പാർലമെന്റ് ദുർബലപ്പെടരുത്

HIGHLIGHTS
  • എംപിമാരുടെ അവകാശം സംരക്ഷിക്കപ്പെടണം
SHARE

വിവാദമായ കർഷക ബില്ലുകൾ പാസാക്കും മുൻപു വോട്ടെടുപ്പു വേണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം തള്ളിയ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശിന്റെ നടപടി ചട്ടവിരുദ്ധമാണെന്നു വ്യാപക വിമർശനം ഉയർന്നുകഴിഞ്ഞു. വോട്ടെടുപ്പു നിഷേധിച്ചതോടെ ഞായറാഴ്ച സഭ പ്രതിഷേധങ്ങളിൽ കലുഷിതവുമായി. ഇതിന്റെ പേരിൽ 8 പ്രതിപക്ഷ അംഗങ്ങളെ തിങ്കളാഴ്ച സസ്പെൻഡ് ചെയ്ത നടപടി പ്രതിപക്ഷ വിമർശനങ്ങൾക്കു വീറു കൂട്ടിയതേയുള്ളൂ. തുടർന്ന് ഉപാധ്യക്ഷനെതിരെ കൊണ്ടുവന്ന അവിശ്വാസം അധ്യക്ഷൻ എം.വെങ്കയ്യ നായിഡു തള്ളുകയും ചെയ്തു. ശബ്ദവോട്ടോടെ പാസാക്കിയ ബില്ലുകളിൽ ഒപ്പുവയ്ക്കരുതെന്നു രാഷ്ട്രപതിയോടു പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടിരിക്കുകയാണ്.

സസ്പെൻഷൻ നടപടി അംഗീകരിക്കാൻ വിസമ്മതിച്ച 8 അംഗങ്ങളും രാത്രി മുഴുവൻ പാർലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ ധർണയിരുന്നു. അംഗങ്ങളുടെ സസ്പെൻഷൻ പിൻവലിക്കും വരെ രാജ്യസഭയുടെ തുടർന്നുള്ള സമ്മേളനം ബഹിഷ്കരിക്കുമെന്നു പ്രഖ്യാപിച്ച രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, കാർഷികോൽപന്ന താങ്ങുവില ഉറപ്പാക്കാൻ മൂന്ന് അടിയന്തര നിർദേശങ്ങളും സർക്കാരിനു മുൻപാകെ സമർപ്പിച്ചു. കോൺഗ്രസിനൊപ്പം തൃണമൂൽ കോൺഗ്രസ്, ഇടതുകക്ഷികൾ, എഎപി തുടങ്ങിയവരാണു രാജ്യസഭ ബഹിഷ്കരിച്ചത്.

ഉപാധ്യക്ഷൻ എടുത്ത തീരുമാനങ്ങൾ രാജ്യസഭാംഗങ്ങളുടെ അവകാശങ്ങളെ അവഗണിക്കുന്നതാണെന്നു വിമർശനം ഉയർന്നിട്ടുണ്ട്. വിയോജിപ്പുകൾ സഭയിൽ പ്രകടിപ്പിക്കാനുള്ള അവരുടെ അവകാശം പരിഗണിക്കപ്പെട്ടില്ലെന്ന് ആരോപിക്കപ്പെടുന്നു. സഭയിലെ വോട്ടെടുപ്പു സംബന്ധിച്ച നടപടിക്രമങ്ങൾ വ്യക്തമാണ്. ഒരംഗം മാത്രം വോട്ടെടുപ്പ് ആവശ്യപ്പെട്ടാൽപോലും അത് അനുവദിക്കണമെന്നാണു ചട്ടം. എന്നാൽ, ഞായറാഴ്ച വിവിധ കക്ഷികൾ ഉന്നയിച്ച വോട്ടെടുപ്പ് ആവശ്യം ഉപാധ്യക്ഷൻ നിരസിച്ചു.

