ADVERTISEMENT

അർജുനൻ ഇന്ദ്രലോകത്തേക്കു പോയത് ആയുധങ്ങൾ വാങ്ങാനാണ്. ആയുധമൊക്കെ സംഘടിപ്പിച്ചു കഴിഞ്ഞപ്പോഴാണ് ഏറ്റവും വലിയ ആയുധം കലയാണെന്ന് ഇന്ദ്രനവർകൾ പറയുന്നത്. എന്നാൽപിന്നെ കുറച്ചു നൃത്തസംഗീതങ്ങൾ പഠിച്ചുകളയാം എന്ന് അർജുനൻ തീരുമാനിച്ചു.

പഠിപ്പിക്കാനെത്തിയത് ചിത്രസേനനാണെങ്കിലും സാക്ഷാൽ അപ്സരസ്സ് ഉർവശിയുമുണ്ടായിരുന്നു അവിടെ. ഉർവശിയുടെ പ്രലോഭനത്തിൽ പക്ഷേ, അർജുനൻ വീണില്ല. പുരൂരവസിന്റെ ഭാര്യയെന്ന നിലയിൽ ഉർവശി തനിക്കു ഗുരുപത്നിയാണെന്ന ന്യായത്തിൽ അർജുനൻ ആ കുരുക്കിൽ നിന്നൊഴിവായി.

അപ്സരസ്സിനു സഹിച്ചില്ല. ഉടൻ വന്നു ശാപം: അർജുനന്റെ പുരുഷത്വം ഇല്ലാതായിപ്പോകട്ടെ. ശിക്ഷയ്ക്ക് ഒരുവർ‌ഷത്തെ കാലാവധിയും നിശ്ചയിച്ചു നൽകി.

പഞ്ചപാണ്ഡവരുടെ അജ്ഞാതവാസകാലത്താണ് ഈ ഉർവശീശാപം ഉപകാരമായിത്തീർന്നത്. 12 വർഷത്തെ വനവാസം കഴിഞ്ഞാൽ ഒരു വർഷം സമ്പൂർണ അജ്ഞാതവാസമാണ്. ആരെയും ഒരുതരത്തിലും തിരിച്ചറിയരുത്‍. തിരിച്ചറിഞ്ഞുപോയാൽ വീണ്ടുമൊരു 12 വർഷംകൂടി നീളും വനവാസം.

അപ്പോഴാണ് അർജുനൻ പഴയ ഉർവശീശാപമോർത്തത്. ഒരു വർഷം സ്ത്രീയും പുരുഷനുമല്ലാതെ നപുംസകമായി ജീവിക്കണം. അങ്ങനെ അദ്ദേഹം ബൃഹന്നള എന്ന നൃത്താധ്യാപകന്റെ / അധ്യാപികയുടെ രൂപം സ്വീകരിച്ചു. വിരാട രാജാവിന്റെ മകൾ ഉത്തരയുടെ നൃത്തപരിശീലനത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു.

ഉർവശീശാപം അങ്ങനെ അർജുനന് ഉപകാരമായി ഭവിച്ചു. ഒപ്പം, മറ്റുപലർക്കും കിട്ടി, ഈ ശാപത്തിന്റെ ഉപകാരം.ഉത്തരയ്ക്കു നല്ലൊരു നൃത്തഗുരുവിനെ കിട്ടി. ഉത്തരയുടെ സഹോദരൻ ഉത്തരനാവട്ടെ, അർജുനന്റെ സഹായത്തോടെ കൗരവരെ തോൽപിക്കാൻ കഴിഞ്ഞു. അങ്ങനെ വിരാട രാജ്യത്തിനും ഗുണം കിട്ടി. അർജുനന്റെ പുത്രൻ അഭിമന്യുവിന് ഉത്തരയെ ഭാര്യയായി കിട്ടിയതും ഈ ഉപകാരത്തിന്റെ ഭാഗമാണ്. ഉത്തരയെ അർജുനനു നൽകാനായിരുന്നു വിരാട രാജാവിനു താൽപര്യം. എന്നാൽ, സ്വന്തം ശിഷ്യയെ വേൾക്കാനാകില്ലെന്നൊരു നിലപാട് അദ്ദേഹം സ്വീകരിച്ചതിനെത്തുടർന്ന് മകൻ അഭിമന്യു ഉത്തരയെ ഭാര്യയാക്കി.

നമ്മുടെ രാജ്യത്തെ നീതിയുടെ പരമാധികാര സ്ഥാപനമായ സുപ്രീം കോടതിയെ അപ്സരസ്സായ ഉർവശിയോട് ഉപമിക്കുന്നത് കോടതിയലക്ഷ്യമാവുമോ എന്ന് അപ്പുക്കുട്ടന് ആശങ്കയുണ്ടെങ്കിലും ഈയിടെയുണ്ടായ ഒരു വിധിയിൽ ഉർവശീശാപം മറഞ്ഞുനിന്നു ചിരിക്കുന്നതു കാണാതിരിക്കാൻ വയ്യ. കോടതിയലക്ഷ്യക്കേസിൽ പ്രശാന്ത് ഭൂഷൺ വക്കീലിനു സുപ്രീം കോടതി നൽകിയ ഒരു രൂപ പിഴയാണ് ഉർവശീ ശാപത്തിന്റെ ആധുനിക പതിപ്പായി നമുക്കു മുൻപിൽ നിൽക്കുന്നത്. 

ഇനിയിപ്പോൾ ഈ രാജ്യത്തെ ഏതു കോടതിയലക്ഷ്യക്കേസിലും പരമാവധി ശിക്ഷ ഒരേയൊരു രൂപയായിരിക്കും. ഈ ഒരു രൂപ വിധി ഉദ്ധരിച്ചാവും വരാനിരിക്കുന്ന വിധിന്യായങ്ങൾ. ഒരു രൂപ നാണയം കയ്യിലുണ്ടെങ്കിൽ കോടതിയലക്ഷ്യമാവാം എന്നൊരു നിലപാട് സ്വീകരിക്കുന്നവരുടെ രക്ഷയ്ക്ക് ഉർവശി ഇറങ്ങിവരുമോ എന്നറിയില്ല.

പ്രശാന്ത് ഭൂഷൺ വക്കീൽ നൽകിയ ആ ഒരു രൂപ നീതിയുടെ പ്രതീകമായി സുപ്രീം കോടതിയിൽ സൂക്ഷിച്ചിട്ടുണ്ടാവാം. ഇമ്മിണി വല്യ ഒന്ന് എന്നു നമ്മുടെ വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞത് കാണെക്കാണെ വളർന്നു വലുതാകുന്ന ഈ ഒരു രൂപകൂടി ഓർത്താവാം.

നമ്മുടെ നിയമവ്യവസ്ഥയിൽ അടിയുറച്ചു വിശ്വസിക്കുന്ന ഏതൊരാളെയും, ഏതെടുത്താലും ഒരു രൂപ എന്ന വ്യവസ്ഥ പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com