പഞ്ചാബിനു 6300 കോടി നഷ്ടമാകുമോ?; രാഷ്ട്രീയ കളമൊരുക്കി ഈ വിത്തിടീൽ

PTI21-09-2020_000207A
കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കർണാടക സ്റ്റേറ്റ് ഫാർമേഴ്സ് അസോസിയേഷൻ ബെംഗളൂരുവിൽ നടത്തിയ റാലി. ചിത്രം:പിടിഐ
SHARE

കൃഷിമേഖലയിൽ കേന്ദ്രം പുതിയ പരിഷ്കാരങ്ങൾ  കൊണ്ടുവന്നിരിക്കുന്നത്  വരുംവരായ്കകളെക്കുറിച്ച് കൃത്യമായ ബോധ്യത്തോടെ. സർക്കാരിന് എന്തിനും ഭൂരിപക്ഷമുള്ള സ്ഥിതിയിൽ, കാർഷിക ബില്ലുകളുടെ പേരിലുള്ള ‘മോശം കാലാവസ്ഥ’ തീർത്തും താൽക്കാലികമെന്നാണ് വിലയിരുത്തൽ...

മണ്ണു പാകമെന്നു വിലയിരുത്തിത്തന്നെയാണ് കൃഷിമേഖലയിൽ മോദിസർക്കാർ ഉദാരവൽക്കരണത്തിന്റെ വിത്തെറിഞ്ഞിരിക്കുന്നത്. സ്വകാര്യ മുതൽമുടക്കു വഴി കൃഷിമേഖലയിൽ എന്തു സംഭവിക്കുമെന്ന് സർക്കാരിനു നല്ല ബോധ്യമുണ്ട്.

ഇപ്പോൾ വിവാദമായിരിക്കുന്ന ബില്ലുകൾ കൊണ്ടുവരാനുള്ള തീരുമാനം കൃഷിമന്ത്രിയല്ല, ധനമന്ത്രിയാണു പ്രഖ്യാപിച്ചത് – കഴിഞ്ഞ മേയ് 15ന്, കോവിഡ് സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായി. ഇനി വിളയിറക്കും മുൻപേ വിലയെക്കുറിച്ചു കർഷകർക്കു ധാരണ ലഭിക്കുമെന്നു പറഞ്ഞ മന്ത്രി, ഏതു വിത്തിറക്കണം എന്നത് മുതൽമുടക്കുന്നവർ തീരുമാനിക്കുമെന്നും സൂചിപ്പിച്ചു.

എല്ലാം കർഷകരുടെ  നന്മയ്ക്കോ? 

മേഖലാ സമഗ്ര സാമ്പത്തിക സഹകരണ കരാറിൽനിന്ന് ഇന്ത്യ പിന്മാറിയതിനും യുഎസുമായി സ്വതന്ത്ര വ്യാപാരക്കരാർ സാധ്യമാകാത്തതിനും പറയുന്ന പ്രധാന കാരണം  കർഷക താൽപര്യങ്ങളുടെ സംരക്ഷണമാണ്. പിഎം കിസാൻ പദ്ധതിയുടെ സഹായം 10 കോടിയോളം കർഷകർക്കു ലഭിക്കുന്നു. കൃഷിമേഖലയിൽ അടിസ്ഥാനസൗകര്യ വികസനത്തിന് ഒരു ലക്ഷം കോടി രൂപയുടെ നിധിയും കഴിഞ്ഞ മേയ് 15നു ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

എന്നിട്ടും, കാർഷിക വിപണിയിൽ വലിയ മാറ്റങ്ങൾക്കു വഴിവയ്ക്കുന്ന പുതിയ നിയമങ്ങളെ കർഷകർ എതിർക്കുന്നു. പഞ്ചാബിലും ഹരിയാനയിലും ശക്തമായിത്തുടരുന്ന സമരങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്കും പടരുന്നതിന്റെ ലക്ഷണമാണുള്ളത്. ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ കേന്ദ്ര മന്ത്രിസഭയിൽനിന്നു പിന്മാറിയതിനു പിന്നാലെ, എൻഡിഎ വിടുമെന്നും സൂചിപ്പിക്കുന്നു.

ഹരിയാനയിൽ ബിജെപിക്കൊപ്പം ഭരണം പങ്കിടുന്ന ജനനായക് ജനതാ പാർട്ടിയിൽ (ജെജെപി) കാർഷിക ബില്ലുകളുടെ പേരിൽ ഭിന്നതയായിക്കഴിഞ്ഞു. അടിയന്തരഘട്ടങ്ങളിൽ പാർലമെന്റിൽ സർക്കാരിനെ സഹായിക്കുന്ന ബിജെഡിയും ടിആർഎസും ഇപ്പോൾ എതിർശബ്ദമുയർത്തുന്നു. അപ്പോഴും, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയപ്പോൾ ഉന്നയിച്ചതരം വാദമാണു ബിജെപി ഉന്നയിക്കുന്നത്: പുതിയ നിയമങ്ങൾ കർഷകനന്മയ്ക്കാണ്.

അവശ്യസാധന നിയമഭേദഗതി, കാർഷികോൽപന്ന വ്യാപാര വാണിജ്യ നിയമം, കർഷക (ശാക്തീകരണ, സംരക്ഷണ) നിയമം എന്നിവയാണ് പാർലമെന്റ് പാസാക്കിയിരിക്കുന്നത്. അവശ്യസാധന നിയമഭേദഗതിയോട് പൊതുവിൽ എതിർപ്പില്ല. വിവാദ ബില്ലുകൾ രാഷ്ട്രപതി ഒപ്പുവയ്ക്കാതെ പാർലമെന്റിലേക്കു മടക്കിനൽകണമെന്നാണ് ഇപ്പോൾ അകാലിദൾ ആവശ്യപ്പെടുന്നത്. അത് അംഗീകരിക്കപ്പെടുന്നില്ലെന്ന കാരണം പറഞ്ഞ് പാർട്ടിക്കു വേണമെങ്കിൽ ബിജെപിയുമായി വഴിപിരിയാം.

കർഷകരുടെ ആശങ്കകൾ 

നിയമപരിഷ്കാരങ്ങൾ പാർലമെന്റിൽ വരുംമുൻപ്, ഓർഡിനൻസായപ്പോൾത്തന്നെ പഞ്ചാബിലും ഹരിയാനയിലും സമരം തുടങ്ങി. കൃഷിയിൽ മുന്നിലുള്ളവയാണ് ഈ രണ്ടു സംസ്ഥാനങ്ങളും. സർക്കാർ സംഭരണത്തിന്റെ ഭൂരിഭാഗവും ഈ സംസ്ഥാനങ്ങളിൽനിന്നാണ്. കാർഷികോൽപന്ന വ്യാപാരരീതി മാറുന്നതിനെ എതിർക്കുന്നതിൽ കർഷകരും ഇടനിലക്കാരും ഒരുമിച്ചു നിൽക്കുന്നു. വ്യാപാരത്തിന്റെ നിയന്ത്രണം അഗ്രികൾചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റികളുടെ (എപിഎംസി) ചന്തകൾക്കു നഷ്ടമാകുന്നുവെന്നതാണ് ഇവരുടെ പ്രധാന ആശങ്ക. ചന്തകൾക്കു പുറത്തും വ്യാപാരത്തിനു തടസ്സമില്ലെന്നാവുന്നു.

അപ്പോൾ വാടക, സെസ് ഇനങ്ങളിൽ സംസ്ഥാന സർക്കാരിനും സ്വകാര്യ കക്ഷികൾക്കും വരുമാന നഷ്ടമാണുണ്ടാകുന്നത്. ഈയിനത്തിൽ പഞ്ചാബിന്റെ മാത്രം കഴിഞ്ഞ വർഷത്തെ വരുമാനം ഏകദേശം 6300 കോടിയാണ്. ലൈസൻസുള്ള ഇടനിലക്കാർക്കു മാത്രമല്ല, പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) ഉള്ള ആർക്കും വ്യാപാരത്തിൽ ഏർപ്പെടാമെന്നതാണ് എതിർക്കപ്പെടുന്ന മറ്റൊരു വ്യവസ്ഥ.