ബഹളം മൂലം വോട്ടെടുപ്പു നടത്താനാവാത്ത സാഹചര്യമായിരുന്നെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അങ്ങനെയെങ്കിൽ, പ്രതിപക്ഷ പ്രതിനിധികളെ ചേംബറിൽ വിളിച്ചു ചർച്ച നടത്തി ശാന്തമായ അന്തരീക്ഷം ഉറപ്പുവരുത്തി വോട്ടെടുപ്പു നടത്താമായിരുന്നു എന്ന മറുവാദവുമുണ്ട്. ഞായറാഴ്ച ഇരിപ്പിടങ്ങൾ വിട്ട് അംഗങ്ങൾ നടുത്തളത്തിലേക്ക് ഇറങ്ങിയതുപോലും ഉപാധ്യക്ഷൻ വോട്ടെടുപ്പിനുള്ള ആവശ്യം നിരസിച്ചപ്പോഴാണെന്നു പ്രതിപക്ഷ കക്ഷികൾ പറയുന്നു.

അതേസമയം, പാർലമെന്റ് നിയമനിർമാണ ചർച്ചകളുടെ വേദിയാണെന്നത് ആരും മറക്കാൻ പാടില്ല. പ്രകോപനമുണ്ടായാലും സഭാമര്യാദകൾ പാലിച്ചു പ്രതിഷേധസ്വരമുയർത്താൻ പ്രതിപക്ഷ അംഗങ്ങളും ശ്രദ്ധിക്കേണ്ടതായിരുന്നു. തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന് ഉപാധ്യക്ഷൻ ആക്ഷേപം ഉന്നയിക്കുന്ന അവസ്ഥയും ഉണ്ടായി. കർഷക ബില്ലുകളിൽ വിവിധ കക്ഷികൾ നിർണായക ഭേദഗതികൾ ആവശ്യപ്പെട്ടിരുന്നു. ബില്ലുകൾ വിശദമായ പരിശോധനയ്ക്കായി പാർലമെന്റിന്റെ സിലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടണമെന്നും ആവശ്യമുയർന്നു.

ബില്ലുകൾ പാസാക്കിയെടുക്കാനുള്ള ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്നാണു സർക്കാർ നിലപാട്. ഭരണപക്ഷത്തിനു വേണ്ടത്ര ഭൂരിപക്ഷമുണ്ടെങ്കിൽത്തന്നെ ബിൽ സംബന്ധിച്ച് വിവിധ കക്ഷികളുടെ നിലപാടുകൾ രേഖപ്പെടുത്താൻ വോട്ടെടുപ്പ് ആവശ്യമാണെന്നു പ്രതിപക്ഷം വാദിക്കുന്നു. അനുകൂലിച്ചവരുടെയും പ്രതികൂലിച്ചവരുടെയും കൃത്യമായ എണ്ണം ലഭിക്കാനും ഇതാവശ്യമാണ്. ഇതു പാർലമെന്ററി ജനാധിപത്യക്രമത്തിന്റെ ആധികാരികതയും സുതാര്യതയും ഉറപ്പാക്കാനുള്ള നടപടി കൂടിയാണ്.

രാഷ്ട്രീയ ബലപരീക്ഷണങ്ങൾക്കിടയിലും സഭാനടപടികൾ തടസ്സപ്പെടുത്താതെ മുന്നോട്ടുപോകണമെന്ന കാര്യത്തിൽ ഭരണ, പ്രതിപക്ഷ കക്ഷികൾ യോജിപ്പിലെത്തേണ്ടതു പ്രധാനമാണ്. ഇത്തരം സാഹചര്യങ്ങളിൽ പ്രതിപക്ഷ കക്ഷികളുമായി നിരന്തരം ആശയവിനിമയം നടത്താനും ഒത്തുതീർപ്പുകൾക്ക് അവസരമൊരുക്കാനും പാർലമെന്ററികാര്യ മന്ത്രി മുൻകയ്യെടുക്കേണ്ടതുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA