ADVERTISEMENT

തങ്ങൾ തിരഞ്ഞെടുത്തു നിയമസഭയിലെത്തിച്ചവരെപ്പറ്റി ജനങ്ങൾക്കൊരു മിനിമം പ്രതീക്ഷയുണ്ട്. ജനങ്ങളുടെ നികുതിപ്പണം കൊണ്ടു പ്രവർത്തിക്കുന്ന സഭയിലെ ഉപകരണങ്ങൾ അടിച്ചുതകർത്ത് പേക്കൂത്തു കാണിക്കുന്നത് ആ പ്രതീക്ഷയ്ക്കു പുറത്താണ്. നിയമസഭയിലെ അഴിഞ്ഞാട്ടം ജനങ്ങളെയും ജനാധിപത്യത്തെയും അപമാനിക്കുകയുമാണ്.

അതുകൊണ്ടാണ് കേരള നിയമസഭാ ചരിത്രത്തിൽ നാണക്കേടിന്റെ നിഴൽവീണ ദിനമെന്ന നിലയിൽ 2015 മാർച്ച് 13 നാടിനു മറക്കാനാവാത്തത്. ബജറ്റ് അവതരണദിനം ലജ്ജാകരമായ പേക്കൂത്തുദിനമായി മാറ്റി, അന്നത്തെ പ്രതിപക്ഷാംഗങ്ങൾ. ഇപ്പോഴത്തെ മന്ത്രിമാരായ ഇ.പി.ജയരാജനും കെ.ടി.ജലീലും ഉൾപ്പെടെ പ്രതികളായ 2015ലെ നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കണമെന്നു കോടതിയിൽ അപേക്ഷിക്കാൻ സംസ്ഥാന സർക്കാരിന് ഒരു നാണക്കേടും തോന്നിയില്ല. ആ അപേക്ഷ കഴിഞ്ഞ ദിവസം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളിയപ്പോൾ അതു സർക്കാരിനു കനത്ത തിരിച്ചടിയാവുകയും ചെയ്തു.

അന്നത്തെ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം തടയാൻ സ്പീക്കറുടെ വേദി ഉൾപ്പെടെ തകർത്തതിന്റെ പേരിലാണു കേസ്. ബാർ കോഴ ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അതിക്രമം. എംഎൽഎമാരായിരുന്ന കെ.അജിത്, കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവൻ, വി.ശിവൻകുട്ടി എന്നിവരാണു മന്ത്രിമാർക്കു പുറമേയുള്ള പ്രതികൾ. പൊതുമുതൽ നശിപ്പിച്ച കേസ് എഴുതിത്തള്ളാനാവില്ലെന്നു വിധിയിൽ കോടതി വ്യക്തമാക്കുന്നു.

നിയമസഭാംഗങ്ങൾ പൊതുമുതൽ നശിപ്പിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ സമൂഹം കണ്ടതാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ അതു സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.അടിച്ചുതകർത്തത് 2.2 ലക്ഷത്തിന്റെ പൊതുമുതലാണ്. പൊതുമുതൽ നശിപ്പിക്കുന്ന കേസുകൾ പിൻവലിക്കാനോ എഴുതിത്തള്ളാനോ പാടില്ലെന്നു ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിട്ടുമുണ്ട്.

ജനപ്രതിനിധികൾ അന്തസ്സോടെ സഭയിൽ പെരുമാറുകയും ഗൗരവത്തോടെ ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്ത കാലഘട്ടം കേരള നിയമസഭ കണ്ടിട്ടുള്ളതാണ്. സ്‌തംഭിപ്പിക്കുകയല്ല, കതിർക്കനമുള്ള വാദപ്രതിവാദങ്ങൾകൊണ്ട് ഏറ്റുമുട്ടുന്നതാണ് അന്തസ്സെന്ന് അക്കാലത്തെ സാമാജികർ തിരിച്ചറിഞ്ഞിരുന്നു. ആ കാലം തിരിച്ചുകൊണ്ടുവരാൻ ജനാധിപത്യത്തെ മാനിക്കുന്ന ഓരോ അംഗത്തിനും ബാധ്യതയുണ്ടെങ്കിലും അതല്ല പലപ്പോഴും സംഭവിക്കുന്നത്.

എംഎൽഎമാർ സഭയിൽ മുണ്ടു മടക്കിക്കുത്തി തല്ലാനും തടയാനും അസഭ്യം പറയാനും എന്തിന്, കടിക്കാൻപോലും തെരുവുശൈലിയിൽ മുന്നിട്ടിറങ്ങിയ അഞ്ചര വർഷം മുൻപത്തെ ആ കാഴ്ച കേരളത്തിന്റെ കണ്ണിൽനിന്ന് എന്നെങ്കിലും മായുമോ? പവിത്രമെന്നു കരുതിപ്പോരുന്ന സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞും അധ്യക്ഷവേദി തകർത്തുമൊക്കെ പ്രതിപക്ഷം ഉറഞ്ഞാടിയപ്പോൾ അവർ തച്ചുടച്ചത് ജനാധിപത്യത്തിന്റെ ശ്രീകോവിലാണു നിയമസഭയെന്ന സങ്കൽപം തന്നെയല്ലേ?

കയ്യാങ്കളിയുടെ കാർമികർ ഭരണത്തിലെത്തിയപ്പോൾ കേസിൽ അവിഹിതമായ ഇടപെടലുകളുണ്ടായി. ഒച്ചിഴയുന്ന വേഗത്തിലായി ക്രൈംബ്രാഞ്ച് അന്വേഷണം. സഭയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സംഘം അക്രമത്തിൽ നേരിട്ടു പങ്കാളികളായ 15 പേരുടെ പ്രതിപ്പട്ടികയാണ് ആദ്യം തയാറാക്കിയതെങ്കിലും പിന്നീടു പലവിധ ഇടപെടലുകൾ കാരണം പ്രതികൾ ആറായി ചുരുങ്ങി. നിയമസഭയിലെ അക്രമത്തേരോട്ടം ദൃശ്യമാധ്യമങ്ങളിലൂടെ ജനം തത്സമയം കണ്ടിട്ടും കേസ് പിൻവലിക്കാൻ സർക്കാർ ധൈര്യപ്പെട്ടതു പൊതുസമൂഹത്തെ അപ്പാടെ അവഹേളിക്കുന്നതുമായി.

അതുകൊണ്ടുതന്നെ, സഭയിലെ കയ്യാങ്കളി കണ്ടു തലകുനിച്ച കേരള ജനതയ്ക്ക് ഇപ്പോൾ കോടതിയിൽനിന്നുണ്ടായ വിധി ആശ്വാസവും പ്രതീക്ഷയും നൽകുന്നുണ്ട്. എന്നാൽ, ഈ വിധിക്കെതിരെ സർക്കാർ അപ്പീലിനു പോയേക്കും എന്ന സൂചനയിലുള്ളത് അക്രമത്തിന്റെയും അഴിഞ്ഞാട്ടത്തിന്റെയും രക്ഷാകർതൃത്വം സർക്കാർ ഏറ്റെടുക്കുന്നു എന്നുതന്നെയല്ലേ?

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com