ADVERTISEMENT

ആപത്തു വരുമ്പോൾ കൂട്ടത്തോടെയേ വരൂ. ചിലപ്പോൾ അതു നമ്മളെയും കൊണ്ടേ പോകൂ. പിണറായി സർക്കാരിന്റെ കാര്യത്തിൽ അത് അക്ഷരംപ്രതി സത്യമാണെന്നു തോന്നുന്നു. സ്വർണക്കടത്തു മുതൽ ഭവന പദ്ധതി തട്ടിപ്പു വരെ. പാവം സാധു മനുഷ്യനായ പിണറായിയുടെ സർക്കാരിനെതിരെ ഉയരാത്ത പരാതികളില്ല. ഇങ്ങനെ ഇടംവലം നോക്കാതെ ആരോപണം ഉന്നയിക്കാൻ കുരുത്തംകെട്ട ചിലർ ഇറങ്ങിപ്പുറപ്പെട്ടാൽ ഇരട്ടച്ചങ്കനല്ല, ആയിരം ചങ്കുകാരനും വലഞ്ഞു പോകും. 

എട്ടു കേന്ദ്ര ഏജൻസികളാണ് കേരള സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്. ഇത്തരമൊരു വിധി ശത്രുക്കൾക്കു പോലും വരരുതേയെന്നാണു കണ്ണിൽ ചോരയില്ലാത്തവർ പോലും ആഗ്രഹിക്കുക. സിബിഐ, ഐബി, ഐടി, ഇഡി, എൻസിബി, എൻഐഎ, കസ്റ്റംസ്, റോ... ഇംഗ്ലിഷ് അക്ഷരമാലയിൽ അക്ഷരങ്ങൾ 26 മാത്രമായതു നന്നായി. ഇല്ലെങ്കിൽ ഇനിയും ഏതാനും ഏജൻസികൾ കൂടി അന്വേഷണത്തിന് ഇറങ്ങിത്തിരിക്കുമായിരുന്നു. 8 ഏജൻസികളും കറങ്ങുന്നതു സെക്രട്ടേറിയറ്റ് എന്ന സൂര്യനു ചുറ്റുമാണെന്നു കാനം സഖാവു പറയുന്നു. എല്ലാറ്റിനും കൃത്യമായ ഭ്രമണപഥങ്ങളുണ്ട്. 

ഇതിനൊക്കെ പുറമെ കേരള പൊലീസ്, വിജിലൻസ് തുടങ്ങിയ കുട്ടിത്തരം വേഷങ്ങളും രംഗത്തുണ്ട്. വേണ്ടിവന്നാൽ കളത്തിലിറങ്ങാൻ ഇന്റർപോൾ, എഫ്ബിഐ, കെജിബി, മൊസാദ് തുടങ്ങിയവർ റിസർവ് ബെഞ്ചിൽ അക്ഷമരായി കാത്തിരിപ്പുണ്ട്. 

ലൈഫ് മിഷൻ പദ്ധതിയിൽ തനിക്ക് ഒരു കോടി രൂപയാണു കമ്മിഷൻ കിട്ടിയതെന്നു സ്വപ്ന സുരേഷ് പറയുന്നു. എന്നാൽ നാലു കോടിയിലേറെ കമ്മിഷനായി പോയിട്ടുണ്ടെന്നാണു മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ പക്ഷം. ഇത് എങ്ങനെയാണ് അദ്ദേഹത്തിനു സ്വപ്നദർശനമുണ്ടായതെന്നു വെളിപ്പെടുത്തിയിട്ടില്ല. പറഞ്ഞത് അദ്ദേഹമാകയാൽ സംഗതി സത്യമാകാതെ തരമില്ല. സത്യം വെളിപ്പെടുത്തിയ സ്ഥിതിക്കു ബാക്കി 3.5 കോടി എവിടെപ്പോയെന്നു കൂടി വെളിപ്പെടുത്താനുള്ള ബാധ്യത അദ്ദേഹത്തിനുണ്ട്. ഭരണഘടനാപരമായ ആ ബാധ്യത അദ്ദേഹം നിറവേറ്റുമെന്നു കരുതാം. 

ആകാം, ഒറ്റച്ചോദ്യം

കേരളത്തിലെ ഏത് ഇടപാടിനെക്കുറിച്ചും ഏത് ഏജൻസിക്കും അന്വേഷിക്കാമെന്നു പിണറായി സഖാവും കോടിയേരി സഖാവും പണ്ടേ പറഞ്ഞതാണ്. അവർ വരും, അന്വേഷിക്കും, വലയിടും.... ഒടുവിൽ വല വലിക്കുമ്പോൾ അതിൽ ഒരു ചെറുപരൽ പോലും കുരുങ്ങില്ലെന്ന് അത്രയ്ക്കുറപ്പായിരുന്നു സഖാക്കൾക്ക്. 

എങ്കിൽപിന്നെ സിബിഐ എന്നു കേൾക്കുമ്പോൾ എന്തിനാണു ചങ്കിടിപ്പു കൂടുന്നതും മുട്ടുവിറയ്ക്കുന്നതുമെന്ന് ആർക്കുമറിയില്ല. നേരറിയാൻ, നേരത്തേ അറിയാൻ എന്നായിരുന്നല്ലോ പാർട്ടി പത്രത്തിന്റെ പഴയ പരസ്യവാചകം. അതിൽ ഇപ്പോഴെന്തെങ്കിലും മാറ്റം വരുത്തിയതായി കേട്ടിട്ടില്ല. നേരു നേരത്തേ അറിയുന്നതു നല്ല കാര്യം തന്നെ. നേരറിയാൻ സിബിഐ എന്നല്ലേ നാട്ടുനടപ്പ്. പിന്നെയെന്തിനാണു സിബിഐയോടു കയർക്കുന്നത്? പറയുന്നതു കേട്ടാൽ തോന്നുക കേരളത്തിലേക്കു വരാൻ സിബിഐ വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരയുടെ ക്ഷണക്കത്തു കിട്ടാൻ കാത്തിരിക്കുകയായിരുന്നു എന്നാണ്. 

സിബിഐ വന്നാൽ കേരള സർക്കാരിനെ ഞൊട്ടാൻ പോലും പറ്റുമെന്നു തോന്നുന്നില്ല. സൂക്ഷിച്ചു കളിച്ചില്ലെങ്കിൽ സിബിഐക്കു തടികേടാകാതെ കേരളത്തിൽ നിന്നു പോകാൻ പറ്റുമെന്നും തോന്നുന്നില്ല. ഇനി മുഖ്യമന്ത്രിയെ കയറി ചോദ്യം ചെയ്യാമെന്ന പൂതി വല്ലതുമുണ്ടെങ്കിൽ അതങ്ങു കയ്യിൽ വച്ചാൽ മതി. ചോദ്യം ചെയ്തേ തീരൂ എന്നു നിർബന്ധമാണെങ്കിൽ സിബിഐ ഉദ്യോഗസ്ഥർക്കു നിയമപരമായി ചില മുന്നറിയിപ്പുൾ നൽകാം. അദ്ദേഹത്തോട് അസംബന്ധ ചോദ്യങ്ങൾ ചോദിക്കരുത്. അസംബന്ധ ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം പറയില്ല. പിന്നെ ഒരു ഉദ്യോസ്ഥൻ ഒരു ചോദ്യമേ ചോദിക്കാവൂ. ഒന്നിൽ കൂടുതൽ ചോദ്യം ചോദിക്കുന്നതിൽ കുഴപ്പമില്ല. അദ്ദേഹം ഉത്തരം പറയില്ലെന്നു മാത്രം.

എന്താണ് അസംബന്ധവും സംബന്ധവുമായ ചോദ്യങ്ങളെന്നു സ്വാഭാവികമായും സംശയമുയരാം. മുഖ്യമന്ത്രിയുടെ ഓഫിസിനു ലൈഫ് മിഷൻ ഇടപാടിൽ പങ്കുണ്ടോ എന്നു ചോദിച്ചാൽ അത് അസംബന്ധം. ഇടപാടിൽ കിട്ടിയെന്നു പറയുന്ന കോഴപ്പണത്തിൽ മാധ്യമ ഉപദേഷ്ടാവു പറഞ്ഞ നാലരക്കോടിയിൽ സ്വപ്നയ്ക്കു കിട്ടിയ കോടിയുടെ ബാക്കി എവിടെപ്പോയെന്നു ചോദിച്ചാൽ അതും അസംബന്ധം. രണ്ടിനും മറുപടി പ്രതീക്ഷിക്കേണ്ടതില്ല. 

