ADVERTISEMENT

സ്വർഗത്തിൽനിന്നു വന്ന അരയന്നം വയലിലെ കൊക്കുകളെ കണ്ടു. സ്വർഗലോകത്തെ കാഴ്ചകളെല്ലാം അത് കൊക്കുകൾക്കു വിവരിച്ചു കൊടുത്തു. തേനും പാലും ഒഴുകുന്ന നദികൾ, മറ്റൊരിടത്തും ലഭിക്കാത്ത കായ്കനികളും പൂക്കളും, വർഷം മുഴുവൻ വസന്തകാലം... ഇതെല്ലാം കേട്ട കൊക്കുകൾ പരിഹാസത്തോടെ ചോദിച്ചു: അവിടെ തേരട്ടകളില്ല, ഞാഞ്ഞൂലുകളില്ല. പിന്നെന്ത് സ്വർഗം?  

സ്വന്തം സുഖാനുഭവങ്ങളുടെ സങ്കേതമാണ് ഓരോരുത്തരുടെയും സ്വർഗം. സ്വയം അനുഭവിച്ചതും ആഗ്രഹിച്ചതുമായ സന്തോഷങ്ങൾക്കു മുകളിലാണ് എല്ലാവരും അവരവരുടെ സ്വർഗസങ്കൽപങ്ങൾ പണിതുയർത്തുന്നത്. കിട്ടിയ നല്ല അനുഭവങ്ങളുടെ തുടർച്ചയും മോഹിച്ചിട്ടും കിട്ടാത്ത അനുഭവങ്ങളുടെ സഫലീകരണവുമാണ് ഓരോരുത്തരുടെയും സ്വർഗം. 

അതുകൊണ്ടുതന്നെ ഓരോരുത്തരുടെയും സ്വർഗം വ്യത്യസ്തമായിരിക്കും. ഒരാൾ വിവരിക്കുന്ന സ്വർഗീയാനുഭൂതികൾ മറ്റൊരാൾക്കു മനസ്സിലാകാത്തതിന്റെ കാരണം, അയാളുടെ ഇഷ്ടങ്ങളെ അവ താലോലിക്കുന്നില്ല എന്നതുതന്നെ. 

തനിക്ക് അനാകർഷകവും അനാവശ്യവുമായി തോന്നുന്ന ഒന്നിലേക്കും നടന്നടുക്കാൻ ആർക്കും താൽപര്യമുണ്ടാകില്ല. നിർബന്ധങ്ങളുടെയും നിവൃത്തികേടിന്റെയും പേരിൽ കുറച്ചുനാൾ കൂടെ നിന്നാലും കാലക്രമത്തിൽ അവരെല്ലാം സ്വന്തം സ്വർഗങ്ങൾ തേടിപ്പോകും. 

വ്യാപരിക്കുന്ന ഇടം സ്വർഗമാക്കാൻ കഴിയണം. സ്വന്തം ചുറ്റുപാടുകളുടെ ശുദ്ധീകരണത്തിലൂടെയും സ്വഭാവരീതികളുടെ നവീകരണത്തിലൂടെയുമാണു സ്വർഗം സൃഷ്ടിക്കേണ്ടത്. ഗുണപരമായ മാറ്റങ്ങൾ ചിന്തകളിലും സമീപനത്തിലും ഉരുത്തിരിയുമ്പോൾ സ്വർഗീയാനുഭവങ്ങൾ തനിയെ രൂപപ്പെടും. ഒരു മാറ്റത്തിനും തയാറാകാതെ വരുമ്പോഴാണ് സ്വർഗം നിഷേധിക്കപ്പെടുന്നത്. ഒരാളുടെ സ്വർഗം അയാളുടെ മാത്രം ഉത്തരവാദിത്തമാണ്.

English Summary: Subhadhinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com