കാതോരത്തെന്നും എസ്പിബി

HIGHLIGHTS
  • ഇഷ്ടഗാനങ്ങളേറെ സമ്മാനിച്ച പ്രിയ ഗായകനു ഹൃദയാഞ്ജലി
SP-Balasubrahmanyam-9
SHARE

എസ്.പി.ബാലസുബ്രഹ്മണ്യം എന്നതു മധുരമനോഹരമായ ഒരു പാട്ടുകാലത്തിന്റെ പേരാണ്; തീരാത്തതും തോരാത്തതുമായ ഒരു പാട്ടിന്റെ പേരും.  ഒരു ഗായകന്റേതു ജനകീയതയുടെയും മാനുഷികതയുടെയും നിത്യപ്രസാദത്തിന്റെയും ജീവിതമാണെന്ന് അറിയിച്ചാണ് അദ്ദേഹം ഗാനാവശേഷനാകുന്നത്.

അതുകൊണ്ടാണ് ഈ വേർപാട് ഒട്ടേറെ ഹൃദയങ്ങളെ അത്രയാഴത്തിൽ മുറിവേൽപിക്കുന്നതും. അര നൂറ്റാണ്ടിലേറെക്കാലം തലമുറകളുടെ ഹൃദയത്തോടു ചേർന്നുപാടിയ മഹാഗായകന്റെ വേർപാടറിഞ്ഞ് പാട്ടിഷ്ടക്കാരുടെ മനസ്സിലാകെ ഒരേ സങ്കടരാഗം പെയ്യുകയാണിപ്പോൾ. 

എസ്.പി.ബാലസുബ്രഹ്മണ്യം പ്രചോദനാത്മകമായ ഒരു പാഠപുസ്തകത്തിന്റെ കൂടി പേരാണ്. ഹരികഥ പാടി ഉപജീവനം കഴിച്ചുവന്ന പിതാവിന്റെ മകൻ സംഗീതത്തിന്റെ ആകാശം തൊട്ടതു കഴിവിനോടൊപ്പം കഠിനപ്രയത്നത്തിന്റെകൂടി ഫലമായിരുന്നു. ‘ശ്രീശ്രീശ്രീ മര്യാദ രാമണ്ണ’ എന്ന തെലുങ്കു ചിത്രത്തിൽ 1966ൽ പാടിത്തുടങ്ങിയ ആ സംഗീതജീവിതം പിന്നീടു തമിഴ്, മലയാളം, കന്നഡ, അസമീസ്, ഒഡിയ, ബംഗാളി, ഹിന്ദി, സംസ്കൃതം, തുളു, മറാഠി, പഞ്ചാബി തുടങ്ങി ഒട്ടേറെ ഭാഷകളിൽ സ്വരംകൊണ്ടു കയ്യൊപ്പിട്ടു. മലയാളത്തിൽത്തന്നെ ‘താരാപഥം ചേതോഹരം...’ (അനശ്വരം) അടക്കം എത്രയോ മധുരഗാനങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്. ഏതു ഭാഷയിൽ പാടുമ്പോഴും ആ ഭാഷയുടെ തനതു വ്യക്തിത്വം തന്റെ പാട്ടിലുണ്ടാവാൻ അദ്ദേഹം ശ്രദ്ധിച്ചു. 

അപാരമായ ശ്വാസനിയന്ത്രണം‌കൊണ്ട് അദ്ദേഹത്തിന്റെ കണ്ഠത്തിൽ സ്വരാശ്വങ്ങൾ അതിവേഗം സഞ്ചരിച്ചു. പാട്ടു പഠിച്ചെടുത്തു പാടുന്നതിലെ അദ്ഭുതവേഗം അനന്യമായിരുന്നു. അതുകൊണ്ടുതന്നെ, പാട്ടുകളുടെ എണ്ണത്തിൽ എസ്‌പിബി എല്ലാ മുൻകാല റെക്കോർഡുകളും മറികടക്കുകയും ചെയ്തു. കന്നഡ സംഗീതസംവിധായകനായ ഉപേന്ദ്രകുമാറിനു വേണ്ടി 1981 ഫെബ്രുവരി എട്ടിനു ബെംഗളൂരുവിലെ ഒരു റിക്കോർഡിങ് തിയറ്ററിൽ 12 മണിക്കൂർകൊണ്ട് പാടിത്തീർത്തത് 21 പാട്ടുകളാണ്! ഇതിനകം അദ്ദേഹം പാടിയത് 40,000ൽ അധികം പാട്ടുകളാണെന്നതു വിസ്മയാദരങ്ങളോടെ മാത്രമേ കേൾക്കാനാവൂ. ഇത്രയധികം ചലച്ചിത്രഗാനങ്ങൾ പാടിയ മറ്റൊരു ഗായകൻ ലോകത്തുണ്ടായിട്ടില്ല. മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം ആറു തവണയാണു തേടിയെത്തിയത്. 

ബാലസുബ്രഹ്മണ്യത്തിൽ പലരുണ്ടായിരുന്നു. ഗായകനെക്കൂടാതെ നടൻ, സംഗീതസംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ്, ടിവി അവതാരകൻ... അങ്ങനെ എത്രയെത്ര വേഷപ്പകർച്ചകൾ! ഓരോന്നിലും സവിശേഷമായ തന്റെ മുദ്ര ചാർത്തുകയും ചെയ്തു, പ്രിയപ്പെട്ടവരുടെ ബാലു. പാട്ടിൽ നിറയേണ്ട ജീവിതഭാവങ്ങളത്രയും ആ കണ്ഠം എപ്പോഴും കാത്തുവച്ചു. അനുരാഗവും വാത്സല്യവും ദുഃഖവും നഷ്ടവുമൊക്കെ പാട്ടുകളിൽ തിരയടിച്ചുകൊണ്ടേയിരുന്നു. 

ശാസ്ത്രീയസംഗീതം പഠിക്കാതെയാണ് ഈ പാട്ടുയരങ്ങളത്രയും പിന്നിട്ടതും ‘ശങ്കരാഭരണ’ത്തിലെ ഗാനങ്ങളുടെ പേരിൽ ദേശീയ അവാർഡ് വരെ വാങ്ങിയതും എന്നതിൽതന്നെയുണ്ട് അപൂർവമായ അതിശയരാഗം! ജീവിതത്തെ എപ്പോഴും ആഘോഷമാക്കി, അദ്ദേഹം. ഓരോ നിമിഷവും ജീവിതത്തെ സ്നേഹിച്ചു. പാട്ടിലൂടെ സന്തോഷം ശ്വസിച്ചു. എപ്പോഴും വിടർന്നു ചിരിച്ചു. 

‘ഇളയനിലാ പൊഴികിറതേ’... അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ഗാനങ്ങളിലൊന്നാണ്. ഒറ്റ ഗിറ്റാറിന്റെ കൈപിടിച്ച് എസ്‌പിബി പ്രണയം പാടി ആകാശംതൊട്ടപ്പോൾ ആ യൗവനനിലാവ് ആയിരം പൗർണമികളുടെ ചാന്ദ്രസൗന്ദര്യത്തോടെ ഗാനാസ്വാദകരുടെ കാതിൽ എന്നേക്കുമായി കുടിപാർക്കുകയായിരുന്നു. ഇളയനിലാ എന്ന ഗാനം ‘പയനങ്കൾ മുടിവതില്ലൈ’ എന്ന തമിഴ് സിനിമയിലേതാണ്. ‘യാത്രകൾ അവസാനിക്കുന്നില്ല’ എന്ന് ആ സിനിമാപ്പേര് മലയാളത്തിലാക്കാം. പാട്ടുകൊണ്ട് കോടിക്കണക്കിനു മനസ്സുകൾ കവർന്ന അനശ്വരഗായകാ, അങ്ങയോട് ഇഷ്ടംകൂടിയ എണ്ണമറ്റ കാതുകളും അതുതന്നെ പറയുന്നു: യാത്രകൾ അവസാനിക്കുന്നേയില്ല... അങ്ങയുടെ പാട്ടുകൾ എന്നും കാലത്തിന്റെ കാതോരത്തുതന്നെയുണ്ടാകും.

English summary: SP Balasubrahmanyam: Life 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA