ADVERTISEMENT

കേന്ദ്ര സർക്കാർ കൊണ്ടുവന്ന നാലു ലേബർ കോഡുകളും പാർലമെന്റ് അംഗീകരിച്ചതോടെ രാജ്യം തൊഴിൽബന്ധങ്ങളുടെ പുതിയൊരു കാലത്തേക്കു പ്രവേശിക്കുകയാണ്. മാറുന്ന സാഹചര്യങ്ങളും മാറുന്ന ആവശ്യങ്ങളും കണക്കിലെടുത്തുള്ളതാണു പുതിയ തൊഴിൽ ചട്ടങ്ങളെന്നു കേന്ദ്ര സർക്കാർ അവകാശപ്പെടുമ്പോൾ, ബില്ലുകൾ ഏകപക്ഷീയമായി പാസാക്കിയതു ജനാധിപത്യത്തിനു കളങ്കമാണെന്നു പ്രതിപക്ഷം പറയുന്നു. ചട്ടങ്ങളിൽ തൊഴിലാളിദ്രോഹ വ്യവസ്ഥകളുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. തൊഴിലാളികളുടെ സാമൂഹിക സുരക്ഷ, വ്യവസായബന്ധങ്ങൾ, ജോലിസ്ഥലത്തെ സുരക്ഷ, ആരോഗ്യം എന്നിവ സംബന്ധിച്ച മൂന്നു

കോഡുകളാണ് (ചട്ടങ്ങൾ) കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റ് പാസാക്കിയത്. കഴിഞ്ഞ വർഷം പാസാക്കിയ വേതന ചട്ടവും ചേർത്താൽ മൊത്തം 44 തൊഴിൽ നിയമങ്ങൾ നാലു ചട്ടങ്ങളാക്കി മാറ്റുകയായിരുന്നു. തൊഴിലാളി, തൊഴിലുടമ, സ്ഥാപനം, വേതനം എന്നീ പദങ്ങൾക്കു നാലു കോഡുകളിലും സമാന നിർവചനമാണു നൽകിയിട്ടുള്ളതെന്നതിനാൽ, ഈ പദങ്ങൾ സംബന്ധിച്ചുള്ള ആശയക്കുഴപ്പവും തർക്കങ്ങളും ഒഴിവാകും. റജിസ്ട്രേഷൻ നടപടികളും ലളിതമാക്കിയിട്ടുണ്ട്.

സാമൂഹിക സുരക്ഷാ ചട്ടം പ്രാബല്യത്തിലാകുമ്പോൾ എംപ്ലോയീസ് കോംപൻസേഷൻ നിയമം, ഇഎസ്ഐ നിയമം, ഇപിഎഫ് നിയമം, മറ്റേണിറ്റി ബെനഫിറ്റ് നിയമം, ഗ്രാറ്റുവിറ്റി നിയമം തുടങ്ങിയ 9 നിയമങ്ങൾ ഇല്ലാതാകും. അതേസമയം, റദ്ദാക്കപ്പെടുന്ന നിയമങ്ങൾ വഴി ജീവനക്കാർക്കു ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അതേപടി പുതിയ കോഡ് പ്രകാരം ലഭിക്കുമെന്നു സർക്കാർ ചൂണ്ടിക്കാട്ടുന്നു. അതിഥിത്തൊഴിലാളികളടക്കം അസംഘടിത മേഖലയിലുള്ളവരെ സാമൂഹികസുരക്ഷാ പദ്ധതികളുടെ ചട്ടക്കൂടിൽ കൊണ്ടുവരുന്നു എന്നതും സർക്കാർ എടുത്തുപറയുന്നുണ്ട്. ഇഎസ്ഐ വ്യാപകമാക്കുന്നതിനോടൊപ്പം, ഇഎസ്ഐ വ്യവസ്ഥകളിൽ ശ്രദ്ധേയ മാറ്റങ്ങൾ പുതിയ കോഡിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ച് നാലു കോഡുകളായി ചുരുക്കുന്നതു തൊഴിലാളികളെ മാത്രമല്ല, സമൂഹത്തെയാകെ ദോഷകരമായി ബാധിക്കുമെന്നും അതിനാൽ, പാർലമെന്റ് പാസാക്കും മുൻപ് നിയമത്തെക്കുറിച്ചു പൊതു ചർച്ചയുണ്ടാകണമെന്നും ആവശ്യമുയർന്നതു വേണ്ടരീതിയിൽ പാലിക്കപ്പെട്ടില്ല. പരിഷ്കരിച്ച മൂന്നു തൊഴിൽ ബില്ലുകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ, കാര്യമായ ചർച്ചയില്ലാതെയാണു പാർലമെന്റ് കടന്നത്. ഇപ്പോൾ പാസാക്കിയ മൂന്നു ചട്ടങ്ങളും കഴിഞ്ഞ വർഷം പാർലമെന്റിൽ അവതരിപ്പിക്കുകയും തൊഴിൽ സ്ഥിരംസമിതി വിശദമായി പഠിക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ, പഴയ ബില്ലുകൾ പിൻവലിച്ചു പുതിയത് അവതരിപ്പിക്കുകയാണു സർക്കാർ ചെയ്തത്. ഇതും സ്ഥിരംസമിതിക്കു വിടണമെന്നും ചർച്ചകൾ വേണമെന്നും പ്രതിപക്ഷം പറഞ്ഞെങ്കിലും സമിതി നിർദേശങ്ങൾ മിക്കതും ഉൾപ്പെടുത്തിയെന്നാണു സർക്കാർ നിലപാട്.

തൊഴിൽ പരിരക്ഷയ്ക്കും ട്രേഡ് യൂണിയനുകൾക്കും മിന്നൽസമരങ്ങൾക്കും വ്യവസായബന്ധ ചട്ടപ്രകാരം വരുന്ന നിയന്ത്രണങ്ങൾ വിവിധ തലങ്ങളിൽ ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. മുന്നൂറോ അതിൽ താഴെയോ തൊഴിലാളികളുള്ള വ്യവസായ സ്ഥാപനങ്ങളിൽ സർക്കാരിന്റെ അനുമതി കൂടാതെ തൊഴിലാളികളെ നിയമിക്കാനും പിരിച്ചുവിടാനും തൊഴിൽദാതാവിനു സാധിക്കും. നേരത്തേ, 100 തൊഴിലാളികൾ എന്നതായിരുന്നു പരിധി. ഇതുപ്രകാരം, സർക്കാർ അനുമതിയില്ലാതെ തൊഴിലാളികളെ ഇഷ്ടാനുസരണം പിരിച്ചുവിടാമെന്നു ചൂണ്ടിക്കാട്ടി ഇത് തൊഴിലാളിദ്രോഹ ബില്ലെന്ന് ആരോപിക്കുന്നവരുണ്ട്. രാജ്യത്തെ വ്യവസായശാലകളിൽ വലിയൊരു പങ്കു തൊഴിലാളികൾ നിയമപരമായ പരിരക്ഷയ്ക്കു പുറത്താകുമെന്നും അവർ ആശങ്കപ്പെടുന്നു.

പ്രതിഷേധങ്ങൾക്കുള്ള നിയന്ത്രണം പലരെയും ആശങ്കപ്പെടുത്തുന്നുണ്ട്. പുതിയ ബിൽപ്രകാരം, സമരം നടത്താൻ യൂണിയനുകൾ 14 ദിവസത്തെ മുൻകൂർ നോട്ടിസ് നൽകണമെന്നത് ട്രേഡ് യൂണിയൻ പ്രവർത്തനത്തിനു കൂച്ചുവിലങ്ങിടുന്നുവെന്നാണ് ആരോപണം. അതേസമയം, തൊഴിൽ സമരങ്ങൾ ഇല്ലാതാവുന്ന സ്ഥിതിയുണ്ടാവില്ലെന്നും സമരത്തിനു മുൻപു തർക്കപരിഹാരത്തിനുള്ള സാഹചര്യമൊരുക്കാനാണു ശ്രമമെന്നും കേന്ദ്ര സർക്കാർ പറയുന്നു. തൊഴിൽ, ഭരണഘടനയുടെ പൊതുപട്ടികയിലുള്ള വിഷയമായതിനാൽ സംസ്ഥാനങ്ങൾക്കു താൽപര്യമുള്ള മാറ്റങ്ങൾ കൊണ്ടുവരാനാവുമെന്നും വിശദീകരണമുണ്ട്.

തൊഴിൽ തർക്ക നിയമമാണ് (1948) ഇന്ത്യയിലെ തൊഴിൽനിയമങ്ങളുടെ മാതൃനിയമം. തുടർന്നിങ്ങോട്ട്, രാജ്യത്തെ തൊഴിൽനിയമങ്ങൾ കാലാനുസൃതമായ പല പരിഷ്കരണങ്ങളിലൂടെയും കടന്നുപോന്നിട്ടുണ്ട്. നമ്മുടെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ തൊഴിൽനിയമ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് തൊഴിലാളികളുടെ ആശങ്കയകറ്റിയും അവരുടെ വിശ്വാസം നേടിയെടുത്തുമായിരിക്കണം എന്ന കാര്യത്തിൽ തർക്കമില്ല.

English Summary: When job rule changes-editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com