ലക്ഷ്യത്തിലേക്കുള്ള വഴി

monk
SHARE

ഗുരു തീർഥയാത്ര പുറപ്പെട്ടു. ഏക ശിഷ്യനെ എല്ലാം ചുമതലപ്പെടുത്തിയാണു യാത്ര. ശിഷ്യന് ആകെയുള്ള രണ്ടു വസ്ത്രങ്ങളിൽ ഒന്ന് എലി കരണ്ടു. ശിഷ്യൻ എലിയെ കൊല്ലാൻ പൂച്ചയെ കൊണ്ടുവന്നു. പൂച്ചയ്ക്ക് എന്നും പാലു കൊടുക്കേണ്ടതു പ്രശ്നമായി. ശിഷ്യൻ പശുവിനെ വാങ്ങി. പശുവിനു തീറ്റ കൊടുക്കാൻ കുടിലിനു ചുറ്റുമുള്ള സ്ഥലം കിളച്ചൊരുക്കി പുല്ലു കൃഷി ചെയ്തു. സ്ഥലം പിന്നെയും മിച്ചമുണ്ടായിരുന്നതിനാൽ മറ്റു വിളകളും നട്ടു. 

എല്ലാം തനിച്ചു ചെയ്യാൻ ബുദ്ധിമുട്ടായപ്പോൾ രണ്ടു ജോലിക്കാരെ നിയമിച്ചു. വർഷങ്ങൾക്കുശേഷം ഗുരു തിരിച്ചെത്തുമ്പോൾ പഴയ കുടിലിന്റെ സ്ഥാനത്ത് മണിമാളികയും കൃഷിത്തോട്ടവും. ഗുരുവിനെക്കണ്ട് ഓടിവന്ന ശിഷ്യൻ പറഞ്ഞു: എല്ലാം എലി കരണ്ട എന്റെ വസ്ത്രം സംരക്ഷിക്കാൻ വേണ്ടി ചെയ്തതാണ്!

ലക്ഷ്യങ്ങൾ മറക്കുന്നവർ ആഗ്രഹങ്ങളുടെ പിന്നാലെ സഞ്ചരിക്കും. നിയതമായ ലക്ഷ്യങ്ങളുള്ളവർക്ക് അവ തന്നെ നേടണമെന്നു നിർബന്ധമുണ്ട്. ആഗ്രഹങ്ങൾ മാത്രമുള്ളവർക്ക് ഒന്നിനു പകരം മറ്റൊന്നു ലഭിച്ചാലും മതി. ലക്ഷ്യങ്ങളുള്ളവർ സഞ്ചരിക്കുന്ന എല്ലാ വഴികളും ആ ലക്ഷ്യങ്ങളിലേക്കു നയിക്കുന്നവയായിരിക്കും. ആഗ്രഹങ്ങൾ മാത്രമുള്ളവർ തത്സമയത്തെ സംതൃപ്തിക്കായി ഏതു വഴിയിലൂടെയും സഞ്ചരിക്കും.

എന്തിനു വേണ്ടി തുടങ്ങി എന്നു മറന്നുപോകുന്നതുകൊണ്ടാണ് എതിരെ വരുന്നവയുടെയും ആകർഷകമായതിന്റെയും പിന്നാലെ പോകുന്നത്. തുടർച്ചകളില്ലാത്തതെല്ലാം തുടങ്ങിയിടത്തു തന്നെ നിൽക്കും. തുടങ്ങാൻ ആവേശം മതി; തുടരാൻ ആത്മബോധവും ലക്ഷ്യബോധവും വേണം. തുടങ്ങുമ്പോൾ ഒട്ടേറെ ആളുകൾ കൂടെയുണ്ടാകും. എന്നാൽ, ആകസ്മികതകൾ വരുമ്പോൾ ആരും ഉണ്ടാകണമെന്നു നിർബന്ധമില്ല.

നയിക്കാനും വഴിനടത്താനും ആരെങ്കിലും ഉള്ളപ്പോൾ ദിശ തെറ്റാതെ സഞ്ചരിക്കുന്നതു സ്വന്തം മിടുക്കല്ല; വഴികാട്ടികളുടെ വൈദഗ്ധ്യമാണ്. തനിച്ചു നിൽക്കുമ്പോഴും തീരുമാനിച്ചുറച്ച വഴികളിലൂടെ സഞ്ചരിക്കുന്നതിലാണ് യാത്രികന്റെ മിടുക്ക്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA