ADVERTISEMENT

ഉന്നതവിദ്യാഭ്യാസ രംഗം ഉടച്ചുവാർക്കാനുള്ള വിദഗ്ധസമിതി നിർദേശങ്ങളിൽ തുടർനടപടികളുമായി മുന്നോട്ട് പോകുകയാണ് സംസ്ഥാന സർക്കാർ.  ‌പുതിയ പ്രോഗ്രാമുകൾ നവംബറിൽത്തന്നെ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് സർവകലാശാലകൾക്കു നിർദേശം നൽകിക്കഴിഞ്ഞു. വൈസ് ചാൻസലർമാരുമായി ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഇന്നു ചർച്ച നടത്തുന്നുമുണ്ട്. ഈ പശ്ചാത്തലത്തിൽ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ മനോരമയോട് സർക്കാർ, എയ്ഡഡ് കോളജുകളിൽ 100 നവീന പ്രോഗ്രാമുകൾ തുടങ്ങുകയാണല്ലോ. അതിന്റെ വിഷയങ്ങൾ തീരുമാനിക്കുമ്പോൾ എന്തൊക്കെ കണക്കിലെടുക്കും? 

വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പതിവു പ്രോഗ്രാമുകൾ (മുൻപ് നമ്മൾ കോഴ്സ് എന്നാണു പറഞ്ഞിരുന്നത്) ഇനി തുടങ്ങിയിട്ടു കാര്യമില്ല. വിഷയത്തിന് അപ്പുറമുള്ള കാഴ്ചപ്പാടിലേക്കു പോകണം. വിദ്യാർഥിക്കു പഠനശേഷം എന്തു വിജ്ഞാനം ലഭിക്കണമെന്ന ലക്ഷ്യത്തോടെ പ്രോഗ്രാമുകൾക്കു രൂപം നൽകണം. പുതിയ ബിരുദതല പ്രോഗ്രാമുകളെല്ലാം പല വിഷയങ്ങൾ ചേർന്നുള്ളതാകണം. 

ശാസ്ത്രവിഷയങ്ങളുടെയും മറ്റും സ്പെഷലൈസേഷൻ ബിരുദതലത്തിൽ പാടില്ല. ബിരുദതലത്തിൽ കെമിസ്ട്രി പഠിക്കാതെ ബയോകെമിസ്ട്രി പഠിച്ചിട്ട് എന്തു കാര്യം? ബയോകെമിസ്ട്രി, ബയോടെക്നോളജി, മൈക്രോബയോളജി തുടങ്ങിയവയിൽ ബിരുദപഠനം പ്രോത്സാഹിപ്പിക്കരുത്. അവയുടെ പഠനത്തിന് ആദ്യം വേണ്ടതു ബന്ധപ്പെട്ട അടിസ്ഥാനശാസ്ത്രത്തിലുള്ള ജ്ഞാനമാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയവയിലുള്ള പതിവു ബിരുദപഠനത്തെ ഗണിതവും കൂടി ചേർത്തുള്ള ഇന്റഗ്രേറ്റഡ് സയൻസ് പ്രോഗ്രാമാക്കി മാറ്റണം. ഒപ്പം, അടിസ്ഥാന ഭൗമശാസ്ത്രവും പരിസ്ഥിതിശാസ്ത്രവും പഠിപ്പിക്കണം.

∙മതിയായ ഹോംവർക്ക് നടത്താതെ തിരക്കിട്ടു പ്രോഗ്രാമുകൾ അനുവദിക്കുന്നതു പ്രശ്നമാകില്ലേ.?

പുതിയ പ്രോഗ്രാമുകൾ അനുവദിക്കുന്നതു സംബന്ധിച്ചു സർവകലാശാലാ വൈസ് ചാൻസലർമാരുമായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഇന്നു ചർച്ച നടത്തുന്നുണ്ട്. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾ ചേർന്നു പുതിയ പ്രോഗ്രാമുകൾക്കു രൂപം നൽകുന്നതാണു സർവകലാശാലകളിലെ പതിവു രീതി. ബോർഡ് ഓഫ് സ്റ്റഡീസിലെ വിദഗ്ധരെ ഗവർണറാണു നിയമിക്കുക. എന്നാൽ, ഇത്തരം കാര്യങ്ങൾക്കു പരിമിതികളുണ്ട്. അത് എങ്ങനെ ഒഴിവാക്കാമെന്നു വൈസ് ചാൻസലർമാരുമായി ആലോചിക്കും. പുതിയ പ്രോഗ്രാമുകൾ രൂപകൽപന ചെയ്യാനായി സർവകലാശാലകളിൽ വിദഗ്ധസമിതിയെ നിയോഗിക്കണം. അവർ തയാറാക്കുന്ന സിലബസ് പിന്നീട് ബോർഡ് ഓഫ് സ്റ്റഡീസ് നിലവിൽ വരുമ്പോൾ അവരുടെ അംഗീകാരത്തിനു വിട്ടാൽ മതി. നിലവാരം ഉറപ്പാക്കാനും കാര്യങ്ങൾ വേഗത്തിൽ നടത്താനും ഇതിലൂടെ സാധിക്കും.

∙നവീന പ്രോഗ്രാമുകൾ അനുവദിക്കാൻ കോളജുകൾക്കു നിശ്ചിത നാക് സ്കോറും എൻഐആർഎഫ് റാങ്കിങ്ങും വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയതു നിലവാരത്തെ ബാധിക്കില്ലേ.?

നാക് സ്കോർ, എൻഐആർഫ് റാങ്കിങ് എന്നിവ നോക്കി പ്രോഗ്രാം അനുവദിക്കാൻ പാടില്ലെന്നാണ് ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ അഭിപ്രായം. പല പ്രദേശങ്ങളിലും 15–20 വർഷങ്ങളായി പ്രവർത്തിക്കുന്ന സർക്കാർ കോളജുകൾ അക്കാദമിക വികസനമില്ലാതെ മുരടിച്ചു നിൽക്കുകയാണ്. അവിടെ നല്ല അധ്യാപകരുണ്ട്. നല്ല പ്രോഗ്രാമുകൾ കൂടി ലഭിച്ചാലേ, അക്കാദമിക നിലവാരവും ഗ്രേഡും ഉയരൂ. മികച്ച കോളജുകൾക്കു മാത്രം പ്രോഗ്രാം അനുവദിച്ചാൽ ഇത്തരം കോളജുകൾ എല്ലാക്കാലത്തും പിന്നാക്കാവസ്ഥയിൽ തുടരും. എല്ലാ കോളജുകളെയും മെച്ചപ്പെടുത്തുകയാവണം നമ്മുടെ ലക്ഷ്യം.

∙കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ തൊഴിലധിഷ്ഠിത കോഴ്സുകൾ നടപ്പാക്കിയതുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടായോ; തൊഴിൽസാധ്യത കൂടുന്നുണ്ടോ.?

നിലവിലുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾക്കു നിലവാരമില്ലെന്നതാണു സത്യം. ഡിപ്ലോമയും സർട്ടിഫിക്കറ്റ് കോഴ്സും സർവകലാശാലകൾ നടത്തേണ്ടതില്ല. പകരം തൊഴിലധിഷ്ഠിത ബിരുദമോ ബിരുദാനന്തര ബിരുദമോ നടത്താം. ഗുണനിലവാരമുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾ ഡബിൾ മെയിൻ, ട്രിപ്പിൾ മെയിൻ രീതിയിൽ നാലു വർഷ ഓണേഴ്സ് ഡിഗ്രിയായി നടപ്പാക്കാവുന്നതാണ്. തൊഴിലധിഷ്ഠിതമെന്ന ലേബലിൽ പഠിപ്പിക്കുന്ന ഡിപ്ലോമകൾ അക്കാദമിക നിലവാരം തകർക്കും. തൊഴിലിനു കൊള്ളാത്തവരുടെ എണ്ണം വർധിപ്പിക്കും. സർവകലാശാലയും വ്യവസായമേഖലയും ചേർന്നു തൊഴിലധിഷ്ഠിത പ്രോഗ്രാം നടത്തുമ്പോൾ അതു നാലു സെമസ്റ്ററുള്ള ബിരുദാനന്തര ബിരുദമായോ പിഎച്ച്ഡിയുടെ ഭാഗമായോ മാത്രമേ ആകാവൂ.

∙പുതിയ പ്രോഗ്രാമുകളുടെ ഫീസ് എത്രയായിരിക്കും.?

ഫീസ് തീരുമാനിക്കേണ്ടതു സർവകലാശാലകളാണ്.ചില വിഷയങ്ങൾ പഠിപ്പിക്കുന്നതിനു ചെലവു കൂടും.അപ്പോൾ അതിനനുസരിച്ചു ഫീസ് ഈടാക്കേണ്ടി വരും. എങ്കിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇളവുകൾ ഉണ്ടാകും.

സ്ഥിരനിയമനം പ്രായോഗികമല്ല

∙പുതിയ വിഷയങ്ങൾ പഠിപ്പിക്കേണ്ടവർക്കു പ്രത്യേക പരിശീലനം ആവശ്യമാണല്ലോ. തിരക്കിട്ടു കോഴ്സ് അനുവദിക്കുമ്പോൾ ഇക്കാര്യം വിട്ടുപോയോ.?

നവീന വിഷയങ്ങൾ പഠിപ്പിക്കുന്നതിന് ആ വിഷയങ്ങളിൽ പ്രത്യേക പരിശീലനം നേടിയ അധ്യാപകരെയാണു നിയമിക്കേണ്ടത്. അധ്യാപകരെ തിരഞ്ഞെടുത്ത ശേഷം പരിശീലിപ്പിക്കുക പ്രായോഗികമല്ല. ഐഐടി, ഐസർ, ഐഐഎസ്‌സി തുടങ്ങിയ ദേശീയതലത്തിലുള്ള സ്ഥാപനങ്ങളിലും വിദേശത്തും പഠിച്ച് ഉന്നതനിലയിൽ പാസായ ഒട്ടേറെ യുവാക്കൾ നമ്മുടെ നാട്ടിലുണ്ട്. ഇത്തരം വിഷയങ്ങളിൽ പിഎച്ച്ഡി നേടിയവരെ കണ്ടെത്തി 5 വർഷത്തേക്കു നിയമിക്കണം. നവീന വിഷയങ്ങൾക്കു സ്ഥിരനിയമനം എന്ന സങ്കൽപം പ്രായോഗികമല്ല. കാലം മാറുന്നതിനനുസരിച്ചു വിഷയവും അധ്യാപകരും മാറും.

English Summary: Rajan Gurukkal Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com