ADVERTISEMENT

രാജ്യസഭയിൽ കാർഷിക ബില്ലുകൾ പാസാക്കുന്നതിനു മുൻപു വോട്ടെടുപ്പു വേണമെന്ന പ്രതിപക്ഷ ആവശ്യം ഉപാധ്യക്ഷൻ ഹരിവംശ് സിങ് അംഗീകരിക്കാതിരുന്ന നടപടി ചട്ടവിരുദ്ധമാണ്. ബില്ലിൻമേലുള്ള ചർച്ചയിൽ മന്ത്രിയുടെ മറുപടി പ്രസംഗം കഴിഞ്ഞാൽ, അതു പാസാക്കാനുള്ള നടപടി സഭ നിയന്ത്രിക്കുന്നയാൾ സ്വീകരിക്കും. ബിൽ പാസാക്കാനുള്ള പ്രമേയം വോട്ടിനിടണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടാൽ അത് അദ്ദേഹം അംഗീകരിക്കണമെന്നാണു ചട്ടം. ബില്ലിനെ അനുകൂലിക്കുന്നവർ, എതിർക്കുന്നവർ എന്നിവരുടെ കൃത്യമായ എണ്ണം ലഭിക്കുന്നതിനു വേണ്ടിയാണു വോട്ടെടുപ്പ് (ഡിവിഷൻ) ആവശ്യപ്പെടുന്നത്.

സഭയിൽ ബഹളമായതിനാൽ വോട്ടെടുപ്പു നടത്താനാവില്ലെന്നും പകരം ശബ്ദവോട്ട് മതിയെന്നും കഴിഞ്ഞ ദിവസം ഉപാധ്യക്ഷൻ തീരുമാനിച്ചതു ശരിയായ രീതിയല്ല. ബഹളം അവസാനിപ്പിച്ച്, ശാന്തമായ അന്തരീക്ഷം പുനഃസ്ഥാപിക്കാനുള്ള ഉത്തരവാദിത്തം സഭ നിയന്ത്രിക്കുന്നയാൾക്കുണ്ട്. ബഹളം അവസാനിപ്പിക്കാൻ പ്രതിപക്ഷം തയാറല്ലെങ്കിൽ സഭ അൽപനേരം നിർത്തിവച്ച്, ഭരണ – പ്രതിപക്ഷ കക്ഷികളുടെ പ്രതിനിധികളുമായി സഭ നിയന്ത്രിക്കുന്നയാൾ അദ്ദേഹത്തിന്റെ ചേംബറിൽ ചർച്ച നടത്തുന്ന പതിവുണ്ട്. അത്തരം ചർച്ചകളിൽ, പ്രതിപക്ഷത്തെ അനുനയ പാതയിലേക്കെത്തിക്കും. പിന്നാലെ, സഭ പുനരാരംഭിക്കും.

സഭ തടസ്സപ്പെടരുതെന്ന കാര്യത്തിൽ ഭരണ– പ്രതിപക്ഷ കക്ഷികൾ യോജിപ്പിലെത്തേണ്ടതു വളരെ പ്രധാനമാണ്. പ്രതിപക്ഷ കക്ഷികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണം. സഭയുടെ പ്രവർത്തനം സുഗമമായി നടത്തുന്നതിൽ പാർലമെന്ററികാര്യ മന്ത്രിക്ക് വലിയ പങ്കുണ്ട്. പ്രതിപക്ഷ കക്ഷികളുമായി നിരന്തരം അനൗദ്യോഗിക ചർച്ചകൾ നടത്തിയും അവരുടെ ആവശ്യങ്ങൾ പരിഗണിച്ചും പാർലമെന്ററികാര്യ മന്ത്രി സഭയുടെ പ്രവർത്തനത്തിനു വഴിയൊരുക്കണം.

ലോക്സഭ മുൻ സെക്രട്ടറി ജനറലാണു ലേഖകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com