ഇടനിലക്കാരെ കർഷകർ സംശയത്തോടെ കാണുന്നുവെന്നതാണ് പൊതുധാരണ. കർഷകരെന്നു പറയുമ്പോൾ, രാജ്യത്തെ 86% കർഷകരും 2 ഹെക്ടറിൽ താഴെ കൃഷിഭൂമിയുള്ളവരാണ്. എന്നാൽ, ഇപ്പോഴത്തെ സമരത്തിൽ ശബ്ദമേറെയും വൻകിട കർഷകരുടേതാണ്. 1960കളിൽ തുടങ്ങിയ എപിഎംസി സംവിധാനത്തിൽ, കർഷകരും വ്യാപാരികളുമായി കൃത്യമായ നീക്കുപോക്കു രീതികളുണ്ട്.

വില സംബന്ധിച്ച ധാരണ മാത്രമല്ല, കൃഷിയിറക്കാൻ വ്യാപാരികൾ പണം നൽകുന്നതും അതിലുൾപ്പെടുന്നു. വ്യാപാരം എപിഎംസി ചന്തയ്ക്കു പുറത്തേക്കു വ്യാപിക്കുമ്പോൾ, തങ്ങൾ ദുർബലരാകുമെന്നാണു കർഷകരുടെ ആശങ്ക. കൃഷിയിറക്കാൻ പണം നൽകുന്ന വ്യാപാരി, എന്തു കൃഷി ചെയ്യണമെന്നോ ഏതു വിത്തിറക്കണമെന്നോ തീരുമാനിക്കുന്നില്ല. എന്നാൽ, പുതിയ മുതൽമുടക്കുകാരായി എത്തുന്ന കോർപറേറ്റുകൾക്ക് ആ രീതിയുണ്ടാവില്ല. എപിഎംസി സംവിധാനത്തിൽ, വിലയെക്കുറിച്ചു കർഷകനു കൃത്യമായ ധാരണകൾക്കുള്ള വിവരങ്ങൾ ലഭിക്കുമായിരുന്നു. ഇനി കോർപറേറ്റുകൾ വിപണിയുടെ നിയന്ത്രണത്തിനൊപ്പം വിലനിർണയവും നടത്തുമെന്നതാണ് മറ്റൊരു ആശങ്ക.

എപിഎംസി സംവിധാനം തുടരുമെന്നു സർക്കാർ പറയുന്നു. എന്നാൽ, പുതിയ സംവിധാനമാകുന്നതോടെ എപിഎംസി ആദ്യം ദുർബലമാകുകയും ക്രമേണ ഇല്ലാതാകുകയും ചെയ്യാമെന്നാണു വിലയിരുത്തൽ. അല്ലാത്തൊരു സാഹചര്യം സ്വകാര്യ മുതൽമുടക്കുകാർ പ്രതീക്ഷിക്കുന്നുമില്ല.

താങ്ങുവില തുടരുമോ?

വിലത്തകർച്ചയിൽ കർഷകനു കൈത്താങ്ങാകുന്ന മിനിമം താങ്ങുവില (എംഎസ്പി) സംവിധാനം തുടരുമെന്നു സർക്കാർ പറയുന്നു. അതും സമരക്കാരെ സമാശ്വസിപ്പിക്കാനുള്ള വാക്കാണെന്നു വേണം കരുതാൻ. കഴിഞ്ഞ ജനുവരിയിലെ സാമ്പത്തിക സർവേയിലും സർക്കാർ വ്യക്തമാക്കിയത്, എംഎസ്പി കാരണം സർക്കാർ ഏറ്റവും വലിയ സംരംഭകരായി മാറുന്ന സ്ഥിതിയാണെന്നും അത് ഒഴിവാക്കണമെന്നുമാണ്.

എംഎസ്പിയുള്ള വിപണി കോർപറേറ്റ് താൽപര്യങ്ങളുമായി ഒത്തുപോകുന്നതല്ല. ഇപ്പോൾ ശീതകാല വിളകൾക്കു പതിവിലും നേരത്തെ എംഎസ്പി ഉയർന്ന നിരക്കിൽ പ്രഖ്യാപിച്ച് വിമർശകരുടെ നാവടക്കാനാണു സർക്കാർ ശ്രമിച്ചിരിക്കുന്നത്.