ഒറ്റച്ചോദ്യം മാത്രം ചോദിക്കുമ്പോൾ ‘താങ്കളുടെ പേരെന്താണ്’ എന്നു ചോദിക്കുന്നത് തീർത്തും സംബന്ധം. പിണറായി വിജയനെന്നു മണിമണി പോലെ ഉത്തരം കിട്ടും. ഇരട്ടച്ചങ്കനെ ചോദ്യം ചെയ്തു വിരട്ടാമെന്നു കൂട്ടിലടച്ച തത്ത തെറ്റിദ്ധരിക്കരുത്. വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കാൻ ശ്രമിക്കുന്നതു പോലെ വൃഥാ വ്യായാമമാകും ആ പൂതി. 

ധീരതയോടെ തിരികെ

മന്ത്രി കെ.ടി.ജലീലിനു മാധ്യമങ്ങളോടു പരമപുച്ഛമാണ്. അത് അച്ചടിയായാലും ദൃശ്യമായാലും പുച്ഛത്തിൽ അണപൈ വ്യത്യാസം വരില്ല. അവരറിയാതെ നാട്ടിൽ ഇല അനങ്ങുകയോ ഈച്ച പറക്കുകയോ ചെയ്യില്ലെന്നാണു മാധ്യമങ്ങളുടെ ഭാവം. സൂര്യനുദിക്കണമെങ്കിലും അസ്തമിക്കണമെങ്കിലും അവരുടെ അനുവാദം വാങ്ങിയിരിക്കണമെന്നൊരു അലിഖിത നിയമമുണ്ടത്രെ. എങ്കിൽ അതൊന്നു പൊളിച്ചടുക്കണമെന്നു ജലീൽ സായ്‌വ് കരുതിയതിൽ ഒരു തെറ്റുമില്ല. 

വെറുതെ കരുതുക മാത്രമല്ല അദ്ദേഹം അതു വിജയകരമായി നടപ്പാക്കുകയും ചെയ്തു. ആദ്യ ദിവസം അദ്ദേഹം കൊച്ചിയിലെ എൻഐഎ  ഓഫിസിൽ പോയതു തലയിൽ മുണ്ടിട്ടാണോ ഇടാതെയാണോ എന്ന തർക്കം അവിടെ നിൽക്കട്ടെ. ലോകത്തിന്റെ മുഴുവൻ അട്ടിപ്പേറു തങ്ങൾക്കാണെന്നു കരുതുന്നവർക്കു കരണത്തേറ്റ അടിയായി അത്. രണ്ടാം തവണയും തലയിൽ മുണ്ടിട്ടോ ഇടാതെയോ എൻഐഎ ഓഫിസിൽ ചെന്നപ്പോൾ ക്യാമറയിൽ കുടുങ്ങിയതു നിർഭാഗ്യം മൂലമാണ്.

എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ സായ്‌വിനു മാധ്യമങ്ങളോടുള്ള പുച്ഛം തീർത്തും മാറി. ഏതെങ്കിലും ചാനലുകാർ റോഡിലൂടെ പോകുമ്പോൾ വീട്ടുവരാന്തയിൽ നിൽക്കുന്ന സായവ് ‘ഇന്റർവ്യൂ വേണോ, ഇന്റർവ്യൂ’ എന്നു ചോദിച്ചു വീട്ടിൽ വിളിച്ചുകയറ്റി ഇന്റർവ്യൂ കൊടുക്കാൻ തുടങ്ങി. ഒടുവിൽ കൊഞ്ചിറവിള വിഷനും കടമ്പാട്ടുകോണം ന്യൂസിനും വരെ ഇന്റർവ്യൂ നൽകിയ ശേഷം മന്ത്രി ‘ഇനിയേതെങ്കിലും ചാനലുകാരുണ്ടോ’ എന്നു വിളിച്ചു ചോദിച്ചെന്നാണു കേട്ടത്.  

സ്റ്റോപ് പ്രസ്: എ.പി. അബ്ദുല്ലക്കുട്ടി ബിജെപി ദേശീയ വൈസ് പ്രസിഡന്റ്.

അദ്ഭുതങ്ങൾ അവസാനിക്കുന്നില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com