ഇതും നമ്മളൊരുമിച്ച് ചാടിക്കടക്കും

Innocent-Sreeraman-and-Mahesh-Narayanan
SHARE

ഇതും നമ്മളൊരുമിച്ച് ചാടിക്കടക്കും: ഇന്നസന്റ്

എന്റെ വീട്ടിൽ 8 വർഷമായി ഒരു അതിഥിയുണ്ട്. എത്രയും ബഹുമാനപ്പെട്ട കാൻസർ. കുട്ടിക്കാലത്ത് ഒളിച്ചുകളിക്കുമ്പോൾ പുതിയ പുതിയ സ്ഥലം നാം കണ്ടുപിടിക്കും. അതു പൊളിയുന്നതോടെ വേറെ സ്ഥലം കണ്ടെത്തും. ഡോക്ടർമാർ എന്റെ ദേഹത്തൊളിച്ച കാൻസറിനെ കണ്ടുപിടിക്കും; കക്ഷി പുതിയ സ്ഥലം കണ്ടെത്തും. അവിടെനിന്ന് ഓടിക്കുന്നതോടെ മറ്റൊരു സ്ഥലം കണ്ടെത്തും. ഇപ്പോൾ മൂന്നാം തവണയും കക്ഷി വന്നു, ചികിത്സ തുടരുകയാണ്. ഡോ. ഗംഗാധരൻ പറഞ്ഞത് ഇന്നസന്റിന്റെ ശരീരത്തിൽ വീണ്ടും ‘കോമഡി’ വന്നല്ലോ എന്നാണ്.

രണ്ടു ദിവസം മുൻപു പുതിയ അതിഥി കൂടി വന്നു. അതു കോവിഡാണ്. കാൻസർ കൂടെയുള്ളതുകൊണ്ടാകാം, പുതിയ അതിഥി വന്നതു ഭാര്യ ആലീസിനെ അന്വേഷിച്ചാണ്. കോവിഡ് കെട്ടിപ്പിടിച്ച ആലീസ് ആശുപത്രിയിൽ കിടക്കുന്നു, ചിരിച്ച് എല്ലാവരെയും ഫോൺ ചെയ്യുന്നു. ആലീസിനോടു കളിച്ചു തോറ്റുപോയ ആളാണു കാൻസർ. അതുപോലെ ഇതും 10 ദിവസംകൊണ്ടു പോകും.

6 മാസത്തിനിടെ എനിക്കു വലിയ സങ്കടമുണ്ടായിട്ടുണ്ട്. സിനിമയില്ലാതെ വീട്ടിലിരിക്കുന്നതുകൊണ്ടോ പ്രസംഗിക്കാൻ മൈക്ക് കിട്ടാത്തതുകൊണ്ടോ അല്ല. പേരക്കുട്ടികളായ ഇന്നസന്റും അന്നയും കംപ്യൂട്ടർ നോക്കി പഠിക്കുമ്പോൾ വരുന്ന സങ്കടമാണ്. സ്കൂളിൽ പോവുകയേ വേണ്ട. പരീക്ഷയ്ക്കു പുസ്തകം നോക്കി എഴുതാം. എനിക്കുള്ള സങ്കടം ഞാൻ പഠിക്കുന്ന കാലത്ത് ഇതുണ്ടായില്ലല്ലോ എന്നാണ്. അന്നു പുസ്തകം നോക്കി എഴുതാൻ പറ്റുമായിരുന്നെങ്കിൽ ഞാൻ എംബിബിഎസ് വരെ പാസായേനെ.

വള്ളത്തോൾ നാരായണ മേനോൻ മരിച്ചത് എനിക്കോർമയുണ്ട്. നാലാം ക്ലാസിൽ പഠിക്കുന്ന കാലം. വീട്ടിൽ കിടന്നുറങ്ങുമ്പോൾ എന്നെ സ്കൂളിലേക്ക് അടിച്ചോടിച്ചു. സ്കൂൾ ഗേറ്റിൽ എത്തിയപ്പോഴാണു കുട്ടികൾ പറയുന്നത് സ്കൂളില്ല, വള്ളത്തോൾ മരിച്ചുവെന്ന്. അന്ന് അദ്ദേഹത്തോടു തോന്നിയ സ്നേഹം ചെറുതല്ല. അവധിക്കു കാത്തുകിടന്ന കാലമായിരുന്നു അത്. വയസ്സായ നേതാക്കൾ ആശുപത്രിയിലായി എന്നു കേൾക്കുമ്പോൾ പതുക്കെ സന്തോഷം തുടങ്ങുകയായി. പഠനം വീട്ടിലായപ്പോൾ സത്യത്തിൽ ഈ കുട്ടികളെ ഓർത്തു സങ്കടമുണ്ട്. കാരണം, ഇങ്ങനെ പോയാൽ അവർക്കു വയസ്സാകുമ്പോൾ ഓർമകളുണ്ടാകില്ല.

കോവിഡ് വന്ന ഒരാളുടെ വീടിനുനേരെ കല്ലെറിഞ്ഞുവെന്നൊരു വാർത്ത കേട്ടു. 6 മാസത്തിനിടെ എന്നെ ഏറെ വേദനിപ്പിച്ചത് അതാണ്. കോവിഡ് ബാധിതനെ കല്ലെറിയുകയും ഒഴിവാക്കുകയും ചെയ്യുമ്പോൾ ഓർക്കുക, രോഗം ആരുടെ വീടിന്റെ വാതിലിലും എപ്പോൾ വേണമെങ്കിലും മുട്ടിയേക്കാം. 

ആശുപത്രിക്കിടക്കയിൽ ആയിരിക്കുമ്പോൾ, സുഖമല്ലേ എന്നൊരു ചോദ്യം കൊണ്ടുമാത്രം കിട്ടുന്ന സന്തോഷം എത്രയെന്ന് എനിക്കറിയാം. അതു മരുന്നുപോലെ ശക്തിയുള്ളതാണ്. ഇപ്പോൾ ആശുപത്രിയിലുള്ള എല്ലാവരോടും എനിക്കു ചോദിക്കാനുള്ളത് അതാണ് – ‘സുഖമല്ലേ.’ നമുക്കു വീണ്ടും കാണാം. മനസ്സിൽ പണ്ടു പറഞ്ഞതു മാത്രം ഓർത്താൽ മതി. ‘ഇതല്ല, ഇതിനപ്പുറവും ചാടിക്കടന്നവനാണീ...’ നമുക്ക് ഒരുമിച്ചു ചാടിക്കടക്കാം. ഞാൻ പലതവണ ചാടിയതാണ്!

കോവിഡ്കാലം എന്നെ ആനയാക്കി: വി.കെ.ശ്രീരാമൻ

ചെറുപ്പം തൊട്ടേ കഠിന പ്രയത്‌നങ്ങളിൽ താൽപര്യമുണ്ടായിരുന്നില്ല എനിക്ക്. പുലർന്നാൽ ഇരുളും വരെ ഇരിക്കപ്പൊറുതിയില്ലാതെ പണിയെടുക്കുന്നവരോടും പണിയെടുപ്പിക്കുന്നവരോടും ഞാൻ അകലം പാലിച്ചു. 

തൊഴിയൂർ സ്കൂളിൽ, ശ്രീധരൻ മാഷ് ഹിന്ദി പഠിപ്പിക്കുമ്പോഴും ജാതവേദൻ നമ്പൂതിരി മാഷ് കണക്കെടുക്കുമ്പോഴും ഞാൻ അഴികളില്ലാത്ത വലിയ ജനാലയുടെ പുറത്തേക്കു നോക്കിയിരുന്നു. മാവിൽനിന്നു കിളിപ്പറ്റം പോലെ ഇലകൾ പറന്നുപോകുന്നതും നിറങ്ങളുടുത്ത പെണ്ണുങ്ങൾ കല്യാണത്തിനു പോകുന്നതുമെല്ലാം കണ്ടുകണ്ടങ്ങനെ ഇരുന്നു. ഈ കൊറോണക്കാലത്തും ഞാനാ ക്ലാസ് മുറികളെയും അഴികളില്ലാത്ത ജാലകങ്ങളെയും സ്മരിക്കുന്നു.

പുസ്തകങ്ങൾ വായിക്കാനോ എഴുതാനോ കഴിഞ്ഞില്ല. നിരുന്മേഷവാനായിരുന്നു എന്നു തീർത്തും പറയാനും വയ്യ. ഓൺലൈൻ ക്ലാസിന്റെ വിരസതയിൽനിന്നു കുട്ടികൾ ഈ മുറ്റത്തേക്ക് ഓടിവരുന്നു. ഞാനും ആഹ്ലാദത്തോടെ എഴുന്നേറ്റ് അവരുടെ കൂട്ടത്തിലേക്കു നടക്കാനായുന്നു. 

നാരങ്ങ നാല്, ചുണ്ടങ്ങ പത്ത്

ഇലകൾ പച്ച പൂക്കൾ മഞ്ഞ

എന്റെ മനസ്സിലും ഒരു കളിക്കുഞ്ഞുണരുന്നു.

ഒരു ദിവസം കുട്ടികളുടെ നിർബന്ധത്തിനു വഴങ്ങി ഞാനും അവരോടൊപ്പം കളിക്കാമെന്നേറ്റു; ഒരു നിബന്ധനയോടെ – ഓടാനും ചാടാനുമൊന്നും വയ്യ. വെറുതേ നിൽക്കുകയോ ഇരിക്കുകയോ ചെയ്യാം!

ശരി വെറുതേ ആനയായി നിന്നാൽ മതി. അവർ കൂട്ടത്തോടെ പറഞ്ഞു.

നാലു കാലിൽ ആനയായി നിന്നതും നാലഞ്ചുപേർ പുറത്തു ചാടിക്കയറിയതും ഒരുമിച്ചായിരുന്നു. വർഷങ്ങൾക്കു ശേഷം എന്നെ ആനയാക്കിയത് ഈ കോവിഡ്കാലമാണ്.

ഇരുണ്ടുപോകുന്നില്ല പ്രതീക്ഷകളുടെ വാനം: മഹേഷ് നാരായണൻ (സംവിധായകൻ)

നാലു ചുമരുകൾക്കുള്ളിലെ സിനിമ, ആഖ്യാനത്തിലെ പുതുമ എന്നിവയാണ് ഫഹദിനെ കേന്ദ്ര കഥാപാത്രമാക്കി ‘സീ യു സൂൺ’ എന്ന ചിത്രം ചെയ്യുമ്പോൾ മനസ്സിലുണ്ടായിരുന്നത്. അതു നൽകിയ അംഗീകാരം ഈ വിഷമകാലത്തു വലിയ ധൈര്യമായി. 

കഥയാലോചിക്കുമ്പോൾ കോവിഡിന്റെ ഇരുൾ മൂടുമായിരുന്ന മനസ്സിനെ ആവിഷ്കാരത്തിലെ പുതുമകളെക്കുറിച്ചാലോചിക്കാൻ പ്രേരിപ്പിച്ചു. വേറിട്ട വഴിയിലൂടെ നടക്കാനും പുതുമകളുടെ പൂക്കൾ വിരിയുന്ന പൂന്തോട്ടങ്ങൾ ചുറ്റിലുമുണ്ടെന്ന തിരിച്ചറിവുണ്ടാകാനും ഇതു കാരണമായി. 

ക്രിസ്റ്റഫർ നോളന്റെ ‘ടെനന്റ്’ എന്ന പുതിയ ചിത്രത്തിന്റെ ടീസറിൽ, ലോകത്തു സിനിമയുള്ളിടത്തെല്ലാം ഈ ചിത്രം കാണാം എന്നെഴുതിക്കാണിച്ചത് എന്നെ വിസ്മയിപ്പിച്ചു. പ്രതീക്ഷകളുടെ വാനം തെളിഞ്ഞുതന്നെ...

English Summary: Innocent, Sreeraman and Mahesh Narayanan about covid days

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA