ADVERTISEMENT

ഏതാനും ദിവസം മുൻപ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഡോക്യുഡ്രാമയാണ് ‘ദ് സോഷ്യൽ ഡിലെമ’ (The Social Dilemma). സമൂഹമാധ്യമങ്ങൾ എങ്ങനെ വ്യക്തികളെയും സമൂഹത്തെയും സ്വാധീനിക്കുന്നുവെന്നും ജനാധിപത്യത്തെ അപകടത്തിലാക്കുന്നുവെന്നുമാണ് ഈ ചിത്രം പരിശോധിക്കുന്നത്.

ഗൂഗിൾ, ഫെയ്സ്ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, യുട്യൂബ്, പിൻറ്ററസ്റ്റ് ഉൾപ്പെടെയുള്ള സമൂഹമാധ്യമ കമ്പനികളിൽ ഉയർന്ന തസ്തികകളിൽ ജോലി ചെയ്ത, പിന്നീടു പിരിഞ്ഞുപോന്ന ഒരുകൂട്ടം ആളുകളാണ് ഡോക്യുമെന്ററിയിൽ പ്രത്യക്ഷപ്പെടുന്നത്. നമ്മൾ ഇന്ന് ഉപയോഗിക്കുന്ന പല ടൂളുകളും കണ്ടുപിടിച്ച ആളുകളാണിത്. ഉദാഹരണത്തിന്, ഫെയ്സ്ബുക്കിലെ ലൈക് ബട്ടൻ സൃഷ്ടിച്ചവരിൽ ഒരാളായ ജസ്റ്റിൻ റൊസൻസ്റ്റീൻ, ജിമെയിൽ, ഗൂഗിൾ ഡ്രൈവ് തുടങ്ങിയവയുടെ രൂപീകരണത്തിൽ പങ്കുവഹിച്ച ട്രിസ്റ്റാൻ ഹാരിസ് എന്നിവർ.

അങ്ങനെ, ഇന്നു നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ പല പ്ലാറ്റ്‌ഫോമുകളുടെയും സൃഷ്ടിയിലും വികാസത്തിലും നിർണായക പങ്കുവഹിച്ചവർ തന്നെ, സമൂഹമാധ്യമങ്ങൾ എങ്ങനെ നമ്മളെ അവയുടെ അടിമകളാക്കി മാറ്റുന്നുവെന്നും നമ്മുടെ സ്വഭാവരീതികളെ സ്വാധീനിക്കുകയോ മാറ്റിമറിക്കുകയോ ചെയ്യുന്നുവെന്നും വിവരിക്കുകയാണ് ‘സോഷ്യൽ ഡിലെമ’യിൽ.

വ്യാജനു വലിയ വിലയുണ്ട് ! 

ഡോക്യുമെന്ററി ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങളിലൊന്ന് വ്യാജവിവരങ്ങളും പക്ഷപാത വാർത്തകളുമാണ്. ഇന്ത്യയിൽ സമൂഹമാധ്യങ്ങളിലൂടെ പ്രചരിച്ച വ്യാജവിവരങ്ങളുടെ അടിസ്ഥാനത്തിലുണ്ടായ ആൾക്കൂട്ടക്കൊലപാതകങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നു. എന്നാൽ, മ്യാൻമറിലെ ഉദാഹരണമാണ് ഇക്കൂട്ടത്തിൽ ഏറ്റവും പേടിപ്പെടുത്തുന്നത്. മ്യാൻമറിൽ മൊബൈൽ ഫോൺ വാങ്ങുമ്പോൾത്തന്നെ ഫെയ്സ്ബുക് ആപ് അതിലുണ്ടാവും. ഉപയോക്താവിനു വേണ്ടെന്നുണ്ടെങ്കിലും ഉപയോഗിക്കാൻ പ്രേരിപ്പിക്കപ്പെടുമെന്നർഥം. അങ്ങനെ, പ്രീ ഇൻസ്റ്റാൾഡ് ആയ ഫെയ്സ്ബുക്കിലെ പോസ്റ്റുകളിലൂടെ മ്യാൻമറിലെ രോഹിൻഗ്യൻ ന്യൂനപക്ഷത്തിനെതിരായ പൊതുവികാരം രൂപപ്പെട്ടതെങ്ങനെ എന്നു ഡോക്യുമെന്ററിയിൽ വിശദീകരിക്കുന്നു.

ജനങ്ങളെ സ്വാധീനിക്കാനും നിയന്ത്രിക്കാനും ഭരണാധികാരികൾക്കു ലഭിച്ച ഏറ്റവും ശക്തമായ ഉപാധിയാണ് ഫെയ്സ്ബുക്കെന്ന് ഡോക്യുമെന്ററി ചൂണ്ടിക്കാട്ടുന്നു. ‘സമൂഹമാധ്യമങ്ങളുടെ ആയുധവൽക്കരണം’ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 2016ലെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ റഷ്യയുടെ ഇടപെടൽ വലിയ വിവാദമായിരുന്നല്ലോ. ഫെയ്സ്ബുക്കിലൂടെ അമേരിക്കൻ വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കങ്ങളാണു റഷ്യ നടത്തിയത്. ഇന്ത്യയിൽ ഫെയ്സ്ബുക് പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്ന ആരോപണം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കൂടി വേണം ഇതിനെ കാണാൻ.

കോവിഡിനെക്കുറിച്ചുള്ള വ്യാജവിവരങ്ങളും അർധസത്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ എത്ര വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുവെന്നും അതു വിശ്വസിക്കപ്പെടുന്നുവെന്നും അമേരിക്കയിൽനിന്നുള്ള തെളിവുകൾ സഹിതം നമുക്കു കാണാം. ഭൂമി പരന്നതാണ്, മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടേയില്ല, കാലാവസ്ഥാവ്യതിയാനം വ്യാജമാണ്, കോവിഡ് എന്നൊരു രോഗമേയില്ല തുടങ്ങിയ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ വിശ്വസിക്കുന്ന വലിയൊരു ശതമാനം യുവാക്കൾ യുഎസിലുണ്ടത്രേ. ബാസ്‌കറ്റ്‌ബോളിലെ സൂപ്പർതാരമായ കൈറി ഇർവിങ്, ഭൂമി പരന്നതാണെന്ന സിദ്ധാന്തം വിശ്വസിച്ചിരുന്നുവെന്നു തുറന്നു പറഞ്ഞിട്ടുണ്ട്.

സമൂഹമാധ്യമങ്ങൾക്കു വ്യാജവിവരങ്ങളോടു ചായ്‍വുണ്ടെന്നു ഡോക്യുമെന്ററി പറയുന്നു. അതു മനഃപൂർവം ചെയ്യുന്നതല്ല. മറിച്ച്, വ്യാജവിവരം കൂടുതൽ ഷെയർ ചെയ്യപ്പെടുന്നു, അവയിൽ ഉപയോക്താക്കൾ കൂടുതൽ സമയം ചെലവഴിക്കുന്നു, അതിലൂടെ സമൂഹമാധ്യമ കമ്പനികൾക്കു കൂടുതൽ പണം കിട്ടുന്നു. യുഎസിലെ പ്രശസ്തമായ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (എംഐടി) പഠനത്തിൽ, ട്വിറ്ററിൽ യഥാർഥ വാർത്ത പങ്കുവയ്ക്കപ്പെടുന്നതിന്റെ ആറിരട്ടിയാണ് വ്യാജവിവരം ഷെയർ ചെയ്യപ്പെടുന്നത് എന്നാണു കണ്ടെത്തിയത്.

വ്യാജ വിവരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ‘സത്യം ബോറടിപ്പിക്കുന്നതാണ്’ എന്ന രസകരമായ നിരീക്ഷണം ചിത്രത്തിലുണ്ട്. ലാഭത്തിനു വ്യാജവിവരം (Disinformation for profit) എന്ന ബിസിനസ് മോഡലാണിതെന്ന് ട്രിസ്റ്റാൻ ഹാരിസ് ചൂണ്ടിക്കാട്ടുന്നു. സമൂഹമാധ്യമങ്ങളുടെ ‘ഊരാക്കുടുക്ക്’ അഴിച്ചെടുക്കാൻ വലിയ ശ്രമം വേണമെന്നാണു ‘സോഷ്യൽ ഡിലെമ’ പറഞ്ഞുവയ്ക്കുന്നത്.

English Summary: Vireal - reality behind the videos photos and messages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com