർപറേറ്റുകൾക്കു കൈമാറി, സർക്കാർ പിന്മാറുന്നതിന്റെയും താങ്ങുവില നിർത്തലാക്കുന്നതിന്റെയും ആദ്യ പടിയാണ് കേന്ദ്രസർക്കാരിന്റെ പുതിയ നിയമഭേദഗതികളെന്ന് അവർ സംശയിക്കുന്നു. നിയമപരിഷ്കാരത്തിലൂടെ ഇടത്തട്ടുകാരെയും കമ്മിഷൻ ഏജന്റുമാരെയും ഒഴിവാക്കാമെന്നാണു കേന്ദ്രത്തിന്റെ വാഗ്ദാനം. എന്നാൽ, പ്രാദേശിക വിപണികളിലെ സാധാരണക്കാരായ ഇടനിലക്കാരെ കർഷകർക്കു പരിചയമുണ്ട്. പകരം വരുന്ന കൗശലക്കാരായ കോർപറേറ്റ് ഏജന്റുമാരെ കൈകാര്യം ചെയ്യുന്നത് സാധാരണ കർഷകർക്ക് എളുപ്പമായിരിക്കില്ല.

സ്വകാര്യ കാർഷിക ചന്തകൾ തുടങ്ങാമെന്നതിനു പുറമേ, പാൻ കാർഡുള്ള ഏതൊരാൾക്കും ലൈസൻസെടുത്ത് ഇന്ത്യയിലെവിടെയും ഓൺലൈൻ കാർഷിക വ്യാപാരം നടത്താം. കോർപറേറ്റുകൾക്കും സ്വകാര്യ വ്യക്തികൾക്കും ഒരു നിയന്ത്രണവുമില്ലാതെ കൃഷിവിപണന മേഖലയിൽ ആധിപത്യമുറപ്പിക്കാൻ അവസരമുണ്ടാകും. നിയമത്തിലെ തർക്ക പരിഹാര വ്യവസ്ഥകളും ദുർബലമാണ്.

കരാർ കുരുക്കുകൾ

കരാർക്കൃഷി രാജ്യവ്യാപകമായി നടപ്പാക്കുന്നതിനുള്ള കർഷക (ശാക്തീകരണ, സംരക്ഷണ) നിയമവും കോർപറേറ്റുകളെയാണു തുണയ്ക്കുന്നത്. കരാർക്കൃഷി ഉൽപാദനം മാത്രമല്ല സേവനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരും. കർഷകൻ സ്വന്തം കൃഷിഭൂമിയും സേവനങ്ങളും കമ്പനിക്കു വിട്ടുനൽകി കമ്പനിയിൽനിന്നു പ്രതിഫലം പറ്റുന്ന രീതിയും കരാർക്കൃഷിയുടെ നിർവചനത്തിൽപെടും. ഇതു കൃഷിഭൂമി വൻതോതിൽ കോർപറേറ്റുകളുടെ നിയന്ത്രണത്തിലാക്കും. കരാറിൽ എഴുതിച്ചേർക്കുന്ന, ഉൽപന്നത്തിന്റെ ഉയർന്ന ഗുണമേന്മാ മാനദണ്ഡങ്ങൾ പാലിക്കാൻ സാധാരണ കർഷകന് ഒറ്റയ്ക്കു സാധിക്കില്ല. 

കരാർക്കൃഷിയിൽ എപ്പോഴും ഉയർന്ന വില ലഭിക്കണമെന്നില്ല. നിസ്സാരമായ ഗുണമേന്മാ മാനദണ്ഡങ്ങളുടെ പേരിൽ വില വെട്ടിക്കുറയ്ക്കപ്പെടാം. ഗുണമേന്മ സംബന്ധിച്ചു തർക്കമുണ്ടായാൽ കർഷകനും കമ്പനിയുമല്ലാത്ത, മൂന്നാമതൊരു ഏജൻസിയെക്കൊണ്ട് ഗുണമേന്മ പരിശോധിപ്പിക്കണം എന്ന ചട്ടവും കർഷകനു ഗുണകരമാവില്ല. ശക്തമായ കർഷക ഉൽപാദകസംഘടനകളുടെ അഭാവത്തിൽ കരാർക്കൃഷി നിയമം സാധാരണ കർഷകനു പ്രയോജനം ചെയ്യില്ല.

അമേരിക്കൻ മാതൃകയിലുള്ള കോർപറേറ്റ് അനുകൂല കൃഷിവിപണി പരിഷ്കാരങ്ങളാണു മോദി സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇന്ത്യയിലെ, പ്രത്യേകിച്ചു കേരളത്തിലെ 85 ശതമാനത്തിലേറെ വരുന്ന ചെറുകിട - നാമമാത്ര കർഷകരെ സഹായിക്കുന്നതല്ല ഈ പരിഷ്കാരങ്ങൾ. പ്രശ്നങ്ങൾ പരിഹരിച്ച് വിപണി കർഷകരുടെ സമീപത്തേക്ക് എത്തുകയാണു വേണ്ടത്. കർഷകരോടു നേരിട്ട് ഇടപെടുന്ന കേരളം പോലുള്ള സംസ്ഥാന സർക്കാരുകളെ തഴഞ്ഞുകൊണ്ടുള്ള നിയമനിർമാണങ്ങൾ കർഷകരെ വീണ്ടും തകർച്ചയിലേക്കു തള്ളിവിടാനാണു സാധ്യത.

(കേരള കാർഷിക സർവകലാശാലയിലെ മുൻ പ്രഫസറാണു ലേഖകൻ)

English Summary: Is farm bills for helping corporates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com