എംഎൽഎമാർ നിയമത്തിന് അതീതരല്ല

1200%20Violence%20in%20Assembly%20on%20budget
SHARE

2015 ലെ നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കണമെന്ന സർക്കാർ അപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി വിധി നൽകുന്ന സന്ദേശം വ്യക്തം 

നിയമസഭയ്ക്കുള്ളിൽ പ്രതിപക്ഷ അംഗങ്ങൾ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങൾ സഭയുടെ അന്തസ്സിനു നിരക്കാത്ത തലത്തിലേക്കു താണ പല അവസരങ്ങളും ഉണ്ടായിട്ടുണ്ട്. സാധാരണഗതിയിൽ അവയെക്കുറിച്ചുള്ള ഓർമ ജനമനസ്സുകളിൽനിന്നു വേഗം പടിയിറങ്ങും. എന്നാൽ, കേരളീയ മനസ്സുകളിൽ ഇന്നും തങ്ങിനിൽക്കുന്നതാണ് 2015 മാർച്ച് 13നു സംസ്ഥാന നിയമസഭയിൽ അരങ്ങേറിയ രംഗങ്ങൾ.

സഭയുടെ കാലാവധി തീരാൻ പോകുന്ന സമയം. ബാർ കോഴക്കേസ് വലിയതോതിൽ ചർച്ച ചെയ്യപ്പെടുന്നു. ബജറ്റ് അവതരണത്തിൽ റെക്കോർഡിട്ട ധനമന്ത്രി അദ്ദേഹത്തിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാനെത്തി. അതു തടഞ്ഞുകൊണ്ട് മറ്റൊരു ചരിത്രം സൃഷ്ടിക്കാൻ തയാറായാണു പ്രതിപക്ഷം എത്തിയത്. തത്സമയ സംപ്രേഷണത്തിലൂടെ ടിവി ചാനലുകൾ ജനങ്ങൾക്കു മുന്നിലെത്തിച്ച ആ സഭാരംഗങ്ങൾ, എല്ലാറ്റിനെയും പാർട്ടിക്കൂറിന്റെ വെളിച്ചത്തിൽ കാണാൻ വിധിക്കപ്പെട്ടവരല്ലാത്തവർക്ക് ഇന്നും ലജ്ജയോടുകൂടി മാത്രമേ ഓർക്കാനാകൂ.

സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞു, മൈക്രോഫോൺ തകർത്തു. ചില പ്രതിപക്ഷ അംഗങ്ങൾ സഭയ്ക്കുള്ളിൽ ക്രമസമാധാന ചുമതലയുള്ള വാച്ച് ആൻഡ് വാർഡിനെതിരെ തിരിഞ്ഞു. ഒരാൾ കുട്ടികളുടെ കാർട്ടൂൺ പരമ്പരയിലെ ഹീറോയെപ്പോലെ മുകളിലൂടെ പറക്കാൻ ശ്രമിച്ചു. ഒരു എംഎൽഎ എതിർപക്ഷത്തെ ഒരംഗത്തിന്റെ തോളിൽ കടിച്ചതായും പരാതിയുണ്ടായി.

നിയമസഭയിൽ നടക്കുന്ന അനിഷ്ടസംഭവങ്ങളെ നൈമിഷികക്ഷോഭത്തിൽ സംഭവിച്ചതായി കണക്കാക്കുകയാണു പതിവ്. എന്നാൽ, പ്രത്യക്ഷത്തിൽത്തന്നെ, മുൻകൂട്ടിയുള്ള തീരുമാനപ്രകാരം എന്നു സംശയം ജനിപ്പിച്ച ഈ സംഭവങ്ങൾ അങ്ങനെ എഴുതിത്തള്ളപ്പെട്ടില്ല.

നിയമസഭാ സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. രണ്ടു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കി. ആദ്യം പൊലീസ് തയാറാക്കിയ പട്ടികയിൽ പത്തു സഭാംഗങ്ങൾ പ്രതികളായിരുന്നു. ചർച്ചകൾക്കു ശേഷം പ്രതികളുടെ എണ്ണം ആറായി ചുരുക്കിയ പട്ടികയിലുള്ള രണ്ടുപേർ ഇപ്പോൾ മന്ത്രിമാരാണ് – ഇ.പി.ജയരാജനും കെ.ടി.ജലീലും. സംഭവത്തിൽ പ്രതിയായ മുൻ എംഎൽഎ വി.ശിവൻകുട്ടി കേസ് പിൻവലിക്കണമെന്നു പിണറായി സർക്കാരിനോട് ആവശ്യപ്പെട്ടു. അതുപ്രകാരം സർക്കാർ കേസ് പിൻവലിക്കാൻ കോടതിയിൽ അപേക്ഷ കൊടുത്തു. ആ ആവശ്യമാണു കോടതി നിരസിച്ചത്.

നിയമസഭയ്ക്കുള്ളിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ചു പരാതി നൽകേണ്ടതു സ്പീക്കറാണെന്നും ഈ കേസിനാസ്പദമായ പരാതി നൽകിയതു നിയമസഭാ സെക്രട്ടറിയാണെന്നും സർക്കാർ വക്കീൽ വാദിച്ചതായി മനസ്സിലാക്കുന്നു. അദ്ദേഹത്തിന്റെ ഇക്കാര്യത്തിലുള്ള ധാരണ ശരിയല്ല. ഭരണഘടന നിലവിൽവന്ന കാലം മുതൽക്കുതന്നെ നിയമസഭാ സ്പീക്കർമാർ പൊലീസും കോടതികളുമായുള്ള ഇടപാടുകൾ നിയമസഭാ സെക്രട്ടറിമാർ മുഖേന നടത്തിയിട്ടുണ്ട്. സ്പീക്കറുടെ അറിവും അനുവാദവും കൂടാതെ സെക്രട്ടറി ഇത്തരം കാര്യങ്ങളിൽ നടപടിയെടുക്കില്ലെന്ന് ആർക്കാണറിയാത്തത്?

കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ടു സർക്കാർ വക്കീൽ മുന്നോട്ടുവച്ച മറ്റൊരു വാദം, നിയമസഭയുടെ ഐക്യത്തിന് അതാവശ്യമാണ് എന്നതാണ്. കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ നീക്കത്തിനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയിൽ തടസ്സ ഹർജി കൊടുത്തിരുന്നു. മജിസ്ട്രേട്ട് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായി വാർത്തകളിൽ കാണുന്നു. പൊതുമുതൽ നശിപ്പിച്ച കേസുകൾ ഗൗരവത്തോടെ കാണേണ്ടവയാണെന്നു കേരള ഹൈക്കോടതിയും സുപ്രീം കോടതിയും വിധികളിൽ പറഞ്ഞിട്ടുണ്ട്. ആ നിലയ്ക്ക് സർക്കാരിന്റെ ശ്രമം വിജയിക്കാനിടയില്ല. 

മേൽക്കോടതികളിൽ പോയി തിരിച്ചടി നേരിടുന്നതിനെക്കാൾ, കേസുമായി മുന്നോട്ടുപോകാൻ പൊലീസിനെ അനുവദിക്കുന്നതല്ലേ നല്ലത് എന്നു സർക്കാർ ആലോചിക്കണം. എംഎൽഎമാർ നിയമത്തിന് അതീതരല്ലെന്ന സന്ദേശം സർക്കാരിൽനിന്നു ലഭിക്കുന്നതാണു ജനാധിപത്യത്തിനു നല്ലത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA