അരികിലെത്തുന്ന അപായസൂചന

HIGHLIGHTS
  • കേരളം പുലർത്തേണ്ട അതിജാഗ്രത ഓർമിപ്പിച്ച് അറസ്റ്റുകൾ
Terrorist | Representative Image
SHARE

രാജ്യാന്തര ഭീകരപ്രവർത്തനത്തിന്റെ അപായവഴികൾ വീട്ടുമുറ്റത്തെത്തിനിൽക്കുന്ന കാഴ്‌ചയാണു നാമിപ്പോൾ ഞെട്ടലോടെ കാണുന്നത്. ഭീകരസംഘടനയായ അൽഖായിദയുടെ പാക്കിസ്ഥാൻ ഘടകത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരെന്നു കരുതപ്പെടുന്ന മൂന്നുപേരെ കളമശേരിയിലും പെരുമ്പാവൂരിലുമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തത് അതിജാഗ്രതയിലേക്കു കേരളവും കടക്കേണ്ടതുണ്ടെന്നതിന്റെ വലിയ സൂചനയായി. ഇതോടൊപ്പം, ആറുപേർ ബംഗാളിലെ മൂർഷിദാബാദിലും അറസ്റ്റിലായിട്ടുണ്ട്.

രണ്ടു മാസം മുൻപ് ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട റിപ്പോർട്ടിലെ മുന്നറിയിപ്പു ശരിവയ്ക്കുന്നതാണു കേരളത്തിലെ അറസ്റ്റ് എന്നുവേണം കരുതാൻ. എറണാകുളം ജില്ലയിൽ അറസ്റ്റിലായവർ കഴിഞ്ഞ രണ്ടരമാസത്തിനിടയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നതും നമ്മുടെ ആശങ്ക വർധിപ്പിക്കുക മാത്രമല്ല, രാജ്യാന്തര മുന്നറിയിപ്പിനെ കേരളം വേണ്ടരീതിയിൽ ഗൗനിച്ചില്ലെന്നുകൂടി ഓർമിപ്പിക്കുന്നു. അറസ്റ്റിലായവരെക്കുറിച്ചുള്ള എൻഐഎ വെളിപ്പെടുത്തലുകൾക്ക് ഇനിയും വ്യക്തത വരാനുണ്ടെങ്കിലും ഇവരിൽ ഒരാൾ കോവിഡ് ലോക്ഡൗണിനിടെ അതിഥിത്തൊഴിലാളികളുടെ ഇടയിലേക്കു നുഴഞ്ഞുകയറിയെന്നതു യാഥാർഥ്യമാണെങ്കിൽ, അതു നമ്മുടെ സുരക്ഷാപാളിച്ചകൾ തുറന്നുകാട്ടുകയുമാണ്.

കേരളത്തിലുള്ള അതിഥിത്തൊഴിലാളികളെക്കുറിച്ചുള്ള നമ്മുടെ വിവരശേഖരണത്തിലുള്ള വീഴ്ച പുറത്തുവരുന്നത് ഇതാദ്യമല്ല. അതിഥിത്തൊഴിലാളികൾ നിർബന്ധമായി അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്യണമെന്നാണു നിയമമെങ്കിലും തിരിച്ചറിയൽ രേഖകൾ സ്റ്റേഷനിൽ നൽകിയിരുന്നത് അറസ്റ്റിലായവരിൽ ഒരാൾ മാത്രമാണ്. ഇതരസംസ്ഥാന തൊഴിലാളികൾ പ്രതികളായ കേസുകൾ വർധിക്കുമ്പോഴും തൊഴിലാളികളുടെ കൃത്യമായ കണക്കെടുക്കാനും അവരെ മുഴുവൻ റജിസ്റ്റർ ചെയ്യിക്കാനുമുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കു വേഗം പോരെന്നു വ്യക്തം.

അൽഖായിദയുടെ ദക്ഷിണേന്ത്യയിലെ പ്രവർത്തനങ്ങൾക്കു വേണ്ടി ധനസമാഹരണം നടത്തുന്നവരെന്നാണ് അറസ്റ്റിലായ മൂന്നുപേരും മൊഴി നൽകിയിരിക്കുന്നതെങ്കിലും ഇതിൽ വ്യക്തത വരാനുണ്ട്. അതേസമയം, അൽഖായിദ ഘടകത്തിനു കേരളത്തിൽനിന്നു സാമ്പത്തിക സഹായം ലഭിച്ചതായി എൻഐഎ കണ്ടെത്തിയിട്ടുമുണ്ട്. കൊച്ചി നാവികത്താവളം, കപ്പൽശാല അടക്കമുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിനു പദ്ധതിയിടുന്നതായി ഒരു മാസം മുൻപു രഹസ്യവിവരം ലഭിച്ചിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് പറയുന്നുണ്ട്. ഇതിനു പുറമേ, സാധാരണ ജനങ്ങൾ ഒത്തുചേരുന്ന ഇടങ്ങളിലും ഭീകരപ്രവർത്തകർ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായാണു സൂചന. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ അറസ്റ്റിലുള്ള ഗൗരവമാനങ്ങളേറെയാണ്.

കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലാണ് ഐഎസ് ഭീകരർ ഏറ്റവും സജീവമെന്ന് എൻഐഎ അന്വേഷണത്തിൽ വ്യക്തമായതായി ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡി ഈയിടെ രാജ്യസഭയെ അറിയിച്ചിരുന്നു. കണ്ണൂർ പാനൂർ കനകമല ഐഎസ് കേസിലെ പിടികിട്ടാപ്പുള്ളിയെ എൻഐഎ അറസ്റ്റ് ചെയ്തുവെന്ന വിവരമറിഞ്ഞത് എറണാകുളത്ത് മൂന്നുപേരെ അറസ്റ്റ് ചെയ്ത ദിവസംതന്നെയാണ്.

കേരളത്തിലും കർണാടകയിലും ഭീകരസാന്നിധ്യമുണ്ടെന്ന് ഐഎസ്, അൽഖായിദ ഭീകരസംഘടനകളെ നിരീക്ഷിക്കുന്നതിനുള്ള യുഎൻ സമിതിയുടെ 26–ാം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത് നാം ഗൗരവത്തോടെ ഉൾക്കൊള്ളേണ്ടതായിരുന്നില്ലേ? റിപ്പോർട്ടിനെത്തുടർന്ന്, കേരളത്തിലെ തീവ്രവാദി സാന്നിധ്യം സംബന്ധിച്ചു നേരത്തേതന്നെ അന്വേഷിച്ചിട്ടുണ്ടെന്നും കേരള പൊലീസ് അതുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ ഒരുക്കി നടപടി സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കേരളത്തിൽ ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കാൻ സംസ്ഥാന തീവ്രവാദവിരുദ്ധ സ്ക്വാഡിന് (എടിഎസ്) ഡിജിപിയുടെ നിർദേശവുമുണ്ടായി.

അൽഖായിദ ബന്ധമുള്ളവർ കേരള പൊലീസ് മുൻകൂട്ടി അറിയാതെ എൻഐഎ പിടിയിലായതു വിരൽ ചൂണ്ടുന്നത് സംസ്ഥാന ഇന്റലിജൻസിന്റെ വീഴ്ചയിലേക്കുകൂടിയാണ്. ഇവർ അൽഖായിദ ബന്ധമുള്ളവരാണെന്ന് കേരള പൊലീസ് അറിഞ്ഞതുതന്നെ ശനിയാഴ്ചയാണെന്നത് എത്ര ലജ്ജാകരമാണ്. സംസ്ഥാനത്തെ തീവ്രവാദ വിരുദ്ധ സ്ക്വാഡിനും ആഭ്യന്തര സുരക്ഷാവിഭാഗത്തിനും മാസങ്ങളായി തലവനില്ലാത്തതും പൊലീസിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചുവെന്ന് ആരോപണമുണ്ട്.

കേരള മണ്ണിൽ, അൽഖായിദക്കാരെന്നു കരുതുന്ന മൂന്നുപേരുടെ അറസ്റ്റുണ്ടായത് അപായമണിയാണ്; കർശന സുരക്ഷയെക്കുറിച്ചും അതീവജാഗ്രതയെക്കുറിച്ചും വിട്ടുവീഴ്ചയില്ലാത്ത മുൻകരുതലിനെക്കുറിച്ചുമുള്ള തീക്ഷ്ണമായ ഓർമപ്പെടുത്തൽ.

English summary: Al Qaeda presence Kerala 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA