മാറ്റത്തിലേക്കുള്ള നടപ്പാത

HIGHLIGHTS
  • ശ്രീനാരായണ ഗുരു സമാധിദിനം ഇന്ന്
1200 sree narayana guru
SHARE

ആധുനികതയിലേക്കുള്ള കേരളത്തിന്റെ ഏറ്റവും വലിയ നടപ്പാതയായിരുന്നു ശ്രീനാരായണഗുരു. നിശ്ചയമായും വേറെയും വഴികൾ അതിലേക്കുണ്ടായിരുന്നു; മാറുമറയ്ക്കൽ കലാപം മുതൽ പലതും. എങ്കിലും അവയിലേറ്റവും മഹത്വപൂർണവും വിസ്തൃതവുമായ വഴി ഗുരു തുറന്നതാണ്. ആധുനികതയെ അതിന്റെ സങ്കീർണമായ ചരിത്രസന്ധിയിൽ ഗുരു ആഴത്തിൽ അഭിസംബോധന ചെയ്തു. അതിലെ വൈവിധ്യങ്ങളോടും വൈരുധ്യങ്ങളോടും സംവദിച്ചു.

ആത്മതത്വം മുതൽ ദൈവഭാവന വരെയുള്ള തലങ്ങളിൽ അതിന്റെ ധാർമിക - നൈതിക മാനങ്ങളെ സന്നിവേശിപ്പിച്ചു. അപ്പോൾത്തന്നെ, ആധുനികതയുടെ താർക്കികവും ഉപകരണവാദപരവുമായ കേവലയുക്തിയെ ഗുരു സമ്പൂർണമായി കയ്യൊഴിയുകയും ചെയ്തു. നൈതികാനുഭവമായും അതിന്റെ പ്രവൃത്തിലോകമായും പരിണമിക്കാത്ത, സാങ്കേതികവും താർക്കികവുമായ ആധുനികജീവിതം എത്രമേൽ വലിയ അസംബന്ധമായി മാറുമെന്ന് അദ്ദേഹം ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. ഉപഭോഗാർത്തിയും ആചാരഭ്രാന്തും കീഴടക്കിയ വർത്തമാനകേരളം ഗുരുവിന്റെ ആ ഭവിഷ്യദർശനത്തെ നമുക്കു മുന്നിൽ തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

ആധുനികപരിഷ്‌കൃതിയെയും അതിന്റെ അനുഭവമേഖലകളെയും ഗുരു ഒറ്റയടിക്കു നിരസിച്ചില്ല. മനുഷ്യനെ ശ്രേണീബദ്ധമായി തരംതിരിക്കുന്ന ജാതിവ്യവസ്ഥയെ മറികടക്കാതെ കേരളം ഒരാധുനിക സമൂഹമാകില്ലെന്ന് അദ്ദേഹത്തിന് അടിയുറച്ച ബോധ്യമുണ്ടായിരുന്നു. ‘ഒരു യോനി, ഒരാകാരം, ഒരു ഭേദവുമില്ലതിൽ’ എന്നു തീർത്തും ശരീരനിഷ്ഠമായ ജാതിവിമർശനം ഗുരു ഉയർത്തിക്കൊണ്ടുവന്നു.

sunil
സുനിൽ പി. ഇളയിടം

ശരീരബദ്ധമായ ഈ ഏകതാസങ്കൽപം തീർത്തും ആധുനികമായ ഒന്നാണ്. അതോടൊപ്പം, വ്യവസായപ്രദർശനത്തിന്റെ അധ്യക്ഷനായി ഇരിക്കുകയും ഇംഗ്ലിഷിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും വിദ്യാലയങ്ങൾ സ്ഥാപിക്കുകയും മതങ്ങളുടെ രൂപപ്പെടലിനെക്കുറിച്ചുള്ള ആധുനികവും സാമൂഹികശാസ്ത്രപരവുമായ ആശയങ്ങൾ പങ്കുവയ്ക്കുകയും, ‘നമുക്കു സന്യാസം തന്നത് അവരാണല്ലോ’ എന്നു ബ്രിട്ടിഷ് ഭരണത്തെ മുൻനിർത്തി അഭിപ്രായപ്പെടുകയും ചെയ്ത ഗുരുവിൽ ആധുനികലോകത്തെയും അതിന്റെ സാമൂഹികക്രമത്തെയും കുറിച്ചുള്ള ചരിത്രപരമായ തിരിച്ചറിവ് ആഴത്തിൽ സന്നിഹിതമായിരുന്നു.

ഒപ്പംതന്നെ, സാങ്കേതികവും ഉപകരണവാദപരവുമായ അതിന്റെ ഭൗതികസ്വരൂപത്തോടും താർക്കികയുക്തിയോടും ഗുരു വിയോജിക്കുകയും ചെയ്തു. ആ താർക്കികമണ്ഡലത്തിനെതിരെ ബൗദ്ധപാരമ്പര്യം മുതലാരംഭിക്കുന്ന കരുണയുടെ വഴിയാണു ഗുരു പിൻപറ്റിയത്. ദ്വിമുഖമായ ഈ സംവാദാത്മകതയുടെ പ്രകാശമാണു പിൽക്കാലത്തു കേരളത്തിനു വഴിതെളിച്ചുകൊടുത്തത്. കെട്ടുപോയിട്ടില്ലാത്ത സാമൂഹിക - നൈതികഭാവനയുടെ പ്രകാശമായി കേരളീയജീവിതത്തിൽ അതു തുടരുന്നു.

ആധുനികതയുമായുള്ള ഗുരുവിന്റെ അഭിമുഖത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നു ദൈവഭാവനയുടെ തലത്തിൽ അദ്ദേഹം നടത്തിയ പൊളിച്ചെഴുത്താണ്. ഇതിനു നിർണായകമായ രണ്ടു തലങ്ങളുണ്ട്. ദൈവഭാവനയെ പരമ്പരാഗതവും യാന്ത്രികവുമായ മതാത്മകസങ്കൽപമായി നിലനിൽക്കാനനുവദിക്കാതെ, അതിനെ അഗാധവും നൈതികവുമായ അപരോന്മുഖതയായി അദ്ദേഹം പുനർവിഭാവനം ചെയ്തു. അതോടൊപ്പം, ഈ അപരോന്മുഖതയെ താർക്കികമോ ധ്യാനാത്മകമോ ആയ ദാർശനിക സമീക്ഷയായി സംഗ്രഹിക്കാതെ, അതിരില്ലാത്ത അനുകമ്പയുടെ ലോകമായി വികസിപ്പിക്കുകയും ചെയ്തു. ദൈവാനുഭവത്തിന്റെ ലോകത്തെ സാമൂഹികവും ജനാധിപത്യപരവുമായി പുതുക്കിപ്പണിയുന്ന ഇടപെടലായിരുന്നു അത്. 

മതത്തിന്റെയും ദൈവഭാവനയുടെയും തലത്തിൽ ഗുരു നടത്തിയ ഈ ഇടപെടലിനു ചരിത്രപരമായി വലിയ പ്രാധാന്യമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും ഇരുപതാം ശതകത്തിന്റെ ആദ്യ ദശകങ്ങളിലും കേരളത്തെ സംബന്ധിച്ചിടത്തോളം ആധുനികമായ പൊതുമണ്ഡലം അനുഭവവേദ്യമായിരുന്നില്ല. അക്കാലത്തെ സംബന്ധിച്ചിടത്തോളം മതവും ദൈവഭാവനയുമായിരുന്നു സാമൂഹികമായ സംവാദാത്മകതയുടെ കേന്ദ്രം. ആ സംവാദാത്മകസ്ഥാനത്തെ ഗുരു തിരിച്ചറിഞ്ഞു.

ഇത്തരമൊരു പുനർവിഭാവനത്തിന്റെ അടിപ്പടവ് എന്ന നിലയിലാണു ഗുരുവിന്റെ അധ്യാത്മവിചാര കേന്ദ്രത്തിൽ ‘അപരം’ എന്ന ആശയം ഇടംപിടിച്ചത്. ഗുരുവിന്റെ ദർശനസാരം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ആത്മോപദേശ ശതകത്തിൽ അലയടിച്ചുകൊണ്ടേയിരിക്കുന്ന പദമാണത്. ആത്മവും ബ്രഹ്മവും തമ്മിലുള്ള ഏകീഭാവം എന്ന പരമ്പരാഗത കൽപനയിൽനിന്ന് ആത്മവും അപരവും തമ്മിലുള്ള ലയനം എന്നിടത്തേക്ക് അദ്ദേഹമതിനെ ആനയിച്ചു. നിശ്ചയമായും, പഴയ അദ്വൈതഭാവനയുടെ ലോകം ഗുരുവിലുണ്ട്. അതേസമയം, അദ്ദേഹമതിലേക്ക് ആധുനികമായ ധാർമിക - നൈതികഭാവത്തെ സന്നിവേശിപ്പിക്കുകയും ചെയ്യുന്നുണ്ട്. അരുവിപ്പുറത്ത് എഴുതിവച്ച ശ്ലോകത്തിന്റെ ഹൃദയതത്വമായി നിലകൊള്ളുന്ന ‘സോദരത്വേന....’ എന്ന ആശയത്തെ ദൈവാനുഭവത്തിന്റെ കാതലായി രൂപാന്തരപ്പെടുത്തുന്ന പ്രവൃത്തിയായിരുന്നു അത്.

ഈ ദൈവഭാവനയുടെയും അതിന്റെ അനുഭവമൂല്യത്തിന്റെയും ആവിഷ്‌കാരമായിരുന്നു ഗുരുവിന് അനുകമ്പ. ആത്മോപദേശ ശതകത്തിൽ ‘കൃപാലുത’യുടെ ആധാരമായി ഗുരു വിശദീകരിച്ചത് ‘അപരനുവേണ്ടിയഹർന്നിശം പ്രയത്‌ന’ത്തെയാണ്. അതിനും മുൻപേ എഴുതിയ അനുകമ്പാദശകത്തിൽ അനുകമ്പയെ പരമമായ മൂല്യമായി അദ്ദേഹം പ്രതിഷ്ഠിക്കുന്നുണ്ട്. ‘ഒരു പീഡയെറുമ്പിനും വരുത്തരുതെന്ന’ അനുകമ്പയിലേക്കു മറ്റെല്ലാ ദൈവഭാവനകളെയും ആചാര്യരൂപങ്ങളെയും ഗുരു ചേർത്തുവച്ചു. ബുദ്ധനിൽ നിന്നാരംഭിക്കുന്ന ബദൽപാരമ്പര്യത്തിന്റെ ആധുനികമായ പുനരവതരണം കൂടിയാണത്. ‘ദൈവമില്ലെന്നു പറഞ്ഞാലും അയ്യപ്പന്റെ പ്രവൃത്തിയിൽ ദൈവമുണ്ടെന്ന്’ വിശദീകരിച്ച് സഹോദരൻ അയ്യപ്പനെ ഗുരു പിന്തുണച്ചതും അതുകൊണ്ടാണ്. 

അന്ധമായ വിശ്വാസക്രമങ്ങളും കെട്ടുപോയ ആചാരലോകവുമായിരുന്നില്ല ഗുരുവിനു ദൈവം. നൈതികവും ധാർമികവുമായ അനുഭവപ്രപഞ്ചമായി മാറാത്തിടത്തോളം കാലം, നീതിയുടെ പ്രവൃത്തിലോകമായി ആവിഷ്‌കൃതമാകാത്തിടത്തോളം കാലം, ദൈവാനുഭവത്തിന് അർഥമില്ലെന്നുകൂടിയാണു ഗുരു പറയാൻ ശ്രമിച്ചത്. സമകാലിക കേരളം മറന്നുപോയ വലിയ തത്വമാണത്. ആ മഹിതമൂല്യത്തെ ഓർത്തെടുക്കുകയാണു ഗുരുവിനുള്ള ഏറ്റവും വലിയ ആദരാർപ്പണം.

(എഴുത്തുകാരനും പ്രഭാഷകനും കാലടി സംസ്കൃത സർവകലാശാലയിൽ അധ്യാപകനുമാണു ലേഖകൻ)

English summary: Sree Narayana Guru 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA