ADVERTISEMENT

തൊഴിൽനിയമങ്ങളുടെ എണ്ണം കുറച്ചും  തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടും കേന്ദ്രസർക്കാർ നടപ്പാക്കുന്ന 4 കോഡുകളിൽ മൂന്നെണ്ണം 22നും 23നുമായി പാർലമെന്റ് പാസാക്കി. സോഷ്യൽ സെക്യൂരിറ്റി കോഡ് (സാമൂഹിക സുരക്ഷാ ചട്ടം), ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (വ്യവസായബന്ധ ചട്ടം), ഒക്യുപേഷൻ സേഫ്റ്റി കോഡ് (തൊഴിൽ സുരക്ഷാ ചട്ടം) എന്നീ 3 നിയമങ്ങളാണ് അംഗീകരിച്ചത്. കോഡ് ഓൺ വേജസ് (വേതന ചട്ടം) 2019ൽ പാർലമെന്റ് പാസാക്കിയതും പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചതുമാണ്.

തൊഴിലാളി, തൊഴിലുടമ, സ്ഥാപനം, വേതനം എന്നീ പദങ്ങൾക്കു 4 കോഡുകളിലും സമാന നിർവചനമാണു നൽകിയിട്ടുള്ളത്. അതിനാൽ, ഈ പദങ്ങൾ സംബന്ധിച്ചുള്ള ആശയക്കുഴപ്പവും തർക്കങ്ങളും ഒഴിവാകും. റജിസ്ട്രേഷൻ നടപടികളും ലളിതമാക്കിയിട്ടുണ്ട്. ഏതെങ്കിലുമൊരു നിയമപ്രകാരം റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനത്തിന് മറ്റു നിയമങ്ങൾ പ്രകാരമുള്ള വെവ്വേറെ റജിസ്ട്രേഷനുകൾ വേണ്ട.

ആനുകൂല്യങ്ങൾ തുടരും

സാമൂഹിക സുരക്ഷാ ചട്ടം പ്രാബല്യത്തിലാകുമ്പോൾ എംപ്ലോയീസ് കോംപൻസേഷൻ നിയമം, ഇഎസ്ഐ നിയമം, ഇ‍പിഎഫ് നിയമം, മറ്റേണിറ്റി ബെനഫിറ്റ് നിയമം, ഗ്രാറ്റുവിറ്റി നിയമം തുടങ്ങിയ 9 നിയമങ്ങൾ ഇല്ലാതാകും. റദ്ദാക്കപ്പെടുന്ന നിയമങ്ങൾ വഴി ജീവനക്കാർക്കു ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അതേപടി പുതിയ കോഡ് പ്രകാരവും ലഭിക്കും.

ഇഎസ്ഐ വ്യാപകമാകും

ഇഎസ്ഐ വ്യവസ്ഥകളിൽ ശ്രദ്ധേയ മാറ്റങ്ങൾ പുതിയ കോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലെ ഇഎസ്ഐ നിയമം, 10 തൊഴിലാളികൾ ഒരു ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ള ഫാക്ടറി, കട, വാണിജ്യസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ലബോറട്ടറി എന്നിവയ്ക്കു മാത്രമേ ബാധകമാകുകയുള്ളൂ. എന്നാൽ, പുതിയ കോഡ് പ്രകാരം, അപകടകരമോ ജീവനു ഭീഷണിയുള്ളതോ ആയ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളിൽ ഒരു തൊഴിലാളി മാത്രമാണു ജോലി ചെയ്യുന്നതെങ്കിലും ഇഎസ്ഐ വ്യവസ്ഥകൾ ബാധകമാകും.

mukund
അഡ്വ. സി.ബി.മുകുന്ദൻ

നിലവിലെ ഇഎസ്ഐ നിയമം പ്ലാന്റേഷനുകൾക്കു ബാധകമല്ല. എന്നാൽ, പുതിയ കോഡനുസരിച്ച് തൊഴിലുടമയ്ക്കു താൽപര്യമുണ്ടെങ്കിൽ തന്റെ പ്ലാന്റേഷനിലെ തൊഴിലാളികൾക്കും ഇഎസ്ഐ പദ്ധതി ബാധകമാക്കാം. തൊഴിലുടമയും ഭൂരിപക്ഷം ജീവനക്കാരും അപേക്ഷിക്കുന്നപക്ഷം, 10 ജീവനക്കാരില്ലാത്ത ചെറിയ സ്ഥാപനങ്ങൾക്കും ഇഎസ്ഐ ആനുകൂല്യങ്ങൾ ലഭ്യമാകും.

നിലവിൽ ഇപിഎഫ് നിയമത്തിന്റെ ഭാഗമായുള്ള ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾക്കു മാത്രമേ നിയമം ബാധകമാകുകയുള്ളൂ. പുതിയ കോഡനുസരിച്ച് 20 ജോലിക്കാരുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഇപിഎഫ് നിയമം ബാധകമാകും. നിലവിലെ വ്യവസ്ഥകളനുസരിച്ചു ജീവനക്കാരുടെ എണ്ണം 20ൽ കുറഞ്ഞാലും ഇപിഎഫ് നിയമം  തുടർന്നും ബാധകമാകും. ഇഎസ്ഐ നിയമവും അങ്ങനെ തന്നെ; ജീവനക്കാരുടെ എണ്ണം 10ൽ കുറഞ്ഞാലും തുടരും.

എന്നാൽ, പുതിയ കോഡനുസരിച്ച് ജീവനക്കാരുടെ എണ്ണം കുറയുന്ന പക്ഷം തൊഴിലുടമയും ഭൂരിപക്ഷം ജീവനക്കാരും ആവശ്യപ്പെട്ടാൽ ഈ നിയമങ്ങളിൽനിന്ന് ഒഴിവാക്കപ്പെടും. തൊഴിലുടമകളുടെ ചിരകാല ആവശ്യം കണക്കിലെടുത്ത് സ്ഥാപനങ്ങളിൽനിന്നു കോൺട്രിബ്യൂഷൻ ഇനത്തിലുള്ള കുടിശിക അഞ്ചു വർഷത്തെക്കാൾ കൂടിയ കാലയളവിലേക്ക് ആവശ്യപ്പെടാവുന്നതല്ല എന്ന പുതിയ വ്യവസ്ഥ കോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോൺട്രിബ്യൂഷൻ ബാധ്യത കുറയും

വേജ് (വേതനം) എന്ന പദത്തിനു നൽകിയിട്ടുള്ള നിർവചനത്തിൽനിന്ന് വീട്ടുവാടക ബത്ത, ഓവർടൈം അലവൻസ്, കമ്മിഷൻ, യാത്രാബത്ത എന്നിവ ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ ഇഎസ്ഐ, ഇപിഎഫ് നിയമങ്ങൾ പ്രകാരമുള്ള, തൊഴിലുടമകളുടെയും തൊഴിലാളികളുടെയും കോൺട്രിബ്യൂഷൻ ബാധ്യത കുറയും.

ഇഎസ്ഐ, ഇപിഎഫ് പദ്ധതി നടത്തിപ്പ് നിലവിലുള്ളതുപോലെ യഥാക്രമം ഒരു സ്വതന്ത്ര കോർപറേഷന്റെയും ട്രസ്റ്റിന്റെയും നിയന്ത്രണത്തിൽത്തന്നെ തുടരും. കോർപറേഷനിലും ട്രസ്റ്റിലും ജീവനക്കാരുടെയും തൊഴിലുടമകളുടെയും 10 പ്രതിനിധികൾ വീതം ഉണ്ടാകും.

നിശ്ചിതകാല കരാർ നിയമനത്തിനു പുതിയ കോഡുകൾ അംഗീകാരം നൽകിയിട്ടുണ്ട്. അപ്രകാരം നിയമിക്കപ്പെടുന്ന ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിക്ക് അർഹത ലഭിക്കുന്നതിന് 5 വർഷത്തെ സേവനം വേണം എന്ന വ്യവസ്ഥ ബാധകമാവില്ല. അത്തരം ജീവനക്കാർക്ക് 5 വർഷത്തെ സേവനം ഇല്ലെങ്കിൽപോലും അവരുടെ സേവനവർഷത്തിന് ആനുപാതികമായ ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടാകും.

നോട്ടിസ് ഇല്ലാതെ സമരമില്ല

വ്യവസായബന്ധ ചട്ടം പ്രാബല്യത്തിൽ വന്നാൽ നമ്മുടെ രാജ്യത്തു നിലവിലുള്ള ഏറ്റവും പ്രധാനപ്പെട്ട 3 തൊഴിൽ നിയമങ്ങൾ റദ്ദാക്കപ്പെടും – 1926ലെ ട്രേഡ് യൂണിയൻ ആക്ട്, 1946ലെ സ്റ്റാൻഡിങ് ഓർഡേഴ്സ് ആക്ട്, 1947ലെ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്സ് ആക്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ സ്ഥാപനങ്ങളെയും ഈ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിലവിലെ നിയമമനുസരിച്ച് ഫാക്ടറി, പ്ലാന്റേഷൻ, ഖനികൾ എന്നിവിടങ്ങളിലെ ജീവനക്കാരുടെ എണ്ണം നൂറോ അതിൽ കൂടുതലോ ആണെങ്കിൽ ജീവനക്കാരെ പിരിച്ചുവിടുന്നതിനും ലേ ഓഫ് ചെയ്യുന്നതിനും അത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനും ബന്ധപ്പെട്ട സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുമതി ആവശ്യമാണ്. എന്നാൽ, പുതിയ കോഡിൽ 100 എന്ന ഈ പരിധി 300 ആക്കി ഉയർത്തിയിട്ടുണ്ട്. നിലവിലെ വ്യവസ്ഥകളനുസരിച്ച് അവശ്യസേവനം നൽകുന്ന സ്ഥാപനങ്ങൾ ഒഴികെയുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കു സമരം ചെയ്യണമെങ്കിൽ മുൻകൂർ നോട്ടിസ് നൽകേണ്ട ബാധ്യതയില്ല. എന്നാൽ, പുതിയ കോഡ് പ്രകാരം 14 ദിവസത്തെ നോട്ടിസില്ലാതെ സമരം പാടില്ല.

ഒരു സ്ഥാപനത്തിലെ പകുതിയിലേറെ ജീവനക്കാർ സംഘടിതമായി അവധിയെടുക്കുന്ന പക്ഷം അതു സമരമായി കണക്കാക്കും. തർക്കപരിഹാര ഓഫിസർ മുൻപാകെ ചർച്ചകൾ നടന്നുകൊണ്ടിരിക്കെ, തൊഴിലാളികൾ സമരം ചെയ്യുന്നത് നിയമവിരുദ്ധമാണ് എന്ന വ്യവസ്ഥയും ഈ കോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിവിൽ കോടതിക്കുള്ള പ്രധാനപ്പെട്ട പല അധികാരങ്ങളും തർക്കപരിഹാര ഓഫിസർമാർക്കു ലഭിക്കും.

പരാതി പരിഹാരം ഇങ്ങനെ

ഇരുപതിലേറെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ നിർബന്ധമായും പരാതിപരിഹാര കമ്മിറ്റികൾ ഉണ്ടായിരിക്കണം. നിലവിലെ വ്യവസ്ഥകളനുസരിച്ച് പിരിച്ചുവിടലുമായി ബന്ധപ്പെട്ടതൊഴികെയുള്ള എല്ലാ തർക്കങ്ങളും ബന്ധപ്പെട്ട സർക്കാർ ലേബർ കോടതിയിലേക്കു റഫർ ചെയ്യേണ്ടതുണ്ട്. പുതിയ കോഡനുസരിച്ച് തൊഴിലാളികൾക്കു നേരിട്ട് തർക്കപരിഹാരത്തിനായി ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിനെ സമീപിക്കാം.

അച്ചടക്കലംഘനത്തിന്റെ പേരിൽ തൊഴിലാളിക്കെതിരെ നടത്തുന്ന അന്വേഷണങ്ങൾ 90 ദിവസത്തിനുള്ളിൽ പൂ ർത്തിയാക്കേണ്ടതുണ്ട്. രണ്ടു വർഷത്തെക്കാൾ കൂടിയ കാലയളവിലുള്ള ഒരു തൊഴിൽതർക്കവും തർക്കപരിഹാര ഓഫിസർക്കു പരിഹരിക്കാവുന്നതല്ല. തൊഴിലാളിയെ പിരിച്ചുവിടുമ്പോൾ ഒരു വർഷത്തെ സർവീസിന് 15 ദിവസത്തെ വേതനം എന്ന നിരക്കിലുള്ള നഷ്ടപരിഹാരത്തിനു പുറമേ, 15 ദിവസത്തെ വേതനം റീ സ്കില്ലിങ് ഫണ്ടിലേക്കു തൊഴിലുടമ അടയ്ക്കേണ്ടതുണ്ട്.

നിലവിൽ 10,000 രൂപയോ അതിൽ കൂടുതലോ വേതനം കൈപ്പറ്റുന്ന സൂപ്പർവൈസർമാർ തൊഴിലാളിയെന്ന നിർവചനത്തിന്റെ പരിധിയിൽ വരില്ല. അതിനാൽ അവർക്ക് ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്സ് ആക്ടിന്റെ സംരക്ഷണം ലഭിക്കുകയില്ല. 10,000 രൂപ എന്ന ഈ പരിധി പുതിയ കോഡിൽ 18,000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. നിലവിൽ 100 തൊഴിലാളികളെങ്കിലും ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കു മാത്രമേ, സ്റ്റാൻഡിങ് ഓർഡേഴ്സ് നിയമം ബാധകമാകുകയുള്ളൂ. പുതിയ കോഡിൽ 100 തൊഴിലാളി എന്നതു 300 ആക്കി ഉയർത്തിയിട്ടുണ്ട്.

ശിക്ഷ കർക്കശം

കോഡ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കു കർക്കശമായ ശിക്ഷകളാണു വ്യവസ്ഥ ചെയ്തിട്ടുള്ളത്. ചെറിയ വീഴ്ചകൾക്കു പോലും മൂന്നു മാസം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. പ്രത്യേകം ശിക്ഷ വ്യവസ്ഥ ചെയ്തിട്ടുള്ള കുറ്റങ്ങൾക്ക് ഇതിൽ കൂടുതൽ ശിക്ഷ ലഭിച്ചേക്കാം. കുറ്റം തുടർന്നുകൊണ്ടിരിക്കുന്ന ഓരോ ദിവസത്തിനും 2000 രൂപ വീതം പിഴ നൽകേണ്ടിവരും. ഒരിക്കൽ ശിക്ഷിക്കപ്പെട്ടതിനു ശേഷം അതേ കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാണ്; മിനിമം പിഴ ഒരു ലക്ഷം രൂപയും.

അപകടസാധ്യതയുള്ള തൊഴിലിടങ്ങളിൽ പാലിക്കേണ്ട സുരക്ഷാ വ്യവസ്ഥകളിൽ വീഴ്ചയുണ്ടാകുന്നപക്ഷം തൊഴിലുടമയ്ക്കു 2 വർഷത്തെ തടവിനും 5 ലക്ഷം രൂപയുടെ പിഴ ശിക്ഷയ്ക്കും വ്യവസ്ഥയുണ്ട്. ഒരിക്കൽ ശിക്ഷിക്കപ്പെട്ട ശേഷവും പ്രസ്തുത വീഴ്ചകൾ തുടരുന്നപക്ഷം ഓരോ ദിവസത്തേക്കും 25,000 രൂപ വരെയുള്ള പിഴശിക്ഷയും ഉണ്ടാകും. മുകളിൽ പറഞ്ഞ വീഴ്ചകൾ ഒരു വർഷത്തിൽ അധികം തുടർന്നാൽ, 3 വർഷം വരെ തടവും 20 ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കാം. ഈ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതുമൂലം ഒരു തൊഴിലാളി മരിക്കാനിടയായാൽ രണ്ടു വർഷം വരെ തടവിനും 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയ്ക്കും പ്രത്യേക വ്യവസ്ഥയുണ്ട്.

വസൂലാക്കിയ പിഴയുടെ പകുതിയിൽ കുറയാത്ത തുക അപകടത്തിനിരയായ വ്യക്തിക്ക്/അനന്തരാവകാശികൾക്കു നൽകണമെന്ന് പുതിയ കോഡ് വ്യവസ്ഥ ചെയ്യുന്നു.

തൊഴിലാളികൾ നിയമലംഘനം നടത്തിയാൽ പരമാവധി പിഴ 10,000 രൂപയാണ്. എന്നാൽ, തൊഴിലാളി ശിക്ഷിക്കപ്പെട്ടാൽ, ആ കാരണംകൊണ്ടുമാത്രം തൊഴിലുടമയെ ശിക്ഷിക്കാൻ പാടില്ലെന്നും വ്യവസ്ഥ ചെയ്തിട്ടുള്ളതു തൊഴിലുടമകൾക്ക് ആശ്വാസകരമാണ്. കുറ്റകൃത്യം ശ്രദ്ധയിൽപെട്ട് ആറുമാസത്തിനുള്ളിൽ ഫെസിലിറ്റേറ്റർ നൽകുന്ന പരാതികൾ മാത്രമേ, നിലനിൽക്കൂ. പുതിയ കോഡുകൾ പ്രകാരം സ്ഥാപനങ്ങളിൽ പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥർ ഇൻസ്പെക്ടർ എന്നതിനു പകരം, ഇൻസ്പെക്ടർ കം ഫെസിലിറ്റേറ്റർ എന്നാണ് അറിയപ്പെടുക. ഇവർ സ്വന്തം ഇഷ്ടപ്രകാരം സ്ഥാപനങ്ങളിൽ പരിശോധനയ്ക്കെത്താൻ പാടില്ല. ബന്ധപ്പെട്ട സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വെബ് പോർട്ടലുകൾ നിർദേശിക്കുന്ന സ്ഥാപനങ്ങളിൽ മാത്രമേ, സാധാരണഗതിയിൽ ഇൻസ്പെക്‌ഷൻ സാധ്യമാകൂ.

 

(ഹൈക്കോടതി അഭിഭാഷകനും  തൊഴിൽനിയമ വിദഗ്ധനുമാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com