പുതിയ നിയമക്രമത്തിൽ കർഷകർ സംരംഭകരായും ആഗോള വിതരണശൃംഖലയുടെ ഭാഗമായും മാറുമെന്നാണ് സർക്കാർവാദം. കേൾക്കുമ്പോൾ ആകർഷകമാണ്. എന്നാൽ, കർഷക (ശാക്തീകരണ, സംരക്ഷണ) നിയമം കരാർക്കൃഷിക്കു വ്യവസ്ഥകൾ നിശ്ചയിക്കുന്നതാണ്. കർഷകരും കരാറുകാരും തമ്മിൽ തർക്കമുണ്ടായാൽ പരിഹരിക്കാനുള്ള സങ്കീർണ സംവിധാനമുൾപ്പെടെ നിർദേശിച്ചിട്ടുണ്ട്. ഇവിടെയും തങ്ങളുടെ വിലപേശൽശേഷി നഷ്ടപ്പെടുമെന്നാണു കർഷകരുടെ ആശങ്ക.

കുലുങ്ങാതെ സർക്കാർ 

കർഷകപ്രശ്നങ്ങൾ മധ്യപ്രദേശിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലും ബിജെപിക്കു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നഷ്ടമുണ്ടാക്കിയതാണ്. ബിഹാറിൽ ഉടനെ തിരഞ്ഞെടുപ്പുണ്ട്. എന്നിട്ടും കർഷകരെ എതിർചേരിയിലാക്കാൻ മോദിസർക്കാർ ധൈര്യപ്പെടുന്നതാണു ശ്രദ്ധേയം. ഇതിനു പിന്നിൽ കോർപറേറ്റ് സ്വാധീനമാണു വിമർശകർ ഉന്നയിക്കുന്നത്. അംബാനി, അദാനി ഉൾപ്പെടെയുള്ള കോർപറേറ്റുകൾ കൃഷിമേഖലയിൽ സജീവമാകുകയാണ്. 2018–19ൽ മാത്രം ബിജെപിക്കു ലഭിച്ച കോർപറേറ്റ് സംഭാവന 743 കോടിയാണ്. 

ബിഹാറിൽ എപിഎംസി നിയമം 2006ൽ ഭേദഗതി ചെയ്തിരുന്നു. എന്നിട്ടും സംസ്ഥാനത്തു ചില എപിഎംസി ചന്തകൾ ഇപ്പോഴും മേൽക്കൈ നിലനിർത്തുന്നുണ്ട്. ഒപ്പം, എപിഎംസികളിൽത്തന്നെ ചില വ്യാപാരികൾ കുത്തക സൃഷ്ടിച്ചതും ഇവ രാഷ്ട്രീയ സ്വാധീനമേഖലകളായതുമാണ് പുതിയ സംവിധാനത്തെ അനുകൂലിക്കുന്നവർ ഉന്നയിക്കുന്ന വാദങ്ങൾ. ദുർബലപ്പെടുത്താതെ എപിഎംസിയെ പരിഷ്കരിക്കുകയായിരുന്നില്ലേ വേണ്ടത് എന്നാണു മറുചോദ്യം.

അകാലിദൾ ഇനി തിരിച്ചുവരുമെന്നു പ്രതീക്ഷയില്ലെന്ന സൂചനയാണ് ഇന്നലെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് നൽകിയത്. ഹരിയാനയിൽ ജെജെപിക്ക് ആകെയുള്ള 10 പേരിൽ 7 പേരെയും ബിജെപി തങ്ങളോടു ചേർത്തുനിർത്തുന്നതിന്റെ സൂചനകളുമുണ്ട്. സർക്കാരിന് എന്തിനും ഭൂരിപക്ഷമുള്ള സ്ഥിതിയിൽ, കാർഷിക ബില്ലുകളുടെ പേരിലുള്ള മോശം കാലാവസ്ഥ തീർത്തും താൽക്കാലികമെന്ന വിലയിരുത്തലിലാണ് ഇപ്പോൾ സർക്കാർ നീങ്ങുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA