ADVERTISEMENT

വിവാദമായ അവശ്യസാധന നിയമഭേദഗതി പാർലമെന്റ് ചർച്ച ചെയ്തു വോട്ടിനിട്ടുവെങ്കിലും ഭക്ഷ്യമന്ത്രി റാംവിലാസ് പാസ്വാന് ഇരുസഭകളിലും ബിൽ അവതരിപ്പിക്കാൻ സാധിച്ചില്ല. ഹൃദ്രോഗം മൂലം അദ്ദേഹം ആശുപത്രിയിലാണ്. മുതിർന്ന പാർലമെന്റേറിയനായ അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിൽ ഇതാദ്യമായാണ് ഒരു പാർലമെന്റ് സമ്മേളനം മുഴുവനായും നഷ്ടമാകുന്നത്.

പാസ്വാന്റെ ആരോഗ്യനിലപോലെ, അദ്ദേഹത്തിന്റെ രാഷ്ട്രീയവും ഇപ്പോൾ കടുത്ത സമ്മർദത്തെ നേരിടുകയാണ്. രാഷ്ട്രീയ പിൻഗാമിയും മകനുമായ ചിരാഗ് പാസ്വാൻ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റു ചോദിച്ച് എൻഡിഎക്കുള്ളിൽ കടുത്ത നിലപാടു സ്വീകരിച്ചിരിക്കുന്നു. 1960കളുടെ അവസാനം മുതൽ ബിഹാറിൽ താൻ പയറ്റി നേടിയ അതിജീവന രാഷ്ട്രീയക്കളിയിൽ മകൻ ചിരാഗും വിജയിക്കുമെന്ന പ്രതീക്ഷയ്ക്കൊപ്പം ആശങ്കയും പാസ്വാന് ഇല്ലാതില്ല. ബിഹാറിൽ എൻഡിഎയിൽ നിതീഷ് കുമാറിന്റെ ആധിപത്യം കുറയ്ക്കാനുള്ള ചിരാഗിന്റെ ശ്രമങ്ങളൊന്നും വിജയം കണ്ടിട്ടില്ല. 

രാഷ്ട്രീയത്തിൽ റാംവിലാസ് പാസ്വാന്റെ പേരിൽ ഒന്നിലധികം റെക്കോർഡുകളുണ്ട്. ബിഹാർ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ, ആറു പ്രധാനമന്ത്രിമാരുടെ കീഴിൽ മന്ത്രി. 1969ൽ ബിഹാർ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതു മുതൽ അരനൂറ്റാണ്ടായി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലുള്ള രാജ്യത്തെ അപൂർവം ചില നേതാക്കളിലൊരാളാണ് റാംവിലാസ് പാസ്വാൻ.

ഇതൊക്കെയാണെങ്കിലും മോദിസർക്കാരിൽ തീരുമാനങ്ങളെടുക്കുന്നതിൽ പാസ്വാനു കാര്യമായ പങ്കാളിത്തമില്ലെന്നു ബിജെപി വൃത്തങ്ങൾ പറയുന്നു. ഗോതമ്പും അരിയും ഉൾപ്പെടെ ഭക്ഷ്യവസ്തുക്കളുടെ വിപണനത്തിലും സംഭരണത്തിലുമടക്കം സംസ്ഥാന – കേന്ദ്ര സർക്കാരുകൾക്കുള്ള നിയന്ത്രണം നാമമാത്രമാക്കുന്ന അവശ്യസാധന നിയമത്തിലെ നിർണായക ഭേദഗതികൾ, ആറു വർഷത്തിലേറെയായി ഭക്ഷ്യ, ഉപഭോക്തൃ വകുപ്പ് കൈകാര്യം ചെയ്യുന്ന പാസ്വാന്റെ അഭിപ്രായങ്ങൾ പരിഗണിക്കാതെയായിരുന്നു. കാർഷികോൽപന്ന മേഖലയിലെ ഉദാരവൽക്കരണ നടപടികൾ പ്രധാനമായും ബിജെപിയുടെ രാഷ്ട്രീയ അജൻഡയാണ്; പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയുടെ (എൽജെപി) താൽപര്യമല്ല. അതിനാൽ, പാസ്വാനെ കടത്തിവെട്ടിയാണ് ഉരുക്കുമുഷ്ടി ഉപയോഗിച്ചു കേന്ദ്രമന്ത്രിസഭ ഈ വിഷയത്തിൽ തീരുമാനങ്ങളെടുത്തത്.

വി.പി.സിങ് മന്ത്രിസഭയിൽ തൊഴിൽക്ഷേമ മന്ത്രിയായിരിക്കെ പാസ്വാന്റെ നിർണായക ഇടപെടലുകളാണു മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് അംഗീകരിക്കാൻ വഴിയൊരുക്കിയതെന്ന് അദ്ദേഹത്തിന്റെ ആരാധകർ ഇപ്പോഴും ഓർക്കുന്നു. വാജ്പേയി സർക്കാരിന്റെ ആദ്യ വർഷങ്ങളിൽ വാർത്താവിനിമയ പരിഷ്കരണ നടപടികൾക്കു ചുക്കാൻ പിടിച്ചതും പാസ്വാനായിരുന്നു. റെയിൽവേ മന്ത്രിയായിരിക്കെ, ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും തൊഴിലവസരങ്ങൾ ഉണ്ടാക്കാനും അദ്ദേഹം വലിയ ശ്രമങ്ങൾ നടത്തിയിരുന്നു.

കഴിഞ്ഞ നൂറ്റാണ്ടിലെ അവസാന ദശകങ്ങളിൽ ബിജെപി, കോൺഗ്രസ്, മൂന്നാം മുന്നണി എന്നിവയുമായി കാലാകാലങ്ങളിൽ സഖ്യങ്ങളുണ്ടാക്കി പാസ്വാന്റെ കക്ഷി അതിജീവിച്ചു. എന്നാൽ, കഴിഞ്ഞ രണ്ടു ദശകത്തിലെ രാഷ്ട്രീയത്തിൽ പാസ്വാന്റെ കക്ഷി സാമ്പാറിൽ കിടക്കുന്ന കറിവേപ്പില പോലെയാണ്. ബിഹാറിൽ മേധാവിത്ത ശക്തിയാകാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. പാസ്വാന്റെ സാമുദായിക അടിത്തറയുടെ പരിമിതിയാണ് ഒരു പ്രധാന കാരണം. മറ്റൊന്ന് വിശാല സാമൂഹികാടിത്തറയുള്ള ഏതെങ്കിലും കക്ഷിയിൽ തന്റെ ഭാഗ്യം പരീക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ വിമുഖതയും.

രാജ്യത്തെ പ്രധാന സോഷ്യലിസ്റ്റ് പാർട്ടിയുടെയും അതിന്റെ തുടർച്ചയായ ജനതാപാർട്ടി, ജനതാദൾ എന്നിവയുടെയും ഭാഗമായിരുന്ന പാസ്വാൻ, ലാലു പ്രസാദിനോടും കുടുംബത്തോടും കലഹിച്ചാണ് 2000ൽ ആ ബന്ധം അവസാനിപ്പിച്ചത്. മൂന്നാം മുന്നണി സ്വപ്നം അവസാനിച്ചതോടെ ചില അഭ്യുദയകാംക്ഷികൾ അദ്ദേഹത്തോടു ബിജെപിയിലോ കോൺഗ്രസിലോ ചേരാൻ ഉപദേശിക്കുകയുണ്ടായി. എന്നാൽ, യുപിയിൽ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) നേടിയ വിജയം പാസ്വാനെ സാഹസികനാക്കി, അദ്ദേഹം ലോക് ജനശക്തി പാർട്ടി ഉണ്ടാക്കി. സഖ്യകക്ഷികളുമായി ചേർന്ന് എൽജെപിക്ക് ഏതാനും സീറ്റുകൾ നേടാനായി. 2004ൽ യുപിഎ സർക്കാരിന്റെ ഭാഗമായി. 2014ലും 2019ലും മോദിസർക്കാരിലും ചേർന്നു. ഇതേസമയം ബിഹാർ രാഷ്ട്രീയത്തിലെ അടിയൊഴുക്കുകൾ മാറിമറിഞ്ഞതോടെ നിതീഷ് കുമാറിനു വ്യക്തമായ മേധാവിത്തം ലഭിക്കുകയും പാസ്വാന്റെ ശക്തി ക്ഷയിക്കുകയും ചെയ്തു.

ഇത്തവണ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു യുപിഎയിലേക്കു കളം മാറിയില്ലെങ്കിൽ പാസ്വാന്റെ കക്ഷിക്ക് എൻഡിഎയിൽ കാര്യമായ സീറ്റൊന്നും ലഭിക്കാനിടയില്ല. രാഷ്ട്രീയ അതിജീവന പ്രതിഭയ്ക്ക് ഇതു പരീക്ഷണകാലം തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com